ഹിന്ദി  'ഭ്രാന്താകുമ്പോൾ '

 ബ്രിട്ടീഷ് വിരുദ്ധ സമരം കൊടുമ്പിരി കൊള്ളുന്ന 40കളിൽ മഹാത്മജി മദിരാശിയിലെ ഒരു മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഹിന്ദിയിലാണ് ഗാന്ധി സംസാരിച്ചത്. സദസ്സ് ഏതാണ്ട് ഒന്നടങ്കം " ഇംഗ്ലീഷ് പ്ലീസ് ," '' ഇംഗ്ലീഷ് പ്ലീസ്" എന്നാർത്ത് വിളിച്ചു. " ആർക്കെല്ലാമാണ് ഹിന്ദി മനസ്സിലാകാത്തത്  എന്ന് ഗാന്ധി ഹിന്ദിയിൽ തന്നെ ചോദിച്ചു. ആളുകൾ കൂട്ടമായി  കൈ പൊക്കി. '' ഓ എല്ലാവർക്കും ഹിന്ദി മനസിലാകുന്നുവല്ലോ" എന്ന് പറഞ്ഞ് ഗാന്ധി പ്രസംഗം ഹിന്ദിയിൽ തന്നെ തുടർന്നു.ഗാന്ധിജി കാണിച്ച ഈ ഹിന്ദി സ്നേഹത്തിന് അന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ പ്രത്യേക പ്രസക്തിയുണ്ടായിരുന്നു. അധികാരികളുടെ ഭാഷയോടും ശൈലിയോടും ശീലങ്ങളോടും ഉള്ള സമര പ്രഖ്യാപനത്തി​​െൻറ ഭാഗമായിരുന്നു അത്. ഇംഗ്ലീഷ് "ഹറാമാ"ണെന്ന് കേരളത്തിലെ ചില യാഥാസ്ഥിക മുസ്ലിം പണ്ഡിതൻമാർ പറഞ്ഞതിലും അധിനിവേശ വിരോധനത്തി​​െൻറ ഇതേ അനുരണനങ്ങളുണ്ടായിരുന്നു.

എന്നാൽ ഹിന്ദിയുടെ പേരിൽ ഇന്ന് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കണ്ണുരുട്ടലുകൾക്കും കേൻവാസ്സിംഗിനും ഇതി​​​​െൻറ നേർവിപരീത യുക്തിയാണുള്ളത്. അധികാരത്തി​​െൻറ താൻപോരിമയും അപര വിരോധവും അതിൽ വേണ്ടുവോളമുണ്ട്. ഇതി​​െൻറ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പാർലെമ​െൻറിൽ സുഷമമാ സ്വരാജും ശശി തരൂരും തമ്മിൽ നടന്ന വാഗ്വാദം. ഹിന്ദി ഇന്ത്യയിലെ പല ഭാഷകളിൽ ഒന്നാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദിക്കാരല്ലെന്നും തരൂർ പറഞ്ഞതാണ് സുഷമാജിയെ ചൊടിപ്പിച്ചത്. ഒരു വേള ഹിന്ദി ഹാർട്ട് ലാൻഡിൽ പോയി ഇങ്ങിനെ പറയാൻ തരൂരിനേ നാവ് പൊന്തൂ എന്നും സുഷമ പറഞ്ഞു. ഹിന്ദി യു.എൻ ഔദ്യോഗിക ഭാഷയായി അംഗീകരിപ്പിച്ച് കിട്ടാൻ എന്തും ചെയ്യുമെന്നും എത്ര കോടിയും ചെലവഴിക്കുമെന്നുമുള്ള സുഷമമ സ്വരാജി​​െൻറ മറുപടിയിൽ മാതൃഭാഷക്ക് വേണ്ടി ചാവേറാകാൻ പോലും തയ്യാറുള്ള ശരാശരി ഹിന്ദിക്കാരന്റെ മിലിറ്റൻറ് മനസ്സാണ് തെളിയുന്നത്. ഇംഗ്ലണ്ടിനേക്കാൾ അധികം ഇംഗ്ലീഷ് സംസാരിക്കുന്നവരും എഴുതുന്നവരും ഇന്ത്യയിലുണ്ട്. എങ്കിലും ഐക്യരാഷ്ട്രസഭയെ കൊണ്ട് ഹിന്ദി ഔദ്യോഗികമാക്കിക്കാൻ നാമെന്തിന് പാട് പെടണം.

