ഷിൻഡെയെ ബി.ജെ.പി മറിച്ചിടാൻ ഇനി എത്രനാൾ?

ഭരണ കടിഞ്ഞാൺ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസി​െൻറ കൈകളിലാണ്. മുംബൈ പൊലീസ് കമീഷനർ വിവേക് ഫൻസാൾക്കർക്ക് ഷിൻഡെയോടാണത്രെ കൂറ്. അതിന് ബദലായി ഫഡ്നാവിസിെൻറ ഇഷ്ടക്കാരനായ ദെവൻ ഭാരതിയെ സ്പെഷൽ പൊലീസ് കമീഷണറായി നിയമിച്ചിരിക്കുന്നു. സംസ്ഥാനത്തിന് സൂപ്പർ മുഖ്യമന്ത്രി എന്നതുപോലെ മുംബൈ പൊലീസിനും ഒരു സൂപ്പർ കമീഷണറുണ്ടെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു

മഹാരാഷ്ട്രയിൽ ശിവസേന വിമതൻ ഏക് നാഥ് ഷിൻഡെയെ മുഖ്യമന്ത്രി പദത്തിൽനിന്ന് പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് സംശയിക്കാവുന്ന തരത്തിലാണ് കരുനീക്കങ്ങൾ. നാഗ്പൂരിലെ ചേരി പുനർനിർമാണത്തിനുള്ള ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയ വിവാദവും കർണാടകയുമായുള്ള അതിർത്തി തർക്കം അപ്രതീക്ഷിതമായി രൂക്ഷമായതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ബി.ജെ.പി സഖ്യത്തിലാണ് ഭരണമെങ്കിലും ഈ വിഷയങ്ങളിൽ കുരുക്കിലായത് ഏക്നാഥ് ഷിൻഡെയാണ്.

അതിർത്തി തർക്കത്തിൽ അനുകൂലിച്ചോ പ്രതികൂലമായോ മിണ്ടാൻ പറ്റാത്ത അവസ്ഥയിലാണ് ഷിൻഡെ. കർണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയാണ് നിനച്ചിരിക്കാത്ത നേരത്ത് ആറു പതിറ്റാണ്ടായുള്ള തർക്കത്തിന് വീണ്ടും തീപകർന്നതെന്നാണ് ഉദ്ധവ് താക്കറെയുടെ ശിവസേന, എൻ.സി.പി, കോൺഗ്രസ്‌ ഉൾപ്പെട്ട മഹാ വികാസ് അഗാഡി (എം.വി.എ)യുടെ ആരോപണം. ഷിൻഡെയെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കമാണെന്നാണ് പറയപ്പെടുന്നത്. മറാത്തി മണ്ണിന്റെ ഒരു തരി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൂടക്കൂടെ പറയുന്നുണ്ടെങ്കിലും കർണാടക ബി.ജെ.പി നിലപാടിനെയോ ബസവരാജിന്റെ പ്രസ്താവനകളെയോ തൊടുന്നില്ല. ബി.ജെ.പിയുമായി സഖ്യമുള്ളതിനാൽ കർണാടക ബി.ജെ.പിയെയോ ബസവരാജയെയോ തുറന്നെതിർക്കാൻ മുഖ്യമന്ത്രി ഷിൻഡെക്ക് കഴിയുന്നുമില്ല. മറാത്തി വികാരമുയർത്തി ഉദ്ധവ് താക്കറെയുടെ ശിവസേനയെ പോലെ തെരുവിലിറങ്ങാനും കഴിയുന്നില്ല.

നാഗ്പൂരിലെ ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി സ്വകാര്യ ബിൽഡർമാർക്ക് നൽകിയ വിവാദം സംസ്ഥാന നിയമസഭയിൽ ഉയർത്തിയത് പ്രതിപക്ഷ നേതാവായ എൻ.സി.പിയുടെ അജിത് പവാറാണ്. അജിത് പവാറിന് വിവരങ്ങൾ ചോർത്തിക്കിട്ടിയത് ബി.ജെ.പി വഴിയാണെന്ന് ഷിൻഡെ പക്ഷം കരുതുന്നു. വിവാദം തന്റെ രാജിയിൽ എത്തിക്കും എന്ന് തിരിച്ചറിഞ്ഞ ഏക്നാഥ് ഷിൻഡെ ഭൂമി ഇടപാട് റദ്ദാക്കി, ചേരി പുനരധിവാസ പദ്ധതി നാഗ്പൂർ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന് കൈമാറി. ഉദ്ധവ് താക്കറെ സർക്കാറിനെ മറിച്ചിട്ട് കൂടെപ്പോന്ന വിമത എം.എൽ.എമാരിൽ ഭൂരിപക്ഷത്തെയും ബി.ജെ.പിയിൽ ലയിപ്പിക്കാൻ ഫഡ്നാവിസ് കരുക്കൾ നീക്കുന്നു എന്നതാണ് നാഗ്പൂർ ചേരി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ പെട്ടെന്നൊരു തിരുത്തലിന് ഷിൻഡെയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ജൂണിലാണ് വിമതനീക്കത്തിലൂടെ ഉദ്ധവ് താക്കറെ മുഖ്യനായ എം.വി.എ സർക്കാറിനെ അട്ടിമറിച്ച് ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റത്. ഷിൻഡെയും ഫഡ്നാവിസും അടക്കം 20 അംഗ മന്ത്രിസഭ. ഷിൻഡെ പക്ഷത്തുനിന്നും ബി.ജെ.പിയിൽ നിന്നും പത്തുപേർ വീതം. മന്ത്രിസഭ വികസനം ഉടനെയുണ്ടാകുമെന്നു പറഞ്ഞ് ഷിൻഡെ പക്ഷത്തെ മറ്റ് എം.എൽ.എമാരെ സമാധാനിപ്പിച്ച് നിർത്തുകയായിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും മന്ത്രിസഭ വികസനം നടന്നില്ല. എം.എൽ.എമാരുടെ അസ്വസ്ഥത മുതലാക്കി തരംകിട്ടിയാൽ ബി.ജെ.പി മറ്റൊരു അട്ടിമറി കൂടി നടത്തുമെന്ന സൂചനയാണുള്ളത്.

