Praful Khoda Patel

ലക്ഷദ്വീപിൽ ഹിന്ദുത്വ ഫാഷിസം ലക്ഷ്യംവെക്കുന്നത്

കവരത്തിയിലാണ് ബഷീറിന്‍റെ വീട്. ഫാറൂഖ്‌ കോളജിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു പഠനം. അതിനുശേഷം താൽക്കാലിക ജീവനക്കാരനായി അതേ ദ്വീപിലെ ഫിഷറീസ് വകുപ്പിൽ ജോലി നേടി. എന്നാൽ, കഴിഞ്ഞ മാർച്ചിൽ അവനെ പിരിച്ചുവിട്ടു. ജോലി നഷ്​ടപ്പെട്ട മറ്റു കുറേ ദ്വീപുകാരിൽ ഒരാൾ മാത്രമാണ് ബഷീർ.

അവന്‍റെ പിതാവിന് പഞ്ചായത്തിലായിരുന്നു ജോലി. ഇപ്പോൾ അവരുടെ ചുമതലകൾ എല്ലാം പുതിയ അഡ്മിനിസ്ട്രേറ്റർ കവർന്നെടുത്തിരിക്കുന്നു. ദ്വീപിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും അനുദിനം അത് വഷളായി മാറുകയാണെന്നും ബഷീർ പറയുന്നു.

വളരെ ആസൂത്രിതമായി ഒരു നാടിനെ വംശീയമായി ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പൈതൃകത്തിനുമേൽ കത്തിവെച്ചിരിക്കുന്നു. കശ്മീരിനോട്‌ സമാനമായി, അല്ലെങ്കിൽ അതിലും ഭീകരമായാണ് ഇവിടെ കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ്‌ ഭരണകൂടം അവരെ നശിപ്പിക്കുന്നത്. കോവിഡിന്‍റെ മറവിൽ ജനങ്ങളെ നിശ്ശബ്ദരാക്കി ആ ഉന്മൂലനാശത്തിന് തീവ്രതയേറ്റുകയും ചെയ്​തു.

2020 ഡിസംബറിലാണ് മോദിയുടെ ഉറ്റതോഴനും മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിന്‍റെ അഡ്മിനിസ്​ട്രേറ്ററായി ചുമതലയിലെത്തിയത്. അവിടെന്നങ്ങോട്ടാണ് ഒരു പ്രത്യേക ലക്ഷ്യത്തോടെയുള്ള ഭരണപരിഷ്കാരങ്ങൾ ദ്വീപ് സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത്. എസ്‌.ഒ.പി പിൻവലിച്ചുകൊണ്ടാണ് തുടക്കം. ആർക്കും ദ്വീപിലേക്ക് കയറിചെല്ലാനുള്ള വാതിൽ തുറക്കുന്ന ഈ നിയമം വന്നതോടെ ജനങ്ങളോടോപ്പം ദീപിലേക്ക് കോവിഡും കയറിവന്നു.


അതുവരെ വൈറസിനെ ഫലപ്രദമായി തടയാൻ സാധിച്ച ദ്വീപ് സമൂഹത്തിൽ കോവിഡ് വ്യാപകമായി. പിന്നീട് ജനങ്ങൾക്കിടയിൽ ഭീതിപരത്തിയും അവരുടെ അവകാശങ്ങൾ ഹനിച്ചും പുതിയ പരിഷ്കാരങ്ങൾ ഒന്നൊന്നായി നടപ്പാക്കി. വിദേശ ടൂറിസത്തിന്‍റെ പേരിൽ മദ്യവും മദിരാശിയും വ്യാപകമാക്കി. 99 ശതമാനം മുസ്​ലിംകൾ ജീവിക്കുന്ന നാട്ടിൽ മദ്യത്തിനു വിലക്കുണ്ടായിരുന്നു. ആ വിലക്കുകൾ എടുത്തുമാറ്റി മദ്യം സുലഭമാക്കി. ബാറുകൾ തുടങ്ങാൻ സർവ സഹായങ്ങളും നൽകി.

ജില്ലാ പഞ്ചായത്തിന്‍റെ അധികാരം പിടിച്ചെടുത്തതോടെ, പ്രധാനമായും ജനപ്രതിനിധികൾ കൈകാര്യം ചെയ്തിരുന്ന അധികാരങ്ങളെല്ലാം കേന്ദ്രത്തിന്‍റെ കൈകളിലെത്തി. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്‌ ദ്വീപ് സമൂഹത്തിൽ ഒരു വിലയുമില്ലാതായി.