 നന്നായി ഇംഗ്ലീഷ് സംസാരിക്കാനാറിയാമായിരുന്നെങ്കിലും യു.എന്നിൽ ഹിന്ദിയിൽ സംസാരിക്കുകായിരുന്നു മുൻ പ്രധാനമന്ത്രി വാജ്പേയ്യുടെ പതിവ്. യന്ത്ര പരിഭാഷയൊന്നും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത അന്ന് വാജ്പേയ് പറഞ്ഞതെന്തെന്ന് പൊതു സഭയിലാർക്കെങ്കിലും മനസ്സിലായോ എന്നത് സംശയമാണ്.  പക്ഷെ യു.എൻ പൊതു സഭ എന്ന "ഏടാകൂടത്തി"നൊക്കെ  അത്രയേ പ്രാധാന്യമുള്ളൂവെന്ന് ക്രാന്തദർശിയായ വാജ്പേയ്  മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ മാൻഹട്ടനിലെ ഹോട്ടലിലെത്തി സസ്യാഹാരം ഓർഡർ ചെയ്യുമ്പോൾ അദ്ദേഹം ഇംഗ്ലീഷിൽ തന്നെയാണ് വെയ്റ്റർമാരോട് സംസാരിച്ചത്. 

അന്ധമായ ഹിന്ദി ഭ്രാന്തി​​​െൻറ ദുരഭിമാനത്തി​​െൻറയും പേരിൽ നാം പൊതുഖജനാവിൽ നിന്ന് എത്ര പണമാണ് ദുർവ്യയം ചെയ്യുന്നത്. ഹിന്ദി, പ്രത്യേകിച്ചും ഹിന്ദുസ്ഥാനി, സുന്ദരമായ ഒരു ഭാഷയാണെന്നതും അതിന്റെ സംഗീത മാസ്മരികത അപാരമാണെന്നും അംഗീകരിക്കുന്നു.  പക്ഷെ, ജൈവികമായുണ്ടാകേണ്ട ഒരു ഭാഷയുടെ വികാസവും വ്യാപനവുമല്ല ഇവിടെ നടക്കുന്നത്​. മറിച്ച് സാംസ്കാരിക വരേണ്യതയിൽ ഊന്നിയുള്ള അടിച്ചേൽപ്പിക്കലുകളും ഉടച്ച് വാർക്കലുകളുമാണ്. ഈ ഉടച്ച് വാർക്കലിൽ തകർക്കപ്പെട്ടത് നൂറ്റാണ്ടുകളോളം ഉത്തരേന്ത്യയിലെ സാധാരണക്കാർ വിനിമയ ഭാഷയായി ഉപയോഗിച്ചിരുന്ന ഹിന്ദുസ്ഥാനിയാണ്. പകരം പ്രതിഷ്ഠിക്കപ്പെട്ടതോ സവർണ്ണ സ്വത്വപരികൽപ്പനകളുടെ ഉടൽ രൂപമായ സംസ്കൃതീകൃത ഹിന്ദിയും.

 ഈ ഹിന്ദിയിൽ പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നിക്കുന്ന ''ഗാംവ്വാലാ, "  "സനുനാസിക് " തുടങ്ങിയ വാക്കുകൾവരെ മാരകമായ ജാതീയ-വംശീയ പ്രഹരശേഷിയുള്ളവയാണ്. ഈ പ്രക്രിയ ഒട്ടും നിരുപദ്രവകരമല്ല. യഥാർത്ഥത്തിൽ, ആര്യ ആഢ്യത്വത്തിന്നെതിരായുള്ള കീഴാള പ്രതിഷേധത്തി​​െൻറ ഭാഷയെന്ന നിലക്കാണ് ഹിന്ദി ജനിക്കുന്നത്. ഇതേ ഹിന്ദിയാണ് വരേണ്യത സംസ്കൃതികരണത്തിലൂടെ കീഴാളവിരുദ്ധമാക്കിയിരിക്കുന്നത്. ഇതേ സവർണ്ണ ഹിന്ദിയാണ് കേരളത്തിലടക്കം നിർബ്ബന്ധ വിഷയമായി കുട്ടികളെ പഠിപ്പിക്കുന്നത്. ഇതിന്റെ വരവ് - ചിലവ് കണക്കാക്കിയാൽ ഒരു നഷ്ട കച്ചവടമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വിദ്യാർത്ഥികളുടെ ചിന്താഗ്രഹണ പരിസരങ്ങളെ കാര്യമായി ഉദ്ദീപിപ്പിക്കാൻ കഴിയുന്ന മാതൃഭാഷാ പഠനത്തി​​െൻറ പോലും ചെലവിലാണ് നാം ഈ ഹിന്ദി പൂജ നടത്തുന്നത്. 