ഷിൻഡെയുടെ വിമതനീക്കത്തിലൂടെ ഉദ്ധവ് താക്കറെയെയും ശിവസേനയേയും രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി അഴിമതി കേസുകളിൽപെട്ട ശിവസേന എം.എൽ.എമാരെയും എം.പിമാരെയും ഷിൻഡെയെ മുന്നിൽനിർത്തി അടർത്തുകയാണ് ബി.ജെ.പി ചെയ്തത്. 2019ലെ ജനവിധി ബി.ജെ.പി-ശിവസേന സഖ്യത്തിന് അനുകൂലമായിട്ടും മുഖ്യമന്ത്രിപദത്തെച്ചൊല്ലി സഖ്യം വിടുകയും ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റുക എന്ന ശരദ് പവാറിന്റെ ആശയത്തിന് ഒപ്പംനിൽക്കുകയും ചെയ്ത ശിവസേനയെ തകർക്കാനാണ് ശ്രമം. മറാത്തി ചാനലുകളുടെ അഭിമുഖങ്ങളിലൂടെ ഫഡ്നാവിസ് തന്നെ ഇത്തരത്തിൽ സൂചനകൾ നൽകുകയുണ്ടായി.

പേരിന് ഷിൻഡെയെ മുഖ്യനാക്കി അധികാരത്തിൽ തിരിച്ചെത്തിയ ബി.ജെ.പി ഷിൻഡെ പക്ഷ എം.എൽ.എമാരുടെ തട്ടകങ്ങളിൽ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്താനാണ് ശ്രമിച്ചത്. ആ എം.എൽ.എമാരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി, അവരുടെ മണ്ഡലങ്ങളിലെ ബി.ജെ.പി നേതാക്കളുടെ നിർദേശാനുസരണം ഉദ്യോഗസ്ഥരെ നിയമിക്കാനായിരുന്നു ശ്രമം. ഷിൻഡെയുടെ തട്ടകത്തിൽ പോലും ഇത്തരം ശ്രമമുണ്ടായി. ചിലയിടങ്ങളിൽ ഷിൻഡെയുടെ ചെറുത്തുനിൽപ്പ് വിജയിച്ചെങ്കിലും ഭരണ കടിഞ്ഞാൺ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈകളിലാണ്. മുംബൈ പൊലീസിന് അവരുടെ ചരിത്രത്തിൽ ആദ്യമായി രണ്ടു കമീഷണർമാരെ ലഭിച്ചത് ഇതിന്റെ തുടർച്ചയാണ്. വിവേക് ഫൻസാൾക്കറാണ് മുംബൈ പൊലീസ് കമീഷണർ. ഫൻസാൾക്കർക്ക് ഷിൻഡെയോടാണത്രെ കൂറ്. അതിന് ബദലായി ഫഡ്നാവിസിന്റെ ഇഷ്ടക്കാരനായ ദെവൻ ഭാരതിയെ സ്പെഷൽ പൊലീസ് കമീഷണറായി നിയമിച്ചിരിക്കുന്നു. സംസ്ഥാനത്തിന് സൂപ്പർ മുഖ്യമന്ത്രി എന്നതുപോലെ മുംബൈ പൊലീസിനും ഒരു സൂപ്പർ കമീഷണറുണ്ടെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.

ഉദ്ധവ് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനിന്ന ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഒറ്റക്ക് അധികാരത്തിൽ തിരിച്ചുവരാനുള്ള കരുനീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. അത് ഷിൻഡെ തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകർക്കും ബിരുദധാരികൾക്കുമുള്ള നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഷിൻഡെ പക്ഷത്തിന് ഒരു സീറ്റ് പോലും നൽകിയില്ല എന്നതും ശ്രദ്ധേയം. എത്രനാൾ ഷിൻഡെക്ക് പിടിച്ചു നിൽക്കാനാകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം മറുവശത്ത്, പ്രതിപക്ഷമായ ശിവസേനയും എൻ.സി.പിയും രാഷ്ട്രീയ നിലനിൽപ്പിനും അധികാരത്തിലേക്ക് മടങ്ങിവരാനും സജീവമായി ഇറങ്ങി പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് പതിവുമയക്കത്തിൽ തന്നെയാണ്. മഹാരാഷ്ട്രയിലും രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര അലയൊലികൾ ഉണ്ടാക്കിയെങ്കിലും അതിനെ രാഷ്ട്രീയനേട്ടങ്ങൾക്കുള്ള ഇന്ധനമാക്കാൻ ഒരു ശ്രമവും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നില്ല. വിലാസ്റാവു ദേശ്മുഖിനുശേഷം മഹാരാഷ്ട്രക്ക് പുറത്തുപറഞ്ഞാൽ നാലാളറിയുന്ന ഒരു നേതാവുപോലുമില്ലാത്തത്ര ശുഷ്കമാണ് ആ പാർട്ടിയിപ്പോൾ.

Tags:    
News Summary - How long will it take for BJP to overthrow Shinde?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.