ജൂലൈ 13നാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും തീവ്ര ഹിന്ദുത്വ വാദിയുമായ യോഗി ആദിത്യനാഥിന്റെ പൊലീസ് ആ വീട്ടിലേക്ക് ഇരച്ചെത്തിയത്. മീററ്റിലെ സരായ് ബെഹ്‌ലീമിൽ അഞ്ച് നിലകളുള്ള വീട്ടിലേക്ക് 200 പൊലീസുകാരാണ് ഇരച്ചെത്തിയത്. 12 മണിക്കൂറെടുത്താണ് ഈ വീട് റെയ്ഡ് ചെയ്തത്. വീട് ചില്ലറക്കാരന്റേതല്ല. മുൻ മന്ത്രി, മുൻ എം.എൽ.എ, മുൻ ഡെപ്യൂട്ടി മേയർ എന്നീ നിലകളിൽ പ്രവർത്തിച്ച പ്രമുഖ രാഷ്ട്രീയ നേതാവ് ഹാജി യാക്കൂബ് ഖുറൈഷിയുടെ വീടാണത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഹാപൂർ റോഡിലെ ഇറച്ചി പ്ലാന്റ് സീൽ ചെയ്തതിന് പിന്നാലെയാണ് വീട് റെയ്ഡ് ചെയ്യാൻ പൊലീസ് എത്തിയത്.
മുൻ എം.എൽ.എയും മക്കളായ ഇമ്രാനും ഫിറോസും ഭാര്യ ഷംസിദയും ഒളിവിൽ കഴിയുന്നു എന്ന് ആരോപിച്ചാണ് പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. റെയ്ഡ് ചെയ്ത് ഗ്യാസ് സിലിണ്ടറുകൾ, ടി.വി സെറ്റുകൾ, പാത്രങ്ങൾ എന്നിവ 'തൊണ്ടിമുതലുകൾ' ആക്കി മീററ്റിലെ ഖാർഖൗഡ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഖുറൈഷിയുടെ ഹാപൂർ റോഡ് മാംസ പ്ലാന്റിൽ പൊലീസ് സംഘം റെയ്ഡ് നടത്തുകയും കയറ്റുമതിക്കായി തയ്യാറാക്കിയ മാംസം പിടികൂടുകയും ചെയ്തിരുന്നു. ലൈസൻസില്ലാത്ത ഫാക്ടറി കഴിഞ്ഞ വർഷം സീൽ ചെയ്‌തിരുന്നുവെങ്കിലും അതിന്റെ പ്രവർത്തനം തുടർന്നിരുന്നു എന്ന് പൊലീസ് പറയുന്നു. ഏപ്രിൽ ഒന്നിന് പത്ത് പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടർന്ന് ഖുറൈഷിക്കും മറ്റ് കുടുംബാംഗങ്ങൾക്കും എതിരെ കേസെടുക്കുകയായിരുന്നു.
പിന്നീട്, ഖുറൈഷിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രി ലൈസൻസില്ലാതെ പ്രവർത്തിച്ചു എന്ന് ആരോപിച്ച് ചീഫ് മെഡിക്കൽ ഓഫീസർ സീൽ ചെയ്തു. ശാസ്ത്രി നഗറിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂളും സാധുവായ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ചതിന്റെ തെളിവുകളൊന്നും ഹാജരാക്കാത്തതിനാൽ നിരീക്ഷണത്തിലാണ്.
ഖുറൈഷിയെയും മക്കളെയും കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് മീററ്റ് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെയും രാജസ്ഥാനിലെയും അറിയപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക പൊലീസ്, എസ്.ടി.എഫ് ടീമുകളെ അയച്ചിട്ടുണ്ട്. ഇതിനിടെ ഖുറൈഷിയുടെ ഭാര്യ ഷംസിദക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.
കോടതി ഉത്തരവിനെ തുടർന്ന് ഖുറൈഷിയുടെ 125 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്കഴിഞ്ഞു. ''ഒളിച്ചോടിയവരെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ നിരവധി പൊലീസ് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്, അവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു" -മീററ്റ് എസ്.പി രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.
ഖുറൈഷിയുടെ വളർച്ചയും പതനവും ഇപ്പോൾ യു.പിയിൽ ചർച്ചയാണ്. 1992ൽ ശർക്കര കച്ചവടക്കാരനായാണ് ബിസിനസ് തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ രാഷ്ട്രീയത്തിലേക്ക് കുതിച്ച അദ്ദേഹം 1995ൽ കൗൺസിലറായും തുടർന്ന് ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു.
2002ൽ മീററ്റിലെ ഖാർഖൗദ മണ്ഡലത്തിൽ നിന്ന് ബി.എസ്.പി ടിക്കറ്റിൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ഖുറൈഷി അടുത്ത വർഷം സഹമന്ത്രിയായി. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ച യാക്കൂബ് മത്സരിക്കാനായി സ്വന്തം പാർട്ടിയുണ്ടാക്കി. വിജയിച്ച ശേഷം അത് ബി.എസ്.പിയിൽ ലയിപ്പിച്ചു.
2012ൽ ഖുറൈഷി രാഷ്ട്രീയ ലോക്ദളിലേക്ക് (ആർ.എൽ.ഡി) ചേക്കേറുകയും സർധനയിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഇത്തവണ അദ്ദേഹം ബി.ജെ.പിയുടെ സംഗീത് സോമിനോട് പരാജയപ്പെട്ടു.
