കഴിഞ്ഞ കുറച്ചു മാസങ്ങളായി ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത മുസ്ലിംകളുടെ വീടുകളും കടകളും ബിസിനസ് സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പിനായുള്ള തുറുപ്പുചീട്ടായി ബുൾഡോസർ നയം അഭിമാനത്തോടെ ഉപയോഗിക്കുകയാണ്. വികലമായ, ദുർബലമായ ജനാധിപത്യം വൻ ജനപിന്തുണയോടെ ക്രിമിനൽ, ഹിന്ദു ഫാഷിസ്റ്റ് സംരംഭമായി മാറിയ നിമിഷമാണ് ഇതെന്ന് ഞാൻ കരുതുന്നു.
മുസ്‍ലിംകൾ അവരുടെ പൊതു ശത്രുവാണ്. മുമ്പ്, വംശഹത്യയും ആൾക്കൂട്ടകൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും വ്യാജ പൊലീസ് ഏറ്റുമുട്ടലും വ്യാജ കേസ് ചുമത്തി തടവിലിടലുമായിരുന്നു മുസ്‍ലിംകളെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകൾ നടത്തിയ ശിക്ഷാവിധികൾ. വീടുകളും കച്ചവടസ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കുകയെന്നത് മുസ്‍ലിംകളെ വേട്ടയാടാൻ ഈ പട്ടികയിൽ ചേർത്തിട്ടുള്ള പുതിയ ആയുധമാണ്. ഇതെ കുറിച്ച് പ്രതിപാദിക്കുമ്പോൾ, ബുൾഡോസറിന് ദൈവിക പരിവേഷം നൽകാനുള്ള മനഃപ്പൂർവമായ ശ്രമവും നടക്കുന്നു. പുരാണങ്ങളിൽ ശത്രുക്കളെ നിഗ്രഹിക്കുന്നവരെ പോലെ ഭീമാകാരമായ ലോഹനഖങ്ങളുള്ള ഈ യന്ത്രത്തെ ചിത്രീകരിക്കുന്നു. പ്രതികാരം മുഖമുദ്രയായ ഹിന്ദു രാഷ്ട്രത്തിന്റെ രക്ഷാകവചമായി ബുൾഡോസർ മാറിയിരിക്കുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ബുൾഡോസറിന്റെ അടുത്ത്നിന്ന് ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. താനെന്താണ് ചെയ്യുന്നതെന്നും ആരെയാണ് അംഗീകരിക്കുന്നതെന്നും ബോറിസ് ജോൺസണ് കൃത്യമായി ധാരണയില്ലായിരുന്നു എന്ന് വിശ്വസിക്കാൻ അൽപം പ്രയാസമുണ്ട്. ഒരു രാഷ്ട്രത്തലവൻ ഇന്ത്യൻ സംസ്ഥാനം സന്ദർശിക്കെ ബുൾഡോസറിനൊപ്പം പോസ് ചെയ്യുന്നതു പോലെ വിചിത്രമായ കാര്യങ്ങൾ എന്തിനു വേണ്ടിയാണ്?
