സംഘ്പരിവാറുമായി ഒരുകാലത്തും സന്ധി ചെയ്തിട്ടില്ലാത്ത, ഇൻഡ്യാ മുന്നണിയുടെ ഉറച്ച ശബ്ദമായ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ നളിൻ വർമ നടത്തിയ സംഭാഷണത്തിൽ നിന്ന്
ബിഹാറിൽ നിതീഷ് കുമാറും മഹാരാഷ്ട്രയിൽ അശോക് ചവാനും യു.പിയിൽ ജയന്ത് ചൗധരിയുമുൾപ്പെടെ ഇൻഡ്യ സഖ്യത്തിലെ പല പാർട്ടികളും നേതാക്കളും ബി.ജെ.പി പാളയത്തിലേക്ക് കൂറുമാറുന്നതിനിടെ ആർ.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിന് ആശങ്കയൊട്ടുമില്ല. അദ്ദേഹം തീർത്തുപറയുന്നു: ‘‘നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടേയിരിക്കും, പക്ഷേ ജനങ്ങൾ മാറില്ല, അവർ നരേന്ദ്ര മോദി സർക്കാറിനോട് രോഷത്തിലാണ്.
ദരിദ്രജനങ്ങൾ അസഹനീയമായ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്നു, അവരുടെ ശബ്ദവും മൗലികാവകാശങ്ങളും ഇല്ലാതാക്കപ്പെടുന്നു. യുവജനങ്ങളും പിന്നാക്കക്കാരും ദലിതരും ന്യൂനപക്ഷങ്ങളും നാളിതുവരെ നേരിടാത്തത്ര ക്രൂരതകൾക്കാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകവെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവരെ കൈവിടുന്നത് കൊടുംപാപമാണ്.
ബിഹാറിലെ സഖ്യപങ്കാളിയായിരുന്ന നിതീഷ് കുമാർ പാളയം മാറിയതിനെപ്പറ്റി ചോദിച്ചപ്പോൾ ലാലു പറഞ്ഞു: അങ്ങോർ ഒരു സ്ഥിരം കാലുമാറിയാണ്, സ്വന്തം ശീലങ്ങളുടെ തടവുകാരൻ, ജനങ്ങൾക്കത് മനസ്സിലായിരിക്കുന്നു, അവർ നല്ല ശിക്ഷതന്നെ നൽകും.
ജനങ്ങൾ കൊടിയ സ്വേച്ഛാധിപത്യവും അടിച്ചമർത്തലും നേരിടുന്ന കാലത്ത് അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളേണ്ടത് പ്രതിപക്ഷപാർട്ടികളുടെയും നേതാക്കളുടെയും കടമയാണ്. വർഗീയശക്തികളുമായി ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല, അവർ (ബി.ജെ.പി) എനിക്കുനേരെ എന്തുതന്നെ വെല്ലുവിളി ഉയർത്തിയാലും ഞാൻ വഴങ്ങില്ല’’ -ലാലു വ്യക്തമാക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രം യാഥാർഥ്യമായ പശ്ചാത്തലത്തിൽ രൂപപ്പെട്ട മോദി അനുകൂല ‘തരംഗം’ സംബന്ധിച്ച് ചോദിച്ചപ്പോൾ ഈ പറയുന്ന തരംഗം ബി.ജെ.പി നിയന്ത്രണത്തിലാക്കിയ മാധ്യമങ്ങളിൽ മാത്രമാണെന്നായിരുന്നു മറുപടി. നമ്മുടെ ഓരോ കണികയിലും വസിക്കുന്ന ഭഗവാൻ ശ്രീരാമനെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുള്ള ‘തരംഗം’ സൃഷ്ടിക്കാൻ ഉപയോഗിക്കാനാവില്ല.
തൊഴിലില്ലായ്മ, സമൂഹത്തിൽ വർധിച്ചുവരുന്ന അസമത്വം, അധികാര ദുർവിനിയോഗം, ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കൽ, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ, പ്രതിഷേധശബ്ദങ്ങൾക്കെതിരായ അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങളെ പ്രശ്നവത്കരിക്കാനും ചർച്ചചെയ്യാനും കൂട്ടാക്കാതെ കർത്തവ്യത്തിൽനിന്ന് വ്യതിചലിക്കുന്ന മാധ്യമങ്ങൾ വിദ്വേഷം വളർത്തുകയും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നു’’ -ലാലു പറഞ്ഞു.
രാജ്യത്തെ ജനത നരേന്ദ്ര മോദി സർക്കാറിനെ തോൽപിക്കാൻ തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിൽ ബി.ജെ.പി പക്ഷത്തേക്ക് ചേരുന്ന നേതാക്കളും പാർട്ടികളും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘‘ഞാൻ പറയുന്നത് കുറിച്ചുവെച്ചുകൊള്ളുക, 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എക്കാലത്തെയും വലിയ പരാജയം ഏറ്റുവാങ്ങും. മോദി സർക്കാറിനെതിരെ ജനങ്ങളിൽ വെറുപ്പും അമർഷവും നിറഞ്ഞിരിക്കുകയാണ്. അവർ അതിനെ കടപുഴക്കാനുള്ള നിമിഷത്തിനായി കാത്തിരിക്കുകയാണ്... തെരഞ്ഞെടുപ്പ് ഒന്ന് നടന്നോട്ടെ.’’
