ഇന്ത്യൻ ജയിലുകൾ: പിന്നാക്കക്കാർ മുന്നാക്കമാവുന്ന ഇടം

2019ലെ കണക്കനുസരിച്ച് 617 സബ് ജയിലുകളും 410 ജില്ല ജയിലുകളും 144 സെൻട്രൽ ജയിലുകളും 41 സ്പെഷൽ ജയിലുകളും 31 വനിതാ ജയിലുകളും 19 ദുർഗുണപരിഹാര പാഠശാലകളും ഇവയിലൊന്നും പെടാത്ത രണ്ടു ജയിലുകളുമാണ്​ ഇന്ത്യയിലുള്ളത്​. രാജസ്ഥാൻ (144), തമിഴ്നാട് (141), മധ്യപ്രദേശ് (131), ആന്ധ്രാപ്രദേശ് (106), കർണാടക (104), ഒഡിഷ (91) എന്നിവയാണ്​ കൂടുതൽ ജയിലുകളുള്ള സംസ്ഥാനങ്ങൾ. തലസ്ഥാന നഗരിയായ ഡൽഹിയിൽ 14 സെൻട്രൽ ജയിലുകളുണ്ട്​.

തടവുകാരുടെ ജനസംഖ്യാപരമായ സവിശേഷതകൾ നോക്കിയാൽ 2019ലെ കണക്കനുസരിച്ച് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത് വിദേശികൾ അടക്കം 4.78,600 തടവുകാർ ആയിരുന്നു. 4.58,687 പുരുഷന്മാരും 19,913 സ്ത്രീകളും. ഏറ്റവും കൂടുതൽ തടവുകാരുള്ള സംസ്ഥാനങ്ങൾ ഉത്തർപ്രദേശ് (1,01,297), മധ്യപ്രദേശ് (44,603), ബിഹാർ (39,814), മഹാരാഷ്ട്ര (36,798), പഞ്ചാബ് (24,174), ബംഗാൾ (23,092) എന്നിവയാണ്. ഇവിടങ്ങളിൽ രാജ്യത്തെ മൊത്തം തടവുകാരുടെ 56.4 ശതമാനത്തെ ഉൾക്കൊള്ളുന്നു.

2019ലെ കണക്കനുസരിച്ച് ശിക്ഷിക്കപ്പെട്ട്​ തടവിൽ കഴിയുന്നത്​ വിദേശികൾ അടക്കം 1,44,125 (30.11 ശതമാനം) പേരാണ്​. ഇതേ കാലയളവിൽ വിചാരണ തടവുകാരുടെ എണ്ണമാക​ട്ടെ, വിദേശികൾ അടക്കം 3,30,487 (69.05 ശതമാനം) ആയിരുന്നു. വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ ഭീമമായ എണ്ണം ആഴത്തിലുള്ള സാമൂഹിക വിശകലനം ആവശ്യപ്പെടുന്ന ഒന്നാണ്. അതിന് മുമ്പ് തടവുകാരുടെ സാമൂഹിക- സ്ഥിതിവിവരക്കണക്കുകൾ ഒന്ന് നോക്കാം.

തടവുകാരിൽ 2,07,942 (43.4 ശതമാനം) പേർ 18-30 പ്രായക്കാരാണ്​. 2.07,104 (43.3%) പേർ 30-50 പ്രായത്തിലുള്ളവരും. അതായത് ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 86.7 ശതമാനം ആളുകളും കുടുംബങ്ങളിലെ വരുമാന ആശ്രയം ആകേണ്ടിയിരുന്ന പ്രായത്തിലുള്ളവരാണ്​. 4,78,600 വരുന്ന തടവുകാരിൽ 132729 (27.7%) പേർ നിരക്ഷരരും 1,98,872 (41.6%) പേർ പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസമുള്ളവരുമാണ്. 1,03,036 (21.5%) പേർ പത്താം ക്ലാസിൽ കൂടുതലും ബിരുദം നേടാത്തവരുമാണ്. 30,201 (6.3%) പേർക്ക് ഏതെങ്കിലും ഒരു ബിരുദം ഉള്ളവരാണ്. 8,085 (1.7%) പേർക്ക് ബിരുദാനന്തര ബിരുദവും 5,677 (1.2%) പേർക്ക് സാങ്കേതിക യോഗ്യതകളുമുണ്ട്​. തടവുകാരിൽ 63.1% ആളുകൾ ബിരുദമില്ലാത്തവരും 27.7% പേർ നിരക്ഷരരുമാണ്.