ലോക വിനിമയ ഭാഷ എന്നതിനപ്പുറം മനുഷ്യരാശിയുടെ ആർജ്ജിത വിജ്ഞാനീയങ്ങളുടെയും ശാസ്ത്രത്തിന്റെയും ഖനിശേഖരമെന്ന നിലക്കാണ് നാം ഇംഗ്ലീഷ് പഠിക്കുന്നത്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഗ്രീക്ക്, ലാറ്റിൻ, അറബിക്, സംസ്കൃതം തുടങ്ങിയ ഭാഷകൾ ഇങ്ങിനെ ആളുകൾ പഠിച്ചിരുന്നു. പക്ഷെ, ഇത്തരത്തിലുള്ള യാതൊന്നും അവകാശപ്പെടാനില്ലാത്ത ഹിന്ദി എന്ത് കൊണ്ട് ഒന്നാം ക്ലാസ്​ മുതൽ കേരളത്തിലെ സി.ബി.എസ്.ഇ കുട്ടികളുടെ മുതുകിൽ അടിച്ചേൽപ്പിക്കുന്നു. തമിഴ്നാട് സർക്കാർ ഇക്കാര്യത്തിൽ ഇന്നും മുട്ട് മടക്കിയിട്ടില്ലെന്ന വസ്തുത നമ്മുടെ കൺവട്ടത്തിലില്ലേ. ഈയിടെ ജെ.എൻ. യൂ വിൽ ഒരു മാസത്തോളം നീണ്ട് നിന്ന ഇന്ത്യയിലെ യുവ സാമൂഹ്യ ശാസ്ത്രജ്ഞർക്കായുള്ള ഒരു ശിൽപ്പശാലയിൽ പങ്കെടുക്കുകയുണ്ടായി. പ്രതിനിധികളിൽ വലിയൊരു വിഭാഗം അഹിന്ദിക്കാരായിരുന്നുവെങ്കിലും ഇംഗ്ലീഷറിയുന്ന ഉത്തരേന്ത്യക്കാർ പലപ്പോഴും പ്രബന്ധങ്ങളവതരിപ്പിച്ചത് ഹിന്ദിയിലായിരുന്നു.

 ഭാഷാപരമായ ഇത്തരം സങ്കുചിത്വത്തെ എന്ത് വിളിക്കണമെന്നോർത്തപ്പോൾ അക്രമാസക്ത ദേശീയത ആസുരതയാർജ്ജിക്കുകയായിരുന്ന കഴിഞ്ഞ ദശകത്തിൽ സദാനന്ദ മേനോൻ എഴുതിയ ഒരു വാചകമാണ് ഓർമ്മ വന്നത്^ ഒരു കാലത്ത് ഇന്ത്യ എന്നത് ഒരു രാഷ്ട്രത്തി​​െൻറ പേരായിരുന്നു. ഇന്ന് അത് ഒരു നാഡീ രോഗത്തി​​െൻറ പേരായിരിക്കുന്നു. ഹിന്ദിയുടെ അവസ്ഥയും ഇത് തന്നെ . ഒരു കാലത്ത് അതൊരു മധുര മനോഹര ഭാഷയുടെ പേരായിരുന്നു. ഇന്നത്  വലിയൊരു ഉൻമാദത്തിന്റെ ഉപോൽപ്പന്നമായിരിക്കുന്നു. മാതൃഭാഷയായ ഉർദുവിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ ബി.ജെ.പി അംഗങ്ങളാൽ കയ്യേ ഫറ്റം ചെയ്യപ്പെടുകയും യോഗി ആദിത്യനാഥി​​െൻറ പോലീസിനാൽ നിയമ നടപടി നേരിടുകയും ചെയ്യുന്ന അലീഗഢ് കോർപ്പറേറ്റർ മുഷറഫ് ഹുസൈനോട് ചോദിച്ചാൽ ഒരു വേള ഈ രോഗത്തി​​െൻറ  യഥാർത്ഥ പേരെന്തെന്ന് നമുക്ക് മനസ്സിലാക്കാം.

 (കലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറാണ് ലേഖകൻ. outcry2020@gmail.com)
     

Tags:    
News Summary - Hindi create problems in india-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.