ഗസ്സയിലെ നിരപരാധികളായ ജനതക്ക് നേരെ കൊടിയ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനൊപ്പം ഹമാസിനെതിരെ പ്രചണ്ഡ പ്രചാരണവും ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഐസിസുമായി സമീകരിച്ച് നടത്തുന്ന ഈ പ്രൊപ്പഗണ്ട യുദ്ധം ആഗോളതലത്തിലേക്ക് പടർന്നുകഴിഞ്ഞു, അമേരിക്കയും ഏറക്കുറെ ഇത് ഏറ്റെടുത്ത മട്ടാണ്. ഈ പ്രചാരണങ്ങൾ വ്യാജവും കുത്സിതവുമാണെന്ന് നിരീക്ഷിക്കുന്നു, പ്രശസ്ത അമേരിക്കൻ മുഖ്യധാരാ മാഗസിനായ ‘ദ ടൈമി’ൽ എഴുതിയ ലേഖനത്തിൽ പശ്ചിമേഷ്യയിലെ ഇസ്ലാമിക സംഘടനകളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ഗവേഷകയും അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസറുമായ മോണിക്ക മാർക്സ്
ഒക്ടോബർ ഏഴുമുതൽ, അന്നേറ്റ ആഘാതം പ്രതിഫലിപ്പിക്കുന്നതിന് നിശിതവും അപക്വവുമായ വാക്കുകളാണ് ഇസ്രായേലുകാർ പ്രയോഗിച്ചുവരുന്നത്. കഴിഞ്ഞ വാരങ്ങളിൽ ഇസ്രായേലി ജനറൽമാർ, രക്ഷാപ്രവർത്തകർ, ഫോറൻസിക് വിദഗ്ധർ എന്നിവർ ഹമാസ് 1400 പേരെ കൊലപ്പെടുത്തിയ നിഷ്ഠുര വഴികൾ പറയുന്നത് ശ്രദ്ധിച്ചുകൊണ്ടാണ് പലരും കഴിഞ്ഞ വാരങ്ങൾ ചെലവിട്ടത്. ഒക്ടോബർ ഏഴിന്റെ ഭീകരതകളെ ഗ്രഹിപ്പിക്കാൻ പല ഇസ്രായേൽകാരും ഹമാസിനെ ഐസിസുമായി താരതമ്യം ചെയ്യാൻ നോക്കുന്നു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേലി നേതാക്കൾ കൂടക്കൂടെ രണ്ടിനെയും സാദൃശ്യപ്പെടുത്തിയതോടെ, ‘ഹമാസ് ആണ് ഐസിസ്’ (HamasisISIS) എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമത്തിൽ ട്രെൻഡായി. എന്നാൽ, എന്നെപ്പോലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയവരും ഭീകരതവിരുദ്ധ ഉദ്യോഗസ്ഥരും ഈ താരതമ്യം തെറ്റാണെന്ന് നേരത്തേ മനസ്സിലാക്കിയതാണ്.
2006 മുതൽ ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിനുവേണ്ടി ഹമാസുമായുള്ള സന്ധിസംഭാഷണങ്ങൾ നയിക്കുന്ന ഗെർഷോൺ ബാസ്കിൻ ഈയിടെ എന്നോടുപറഞ്ഞു: ‘‘അവരുടെ ഭീകരചെയ്തികൾ ഐസിസിന്റേതുപോലെ തോന്നും. എന്നാൽ, അവർക്കൊരിക്കലും ഒരേ പ്രത്യയശാസ്ത്രമല്ല’’.
പ്രഥമവും പ്രധാനവുമായ വ്യത്യാസം ഹമാസ് ഒരു ഫലസ്തീൻ ദേശീയ ഇസ്ലാമിക പ്രസ്ഥാനമാണ് എന്നതാണ്. ഐസിസിനെപ്പോലെ അവർ ഇരട്ട അസ്തിത്വം പുലർത്തുന്നില്ല. ഒരു ദേശീയ പദ്ധതിയുമായും ബന്ധമില്ലാതെ, മുസ്ലിംകളുടെ ആഗോള കൂട്ടായ്മ എന്ന സങ്കൽപത്തിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഇസ്ലാമിക പ്രസ്ഥാനമാണ് ഐസിസ്.
