സാമ്പത്തിക മേഖലയിൽ ഡോളറിന് ലഭിച്ച ആധിപത്യം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്ത പാരമ്പര്യമാണ് അമേരിക്കയുടേത്. മുമ്പ് സദ്ദാമിന്റെ ഇറാഖും ഖദ്ദാഫിയുടെ ലിബിയയും പെട്രോളിന്റെ ഡോളറുമായുള്ള ബന്ധം അറുത്തുമുറിക്കാൻ ശ്രമിച്ചപ്പോൾ അവർക്കുണ്ടായ ദുരനുഭവം ഇവിടെ അനുസ്മരണീയമാണ്
അരനൂറ്റാണ്ടു കാലമായി എണ്ണ വിൽപനയിൽ തുടരുന്ന യു.എസ് ഡോളറുമായുള്ള ബന്ധം ഇക്കഴിഞ്ഞ ജൂൺ ഒമ്പത് മുതൽ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. 1974ലാണ് അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി കിസിൻജറും സൗദി രാജാവ് ഫഹദ് ബിൻ അബ്ദുൽ അസീസും ഈ വിഷയത്തിൽ കരാറിലെത്തിയത്. ’71ൽ സ്വർണവുമായുള്ള പെട്രോളിന്റെ ബന്ധം നിക്സൻ ഭരണകൂടം വേർപ്പെടുത്തിയ ശേഷമായിരുന്നു ഇത്. അതിൻപ്രകാരം സൗദി, പെട്രോളിന്റെ വിൽപന യു.എസ് ഡോളറിൽ മാത്രം പരിമിതപ്പെടുത്തി. അങ്ങനെ സ്വർണത്തിന് പകരം ഡോളറിനായി ലോകസാമ്പത്തിക രംഗത്ത് പ്രതാപം. എണ്ണ വിറ്റുകിട്ടുന്ന ഡോളർ യു.എസ് ബാങ്കുകളിൽ ബോണ്ടുകളായി നിക്ഷേപിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ആ കരാർ ഇനി പുതുക്കേണ്ട എന്നാണ് സൗദിയുടെ തീരുമാനം.
സാമ്പത്തിക സഹായത്തിന് പുറമെ സൗദിയുടെ പ്രതിരോധാവശ്യങ്ങൾ പൂർത്തീകരിക്കുക എന്നതായിരുന്നു അമേരിക്കയുടെ ബാധ്യത.
ഇസ്രായേലിനുള്ള അന്ധമായ യു.എസ് പിന്തുണക്കെതിരെ ഫൈസൽ രാജാവിന്റെ നീക്കത്തിന്റെ ഫലമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ’73ൽ അമേരിക്കക്കെതിരെ എണ്ണ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കിസിൻജർ ഇത്തരമൊരു കരാറുമായി വന്നത്. ഇതുവഴി ഇന്ധനാവശ്യങ്ങൾക്ക് ഉറപ്പ് ലഭ്യമാക്കിയതിനുപുറമെ സൗദി ബോണ്ടുകൾ വഴി ആഭ്യന്തര സാമ്പത്തിക രംഗത്തിന് ശക്തിപകരാനും യു.എസിന് സാധിച്ചു. കരാർ അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് അമേരിക്കക്ക് അപാരമായ സ്വാധീനം നേടിക്കൊടുത്തു എന്നതിൽ സംശയമില്ല. മിക്ക രാജ്യങ്ങളിലെയും നാണയ വിനിമയ നിരക്കിന് ഡോളറുമായാണ് ബന്ധം. ഗൾഫിൽ അത് ഏതാണ്ട് സ്ഥിരമായി തുടർന്നുപോരുന്നതായാണ് അനുഭവം.
