വളരുന്ന സമ്പദ്ഘടനയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനങ്ങൾക്കും പറ്റിയ നിയന്ത്രണങ്ങൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് ആലോചിക്കുകയാണ് കരണീയം. സംസ്ഥാനങ്ങൾ മാത്രമല്ല, കേന്ദ്രവും തദ്ദേശ ഗവൺമെന്റുകളും ചേർന്ന ഒരു പുത്തൻ ധനകാര്യതന്ത്രം മെനയുന്ന ഒരു നൂതന സ്ഥാപനം അനിവാര്യമാണ്
ഇന്ത്യ, ഭരണഘടനക്ക് വിധേയമായ ഒരു ഫെഡറലിസമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടിലേറെക്കാലമായി. ബഹുതല സർക്കാറുകളെ ഉൾക്കൊള്ളുന്ന ഒരു ഭരണസമ്പ്രദായമാണ് ഫെഡറലിസം. ഇന്ത്യൻ ജനാധിപത്യത്തിന് അൽപായുസ്സായിരിക്കുമെന്നു പ്രവചിച്ചവരെ ലജ്ജിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നാം കണ്ടത്.
എന്നാൽ, അടുത്തകാലത്തുണ്ടായ നിരവധി മാറ്റങ്ങൾ ഫെഡറൽ കെട്ടുറപ്പിനു വെല്ലുവിളി ഉയർത്തുന്നു. അതിൽ സാമ്പത്തിക പ്രാധാന്യമുള്ള ചിലത് ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനത്തിൽ. 16ാം ധനകാര്യ കമീഷനെ നിയോഗിക്കാനിരിക്കെ ഇത്തരം ചർച്ചകൾക്ക് പ്രാധാന്യമുണ്ട്.
ഒരു ഫെഡറൽ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ആവശ്യം ഘടകങ്ങൾ (സംസ്ഥാനങ്ങൾ) തമ്മിൽ സാമ്പത്തിക അസമത്വം കുറക്കുക എന്നതാണ്. സംസ്ഥാനങ്ങളുടെ നൽകപ്പെട്ട ചുമതലകളും അവ നടപ്പാക്കാനുള്ള വരുമാന സ്രോതസ്സുകളും തമ്മിൽ പ്രായേണ പൊരുത്തപ്പെടാറില്ല.
സർക്കാറുകൾ തമ്മിലെ വിഭവകൈമാറ്റങ്ങളാണ് ഈ പോരായ്മ നികത്തുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യൻ ഭരണഘടന ഏർപ്പെടുത്തിയ പ്രധാന സ്ഥാപനമാണ് യൂനിയൻ ധനകാര്യ കമീഷൻ. ഇതു കൂടാതെ 2014ൽ മോദി സർക്കാർ നിർത്തലാക്കുന്നതിനു മുമ്പുവരെ ഒരു ഭരണഘടന സ്ഥാപനമല്ലെങ്കിലും വിഭവകൈമാറ്റത്തിൽ പ്ലാനിങ് കമീഷൻ വളരെ നിർണായക പങ്കുവഹിച്ചിരുന്നു.
ഇപ്പോൾ ധനകാര്യ കമീഷൻ നിർദേശിക്കുന്ന അവാർഡുകൾക്ക് പുറമെ, കേന്ദ്ര മന്ത്രാലയങ്ങൾ നിർദേശിക്കുന്ന പദ്ധതികളിലൂടെയുള്ള വിഭവകൈമാറ്റങ്ങളാണ് മുഖ്യം. ഏകദേശം 35 ശതമാനം വിഭവകൈമാറ്റം ഇതുവഴിയാണ്.
ഇന്ത്യൻ ഫെഡറലിസത്തിൽ കഴിഞ്ഞ 70ൽപരം വർഷങ്ങളിലെ വിഭവകൈമാറ്റം സംസ്ഥാനങ്ങൾ തമ്മിൽ സന്തുലിതമായ ഒരു വികസനത്തിന് സഹായകമായിരുന്നോ? എന്തായിരുന്നു അനുഭവം? ഇക്കാര്യത്തെ സംബന്ധിച്ച് കഴിഞ്ഞ ഏഴ് ദശാബ്ദക്കാലം 16 പ്രമുഖ സംസ്ഥാനങ്ങളുടെ അനുഭവം എന്തായിരുന്നുവെന്ന് ഞാൻ നടത്തിയ പഠനത്തിലെ ചില കണ്ടെത്തലുകൾ പറയുക പ്രയോജനപ്രദമാണ്.
