ബ്രിട്ടീഷ് കാലത്ത് 1860ൽ നിലവിൽവന്ന ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), 1898ലെ ക്രിമിനൽ നടപടിക്രമം (സി.ആർ.പി.സി), 1872ലെ ഇന്ത്യൻ തെളിവ് നിയമം (ഇന്ത്യൻ എവിഡൻസ് ആക്ട്) എന്നിവ എടുത്തുകളഞ്ഞ് കേന്ദ്ര സർക്കാർ ബദലായി കൊണ്ടുവന്ന നിയമങ്ങളാണ് ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ.
വഞ്ചനാത്മകമായ വിവാഹ വാഗ്ദാനം എന്നത് ഒരു കുറ്റകൃത്യമാക്കി. ഈ വകുപ്പ് ചുമത്തിയാൽ ഉഭയകക്ഷി സമ്മതത്തോടെയുള്ള ബലാത്സംഗത്തിന്റെ പരിധിയിൽവരാത്ത ലൈംഗികബന്ധത്തിന് 10 വർഷംവരെ തടവ് ലഭിക്കും. ഒരാളുടെ യഥാർഥ ഐഡിന്റിറ്റി മറച്ചുവെച്ചുള്ള വിവാഹം, തൊഴിൽ, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ച വ്യാജ വാഗ്ദാനം എന്നിവ വഞ്ചനാത്മകം എന്നതിന്റെ പരിധിയിൽപെടും. ഇത് ‘ലവ് ജിഹാദി’ന്റെ പേരിൽ നടപടിയെടുക്കാൻ വേണ്ടിയാണെന്ന് ആരോപണമുണ്ട്.
ആൾക്കൂട്ട ആക്രമണം പ്രത്യേക കുറ്റകൃത്യമാക്കി. അഞ്ചോ അതിലധികമോ ആളുകൾ വർഗം, ജാതി, സമുദായം, വിശ്വാസം എന്നിവ ആധാരമാക്കി നടത്തുന്ന കൊലപാതകത്തിന് ഈ കുറ്റമാണ് ഇനി ചുമത്തുക. ജീവപര്യന്തം തടവ് മുതൽ വധശിക്ഷവരെ ലഭിക്കും. ആൾക്കൂട്ട ആക്രമണം തടയാൻ പ്രത്യേക നിയമം കൊണ്ടുവരാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഇതാദ്യമായി സംഘടിത കുറ്റകൃത്യം സാധാരണ ക്രിമിനൽ നിയമത്തിന് കീഴിലെ ഒരു കുറ്റമാക്കി മാറ്റി. ഇതനുസരിച്ച് സംഘടിത കുറ്റകൃത്യത്തിനും അതിലേർപ്പെടാനുള്ള ശ്രമത്തിനും ഒരേ ശിക്ഷയാണ്. ഈ കുറ്റകൃത്യത്തിലൂടെ മരണം സംഭവിച്ചാൽ ജീവപര്യന്തംമുതൽ വധശിക്ഷവരെയും മരണമുണ്ടായില്ലെങ്കിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിക്കും. ഈ തടവ് ജീവപര്യന്തംവരെ ആകാം. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമംപോലെ വിവിധ സംസ്ഥാനങ്ങൾ സംഘടിത കുറ്റകൃത്യം തടയാൻ നേരത്തേ പ്രത്യേക നിയമങ്ങൾ കൊണ്ടുവന്നിരുന്നു.
ദൈനംദിന ക്രമസമാധാന പ്രശ്നങ്ങളിൽപെടുന്ന ചില കുറ്റകൃത്യങ്ങളെ ചെറിയ സംഘടിത കുറ്റകൃത്യം എന്ന ഒരു പ്രത്യേക വിഭാഗമാക്കി ഈ വകുപ്പിൽ ഉൾപ്പെടുത്തി. സംഘടിതമായ മോഷണം, പിടിച്ചുപറി, വഞ്ചന, അനധികൃത ടിക്കറ്റ് വിൽപന, അനധികൃത വാതുവെയ്പും ചൂതാട്ടവും, ചോദ്യപ്പേപ്പർ ചോർത്തി വിൽക്കൽ എന്നിവ ഇതിൽപെടും.