അതേസമയം, മുസ്‍ലിംകളെയല്ല, അനധികൃതമായി നിർമിച്ച വസ്തുക്കൾ പൊളിക്കുക മാത്രമാണ് തങ്ങൾചെയ്യുന്നതെന്നാണ് അധികൃതരുടെ അവകാശവാദം. അതായത് മുനിസിപ്പാലിറ്റി അധികൃതർ ചെയ്യുന്നതു പോലെയുള്ള ശുചീകരണ ദൗത്യം. ഈ ന്യായീകരണം പോലും ആരെയും ബോധിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. മുസ്‍ലിംകളോടുള്ള പരിഹാസ്യമായ നടപടിയും ഭീകരത വളർത്തലുമാണത്. ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും നടക്കുന്ന ഭൂരിഭാഗം നിർമാണങ്ങളും നിയമവിരുദ്ധമോ, നിയമങ്ങൾ ഭാഗികമായി പാലിച്ചു മാത്രം ഉള്ളവയോ ആണെന്ന് അധികൃതർക്കും ഇവിടത്തെ ഒട്ടുമിക്ക ജനങ്ങൾക്കും കൃത്യമായി അറിയാം. ഒരു അറിയിപ്പു പോലും നൽകാതെ, അപ്പീലിനോ ഹിയറിങ്ങിനോ അവസരം നൽകാതെയാണ് മുസ്ലിംകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും ബുൾഡോസർ ഇടിച്ചു നിരപ്പാക്കുന്നത്. ഈ നടപടിയിലൂടെ ഒരസേമയം ഒരുപാട് കാര്യങ്ങളാണ് അധികാരികൾ നേടിയെടുക്കുന്നത്. ബുൾഡോസർ യുഗത്തിനു മുമ്പ് ആൾക്കൂട്ടവും പൊലീസുമായിരുന്നു മുസ്‍ലിംകളെ വേട്ടയായിരുന്നത്. അതേസമയം, ഇപ്പോൾ വസ്തുതകളെ ഇടിച്ചുനിരപ്പാക്കുന്നതിൽ അധികാരികളെ പോലെ മാധ്യമങ്ങളും കോടതികളും പങ്കാളികളായിരിക്കുന്നു. ബുൾഡോസർ ഇടിച്ചു നിരത്തലിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാൻ മത്സരമാണ് മാധ്യമങ്ങൾക്ക്. അപ്പീലിനു പോലും അവകാശം നൽകാതെ കോടതികളും മുസ്‍ലിംകളെ തിരസ്കരിക്കുന്നു. കോടതികൾ ഈ പ്രശ്നങ്ങളിൽ ഇടപെടാതെ മാറിനിൽക്കുന്നു. ''നിങ്ങൾ നിങ്ങളുടെ മാത്രമാണ്. ആരും സഹായിക്കാനെത്തില്ല. നിങ്ങൾക്ക് അപ്പീൽ കോടതികളില്ല. പഴയ ജനാധിപത്യത്തിലെ എല്ലാ സ്ഥാപനങ്ങളും നിങ്ങൾക്കെതിരായ ആയുധങ്ങളായി മാറ്റിക്കഴിഞ്ഞു''-എന്നാണ് ഇതിന്റെ വ്യംഖ്യമായ അർഥം.
അതേസമയം, മറ്റ് സമുദായങ്ങളിൽ നിന്നുള്ള സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുടെ സ്വത്തുക്കൾ ഒരിക്കലും ഈ രീതിയിൽ ലക്ഷ്യമിടുന്നില്ല എന്നതും ചേർത്തുവായിക്കണം.
ഉദാഹരണത്തിന്, ജൂൺ 16ന്, ബി.ജെ.പി സർക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയത്തിൽ രോഷാകുലരായ പതിനായിരക്കണക്കിന് യുവാക്കൾ ഉത്തരേന്ത്യയിലുടനീളം അക്രമാസക്തമായ ആക്രമണം നടത്തി. അവർ ട്രെയിനുകളും വാഹനങ്ങളും കത്തിച്ചു. റോഡുകൾ തടഞ്ഞു. ഒടിത്ത് ബി.ജെ.പി ഓഫീസ് പോലും കത്തിക്കുകയുണ്ടായി. അവരിൽ ഭൂരിഭാഗവും മുസ്‍ലിംകളല്ല. അതിനാൽ അവരുടെ വീടുകളും കുടുംബങ്ങളും സുരക്ഷിതമായിതന്നെ തുടരും. 2014ലെയും 2019ലെയും രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലൂടെ, ദേശീയ തെരഞ്ഞെടുപ്പുകളിൽ പാർലമെന്റിൽ ഭൂരിപക്ഷം നേടുന്നതിന് ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്‍ലിം ജനതയുടെ വോട്ട് ആവശ്യമില്ലെന്ന് ബി.ജെ.പി ബോധ്യപ്പെടുത്തി. അപകടമായ ഒരു അവസ്ഥയാണിത്. കാരണം ഒരിക്കൽ നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാൽ നിങ്ങൾ അപ്രസ്ക്തനായി മാറി. അതിനാണിപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്.
മുസ്‌ലിംകൾ ഏറ്റവും പവിത്രമായി കാണുന്ന കാര്യങ്ങളെ ഉന്നത ബി.ജെ.പി ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചാൽ പോലും അത് പാർട്ടിക്ക് കോട്ടംവരുത്തില്ല. പാർട്ടി വിമർശിക്കപ്പെടില്ല.
