കോടതിവിധികൾ ചിലപ്പോൾ ചരിത്രത്തിലെ നാഴികക്കല്ലുകളാകും. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധി അക്കൂട്ടത്തിൽപ്പെടുന്നു. ശിക്ഷാനിയമത്തിലെ വകുപ്പ് 377 ഭാഗികമായി റദ്ദാക്കിയ എൻ.എസ്. ജൗഹർ കേസിലെ വിധി ലൈംഗികബന്ധങ്ങളിലെ വ്യത്യസ്തതകളെ അംഗീകരിക്കുന്നതുകൊണ്ടു മാത്രമല്ല ശ്രദ്ധേയമാകുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്നതും നിലനിർത്തേണ്ടതുമായ എല്ലാ വ്യത്യസ്തതകൾക്കുമുള്ള അംഗീകാരമാണ് സുപ്രീംകോടതി നൽകിയത്. ന്യൂനപക്ഷങ്ങളുടെ നാടായ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുള്ള അംഗീകാരമാണിത്. ലിംഗഭേദമില്ലാതെയുള്ള തുല്യതയുടെ പ്രഖ്യാപനമാണിത്. ഭരണഘടനയിൽനിന്നല്ല, മാനവികതയുടെ പാലാഴിയിൽനിന്ന് കടഞ്ഞെടുത്ത വിധിയാണിത്. ആ അഞ്ച് ന്യായാധിപർ ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ സ്വാതന്ത്ര്യത്തിെൻറ നവവീഥിയിലെത്തിച്ചിരിക്കുന്നു.
ദീപക് മിശ്രയാണ് ഇന്നത്തെ ഹീറോ. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം വില്ലനായിരുന്നു. ഇംപീച്ച്മെൻറിെൻറ വക്കോളമെത്തി അപമാനിതനായിനിന്ന ദീപക് മിശ്ര ഒക്ടോബർ രണ്ടിന് വിരമിക്കുന്നത് ചരിത്രത്തിലെ അവിസ്മരണീയരായ ചീഫ് ജസ്റ്റിസുമാരുടെ കൂട്ടത്തിൽ ഇടം പിടിച്ചുകൊണ്ടാണ്. തനിക്കെതിരെ കലാപമുയർത്തിയ നാൽവരിൽ ഒരാളായിരുന്നിട്ടും രഞ്ജൻ െഗാഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി ശിപാർശ ചെയ്യുന്നതിനുള്ള മഹാമനസ്കത അദ്ദേഹം കാണിച്ചു. ജനാധിപത്യത്തെ അപകടത്തിലാക്കിയ ആൾ എന്നാണ് നാൽവർ സംഘം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ന് ജനാധിപത്യത്തെ സംരക്ഷിച്ച ആൾ എന്ന സ്തുതിവചനത്തിൽ അദ്ദേഹം അഭിരമിക്കുന്നു.
കോടതിവിധികൾ ഉൗഹത്തിനും പ്രവചനത്തിനും അതീതമാണ്. അതേസമയം, കോടതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ചില സൂചനകൾ ലഭിക്കും. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി കേസിലെ വിധി ഒരു തുടക്കമായിരുന്നു. അതിനുമുമ്പേ ട്രാൻസ്ജെൻഡറുകൾക്കെതിരെ വിവേചനം പാടില്ലെന്ന വിധി 2014ലെ നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി കേസിലുണ്ടായി. ഹാദിയയെ ഇഷ്ടപ്പെട്ട പുരുഷനുമായി ചേർക്കുന്ന വിധി പുട്ടസ്വാമി കേസിനു ശേഷമുണ്ടായി. പത്മാവതും മീശയും നിരോധിക്കാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. െട്രൻഡ് ഇതേപടി നിലനിൽക്കുകയാണെങ്കിൽ ആധാർ കേസിലും വ്യഭിചാരക്കേസിലും ശബരിമലയിലെ സ്ത്രീപ്രവേശനക്കേസിലും എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഏതാണ്ട് ഉൗഹിക്കാം. പൂർണമായും പ്രവചനാതീതമാകാതിരിക്കുകയെന്നത് ജുഡീഷ്യറിയുടെ നല്ല ഗുണങ്ങളിൽ ഒന്നാണ്.
19ാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക വിക്ടോറിയൻ സദാചാരത്തിൽ അധിഷ്ഠിതമായി 158 വർഷം മുമ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ മെക്കാളെ ഉൾപ്പെടുത്തിയ വകുപ്പിനെ കേവലം കൊളോണിയൽ എന്ന് മുദ്രകുത്തി തള്ളുന്നത് ശരിയല്ല. സെമിറ്റിക് മതങ്ങളുടെ അനുശാസനയും അതുതന്നെയായിരുന്നു. ലൈംഗികബന്ധത്തിലെ വിശുദ്ധിയും പങ്കാളിയോടുള്ള വിശ്വസ്തതയും മതങ്ങളുടെ നിഷ്കർഷയാണ്. സദാചാരബോധത്തിലും ധാർമികചിന്തയിലും മതവീക്ഷണം സനാതനമായിരിക്കുമ്പോഴും സമൂഹത്തിെൻറ വീക്ഷണത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. 21ാം നൂറ്റാണ്ടിലെ മനുഷ്യാവകാശചിന്ത നിയമനിർമാണത്തിലും വ്യാഖ്യാനത്തിലും പുതിയ സമീപനങ്ങൾ ആവശ്യപ്പെടുന്നു. സമൂഹത്തിെൻറ സദാചാരവും ഭരണഘടനാധിഷ്ഠിത സദാചാരവും ഒരേ നിലവാരത്തിൽ എത്താതിരിക്കുമ്പോൾ കോടതിക്ക് ഭരണഘടനയെ ഉയർത്തിപ്പിടിക്കേണ്ടിവരും. ചലനാത്മകമായ ജൈവരേഖയാണ് ഭരണഘടന. അത് നിഷ്ക്രിയമാകാൻ പാടില്ല. ഭരണഘടനയുടെ പുനർവായനയിൽ പുതിയ അർഥങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.
ഘട്ടംഘട്ടമായുള്ള പുരോഗതിയാണ് എൻ.എസ്. ജൗഹർ കേസിലേക്ക് സുപ്രീംകോടതിയെ എത്തിച്ചത്. ജസ്റ്റിസ് എ.പി. ഷായുടെ നേതൃത്വത്തിൽ 2009ൽ ഡൽഹി ഹൈകോടതി നടത്തിയ തിരുത്ത് സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാർ സുരേഷ്കുമാർ കൗശൽ കേസിൽ 2013ൽ തിരുത്തി. ആയിരക്കണക്കിന് ആളുകളെ കുറ്റവാളികളാക്കുന്ന തെറ്റായ വിധിയാണ് ഇപ്പോൾ അഞ്ചംഗ ഭരണഘടന ബെഞ്ച് ആർജവത്തോടെ തിരുത്തിയത്. സ്വാതന്ത്ര്യത്തിെൻറ അതിരുകൾ വിസ്തൃതമാവുകയും വ്യക്തിയുടെ അവകാശങ്ങളെ സമൂഹത്തിെൻറ സമ്മർദത്തിൽനിന്ന് മുക്തമാക്കുകയും ചെയ്തിരിക്കുന്നു. ലൈംഗികമായ സ്വാതന്ത്ര്യം അതിെൻറ അവഗണിക്കാവുന്ന ഭാഗംമാത്രമാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആരും സ്വവർഗരതിയിലേക്ക് തിരിയില്ല. വ്യത്യസ്തമായ ലൈംഗികാഭിമുഖ്യം കുറ്റമല്ലാതായിരിക്കുന്നു എന്നു മാത്രം. സമസ്ത വ്യത്യസ്തതകളും അംഗീകരിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ രക്ഷക്ക് പുറത്തേക്ക് വ്യാപ്തിയും പ്രാധാന്യവുമുള്ളതാണ് ഈ പ്രഖ്യാപനം.
ഇതവർ പൊരുതിനേടിയ സ്വാതന്ത്ര്യമാണ്. ബ്രിട്ടനിൽ സ്വവർഗരതി കുറ്റമല്ലാതായത് പാർലമെൻറ് പാസാക്കിയ നിയമം വഴിയായിരുന്നു. ഇന്ത്യയിൽ കോടതി നിർദേശിച്ചിട്ടും പാർലമെൻറ് ആ ചുമതല ഏൽക്കാൻ തയാറായില്ല. വിവേചനത്തിന് വിധേയരായവർക്ക് സുദീർഘമായ വ്യവഹാരയുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നു. കോടതിയിൽ കേന്ദ്ര സർക്കാർ മൗനംപാലിച്ചു. തീരുമാനം കോടതിയുടെ വിവേകത്തിന് വിട്ടുകൊടുക്കപ്പെട്ടു. സി.പി.എം ഒഴികെ ഒരു രാഷ്ട്രീയപാർട്ടിയും നിലപാട് വ്യക്തമാക്കിയില്ല. ലൈംഗികതയെ സംബന്ധിച്ച കാര്യങ്ങളിൽ സ്വാഭാവികമായുണ്ടാകുന്ന ലജ്ജ ലിബറൽ ബുദ്ധിജീവികളെയും ബാധിച്ചു.