ഈ 16 സംസ്ഥാനങ്ങളുടെ ശരാശരി പ്രതിശീർഷവരുമാനം വർഷംതോറും ഒരേ ദിശയിലേക്കല്ല വളരുന്നത്. മറിച്ച്, സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം വർധിച്ചുവരുന്നതായി കാണാം. ഇവിടെ സാംഖികശാസ്ത്രത്തിലെ (statistics) സിംഗ്മാ കൺവേർജൻസ് (sigma convergence) എന്ന സൂചിക ഉപയോഗിച്ചുള്ള നിഗമനങ്ങളാണ് ഞാൻ പറയുക. 1951 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനങ്ങളുടെ പ്രതിശീർഷവരുമാനം വ്യത്യസ്ത ദിശയിലാണ് നീങ്ങിയത്. അതായത് ഒരു ഏകത്ര കേന്ദ്രീകരണം ഉണ്ടായില്ലെന്നുസാരം.
1991ലെ ഉദാരവത്കരണ പരിഷ്കാരത്തിനുശേഷം സംസ്ഥാനങ്ങൾ തമ്മിൽ വല്ലാത്ത വിസരണം (dispersion) സംഭവിച്ചു എന്നാണ് എന്റെ നിഗമനം. ധനകാര്യ കമീഷന്റെ വിഭവ കൈമാറ്റങ്ങളും വ്യവസായ മുതൽമുടക്ക് സംബന്ധിച്ച നയങ്ങളും പ്രാദേശികമായി വളരുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ നീക്കുന്നതിൽ പ്രയോജനപ്രദമായ ഒരു പങ്ക് വഹിച്ചില്ലെന്നു വ്യക്തം.
1990 മുതൽ യു.എൻ.ഡി.പിയുടെ മാനവിക വികസന സൂചിക ഉപയോഗിച്ച് രാജ്യങ്ങളുടെ പുരോഗതി വിലയിരുത്താറുണ്ട്. ഈ സൂചിക പ്രതിശീർഷവരുമാനത്തിനു പുറമെ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളുടെ പുരോഗതി തിരഞ്ഞെടുക്കപ്പെട്ട മാനദണ്ഡങ്ങൾ ഉപയോഗിച്ചു വിലയിരുത്തുന്ന അളവുകോലാണ്.
യു.എൻ.ഡി.പി മാതൃകയിൽ 1991നു ശേഷമുള്ള 28 വർഷം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പുരോഗതി പഠിച്ചതനുസരിച്ച് സംസ്ഥാനങ്ങളുടെ മാനവവികസന സൂചികയിൽ ഒരു ഏകത്ര കേന്ദ്രീകരണം ദൃശ്യമാണ്. കേന്ദ്രവും അവർക്ക് വിധേയമായി സംസ്ഥാനങ്ങളും നടപ്പാക്കിയ ധനകാര്യ ഉത്തരവാദിത്ത നിയമം ഏർപ്പെടുത്തിയ ചെലവു ചുരുക്കലും കടമെടുക്കലും ധനക്കമ്മി നിയന്ത്രണവും മാനവവികസന സൂചികയുടെ വളർച്ചനിരക്ക് 2005നു ശേഷം നന്നേ മന്ദഗതിയിലാക്കി എന്ന വസ്തുതയും എന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു (ഈ പഠനം വിശദമായി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിക്കുന്നതാണ്).
എനിക്ക് പൊതുവിൽ പറയാനുള്ള സന്ദേശം ഇന്ത്യൻ ഫെഡറലിസം തീർച്ചയായും സംസ്ഥാനങ്ങൾ തമ്മിൽ നിലവിലുള്ള സാമ്പത്തിക അസമത്വം കുറക്കുന്നതിനുള്ള നയങ്ങളും നടപടികളും ശക്തമാക്കണം എന്നതാണ്. 16ാം ധനകാര്യ കമീഷൻ ഉറപ്പായും ഇത് പരിഗണിക്കേണ്ട പ്രശ്നമാണ്.