സൗദി മേധാവിത്വമുള്ള ഒപെക് അംഗരാജ്യങ്ങളൊക്കെ പെട്രോൾ വിൽപന ഡോളറിൽ മാത്രമാക്കിയയോടെ പെട്രോൾ ഇറക്കുമതിക്ക് ഡോളറിന്റെ ആവശ്യകത സ്വാഭാവികമായും കൂടി. ഇത് ലോകരാജ്യങ്ങൾക്ക് തങ്ങളുടെ സെൻട്രൽ ബാങ്കുകളിൽ വൻതോതിലുള്ള ഡോളർ കരുതൽ ആവശ്യമാക്കിത്തീർത്തു. ലോകവ്യാപാര രംഗത്തും ഇത് സ്വാധീനം ചെലുത്തി. പെട്രോൾ കയറ്റുമതി രാജ്യങ്ങൾ, വിൽപനയിലൂടെ ലഭിക്കുന്ന ഡോളർ അമേരിക്കൻ കമ്പനികളിലും യു.എസ് ഗവൺമെന്റ് ബോണ്ടുകളിലും ലാഭം ലക്ഷ്യം വെച്ച് നിക്ഷേപിച്ചു. ഇത് അന്താരാഷ്ട്ര സാമ്പത്തിക വിപണികളുടെ ബന്ധവും മൂലധന വളർച്ചയുടെ ഉറപ്പും അമേരിക്കയെ ആസ്പദിച്ചുള്ള അവസ്ഥയിലെത്തിച്ചു. അന്തിമമായി അടിസ്ഥാന കരുതൽ നാണയം ഡോളർ ആയിത്തീർന്നു.
പെട്രോളിന്റെ വില ഡോളറിൽനിന്ന് വേർപെടുത്തുന്ന പുതിയ തീരുമാനം ലോക സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇതൊരു രാഷ്ട്രീയ തീരുമാനമാണോ അതോ സാമ്പത്തിക വശങ്ങൾ മാത്രം പരിഗണിച്ചു കൊണ്ടുള്ള തീരുമാനമാണോ? ഫലസ്തീനിലെ തൂഫാനുൽ അഖ്സാ പശ്ചാത്തലത്തിൽ പലതരം വായനകൾക്ക് സാധ്യത തുറന്നു തരുന്നതാണ് ബിൻ സൽമാന്റെ നടപടി.
വലിയ തോതിൽ എണ്ണവരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ, ഹ്രസ്വകാലാടിസ്ഥാനത്തിൽ ഈ മാറ്റം വിലവീർപ്പിനിടവരുത്തിയേക്കാം എന്നാണ് ഒരു നിഗമനം. ആ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്ക് തങ്ങളുടെ നാണയത്തിന്റെ സ്ഥിരത ഉറപ്പുവരുത്താൻ നയപരമായ പുതിയ ചുവടുവെപ്പുകൾ ആവശ്യമായി വരും.
സാമ്പത്തിക വരുമാനസ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തോടൊപ്പം സൗദി നിക്ഷേപ സ്ട്രാറ്റജിയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ് മറ്റൊന്ന്. പെട്രാഡോളറുകൾ യു.എസ് ട്രഷറികളിൽ ബോണ്ടുകളായി നിക്ഷേപിക്കുന്നതിനുപകരം ലോകത്തെ ഇതര നിക്ഷേപ സാധ്യതകളിലേക്കും ഓഹരി വിപണിയിലേക്കും തിരിച്ചുവിടാനായിരിക്കാം ഇനി സൗദി ശ്രദ്ധിക്കുക. സൗദി നിക്ഷേപങ്ങളുടെ ഗുണഭോക്താവായ അമേരിക്കയെ ഏറെ ബാധിക്കുന്നതാണ് ഈ നീക്കം. റിയാദുമായുള്ള സാമ്പത്തിക-വിദേശകാര്യ നയങ്ങൾ പുനഃപരിശോധിക്കുന്നതിലേക്ക് വാഷിങ്ടണിന് ഇത് പ്രേരകമാകുമോ എന്ന് കണ്ടുതന്നെ അറിയണം.
