ഒട്ടുമിക്ക പ്രതിപക്ഷ അംഗങ്ങളും സസ്പെൻഷനിലായിരിക്കെ ഒരു ചർച്ചയും കൂടാതെ ശീതകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾ -ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന ഭാരതീയ സാക്ഷ്യ സംഹിത എന്നിവയെ മധുരം പൊതിഞ്ഞ കയ്പ് ഗുളികകൾ എന്നേ വിശേഷിപ്പിക്കാനാവൂ.
2023 ഡിസംബർ 25 ന് ഗസറ്റിൽ വിജ്ഞാപനം ചെയ്ത ബില്ലുകൾ കാര്യമായ പരിഷ്കാരങ്ങളില്ലാതെ നടപ്പിൽവന്നാൽ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന നമ്മുടെ മൗലികാവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതക്കുള്ള അവകാശത്തെയും പ്രതികൂലമായി ബാധിക്കും. ബില്ലുകളിലെ കർക്കശ വ്യവസ്ഥകൾ രാജ്യത്തുടനീളം നടപ്പാക്കുന്നതോടെ ഭരണകൂടം അസഹ്യമാംവിധം സ്വേച്ഛാധിപത്യത്തിലാഴുകയും രാജ്യം സ്ഥിരമായ അടിയന്തരാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും.
ക്രിമിനൽ നീതി ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലെ വിഷയമാണെന്ന് പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുകയുണ്ടായി. അങ്ങനെയെങ്കിൽ ആദ്യം ഉയരുന്ന ചോദ്യം പുതിയ ബില്ലുകളെക്കുറിച്ച് സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചിരുന്നോ എന്നതാണ്. ക്രിമിനൽ നിയമങ്ങളുടെ സംസ്കൃതവത്കരിച്ച പതിപ്പ് അവതരിപ്പിക്കും മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുടെ അംഗീകാരം നേടിയിരിക്കാൻ സാധ്യത കുറവാണ്.
കുപ്രസിദ്ധമായ കാർഷിക നിയമങ്ങളുടെ കാര്യത്തിലെന്നപോലെ, ക്രിമിനൽ നിയമങ്ങളുടെ കാര്യത്തിലും കേന്ദ്രസർക്കാർ ഫെഡറലിസത്തിന്റെ തത്ത്വത്തോടും സംസ്ഥാനങ്ങളുടെ അവകാശങ്ങളോടും പുറംതിരിഞ്ഞുനിന്നു. ഇന്ത്യക്കാരെ അധീനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കപ്പെട്ട പഴഞ്ചൻ കൊളോണിയൽ കാല നിയമങ്ങൾക്ക് പകരമായാണ് പുതിയ നിയമങ്ങളെന്നും ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പാർലമെന്റിൽ പറഞ്ഞു. എന്നാൽ, കൊളോണിയൽ നിയമങ്ങളെക്കാൾ പത്തിരട്ടി കഠോരമാണ് ഇവയെന്നാണ് പല മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അഭിപ്രായപ്പെടുന്നത്.
നിലവിലെ ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച്, അറസ്റ്റിലായ ഏതൊരു വ്യക്തിയെയും പൊലീസിന് കസ്റ്റഡിയിൽ വെക്കാനാവുക പരമാവധി 15 ദിവസത്തേക്കാണ്. സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ നീതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ഭാരതീയ ന്യായ സംഹിതയിൽ പൊലീസ് കസ്റ്റഡിയുടെ കാലാവധി 90 ദിവസമാക്കിയിരിക്കുന്നു. ഇഷ്ടമില്ലാത്ത ആളുകളെ പാഠം പഠിപ്പിക്കാൻ കസ്റ്റഡി സൗകര്യം ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട് എന്നിരിക്കെ ഇതിന്റെ ആഘാതം ഏറെ വലുതായിരിക്കും.
അറസ്റ്റ് ചെയ്യപ്പെടുന്ന സമയം മുതൽ എല്ലാവർക്കും നിയമസഹായം നൽകുന്നതിനുള്ള വ്യവസ്ഥ ഒഴിവാക്കുകയും നിയമം നടപ്പാക്കുന്ന-പ്രോസിക്യൂഷൻ അധികാരികളെ അങ്ങേയറ്റം ശക്തരാക്കുകയും ചെയ്യുന്നു പുതിയ നിയമം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും പൊലീസും മറ്റ് സുരക്ഷാസേനകളും കൊളോണിയൽ ചിന്താഗതിയിലാണ് പ്രവർത്തിക്കുന്നതെന്നിരിക്കെ അവരുടെ ഉത്തരവാദിത്തം മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും പുതിയ നിയമങ്ങളിലില്ല. അന്വേഷണ ഏജൻസികൾക്ക് അനിയന്ത്രിതമായ അധികാരം നൽകുന്നത് സാധാരണ ജനങ്ങൾക്ക് കൂടുതൽ ദുരിതവും അനീതിയും മാത്രമേ സമ്മാനിക്കൂ.
പുതിയ നിയമങ്ങളിലെ സുപ്രധാന പരിഷ്കരണമായി ആഭ്യന്തരമന്ത്രി അവകാശപ്പെട്ടത് രാജ്യദ്രോഹം സംബന്ധിച്ച കൊളോണിയൽ നിയമം (ഐ.പി.സി 124 എ) റദ്ദാക്കലാണ്. എന്നാൽ, വർധിത വീര്യത്തോടെ, തികച്ചും ഏകപക്ഷീയമായി രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള ഇടവും പുതുനിയമത്തിലെ വ്യവസ്ഥകളിലുണ്ട്.
പുതിയ നിയമത്തിൽ രാജ്യദ്രോഹത്തിന് പകരം ‘ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ’ എന്ന തലക്കെട്ടിൽ 150ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്നതിനും ഭരണകൂട നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുമെതിരായെല്ലാം അത് പ്രയോഗിക്കപ്പെട്ടേക്കാം. അതിലും അപകടകരമായ കാര്യം, 150ാം വകുപ്പ് പ്രകാരം എല്ലാ സാഹചര്യങ്ങളിലും തടവുശിക്ഷ നിർബന്ധമാക്കുന്നു എന്നതാണ്. ഇലക്ട്രോണിക് ആശയവിനിമയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഈ വകുപ്പിന് കീഴിൽപെടുത്താനുള്ള സാധ്യതയാണ് മറ്റൊന്ന്.
പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ സമയക്രമം സംബന്ധിച്ച് വ്യക്തതയില്ല. 2024 ഡിസംബറോടെ കേന്ദ്ര ഭരണപ്രദേശങ്ങളിൽ പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുമെന്ന് ആഭ്യന്തരമന്ത്രി പുതുവർഷത്തിൽ പ്രഖ്യാപിച്ചിരുന്നു, രാജ്യത്തുടനീളം ഒരേസമയം നടപ്പാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്.
പുതിയ നിയമങ്ങൾ നിലവിൽവരുമ്പോൾ എന്തിനാണ് ഐ.പി.സി പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്ന് പല മജിസ്ട്രേറ്റുമാരും ഡൽഹി പൊലീസിനോട് ചോദിച്ചതോടെയാണ് നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഡൽഹിയിൽ ഉയർന്നത്. ഡൽഹി പൊലീസ് നിയമം പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ, അവ നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂട് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.