ഭരണഘടനയുടെ 246ാം അനുച്ഛേദവും ഏഴാം ഷെഡ്യൂളും പുനഃപരിശോധിക്കണമെന്ന നിർദേശമാണ് രണ്ടാമത്തേത്. യൂനിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, രണ്ടു കൂട്ടരും ഉൾപ്പെട്ട സംയുക്ത ലിസ്റ്റ് എന്നിങ്ങനെയാണ് ചുമതലകളും അധികാരങ്ങളും വിഭജിച്ചിട്ടുള്ളത്.
എന്നാൽ, ഇത് പുനഃപരിശോധിക്കണമെന്നാണ് ഞാൻ മുന്നോട്ടുവെക്കുന്ന വാദം. ഒമ്പതു പതിറ്റാണ്ടുകാലം ഇന്ത്യ അടക്കിഭരിച്ച ബ്രിട്ടീഷുകാർ സ്വീകരിച്ച ‘വിഭജിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ രണ്ടാക്കിയ അനുഭവങ്ങളും തുടർന്നുണ്ടായ നരബലിയും സൃഷ്ടിച്ച സാഹചര്യമല്ല ഇന്നുള്ളത്. കേന്ദ്രീകൃത അധികാരസ്വഭാവമുള്ള ഫെഡറലിസത്തിന് വഴിവെച്ച സന്ദർഭം മാറി.
രാഷ്ട്രീയം, സമൂഹം, സാങ്കേതികവിദ്യ, ജനസംഖ്യയുടെ വളർച്ചയിലും ഘടനയിലും സംഭവിച്ച മാറ്റങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾ നേടിയെടുക്കാനും സാമൂഹിക, സാമ്പത്തിക തുല്യത കൈവരിക്കാനുതകുന്ന ഒരു സാമൂഹികക്രമം സൃഷ്ടിക്കാനും മറ്റുമായി തുടങ്ങിയ ആസൂത്രണവും പഞ്ചവത്സര പദ്ധതികളും മന്ദഗതിയിലായി.
2014ൽ പ്ലാനിങ് കമീഷൻതന്നെ നിർത്തലാക്കി. 1991 മുതൽ കമ്പോളത്തിൽ ഊന്നിയ വികസനമാതൃക ഏതാണ്ട് പൂർണമായി സ്വീകരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമായി. ആര്, എന്തു ചെയ്യണം, ഏതു നികുതികൾ ആരേറ്റെടുക്കണം എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങൾ ഭരണഘടന രൂപവത്കരണ സമയത്ത് ചോദിച്ചില്ല. ഏറ്റവും കാര്യക്ഷമമായി ഏറ്റവും താഴെ തട്ടിൽ ചെയ്യാവുന്ന ചുമതലകൾ അവിടെതന്നെ നിർവഹിക്കപ്പെടണം എന്ന അടിസ്ഥാന പ്രമാണം പാലിച്ചിട്ടില്ല.
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽനിന്ന് ഒരുപാടു കാര്യങ്ങൾ അടർത്തിയെടുക്കുകയാണ് ഉണ്ടായിട്ടുള്ളത്. തത്ത്വാടിസ്ഥിതമായ ഒരു പുനർഘടന ആവശ്യമാണെന്നാണ് എന്റെ വാദം.
പരിസ്ഥിതിയിലും കാലാവസ്ഥയിലും സംഭവിക്കുന്ന മാറ്റങ്ങൾക്കനുസൃതമായി സർക്കാറുകളുടെ ചുമതലകളിലും മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. പല ഫെഡറേഷനുകളും ഇപ്പോൾ പാരിസ്ഥിതിക ഫെഡറലിസത്തെക്കുറിച്ച് (Environmental federalism) ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.
ചുമതലകളിലെ അസന്തുലിതാവസ്ഥമൂലം കേന്ദ്രം മുൻകൈയെടുത്തു നടപ്പാക്കുന്ന പല നിയമങ്ങളും സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്ന ഭാരിച്ച ബാധ്യതകൾ കണക്കിലെടുക്കുന്നില്ല. 2005ലെ തൊഴിലുറപ്പു പദ്ധതി, 2009ലെ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമം, 2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം എന്നിവ ഉദാഹരണങ്ങൾ മാത്രം.
ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യം 73/74 ഭരണഘടന ഭേദഗതികളിലൂടെ നടപ്പാക്കിയ മൂന്നാംതല സർക്കാറുകളോടു പൊതുവേ കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും കാട്ടുന്ന ചിറ്റമ്മനയമാണ്. കേരളം പ്രകടമായ അപവാദമാണ്. ഇന്ത്യയുടെ ധനകാര്യ ഫെഡറൽ ഭൂപടത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മൂന്നാംതല സർക്കാറുകളായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.
ഭരണഘടനയിലെ മൂന്ന് ലിസ്റ്റുകളുടെ കൂടെ ഒരു തദ്ദേശീയ പട്ടിക (Local List) എഴുതിച്ചേർക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ ചുമതലകൾ എടുത്തുപറയുന്ന പതിനൊന്നാം ഷെഡ്യൂളും മുനിസിപ്പാലിറ്റികളുടെ ചുമതലകൾ പറയുന്ന പന്ത്രണ്ടാം ഷെഡ്യൂളും അതോടെ ഇല്ലാതാകും. ഈ ഷെഡ്യൂളുകൾ സംസ്ഥാന ലിസ്റ്റിൽനിന്നും സംയുക്ത ലിസ്റ്റിൽനിന്നും പെറുക്കിയെടുത്ത് ചേർത്തവയാണ്.
എല്ലാം വളരെ അവ്യക്തമാണ്. 32 ലക്ഷം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും രണ്ടരലക്ഷം വരുന്ന സർക്കാറുകളും അടങ്ങുന്ന തദ്ദേശീയ ജനാധിപത്യ അടിത്തറ ഇന്നും ബലഹീനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ഈ ഏറ്റവും വലിയ ശക്തിസ്രോതസ്സ് ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഭരണഘടനയുടെ 243G, 243W, വിഭാവനം ചെയ്യുന്ന ‘സാമ്പത്തിക വികസനവും സാമൂഹിക നീതിയും’ ഉറപ്പുവരുത്തുന്ന സ്വയംഭരണ സ്ഥാപനങ്ങളാണോ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും? 243ZDയിൽ പറയുന്ന ജില്ലതല പ്ലാൻ എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ? സംസ്ഥാന ധനകാര്യ കമീഷനുകൾ, യൂനിയൻ ധനകാര്യ കമീഷന്റെ അതേ ഭാഷയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
പക്ഷേ, കേന്ദ്ര കമീഷന്റെ നിലയും വിലയും സംസ്ഥാന കമീഷനുകൾക്കില്ല. ഇതു വൻ വീഴ്ചയാണ്. മൂന്നാംതല സർക്കാറുകളെ അവഗണിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി മാത്രമല്ല, ജനാധിപത്യത്തിന്റെ കടക്കൽ കോടാലിവെക്കുന്നതിനു തുല്യവുമാണ്.
അവസാനമായി ഞാൻ സൂചിപ്പിക്കുന്നത് ബഡ്ജറ്റേതര കടമെടുപ്പിനെക്കുറിച്ചാണ്. ബജറ്റിനു വെളിയിൽനിന്ന് കടമെടുക്കുക, പക്ഷേ, മുതലും പലിശയും ബജറ്റിലൂടെ നിർവഹിക്കുകയെന്നത് വളരെ തെറ്റായ നടപടിയാണെന്നാണ് എന്റെ വിശ്വാസം. ആന്ധ്രപ്രദേശിന്റെ ബജറ്റേതര വായ്പ, സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ ഒമ്പതു ശതമാനമാണെന്നത് വളരെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സർക്കാറുകളുടെ സകല വരുമാനവും ചെലവിനങ്ങളും ബജറ്റിലൂടെയാകണം. അവ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിങ്ങിനു വിധേയമാക്കുകയും വേണം. പൊതുമേഖല സ്ഥാപനങ്ങളും പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന ധനകാര്യ മാധ്യമങ്ങളും (Special Purpose Vehicles) വരുത്തിവെക്കുന്ന വായ്പകൾ ബജറ്റിലൂടെ തിരിച്ചടക്കുന്ന കീഴ്വഴക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും.