ഭീകരവിരുദ്ധ നിയമമായ യു.എ.പി.എയിൽനിന്നുള്ള പദാവലികൾ ഉൾക്കൊള്ളുന്ന ഒരു നിർവചനം നൽകി പ്രയോഗിക്കാവുന്ന പരിധി വിപുലമാക്കി ഭീകരപ്രവർത്തനം ഒരു കുറ്റകൃത്യമാക്കി. നിർവചനം 2020ൽ ഫിലിപ്പീൻസ് കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമത്തിൽനിന്നുള്ളതാണെന്നും പറയുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവക്ക് നേരെയുള്ള ഏതുതരം ഭീഷണിയും ആക്രമണങ്ങളും ഭീകരതയായി കണക്കാക്കും. വിചാരണ സെഷൻസ് കോടതിയിലായിരിക്കും. നിലവിൽ യു.എ.പി.എ പ്രയോഗിച്ചതിനെക്കാൾ കൂടുതൽ ഉപയോഗിക്കാവുന്നതരത്തിൽ ഭീകരപ്രവർത്തനത്തിനുള്ള ധനസഹായമെന്നത് കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹം ദേശദ്രോഹം എന്ന പേരിൽ വിശാലമായ നിർവചനത്തോടെ പുതിയ കുറ്റമാക്കി. പകരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവക്കെതിരെയുള്ള ദേശദ്രോഹ പ്രവൃത്തികൾ കുറ്റമാക്കി ചേർത്തു. ഉപവാസസമരം കുറ്റകൃത്യമാകും. വല്ലതും ചെയ്യിക്കാനോ അവ ചെയ്യുന്നത് തടയാനോ സർക്കാർ ജീവനക്കാരെ സമ്മർദത്തിലാക്കാൻ നടത്തുന്ന ആത്മഹത്യ ശ്രമം സാമൂഹിക സേവനത്തോടൊപ്പം ഒരു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാക്കി. ഇത് പ്രകാരം ഉപവാസസമരവും സ്വയം തീകൊളുത്തിയുള്ള സമരവും കുറ്റകരമാകും.
വ്യാജമോ തെറ്റിദ്ധാരണയുണ്ടാക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കുന്നതിന് പുതിയ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവന്നു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായിരുന്ന ഒളിഞ്ഞു നോട്ടം, അപമാനിക്കൽ തുടങ്ങിയവ ഭാരതീയ ന്യായ സൻഹിതയിൽ ലിംഗഭേദമന്യേ എല്ലാവർക്കും ബാധകമാക്കി. ഇതോടെ പുരുഷനെതിരായ ഒളിഞ്ഞുനോട്ടത്തിനും അപമാനിക്കലിനും സ്ത്രീക്കെതിരെയും കേസെടുക്കും.
പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ലിംഗഭേദമന്യേ എല്ലാ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനുമെതിരാക്കി മാറ്റി. അതേസമയം ബലാത്സംഗക്കുറ്റം ചുമത്തുന്നതിൽ ലിംഗഭേദം പാടില്ലെന്ന നിയമവിദഗ്ധരുടെ ശിപാർശ അംഗീകരിച്ചില്ല. വൈവാഹിക ബലാത്സംഗവും കുറ്റകരമാക്കിയിട്ടില്ല.
സുപ്രീകോടതി ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച സ്വവർഗ ലൈംഗികത ഭാരതീയ ന്യായ സംഹിതയിലില്ല. പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾക്കൊപ്പം സ്വവർഗ ലൈംഗികത കുറ്റമാക്കിയ നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പൂർണമായും ഒഴിവാക്കിയതോടെ ഫലത്തിൽ ഉഭയകക്ഷി സമ്മതമില്ലാത്ത സ്വവർഗ ലൈംഗിക വേഴ്ചയും കുറ്റമല്ലാതാകും. ഇന്ത്യൻ ശിക്ഷാനിയമത്തിൽ സുപ്രീംകോടതി ക്രിമിനൽ കുറ്റമല്ലാതാക്കിയ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികതയും ഭാരതീയ ന്യായ സംഹിതയിൽ ഇല്ല.
ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റങ്ങൾക്ക് കേസുണ്ടാവില്ലെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ തുടരും. അതേസമയം ചെയ്ത കുറ്റത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത 12 വയസ്സ് വരെയുള്ള കുട്ടികളെയും കേസിൽ നിന്നൊഴിവാക്കുന്നതരത്തിൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി.