ഈ അവഹേളനങ്ങൾക്കെതിരെ മുസ്‍ലിംകൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം അത് നടക്കുന്നത് അക്രമത്തിന്റെയും ക്രൂരതയുടെയും പശ്ചാത്തലത്തിലാണ്. പ്രതിഷേധക്കാരിൽ ചിലർ മതനിന്ദ യാണിതെന്ന് ആരോപിച്ച് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദു ദേശീയതയെക്കുറിച്ചുള്ള മിക്കവാറും എല്ലാ അഭിപ്രായങ്ങളും കുറ്റകരമായി കണക്കാക്കാമെന്നതിനാൽ മതനിന്ദ നിയമം പാസാക്കുന്നതിൽ ബി.ജെ.പിക്ക് സന്തോഷമേയുള്ളൂ. അത് ഇന്ത്യൻ രാഷ്ട്രീയത്തിനെതിരായ അഭിപ്രായങ്ങളെ മുരടിപ്പിക്കുകയും വിമർശനങ്ങളെ ഫലപ്രദമായി നിശ്ശബ്ദമാക്കുകയും ചെയ്യും. പ്രതിഷേധത്തിനിടെ, ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ എന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള ഒരാൾ മതനിന്ദ നടത്തിയവരെ തൂക്കിക്കൊല്ലണമെന്നും മറ്റുള്ളവർ ശിരഛേദം നടത്തണമെന്നും ആഹ്വാനം ചെയ്തു. ഇതെല്ലാം മുസ്‍ലിംകളെ പ്രത്യേക വാർപ്പുമാതൃകകളായി ചിത്രീകരിക്കപ്പെടാനുതകുന്നു. പ്രതിഷേധങ്ങളെ തുടർന്നുണ്ടായ ധ്രുവീകരണം ബിജെപിക്ക് പിന്തുണ വർധിപ്പിച്ചു. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി വക്താവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തെങ്കിലും അണികൾ അംഗീകരിച്ചിരിക്കയാണ്. അവരുടെ രാഷ്ട്രീയ ഭാവി ശോഭനമാണെന്ന് സാരം.
ചുട്ടുപൊള്ളുന്ന ഭൂമിയിലെന്ന പോലെ കലുഷിത രാഷ്ട്രീയത്തിലൂടെയാണ് നാം ജീവിക്കുന്നത്. വർഷങ്ങൾ കൊണ്ട് പടുത്തുയർത്തപ്പെട്ട സ്ഥാപനങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. ഞെട്ടലുണ്ടാക്കുന്നതാണിത്. സ്വന്തം രാജ്യത്തെ ചരിത്രവുമായും സാംസ്കാരിക വൈവിധ്യവുമായും ബന്ധമില്ലാത്ത തീർത്തും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട യുവതലമുറ വളർന്നുവരും. ഏകദേശം 400 ടിവി ചാനലുകളുടെയും എണ്ണമറ്റ വെബ്‌സൈറ്റുകളുടെയും പത്രങ്ങളുടെയും സഹായത്തോടെ വെറുപ്പും വിദ്വേഷവും പടർത്തി വലതുഭരണകൂടം ആഘോഷം നിലനിർത്തുന്നു.
ഹിന്ദു വലതുപക്ഷ കേഡറിനുള്ളിലെ ആക്രമണോത്സുകമായ തീവ്രവലതുപക്ഷത്തെ നിയന്ത്രിക്കാൻ മോദി സർക്കാർ ബുദ്ധിമുട്ടുകയാണ്, കാരണം അവരാണ് ബി.ജെ.പിയുടെ അടിത്തറ. ആഹ്വാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പതിവാണ്. ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിൽ ഞങ്ങൾ എത്തിയിരിക്കുന്നു. എങ്ങനെയാണ് ഇതിനെ അതിജീവിക്കുക? എങ്ങനെ ചെറുക്കാൻ കഴിയും? ഉത്തരം പറയാൻ പ്രയാസമാണ്. കാരണം ഇന്ന് ഇന്ത്യയിൽ സമാധനപരമായി നടക്കുന്ന ചെറുത്തുനിൽപുപോലും ഭീകരപ്രവർത്തനത്തിന് സമാനമായ ഹീനമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
കടപ്പാട്: അൽജസീറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.