അഞ്ചു പ്രധാന മേഖലകളിലൂടെയായിരുന്നു ദ്വീപ്‌ ജനത ജീവിതം മുന്നോട്ട്‌ നയിച്ചിരുന്നത്. ഫിഷറീസ്‌, ഡയറി ഫാം, അഗ്രികൾച്ചർ, ടൂറിസം, വ്യവസായം എന്നിവയായിരുന്നു അവ. ജില്ല പഞ്ചായത്തിന്‍റെ അധികാരം ദുർബലമാക്കിയതോടെ ഈ മേഖലകളെല്ലാം ഒരേസമയം ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ചൊൽപ്പടിയിലായി. കവരത്തി, മിനിക്കോയി, കട്മം, സുഹലി ദ്വീപുകൾ അവർ ഉന്നം വെച്ചുകഴിഞ്ഞു.

ലക്ഷദീപിൽ നല്ലൊരു ശതമാനം ജനങ്ങളും ജീവിതം നയിക്കുന്നത്‌‌ സർക്കാർ ജോലിയിലൂടെയാണ്. ദ്വീപിലെ 15 ശതമാനം പേർ സർക്കാറിന്​ കീഴിൽ കരാർ ജീവനക്കാരായാണ് ജീവിതം നയിച്ചിരുന്നത്. പുതിയ അഡ്മിനിസ്​ട്രേറ്റർ അതിലെ ഭൂരിപക്ഷം കരാർ ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരെപോലും വിവിധങ്ങളായ കാരണങ്ങൾ പറഞ്ഞ്‌ വേട്ടയാടാൻ തുടങ്ങി. ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ നിഷേധിച്ചു. പിടിച്ചുപറിയും അക്രമങ്ങളും താരതമ്യേന കുറവായ ദ്വീപിൽ സർക്കാറിനെതിരെ സംസാരിക്കുന്നവരെ പിടിച്ചുകെട്ടാൻ വേണ്ടി ഗുണ്ടാ ആക്ട് നടപ്പാക്കി.




ഹിന്ദുത്വ ഫാഷിസം ആദ്യം അവരുടെ ശബ്​ദമില്ലാതാക്കി. കുറ്റകൃത്യങ്ങൾ ഏറെയൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു നാട്ടിൽ, സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തിൽ എന്തിനാണ് ഗുണ്ടാ ആക്ട്‌ നടപ്പാക്കുന്നതെന്ന് ആദ്യം അമ്പരപ്പോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ഇപ്പോൾ ജനങ്ങൾക്ക്‌ കാരണങ്ങൾ ബോധ്യമായിയിരിക്കുന്നു. അവരുടെ വായ മൂടിക്കെട്ടാനായിരുന്നു അതെന്ന് അവർ തിരിച്ചറിഞ്ഞു. ‌

പിന്നീട് ഫാഷിസം അവരുടെ ഭക്ഷണത്തിൽ കൈവെച്ചു. ഫാഷിസ്റ്റ്‌ തൽപ്പരരുടെ പാലുൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കാനൊരുങ്ങി. ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിച്ചിരുന്ന ഡയറി ഫാമുകൾ കൂട്ടത്തോടെ പൂട്ടിക്കെട്ടി. ഗോവധ നിരോധത്തിലൂടെ മാംസാഹാരവും അവർക്ക് നിഷിദ്ധമാക്കി.

സ്കൂളുകളിലെ ഭക്ഷണപട്ടികയിൽ നിന്നുപോലും മാംസാഹാരം നിർത്തലാക്കി. ഈ മാസത്തോടെ മുഴുവൻ പശുക്കളെയും വിറ്റഴിക്കണമെന്ന് നിയമവും വന്നു. ഭക്ഷ്യവിഭവങ്ങളുമായി കേരളത്തിൽനിന്നും വരുന്ന കപ്പലുകൾക്ക്‌ വരെ നിയന്ത്രണങ്ങളേർപ്പെടുത്തി. കോഴിക്കോട്​ ബേപ്പൂർ വഴിയുണ്ടായിരുന്ന തുറമുഖ ഗതാഗതം അവസാനിപ്പിച്ച്​ മംഗലാപുരത്തേക്ക്‌ മാറ്റാനുള്ള തീരുമാനവും‌ം വന്നിരിക്കുന്നു.