മറുവശത്ത് ഹമാസിനാവട്ടെ, കൂടുതൽ തദ്ദേശീയമായ ആവശ്യങ്ങളാണുള്ളത്. 2017ലെ അവരുടെ ചാർട്ടറിൽ പറയുന്നതനുസരിച്ച് ‘സയണിസ്റ്റ് ശത്രു’വിൽനിന്ന് ‘മുഴു ഫലസ്തീനെയും മോചിപ്പിക്കുക’യാണ് അതിന്റെ മുഖ്യലക്ഷ്യം. വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ ഈസ്റ്റ് പോളിസിയുടെ ആരോൺ സെലിൻ ഈയിടെ ‘എക്സി’ൽ കുറിച്ചതുപോലെ ശിയാ ഇറാനിൽനിന്ന് പിന്തുണ തേടുന്നതിനാൽ, ഹമാസിനെ ‘മതപരിത്യാഗികളാ’യാണ് ഐസിസ് കാണുന്നതെന്ന വസ്തുതയുമുണ്ട്.
രണ്ടാമത്തെ മുഖ്യവ്യത്യാസം അവരുടെ ആപേക്ഷികമായ മത തീവ്രവാദമാണ്. ഹമാസ് മതപരമായി യാഥാസ്ഥിതികമാകാം. എന്നാൽ, അതൊരിക്കലും വിശ്വാസത്തിന്റെയോ മതഭിന്നതയുടെയോ പേരിൽ ഗസ്സയിൽ മുസ്ലിം ഇതരരെ കൊല്ലുകയോ ക്രൂരമായി ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ഹിജാബ് ഇല്ലാത്ത സ്ത്രീകളെ, ദേഹത്ത് പച്ചകുത്തിയവരെ, അമേരിക്കൻ മ്യൂസിക് കേൾക്കുന്ന ടീനേജുകാരെ ഒക്കെ അവർ പൊറുപ്പിക്കും.
ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയിൽ ക്രൈസ്തവരും ചർച്ചുകളുമൊക്കെ മുസ്ലിംകളുമായി സഹവർത്തിത്വത്തിലാണ് കഴിയുന്നത്. ഇസ്ലാമിന്റെ അതിതീവ്ര ഭാഷ്യത്തിലേക്ക് ആളുകളെ വഴക്കിയെടുക്കാൻ ആളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്ന മതതീവ്രവാദി സംഘടനയായ ഐസിസിനു കീഴിൽ ഇതൊന്നും സാധ്യമല്ല.
എന്നാൽ, ഹമാസും ഐസിസും തമ്മിലുള്ള താരതമ്യങ്ങൾക്ക് രാഷ്ട്രീയനേട്ടം ഏറെയുണ്ട്. ഹമാസ് ആണ് ഐസിസ് എന്നു പറയുമ്പോൾ 8000 പേരുടെ (അതിൽ മൂന്നിൽ രണ്ടും സ്ത്രീകളും കുട്ടികളും)- കൂട്ടക്കൊലയിൽ കലാശിച്ച വ്യോമാക്രമണമുൾപ്പെടെ ഒക്ടോബർ ഏഴിനു ശേഷം ഫലസ്തീനികളോട് ഇസ്രായേൽ നേതൃത്വം ചെയ്തുകൂട്ടുന്ന അതിക്രമങ്ങൾക്കെതിരായ വിമർശനമൊഴിവാക്കാം. രണ്ടും ഒന്നാണെന്നു വരുത്തിയാൽ അമേരിക്കൻ നേതാക്കളുടെ പിന്തുണയും പൊതുജനാഭിപ്രായവും നേടിയെടുക്കാം.