പുതിയ നിയമങ്ങളുടെ ഗുണദോഷങ്ങൾ എന്തുതന്നെയായാലും, അവ നീതി-ന്യായ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, കോടതികൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആളുകളെ ഭയപ്പെടുത്താൻ ബാറ്റൺ പ്രയോഗിക്കുന്ന ഒരു കൊളോണിയൽ പൊലീസ് ഘടനക്ക് മികച്ച നിയമങ്ങളെ തുരങ്കം വെക്കാനാകും. ഒരു നല്ല നിയമം നീതിപൂർവം കൈകാര്യം ചെയ്യപ്പെടുമെന്ന കാര്യത്തിൽ ഉറപ്പില്ല താനും.
കൊളോണിയൽ വ്യവസ്ഥയെന്ന ആക്ഷേപം നേരിട്ട സ്ഥിരം കള്ളന്മാർക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകലുകാർക്കും ചുമത്താനായി ഇന്ത്യൻ ശിക്ഷാ നിയമത്തിലുണ്ടായിരുന്ന 310ാം വകുപ്പിന് സമാനമായത് പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കി.
കഠോര നിയമമായ യു.എ.പി.എയിൽ പൊലീസ് കസ്റ്റഡി 30 ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിൽ കൂടുതൽ കസ്റ്റഡി ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് സത്യവാങ്മൂലത്തിൽ അതിനുള്ള കാരണങ്ങൾ വെളിപ്പെടുത്താനും കാലതാമസം വിശദീകരിക്കാനും ബാധ്യസ്ഥരാണ്. ഏതൊരു കുറ്റത്തിനും അനുവദനീയമായ കസ്റ്റഡി കാലയളവിന്റെ വ്യാപ്തി വെച്ചുനോക്കുമ്പോൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത യു.എ.പി.എയെപ്പോലും മറികടക്കുന്നു. പിന്നെ നാഗരികർക്ക് എവിടെയാണ് സുരക്ഷ?
വിചാരണ നടപടികൾ ഓൺലൈനായി നടത്താം
പ്രതികൾ മുങ്ങിയാൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തി വിധി പറയാം.
ഏഴ് വർഷത്തിന് മുകളിലുള്ള കുറ്റങ്ങൾ ചുമത്തിയ കേസുകളിൽ ഫൊറൻസിക് പരിശോധന നിർബന്ധം
ഭീകരകേസുകളിൽ 90 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്കിടെ എപ്പോൾ വേണമെങ്കിലും അന്വേഷണസംഘത്തിന് 15 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടം.
ഇലക്ട്രോണിക് റെക്കോഡുകളെ രേഖകളായി പരിഗണിക്കും
ഇലക്ട്രോണിക് റെക്കോഡുകളെ പ്രബല തെളിവായി കണക്കിലെടുക്കും
രാജ്യത്തെ നിയമങ്ങൾ പൊതുവായി രണ്ടുതരമാണ്. അവകാശങ്ങളും ബാധ്യതകളും വിശദീകരിക്കുന്ന മൂലനിയമം (Substantive Law), അവ പ്രായോഗികമായി നടപ്പാക്കാനുള്ള നടപടിക്രമ നിയമം (Procedural Law) എന്നിവ. മുഴുവൻ സിവിൽ, ക്രിമിനൽ നിയമങ്ങളും ഈ രണ്ടു ഗണത്തിൽപെടും.
*നിലവിലുണ്ടായിരുന്ന ഒരു മൂലനിയമവും രണ്ട് നടപടിക്രമ നിയമങ്ങളും എടുത്തുകളഞ്ഞ് പകരം മൂന്നെണ്ണം കൊണ്ടുവന്നാണ് രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതിയത്.
*മൂലനിയമമായ ഇന്ത്യൻ ശിക്ഷാ നിയമം മാറ്റി പകരം ‘ഭാരതീയ ന്യായ സംഹിത’ കൊണ്ടുവന്നപ്പോൾ നടപടി ക്രമനിയമങ്ങളായ 1973ലെ ക്രിമിനൽ നടപടിക്രമം, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റി യഥാക്രമം ‘ഭാരതീയ നാഗരിക് സുരക്ഷ സംഹിത’, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.