പെട്രോഡോളർ യുഗം അവസാനിക്കുകയും ഡോളറിന്റെ ഡിമാൻഡിൽ കുറവുവരുകയും ചെയ്യുന്നതോടെ ഡോളറിന്റെ മൂല്യം ഇടിയും എന്നതാണ് മറ്റൊരു നിരീക്ഷണം. ഇത് യു.എസിൽ വിലവീർപ്പിന്റെ നിരക്ക് ഉയരാൻ ഇടയാക്കിയേക്കാം. വിദേശരാജ്യങ്ങൾ അമേരിക്കൻ ബോണ്ടുകൾ വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങുകയായിരിക്കും ഇതിന്റെ ഫലം.
ഡോളർ വിനിമയത്തിലൂടെയും ട്രഷറി ബോണ്ടുകൾ വഴിയും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥക്ക് ഒരു സ്ഥിരത കൈവരിക്കാൻ സാധിച്ചിരുന്നു. ഓഹരി വിപണിയിലെ പണമൊഴുക്കിനും പലിശ നിരക്കിന്റെ ഇടിവിനും ഇത് സഹായകമായി വർത്തിക്കുകയുണ്ടായി. സൗദി തീരുമാനത്തിലൂടെ പലിശ നിരക്ക് വർധിക്കുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ്, പണയം, വാടക, വാഹനലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയെയും ഫെഡറൽ ബജറ്റിനെയും അത് സാരമായി ബാധിക്കും. അന്തിമമായി അത് നികുതി വർധനയിലേക്കായിരിക്കും നയിക്കുക. ഡോളറിന്റെ മൂല്യം ഇടിയാനും ഇറക്കുമതി ചരക്കുകളുടെ ചെലവ് കൂടാനും ഇടയാക്കും.
സാമ്പത്തിക മേഖലയിൽ ഡോളറിന് ലഭിച്ച ആധിപത്യം രാഷ്ട്രീയ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്ത പാരമ്പര്യമാണ് അമേരിക്കയുടേത്. മുമ്പ് സദ്ദാമിന്റെ ഇറാഖും ഖദ്ദാഫിയുടെ ലിബിയയും പെട്രോളിന്റെ ഡോളറുമായുള്ള ബന്ധം അറുത്തുമുറിക്കാൻ ശ്രമിച്ചപ്പോൾ അവർക്കുണ്ടായ ദുരനുഭവം ഇവിടെ അനുസ്മരണീയമാണ്. ഇറാഖിനെതിരായ സൈനിക നീക്കത്തിന്റെയും ലിബിയക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെയും കാരണങ്ങളിൽ ഒന്ന് ഇതുകൂടിയായിരുന്നു.
പെട്രോളിനെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള സമ്പദ്ഘടനക്ക് പകരം സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങൾക്ക് മധ്യപൗരസ്ത്യ രാജ്യങ്ങളിൽ ഇനി ആക്കംകൂടും. ടൂറിസം പദ്ധതികളിലേക്ക് ചുവടുമാറിയ സൗദി അറേബ്യയുടെ നിലപാടുതന്നെ ഒരു ഉദാഹരണം. ചൈന തുടങ്ങിയ പുതിയ സാമ്പത്തിക ശക്തികളിലേക്കുള്ള ദിശാമാറ്റവും ഇപ്പോൾ പ്രകടമാണ്. സൗദി അറേബ്യക്ക് ഇനി ചൈനീസ് യുവാനിലും ജാപ്പനീസ് യെന്നിലും യൂറോപ്യൻ യൂറോയിലും ഉൾപ്പെടെ ഏതു നാണയത്തിലും ഇഷ്ടം പോലെ പെട്രോൾ വിൽക്കാൻ സാധിക്കും. ഡോളർ ആധിപത്യം അസ്തമിക്കുന്നതിന്റെ ഗുണഭോക്തൃ രാജ്യങ്ങളിൽ മുൻപന്തിയിലാണ് ചൈന. ചൈനക്ക് ലോകരാജ്യങ്ങളുമായി അമേരിക്കയേക്കാളേറെ വാണിജ്യബന്ധങ്ങളുണ്ടെങ്കിലും ഡോളറിന്റെ തടവറയിലായതിനാൽ 80 ശതമാനം ഇടപാടുകളും അതിന്റെ നിരക്കിലാണ് നടക്കുന്നത്. ആ സ്ഥാനത്തേക്ക് യുവാനെ ഉയർത്താൻ കിണഞ്ഞു ശ്രമിച്ചു പോരുകയാണ് ചൈന. ലോകത്തുള്ള സെൻട്രൽ ബാങ്കുകളിൽ 63 ശതമാനത്തിന്റെയും കരുതൽ ശേഖരം ഡോളറിലാണിപ്പോൾ. ഇതിനൊരു മാറ്റം വരണമെന്നാണ് ചൈനയുടെ ആഗ്രഹം. സൗദി അറേബ്യക്കും ഇറാനും മധ്യേ നിന്നുകൊണ്ട് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ കളിക്കാരനായി ചൈന രംഗപ്രവേശം ചെയ്തതിന് പിന്നാലെയാണ് പെട്രോഡോളർ യുഗത്തിന് തിരശ്ശീല വീഴുന്നത് എന്നത് ശ്രദ്ധേയമാണ്.