‘‘1973 മുതൽ ഇസ്രായേൽ നടത്തിയ ഓരോ യുദ്ധവും, അമേരിക്കയിൽനിന്നുള്ള പിന്തുണ കുറഞ്ഞുവന്നതോടെ, നേരത്തേ നിർത്തിയിരുന്നു’’- ഒരു മുൻ ഇസ്രായേലി നയതന്ത്ര ഉദ്യോഗസ്ഥൻ അടുത്തിടെ എന്നോട് പറഞ്ഞു. ‘‘യു.എസിനെ ഒരു ഭാഗത്ത് നിർത്തുകയെന്നത് പരമപ്രധാനമാണ്. അതിനാൽ ഈ ഐസിസ് താരതമ്യം ഇസ്രായേലിലെ പൊതുവികാരത്തെ ഒപ്പം നിർത്താനും ഉപകരിക്കും’’. ഈ ചെപ്പടിവിദ്യയിലൂടെ ഹമാസ് ഇസ്രായേലിനു മാത്രമല്ല, ഫ്രഞ്ച് ബോഡ് വാക്കുകൾക്കും അമേരിക്കൻ നൈറ്റ് ക്ലബുകൾക്കുമൊക്കെ ഐസിസ് പോലെ ഭീഷണിയാണ് എന്നു ജനത്തെ തെര്യപ്പെടുത്താം.
ഐസിസിൽ നിന്നു ഭിന്നമായി നിഗൂഢതയൊന്നുമില്ലാതെ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന സംഘടനയാണ് ഹമാസ്. 1973ൽ സ്ഥാപിച്ച ഒരു മുസ്ലിം ജീവകാരുണ്യ സംഘടനയിൽ നിന്നാണ് അതു വളർന്നുണ്ടായത്. വിപുലമായൊരു സാമൂഹിക സേവനവിഭാഗം അതിനുണ്ട്. ഓസ്ലോ സമാധാന കരാറിന്റെ പരാജയങ്ങളുടെ ഫലമെന്നോണം പി.എൽ.ഒയിൽനിന്ന് അവർ മാറിനടന്നു. ഇസ്രായേലിനെതിരെ അക്രമത്തിന്റെ മാർഗവും അത് ഉപയോഗിക്കുന്നുണ്ട്.
2006ലെ ഫലസ്തീൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഗസ്സയുടെ ആധിപത്യം നേടിയ അവർ പ്രതിയോഗികളായ വെസ്റ്റ്ബാങ്കിലെ ഫതഹ് ഗ്രൂപ്പിനെ പോലെത്തന്നെ ഫലസ്തീനിലെ രണ്ടു മുഖ്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. അതിർത്തി സംഘർഷങ്ങളിൽ, തടവുകാരുടെ കൈമാറ്റത്തിൽ, ഗസ്സയുടെ ഭരണകാര്യത്തിൽ ഒക്കെ അവർ വർഷങ്ങളായി നിരന്തരം ഇസ്രായേലുമായി സംഭാഷണങ്ങൾ നടത്തിവരുന്നുണ്ട്. വർഷങ്ങളായി ഫലസ്തീൻ പ്രദേശത്തെ ശിഥിലീകരിച്ച് ക്ഷയിപ്പിക്കാനുള്ള നെതന്യാഹുവിന്റെ ചില നയനിലപാടുകൾ ഹമാസിന് ശക്തിപകർന്നിട്ടുമുണ്ട്.
ഭീകരചെയ്തികളെ ഹമാസ് ന്യായീകരിക്കുന്നത് ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ് എന്ന നിലയിലാണ്. ഇസ്രായേലി അതിക്രമത്തിന്റെ ആഘാതങ്ങളെ കാലങ്ങളായി അവർ സംഘടനാ വളർച്ചക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനായി അവർ കൊല്ലപ്പെട്ടവരുടെ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിക്കുകയും ഇസ്രായേലി വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. 16 വർഷം മുമ്പ് ഇസ്രായേൽ ആരംഭിച്ച ഉപരോധത്തിന്റെ കെടുതികളും ഒറ്റപ്പെടലും ജയിൽ സമാന സാഹചര്യവുമൊക്കെ അവർ മുതൽക്കൂട്ടുന്നു.