കേന്ദ്ര സർക്കാർ ഭരണഘടനയുടെ 293 (3) വകുപ്പു പ്രകാരവും ധനകാര്യ ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന ഉപാധികളിലൂടെയും (ഉദാഹരണം: ധനകമ്മി സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനത്തിൽ പിടിച്ചുനിർത്തണം) സംസ്ഥാനങ്ങളുടെ ചെലവുകളുടെ മേലും വായ്പാപരിധിയിലും ശക്തമായി ഇടപെടുന്നു. എന്നാൽ സുതാര്യമല്ലാത്ത പല മാർഗങ്ങളിലൂടെ കേന്ദ്രം കള്ളക്കളി നടത്തുന്നുവെന്നതാണ് വസ്തുത. ഉദാഹരണത്തിന് നാഷനൽ സ്മാൾ സേവിങ്സ് ഫണ്ട് (NSSF) ഒരുപാടു കാര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു. ഇത് പബ്ലിക് അക്കൗണ്ടിലായതിനാൽ ധനകമ്മി കണക്കിൽ ചേർക്കുന്നില്ല. ഇതുപോലെതന്നെ പൊതുമേഖല ബാങ്കുകളിൽനിന്ന് കാഷ്, കടം കാര്യങ്ങൾക്കായി എടുക്കുന്ന തുകകളും സുതാര്യമല്ലാതെ കൈകാര്യം ചെയ്യപ്പെടുന്നു. ഇങ്ങനെ ഒത്തിരി ക്രമീകരണങ്ങളിലൂടെ കേന്ദ്രം രക്ഷപ്പെടുന്നത് ഒരു കുതന്ത്രമാണ്. ഒരുപാട് കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ജനങ്ങളോട് കൃത്യമായ ഉത്തരവാദിത്തമില്ലായ്മയാണ് നാം ഇവിടെ കാണുക. അധികാരത്തിലേറ്റിയ ജനങ്ങളോടും ഭാവിതലമുറയോടും ഇവർക്കൊക്കെ എന്താണ് ഉത്തരവാദിത്തം?
എന്തായാലും ഇന്ത്യയുടെ ഫെഡറലിസം ശക്തമായ പുനർവായന ആവശ്യപ്പെടുന്ന ഒരു സന്ദർഭത്തിലാണ് നാം. ധനകാര്യ ചട്ടങ്ങൾ ഉടച്ചുവാർക്കപ്പെടണമെന്ന കാര്യത്തിൽ സംശയമില്ല. ഒരു പുതിയ ധനകാര്യ രൂപകൽപന ഒഴിച്ചുകൂടാൻ പാടില്ലാത്ത കാര്യമാണ്. ധനകമ്മിയും കടനിയന്ത്രണവും ഇന്നത്തെ രീതിയിൽ കൊണ്ടുപോകാൻ സാധ്യമല്ല. ചില മുൻനിയമിച്ച അനുപാതങ്ങളിൽ കെട്ടിയിടുകയല്ല, വളരുന്ന സമ്പദ്ഘടനയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനങ്ങൾക്കും പറ്റിയ നിയന്ത്രണങ്ങൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് ആലോചിക്കുകയാണ് കരണീയം. സംസ്ഥാനങ്ങൾ മാത്രമല്ല, കേന്ദ്രവും തദ്ദേശ ഗവൺമെന്റുകളും ചേർന്ന ഒരു പുത്തൻ ധനകാര്യതന്ത്രം മെനയുന്ന ഒരു നൂതന സ്ഥാപനം അനിവാര്യമാണ്. അവയെല്ലാം ചേർത്ത ഒരു സമഗ്ര ധനകാര്യ റിപ്പോർട്ടിങ് ഇന്ത്യൻ ഫെഡറലിസത്തിന്റെ കെട്ടുറപ്പിനും കാര്യക്ഷമമായ ഒരു സമ്പദ്ഘടനയുടെ പ്രവർത്തനത്തിനും അനിവാര്യമാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.