അഞ്ചംഗ ബെഞ്ചിെൻറ ഏകാഭിപ്രായത്തിലുള്ള വിധികൾക്ക് കേസിൽ ചർച്ച ചെയ്യപ്പെട്ട വിഷയത്തേക്കാൾ പ്രാധാന്യമുണ്ട്. മതപരവും ഭാഷാപരവും ലിംഗപരവുമായ ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമാണിത്. ന്യൂനപക്ഷത്തിെൻറ അവകാശങ്ങൾ ഭൂരിപക്ഷത്തിെൻറ ഹിതത്തിനും അംഗീകാരത്തിനും വിധേയമല്ലാതായിരിക്കുന്നു. ആയിരിക്കുന്നതെന്തോ അതാണ് ഞാൻ; അതായിത്തന്നെ എന്നെ സ്വീകരിക്കുക എന്ന ജർമൻ ദാർശനികൻ ആർതർ ഷോപ്പൻഹോവറുടെ അർഥഗർഭമായ വാക്കുകൾ ചീഫ് ജസ്റ്റിസിെൻറ കോടതിയിൽനിന്ന് കുലംകുത്തിയൊഴുകി ആര്യാവർത്തം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എെൻറ വിശ്വാസം, എെൻറ ശീലങ്ങൾ, എെൻറ ചോദനകൾ, എെൻറ രുചികളും അഭിരുചികളും എല്ലാം ചേർന്നതാണ് ഞാൻ. ഈ ഞാൻ കൂടി ചേർന്നതാണ് സമൂഹം. എന്നെ ഞാനായിത്തന്നെ കാണുക. വ്യത്യസ്തതകളെ അംഗീകരിക്കാത്ത ആൾക്കൂട്ടങ്ങളോടാണ് കോടതി സംസാരിച്ചത്. ഭിന്നാഭിമുഖ്യമുള്ള എല്ലാവർക്കുംവേണ്ടിയാണ് കോടതി വാതിലുകൾ തുറന്നത്.
സ്വയംനിർണയത്തിനുള്ള വ്യക്തിയുടെ അവകാശമാണ് വിധിയുടെ സാരാംശം. അതുകൊണ്ടാണ് സ്വവർഗബന്ധത്തിനപ്പുറമുള്ള പ്രാധാന്യം ഈ കേസിനുണ്ടായത്. സ്വവർഗരതിക്കപ്പുറം സ്വവർഗവിവാഹത്തിലെത്തിയിരിക്കുന്നു അമേരിക്കൻ കോടതി. ഒഹായോയിലെ ഓബർഗെഫെലിെൻറ കേസിൽ സ്വവർഗവിവാഹത്തിന് യു.എസ് സുപ്രീംകോടതി അംഗീകാരം നൽകി. ഒമ്പതംഗ ബെഞ്ചിൽ അഞ്ചുപേരുടെ അഭിപ്രായമാണ് ഭൂരിപക്ഷ വിധിയായത്. മതപരവും നൈതികവുമായ വിവാദങ്ങൾക്ക് കാരണമായേക്കാവുന്ന വിധി പുറപ്പെടുവിക്കുന്നതിന് കോടതിക്ക് തടസ്സമുണ്ടായില്ല. ഭർത്താവിെൻറ മരണസർട്ടിഫിക്കറ്റിൽ തെൻറ പേര് ചേർത്തുകിട്ടണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. സുപ്രീംകോടതി അതംഗീകരിച്ചതോടെ സ്വവർഗവിവാഹം അനുവദിക്കുന്ന 23ാമത്തെ രാജ്യമായി മാറി അമേരിക്ക. 2000ത്തിൽ നെതർലൻഡ്സ് ആണ് ഇത്തരം വിവാഹങ്ങൾക്ക് ആദ്യമായി നിയമസാധുത നൽകിയത്.
ഓബർഗെഫെലിെൻറ കേസിൽ യു.എസ് സുപ്രീംകോടതിക്ക് സ്വീകാര്യമായ ആശയങ്ങളാണ് ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിയിലും പ്രതിഫലിക്കുന്നത്. ജസ്റ്റിസ് ആൻറണി കെന്നഡിയുടെ വിധി നമ്മുടെ ജഡ്ജിമാർ വായിച്ചിട്ടുണ്ടാകണം. വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വയംനിർണയാധികാരത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ജുഡീഷ്യൽ റിവ്യൂ എന്ന വിശേഷാധികാരം ഭാവനാപൂർണമായി പ്രയോഗിക്കേണ്ടതെങ്ങനെയെന്ന് ജസ്റ്റിസ് കെന്നഡി വ്യക്തമാക്കി. വ്യക്തിയുടെ സ്വയംനിർണയാധികാരത്തിെൻറ അവിഭാജ്യഘടകമാണ് അവെൻറ ലൈംഗികത. ആ മേഖലയിലെ സ്റ്റേറ്റിെൻറ ഇടപെടൽ വ്യക്തിയുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കും. വ്യത്യസ്തതയെ അംഗീകരിക്കുകയെന്നത് ജനാധിപത്യത്തിെൻറ പ്രാഥമികമായ നിലപാടാണ്. മറ്റ് പലതിലുമെന്നപോലെ ലൈംഗികതയിലും വ്യത്യസ്തത അനുവദനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.