തന്റെ തട്ടകമായ ബിഹാറിൽ ഇൻഡ്യ സഖ്യം മികച്ച കരുത്തിലാണെന്ന് ലാലു പറഞ്ഞു. ബി.ജെ.പി സഖ്യത്തിലേക്കുള്ള നിതീഷിന്റെ കൂറുമാറ്റം സംസ്ഥാനത്ത് ഇൻഡ്യ സഖ്യത്തിന് പുതുജീവൻ പകർന്നു. ചേരുന്ന ഏതു സഖ്യത്തിലും അവസാനമില്ലാത്ത ഉത്കണ്ഠ സമ്മാനിക്കുന്ന നിതീഷിന്റെ കാര്യം കഴിഞ്ഞിരിക്കുന്നു.
മതേതരത്വം, സാമൂഹികനീതി എന്നീ ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ കോൺഗ്രസും ഇടതുപാർട്ടികളും ഇവിടെയുണ്ട്. സീറ്റ് വിഭജന വിഷയത്തിലും സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ പോരാടാനുള്ള പൊതുതന്ത്രത്തിലും ഒരു പ്രശ്നവുമില്ല.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40ൽ 39 സീറ്റും എൻ.ഡി.എ നേടിയിരുന്ന കാര്യം ഓർമപ്പെടുത്തിയപ്പോൾ ഇക്കുറി ബി.ജെ.പിയും ചങ്ങാതിമാരും എവിടെയുമില്ലാത്ത അവസ്ഥയിലാകുമെന്ന് ലാലു തീർത്തുപറയുന്നു.
രാഹുൽ ജനങ്ങളെ ഉണർത്താനുള്ള പരിശ്രമത്തിലാണ്. ഭാരത് ജോഡോ ന്യായ് യാത്രയിലുടനീളം തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും സംബന്ധിച്ചും പാവപ്പെട്ടവരുടെ ചെലവിൽ അവർ സമ്പന്ന കോർപറേറ്റുകൾക്ക് സഹായം ചെയ്യുന്നതിനെക്കുറിച്ചും കർഷകർക്കുള്ള മിനിമം താങ്ങുവിലയെക്കുറിച്ചും ജാതി സെൻസസിനെപ്പറ്റിയും ദലിതരുടെയും പിന്നാക്ക സമൂഹങ്ങളുടെയും പ്രാതിനിധ്യം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം രാഹുൽ ജനങ്ങളോട് സംസാരിക്കുന്നുണ്ട്.
ജനകീയപ്രശ്നങ്ങളെക്കുറിച്ച് പറയേണ്ടതിനു പകരം മാധ്യമങ്ങൾ ആർ.എസ്.എസ്-ബി.ജെ.പി ആഖ്യാനങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. അത് അതിരുവിട്ട വർഗീയതയുമാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷനേതാവ് ചെയ്യേണ്ടതുതന്നെയാണ് രാഹുൽ ചെയ്യുന്നത്. അത് ശരിയായ വഴിയിലാണ്.
ലാലുവിന്റെ മകനും ബിഹാർ നിയമസഭയിലെ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ് സസാറാമിൽവെച്ച് രാഹുലിന്റെ യാത്രയോടൊപ്പം ചേർന്നിരുന്നു.
നിതീഷിനായി താൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന സമീപകാല പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, നിതീഷിനു മുന്നിൽ വാതിൽ കൊട്ടിയടക്കുകയും സാമൂഹികനീതി എന്ന പ്രഖ്യാപിതലക്ഷ്യം ഉപേക്ഷിച്ച് ചെന്നപ്പോൾ വാതിൽ തുറന്നുകൊടുക്കുകയും ചെയ്ത അമിത് ഷായെപ്പോലുള്ള നേതാവല്ല ഞാൻ എന്നായിരുന്നു മറുപടി.
വർഗീയതക്കെതിരായ നമ്മുടെ പോരാട്ടത്തിൽ അണിചേരാൻ ഒരുക്കമുള്ള ശക്തികൾക്കായി എന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കും. ഞാൻ പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ജീവിതത്തിലുടനീളം ചൂഷകർക്കും വർഗീയശക്തികൾക്കുമെതിരെ പോരാടിയ ഞാൻ സാമൂഹികനീതിക്കും സമാധാനത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ ചേരാനൊരുക്കമുള്ള ഏവരെയും സ്വാഗതംചെയ്യുന്നുണ്ട് -ലാലു വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.