കഴിഞ്ഞയാഴ്ച ‘ഹമാസ്=ഐസിസ്’ എന്നു പ്രഖ്യാപിച്ച് ഇസ്രായേൽ ആകാശത്തുനിന്നു ധാരാളം ലഘുലേഖകൾ ഗസ്സയിൽ ചൊരിഞ്ഞു. ആ മുനമ്പിൽ രക്ഷപ്പെടാൻ ഒരിടവും ബാക്കിയില്ലാതെ കുടുങ്ങിപ്പോയ സിവിലിയന്മാരോട് ‘കീഴടങ്ങാൻ’ ആവശ്യപ്പെട്ടു. എന്നാൽ, ഈ സമീപനം ഗസ്സയിലും അറബ് ലോകത്തുടനീളവും ബധിരകർണങ്ങളിലേ പതിക്കൂ.
കാരണം അവരെല്ലാം ഹമാസിനെ കാണുന്നത്, ഇസ്രായേൽ അധിനിവേശത്തെയും ഉപരോധത്തെയും നേർക്കുനേർ വെല്ലുവിളിക്കുന്ന ഒരു മത-ദേശീയ ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായാണ്. ഇസ്രായേലിന് സമയവും രക്തവും മനോബലവുമൊക്കെ ഉപയോഗിച്ച് ഹമാസിന്റെ പ്രധാന രാഷ്ട്രീയ, സൈനികഘടനകളെ ശിഥിലീകരിക്കാൻ കഴിഞ്ഞേക്കാം.
എന്നാൽ, വെള്ളവും വെളിച്ചവും അന്നവും ഇന്ധനവും മുടക്കി ഇസ്രായേൽ തുടരുന്ന അതിക്രമത്തിന്റെ ദുരിതം ഗസ്സയിലെ ഫലസ്തീനികളെ കൂടുതൽ വളർത്തുകയേയുള്ളൂ. ഹമാസിന്റെ അവശിഷ്ടങ്ങൾ, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്, അതുമല്ലെങ്കിൽ ഇനിയും രൂപം കൊള്ളാവുന്ന സായുധ സംഘടനകൾ ഈ വെറുപ്പുകളെ ചൂഷണം ചെയ്ത് ഇസ്രായേലിനെതിരെ ഭാവി ആക്രമണത്തിനു വഴിയൊരുക്കാം.
സുരക്ഷാഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇസ്രായേലി നേതാക്കൾ ഉപരിപ്ലവ താരതമ്യങ്ങൾ നിർത്തി വസ്തുതകളെ വിലമതിക്കണം. ഹമാസിന്റെ ജനപ്രീതി മതതീവ്രവാദത്തിൽ നിന്നല്ല, അമർഷം, മനോവേദന, നിസ്സഹായത എന്നിവയിൽ നിന്നുണ്ടാകുന്നതാണ്.
പലവിധത്തിൽ കയ്പ്പുനീർ കുടിക്കേണ്ടിവരുന്ന യുവതയെ കൂടുതൽ നശീകരണവും നൈരാശ്യവും വരുത്തിവെച്ച് തോൽപിക്കാനാവില്ല. ഫലസ്തീനികൾക്ക്, 75 വർഷമായി അവർ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യവും അന്തസ്സും സ്വയം നിർണയാവകാശവും അനുവദിക്കുകയാണ് ഇസ്രായേലിന്റെ ദീർഘകാലസുരക്ഷ ഉറപ്പിക്കുന്നതിനുള്ള ഫലപ്രദമായ വഴി. നിർഭാഗ്യവശാൽ, ദശലക്ഷക്കണക്കിന് ഫലസ്തീനികൾക്കും ഇസ്രായേലുകാർക്കും ആ ലക്ഷ്യം ഒരുപോലെ അകലെ അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.