ഒരു രാജ്യം എങ്ങനെയൊക്കെ നശിപ്പിക്കാമെന്ന് ഫാഷിസ്റ്റ്‌ ഭരണകൂടം പ്രയോഗവത്കരിച്ചു കാണിക്കുകയാണ്​ ഇവിടെ. ‌ഇത് കൃത്യമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രം നിയമിച്ച ഈ ക്രൂരനായ അഡ്മിനിസ്​ട്രേറ്റർ മിസ്റ്റർ പട്ടേൽ ദ്വീപ്‌ സമൂഹത്തെ, അവരുടെ സംസ്കാരത്തെ, നാഗരികതയെ, വിശ്വാസാചാരങ്ങളെ അതിന്‍റെ വേരോടെ പൊളിച്ചടക്കുകയാണ്. ഒരേ സമയം മുസ്​ലിംകളെ വഴിയാധാരമാക്കി, അവരെ ഉന്മൂല നാശം വരുത്തി, കോര്‍പ്പറേറ്റ് താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ഫാഷിസ്റ്റ്‌ ഭരണകൂടം ശ്രമിക്കുന്നത്.



അവരുടെ ബഹുമുഖ ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള അധികാരമാണ് കേന്ദ്രത്തിൽനിന്നും കെട്ടിയിറക്കിയ മോദി - അമിത്ഷാ കൂട്ടുകെട്ട് അവരോധിച്ച അഡ്മിനിസ്ട്രേറ്റർ പട്ടേലിനുള്ളതെന്ന് വ്യക്തമാണ്. ദ്വീപിലെ ജനങ്ങളുടെ നിത്യവരുമാന സ്രോതസ്സായിരുന്ന മത്സ്യബന്ധനത്തിന്​ തടസ്സങ്ങൾ സൃഷ്​ടിച്ചു. അവരുടെ താൽക്കാലിക ഷെഡ്ഡുകൾ പൊളിച്ചുനീക്കി. വലിയ റോഡുകൾ ഉണ്ടാ‍ക്കാൻ എന്ന് പറഞ്ഞ് ജനങ്ങളെ കുടിയൊഴിപ്പിച്ച് അവരെ വഴിയാധാരമാക്കുമ്പോൾ ഇല്ലാതാകുന്നത് ഒരു ജനതയുടെ, അവർ തലമുറകളായി കാത്തുസംരക്ഷിച്ചുപോന്ന അവരുടെ ജീവിതവും വാസസ്ഥലവും കൂടിയാണ്.

വലിയ കോർപ്പറേറ്റുകൾക്ക് വേണ്ടി സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന ഈ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. തുറമുഖ ഗതാഗതം വഴിമാറിയാല്‍ കേരളത്തിന്​ വലിയ നഷ്ടങ്ങള്‍ ഉണ്ടാകും. ദ്വീപ് സമൂഹവുമായി ഏറ്റവും അടുത്തുകഴിയുന്ന അവര്‍ക്ക് എല്ലാ സഹായവും ചെയ്യുന്ന കേരളത്തെ കൂടി പ്രതിരോധത്തിലാക്കാനുള്ള കുടിലതന്ത്രമാണ് കേന്ദ്രം ഒരുക്കുന്നത്. അതിനാല്‍ കേരളവും ഈ പ്രതിഷേധങ്ങളുടെ ഭാഗമാകേണ്ടതുണ്ട്.


ലക്ഷദ്വീപിൽ ഹുന്ദുത്വ ഭരണകൂടം കൈവിട്ട കളികളാണ് നടത്തുന്നത്. ഇതൊക്കെ നടക്കുമ്പോഴും പ്രതിപക്ഷത്തിന് നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. അധികാരമുള്ള കോൺഗ്രസ്​ മുന്നണിയിലെ എൻ.സി.പി അംഗത്തിന് ഒന്നും ചെയ്യാനാകുന്നില്ല എന്നത് വിചിത്രമായി തോന്നേണ്ടതില്ല. എല്ലാം വിലക്ക്‌ വാങ്ങുന്ന ഒരു കാലത്ത്‌ അതിൽ പ്രാഗത്ഭ്യം തെളിയിച്ച ഭരണകക്ഷിക്ക് ഒരു പാർലമെന്റ് അംഗമെന്നത്‌ വളരെ നിസ്സാരവുമാണ്.

അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്‌ വേണ്ടി ഇപ്പോഴാണ് നാം എന്തെങ്കിലും ചെയ്യേണ്ടത്‌. ജനാധിപത്യ ധ്വംസനം നടത്തുന്ന ഒരു ഭരണകൂടത്തിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ഉയർത്തേണ്ടതുണ്ട്. ഒരു സമൂഹം ഉന്മൂല നാശത്തിന് വിധേയമാക്കപ്പെടുമ്പോൾ എല്ലാ ഭാഗത്തുനിന്നും ഒരുപോലെ പ്രതിഷേധങ്ങൾ ഉണ്ടാകണം. ലക്ഷദ്വീപ് മറ്റൊരു കശ്മീരായി മാറാൻ അനുവദിക്കരുത്. 

Tags:    
News Summary - Hindutva fascism targets Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.