സൗദി തീരുമാനം ’71ലെ എണ്ണ ഉപരോധം നടന്നപ്പോഴുണ്ടായതുപോലെ വലിയ തോതിൽ യു.എസിനെ ബാധിക്കില്ല എന്ന ചില മറുവായനകളുമുണ്ട്. അന്നത്തേതിൽ നിന്ന് ഭിന്നമായി അമേരിക്ക ഇന്ന് എണ്ണ ഇറക്കുമതി രാജ്യമല്ല, കയറ്റുമതി രാജ്യമാണ്. അതിനാൽ പണ്ടത്തെപ്പോലെ സൗദി പെട്രോഡോളറിന്റെ ആവശ്യം ഇന്ന് യു.എസിനില്ല. അതാണ് എണ്ണ കയറ്റുമതിയുടെ വിഷയത്തിൽ സൗദി അറേബ്യ ചൈനയിലേക്ക് മുഖംതിരിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യ കഴിഞ്ഞാൽ ചൈന പെട്രോൾ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ സൗദി അറേബ്യ. സാമ്പത്തിക രംഗത്ത് അമേരിക്ക പ്രതിയോഗിയായി കരുതുന്ന ചൈനയുമായി ഒരു സംഘർഷം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ കടൽ വഴിക്കുള്ള പെട്രോൾ നീക്കം തടഞ്ഞുകൊണ്ട് അമേരിക്ക ചൈനയെ ഊർജപ്പട്ടിണിയിലിടാൻ ശ്രമിക്കാതിരിക്കില്ല. അതിന്റെ പ്രത്യാഘാതം ചൈനയെ മാത്രമല്ല, സൗദിയെക്കൂടി ബാധിക്കും. അപ്പോൾ സൗദിയുടെ സുരക്ഷാ ജാമ്യക്കാരന്റെ റോളിലുള്ള അമേരിക്ക സുരക്ഷാ ഭീഷണിയായി മാറും. അതിനാൽ അമേരിക്കയുമായുള്ള ബന്ധങ്ങൾ സന്തുലനം ചെയ്തുകൊണ്ടല്ലാതെ കൈവിട്ട ഒരു കളിക്കും സൗദി അറേബ്യ മുതിരുമെന്ന് കരുതിക്കൂടാ. മാത്രമല്ല, സൗദി സഹായം കൂടാതെ ഫലസ്തീൻ പ്രശ്നം ‘തീർക്കാൻ’ അമേരിക്കക്ക് കഴിയുകയുമില്ല. സൗദിയുമായി ഇതുസംബന്ധമായ ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. യു.എസ് സമ്പദ് ഘടന ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് സൗദിയുടെ ഇപ്പോഴത്തെ മുഖ്യലക്ഷ്യം. ആകയാൽ, യു.എസ് താൽപര്യവുമായി ഏറ്റുമുട്ടാതെ മുന്നോട്ടുപോകാനായിരിക്കും രണ്ടാം തലമുറക്കാരനായ ബിൻ സൽമാന്റെ ഏതു ശ്രമവും.●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.