ഇനി നമുക്ക് ഇന്ത്യൻ ജയിലുകളിലെ അന്തേവാസികളുടെ ജാതി-മതം നോക്കാം. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന 144125 തടവുകാരിൽ 106863 (74.14%) ഹിന്ദുക്കളും 23962 (16.62%) മുസ്​ ലിംകളും 6213 (4.31%) സിഖുകാരും 4605 (3.19%) ക്രൈസ്​തവരും 2482 (1.72%) മറ്റു വിഭാഗക്കാരും ഉൾപ്പെടുന്നു. ശിക്ഷിക്കപ്പെട്ട തടവുകാരിൽ 31342 പേർ പട്ടികജാതിക്കാരും 19698 പേർ പട്ടികവർഗക്കാരും 50394 മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ്. 42691 ആളുകൾ മേൽപറഞ്ഞ വിഭാഗങ്ങളിൽ പെടാത്തവരാണ്. ഈ കണക്കുകളെ ഒന്നുകൂടി ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ കാണാൻ കഴിയുന്നത് മൊത്തം ശിക്ഷിക്കപ്പെട്ട 106863 ഹിന്ദു തടവുകാരിൽ 51040 പേർ പട്ടിക-പട്ടികവർഗക്കാർ ആണ്. ഇത് ശിക്ഷിക്കപ്പെട്ട ഹിന്ദുക്കളുടെ 47.76 % ഉം മൊത്തം ശിക്ഷിക്കപ്പെട്ടവരിൽ 35.41% ഉം ആണ്. അതായത് ഇന്ത്യയിൽ ശിക്ഷിക്കപ്പെടുന്ന മൂന്നുപേരിൽ ഒരാൾ നിശ്ചയമായും പട്ടികജാതി- വർഗക്കാരൻ ആയിരിക്കും. ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരിൽ 50394 (47.15 %) പേർ പിന്നാക്ക ജാതി ഹിന്ദുക്കളാണ്. 2019 ജയിൽ കണക്കിൽ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരിൽ മുന്നാക്ക ഹിന്ദുക്കളുടെ എണ്ണം 5429 (5.08%) മാത്രമാണ്. ശിക്ഷിക്കപ്പെടുന്ന തടവുകാരിൽ 94.91% ആളുകളും പട്ടികജാതി-വർഗ പിന്നാക്ക ജാതി ഹിന്ദുക്കളാണെന്നത് നിഷ്കളങ്കമായ ഒരു കാര്യമല്ലല്ലോ. മുസ് ലിംകളുടെ കണക്ക്​ പരിശോധിച്ചാലും ശിക്ഷിക്കപ്പെട്ടവരിൽ 87 ശതമാനവും പിന്നാക്ക-ദലിത്​ വിഭാഗത്തിൽ നിന്നുള്ളവരാണെന്ന്​ കാണാം. മുന്നാക്ക വിഭാഗക്കാർ കുറ്റകൃത്യങ്ങൾ ചെയ്​താലും പൊലീസ്​ സ്​റ്റേഷനിൽ അവ എത്താതിരിക്കുന്നതും റിപ്പോർട്ട്​ ചെയ്യപ്പെട്ടാൽതന്നെ ജയിലിലേക്ക് എത്തുന്നതിന് മുമ്പ്​ രക്ഷപ്പെട്ട് പോകാൻ സാധിക്കുന്നു എന്നതും​ നീതിയുടെയും കുറ്റകൃത്യങ്ങളുടെയും വർഗ-ജാതി പരിസരത്തെ എടുത്തുകാണിക്കുന്നു.