2014ൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം ഭാഗ്യം പരീക്ഷിച്ചു. മൊറാദാബാദിൽ നിന്ന് ആർ.എൽ.ഡി ചിഹ്നത്തിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സർവേഷ് കുമാറിനോട് പരാജയപ്പെട്ടു. 2017 ആയപ്പോഴേക്കും ബി.എസ്.പിയിൽ തിരിച്ചെത്തിയ അദ്ദേഹം മീററ്റ് സൗത്ത് അസംബ്ലി സീറ്റിൽ നിന്ന് മത്സരിച്ചു. ബി.ജെ.പിയുടെ സോമേന്ദ്ര തോമറിനോട് അദ്ദേഹം വീണ്ടും പരാജയപ്പെട്ടു. 2019ൽ മീററ്റ്-ഹാപൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരാർത്ഥിയായി വീണ്ടും തിരഞ്ഞെടുപ്പ് മത്സരത്തിൽ പങ്കെടുത്തു. ബി.ജെ.പിയുടെ രാജേന്ദ്ര അഗർവാൾ വിജയിച്ചപ്പോൾ അദ്ദേഹം രണ്ടാമതെത്തി.
ഖുറൈഷി വിവാദങ്ങളുടെ തോഴനുമാണ്. ആർ.എസ്.എസുമായി നിരന്തരം അതേ നാണയത്തിൽ ഏറ്റുമുട്ടാറുള്ള ഖുറൈഷി അവരുടെ കണ്ണിലെ കരടാണ്. 2015ൽ പ്രവാചക കാർട്ടൂണിന്റെ പേരിൽ ഡാനിഷ് കാർട്ടൂണിസ്റ്റിന്റെ തലവെട്ടുന്നയാൾക്ക് 51 കോടി രൂപ വാഗ്ദാനം ചെയ്തും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
2017ൽ ഒരു പൊലീസ് കോൺസ്റ്റബിളിനെ അടിച്ച കേസിലും ഇയാൾക്കെതിരെ കേസുണ്ട്. "ഖുറൈഷി ഒരു സ്ഥിരം നിയമ കുറ്റവാളിയാണ്. അയാളുടെ കുടുംബവും വ്യത്യസ്തമല്ല. ഹാപൂർ റോഡിലെ ഇയാളുടെ ഇറച്ചി പ്ലാന്റ് അടച്ചുപൂട്ടിയിട്ടും മാംസം പൊതിഞ്ഞു വക്കുന്നത് നടന്നുവരികയായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ കളി അവസാനിച്ചതായി തോന്നുന്നു. നിയമത്തെ അവഗണിക്കുന്ന ആരും യോഗിജിയുടെ ഭരണത്തിന് കീഴിൽ രക്ഷപ്പെടില്ല" -ബി.ജെ.പി നേതാവ് വിനീത് ശാരദ പറയുന്നു.
അതേസമയം, ക്രൂരമായ രാഷ്ട്രീയ പകപോക്കലാണ് യോഗി പൊലീസ് നടത്തുന്നതെന്ന് ആർ.എൽ.ഡി നേതാവ് സുനിൽ റോഹ്ത പറയുന്നു. ''സീൽ ചെയ്തിട്ടും അദ്ദേഹം തന്റെ ഇറച്ചി ഫാക്ടറി അനധികൃതമായി നടത്തുകയായിരുന്നു എന്നത് ശരിയാണ്. എന്നാൽ മീററ്റിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി മാംസം കയറ്റുമതി പ്ലാന്റുകൾ ഉണ്ട്" -അദ്ദേഹം പറയുന്നു.
ബി.എസ്.പിയുടെ രാംവീർ ഖത്താനയും ഖുറൈഷിക്കെതിരായ യോഗിയുടെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2017ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നതുമുതൽ, പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും നഗ്നമായ ദുരുപയോഗത്തിലൂടെ പ്രതിപക്ഷത്തെ തുടച്ചുനീക്കുക എന്ന ഒറ്റ അജണ്ടയാണ് അത് പിന്തുടരുന്നത്. യാക്കൂബ് ആണ് ഏറ്റവും ഒടുവിലത്തെ ഇര. ഭാവിയിൽ ബി.ജെ.പിയുടെ ആക്രമണത്തിന് നിരവധി പേർ ഇരയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്" -അദ്ദേഹം പറയുന്നു.
കഴിഞ്ഞ മാർച്ച് 31ന് തന്റെ സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ നിരന്തര റെയ്ഡുകളോട് ഖുറൈഷി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "ഞങ്ങൾ നിയമം അനുസരിക്കുന്ന പൗരന്മാരാണ്. പക്ഷേ പൊലീസും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സർക്കാരിന്റെ നിർദ്ദേശപ്രകാരം ഞങ്ങളുടെ പേര് വീണ്ടും വീണ്ടും വിവിധ കേസുകളിലേക്ക് വലിച്ചിടുന്നു. ജുഡീഷ്യറിയിൽ ഞങ്ങൾക്ക് വിശ്വാസമുള്ളതിനാൽ ശുദ്ധമായി പുറത്തുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''.
സമ്പത്തും സ്വാധീനവും രാഷ്ട്രീയ പിൻബലവും ഉണ്ടായിട്ടുപോലും ഹാജി യാക്കൂബ് ഖുറൈഷിക്കും കുടുംബത്തിനും രക്ഷപെടാൻ കഴിഞ്ഞിട്ടില്ല. യു.പിയിലെ സമ്പന്നരും ദരിദ്രരുമായ എല്ലാ ന്യൂനപക്ഷങ്ങളെയും യോഗി ആദിത്യനാഥ് എന്ന ഹിന്ദുത്വ സന്യാസിയുടെ പൊലീസ് ഇതുപോലെ വേട്ടയാടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.