ഇനി നമുക്ക് വിചാരണ തടവുകാരുടെ കണക്കുകൾ നോക്കാം. 327508 (69.24%) വിചാരണ തടവുകാരിൽ 160103 (48.89%) പേർ 18-30 പ്രായപരിധിയിലുള്ളവരാണ്. 131894 (40.27%) പേർ 30-50 പ്രായക്കാരും. അതായത് മൊത്തം വിചാരണ തടവുകാരിൽ 89.15 % ആളുകൾ 18-50 പ്രായപരിധിയിലുള്ളവരാണ്. വിചാരണ തടവുകാരിൽ 217851 (66.51%) പേർ ഹിന്ദുക്കളും 61900 (18.9%) പേർ മുസ് ലിംകളും 11884 (3.62%) പേർ സിഖുകാരും 9170 (2.79% ) ക്രൈസ്​തവരും 2125 (0.64%) പേർ മറ്റുള്ളവരുമാണ്. ഇന്ത്യൻ വിചാരണ തടവുകാരിൽ 31.77% പട്ടിക-വർഗ വിഭാഗങ്ങളാണ്. ഹിന്ദു വിചാരണ തടവുകാരിൽ 47.76% പട്ടികജാതി പട്ടികവർഗ തടവുകാരാണ്. മൊത്തം വിചാരണ തടവുകാരിൽ 34.52% പിന്നാക്ക ഹിന്ദുക്കളാണ്. മൊത്തം ഹിന്ദു വിചാരണ തടവുകാരുടെ 51.89% പിന്നാക്ക ഹിന്ദുക്കളാണ്. മൊത്തം ഹിന്ദു വിചാരണ തടവുകാരിൽ മുന്നാക്ക ഹിന്ദുക്കളുടെ ശതമാനം 0.33 ( 731 പേർ) ആണ്. വിചാരണ തടവുകാരായ ഹിന്ദുക്കളിൽ 99.67% ആളുകളും പട്ടികജാതി പട്ടികവർഗ പിന്നാക്ക ജാതി വിഭാഗങ്ങളാണ്.

മനുസ്മൃതിയിലൂടെ കടന്നുപോകുമ്പോൾ ശിക്ഷകളുടെ കാര്യത്തിൽ നമ്മൾ കാണുന്നത് മേൽ ജാതികൾക്ക് അനുകൂലമായി ശിക്ഷകളുടെ കാഠിന്യം കുറയുന്നു എന്നാണ്. ശിക്ഷകളുടെ റഡാറുകളിൽ ആരൊക്കെയാണ് പെടുന്നത് ആരൊക്കെയാണ് രക്ഷപ്പെടുന്നത് എന്നതും കൃത്യമായി സൂചിപ്പിക്കുന്നത് സുകന്യ ശാന്ത പറഞ്ഞതുപോലെ ഇന്ത്യൻ ജയിലുകൾ പ്രവർത്തിക്കുന്നത് മനുസ്മൃതി മൂല്യങ്ങൾ അനുസരിച്ച് തന്നെയാണെന്ന വസ്തുതയാണ്. കൊളോണിയൽ കാലത്തെ ജയിലുകളിൽ എങ്ങനെയാണോ ജാതി പ്രവർത്തിച്ചത് അതേനിലയിൽ തന്നെയാണ് ഇന്ത്യയിൽ ഇന്നും ജയിലുകൾ പ്രവർത്തിക്കുന്നത് എന്നാണ് ജയിൽ മാനുവലുകളിലെ ചട്ടങ്ങളും അവയുടെ പ്രയോഗങ്ങളും തെളിവുകളായി നിരത്തി സുകന്യ ശാന്ത കോടതിയിൽ സമർപ്പിച്ചത്. അടിമത്തത്തിന് തുല്യമായ ജീവിതമാണ് ജയിലുകളിൽ പട്ടികജാതി പട്ടികവർഗ അന്തേവാസികൾ അനുഭവിക്കുന്നത് എന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. നമ്മുടെ ജയിലുകളിലെ ചട്ടങ്ങൾ ഭരണഘടനയുടെ മൂല്യങ്ങൾക്ക് അനുസരിച്ച് പുനർനിർമിക്കാൻ നിർദേശം കൊടുക്കുക വഴി സുകന്യയുടെ വാദങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചിരിക്കുന്നു. മാറ്റങ്ങൾ എന്നുമുതൽ, എവിടെത്തുടങ്ങും എന്നാണ്​ ഇനി അറിയേണ്ടത്​.

(അവസാനിച്ചു)

Tags:    
News Summary - Indian prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.