കേരളം ഭിന്നശേഷി സൗഹൃദ സുന്ദര നാടെന്ന് എഴുതിയും പറഞ്ഞും നാം ഏറെ മുന്നോട്ടുപോയിരിക്കുന്നു! എന്നാൽ, അവരുടെ ജീവിതങ്ങളിലേക്ക് അന്വേഷിച്ചിറങ്ങുമ്പോൾ കഠിനമാണ് കാര്യങ്ങൾ.. ഭിന്നശേഷി നിയമങ്ങൾക്കും നിർദേശങ്ങൾക്കും വിലയില്ലാത്ത കാഴ്ച കേരളത്തിലെവിടെയും കാണാം.
മനുഷ്യജീവിതത്തിൽ ആർക്കും സംഭവിക്കാവുന്ന, ജന്മനാലോ, അല്ലെങ്കിൽ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിലോ കടന്നുവരുന്ന വൈകല്യങ്ങളെ സഹാനുഭൂതിയോടെ മനസ്സിലാക്കി, ആ അവസ്ഥയിൽ ജീവിക്കുന്നവരെ സമൂഹത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ നാം ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് എന്ന് ‘ലോക ഭിന്നശേഷി ദിനം’ നമ്മെ ഓർമിപ്പിക്കുന്നു. ഓരോ മനുഷ്യജീവിയിലും ജന്മം കൊണ്ട് വന്നുചേരുന്ന, അടിസ്ഥാന മനുഷ്യാവകാശം എന്ന മഹത്തായ ആശയത്തെ അവഗണിക്കുന്ന സമീപനമാണ് പലപ്പോഴും ഭിന്നശേഷി വിഷയത്തിൽ സമൂഹവും ഭരണകൂടവും പിന്തുടരുന്നത്.
എന്തുകൊണ്ട് ഭിന്നശേഷി അവകാശനിയമം
2006 ൽ ഐക്യരാഷ്ട്ര സഭ, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിച്ച് 2007-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയതാണ് വികലാംഗരുടെ അവകാശനിയം (RPWD ACT 2016). 2016 ലെ നിയമം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതിന് കാരണം, 1995 ലെ RPWD ACT സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഫലപ്രദമായി പിന്തുടരാതിരുന്നതിനാലാണ്. ഈ നിയമത്തിൽ ഭിന്നശേഷിക്കാർക്കായുള്ള അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഭിന്നശേഷി സൗഹൃദ സാമൂഹിക ജീവിതം അവർക്കായി ഒരുക്കിക്കൊടുക്കുക എന്നുള്ളത്. അത് കേവലം ഭൗതികമായ സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരു മനുഷ്യന്റെ ഇടപെടലുകളിൽ സ്വാധീനം ചെലുത്താൻ സാധ്യമാകുന്ന എല്ലാ തലങ്ങളും ഭിന്നശേഷി സൗഹൃദമാവേണ്ടതാണ്.
കേരളത്തിലെ ‘സൗഹൃദ’ കാഴ്ചകൾ
ഭിന്നശേഷി ദിനാചരണം പൊതുജനങ്ങളിൽ ഭിന്നശേഷി അനുകൂല മനോഭാവം വളർത്തിയെടുക്കാൻ സഹായകമാവുമെങ്കിലും അവർക്ക് സമൂഹത്തിന്റെ എല്ലാ തുറകളിലേക്കുമുള്ള പ്രവേശനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ മാർഗ നിർദേശമുണ്ടായിട്ടും നടപ്പാക്കുന്നതിൽ സർക്കാറുകൾ ഇന്നും വീഴ്ചവരുത്തുന്നു. ഇതിലൊരു വിപ്ലവകരമായ വീണ്ടുവിചാരം ഉണ്ടായിട്ടില്ലെങ്കിൽ കൂടുതൽ അരികുവത്കരിക്കപ്പെട്ട്, ഭിന്നശേഷിക്കാർ മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ച വിദൂരമല്ല. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ച ഇന്നത്തെ കാലഘട്ടത്തിൽ, ഭിന്നശേഷി സൗഹൃദമായ നിർമാണങ്ങൾ ഉറപ്പുവരുത്താനും മറ്റു സേവനങ്ങളിൽ അവർക്കുകൂടി പ്രവേശനം ലഭിക്കുന്നതിനും വളരെ എളുപ്പവുമാണ്. എന്നിട്ടും പല സർക്കാർ സ്ഥാപനങ്ങളിലും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ ശൈശവ ദശയിലോ തീർത്തും ഇല്ലാത്തവിധമോ ആണ്.
സർക്കാർ ഓഫിസുകൾ
ഭിന്നശേഷിക്കാർക്കായുള്ള വിവിധ സർക്കാർതല പദ്ധതികളും പ്രോഗ്രാമുകളും കൃത്യമായി ലഭിക്കുന്നതിനും മറ്റു നിരവധി സർക്കാർ സേവനങ്ങൾക്കുമായി ഓഫിസുകളെ ആശ്രയിക്കേണ്ടവരാണ് ഭിന്നശേഷി വിഭാഗക്കാർ. മാത്രവുമല്ല, അവർക്കർഹമായ സംവരണ സംവിധാനത്തിലൂടെ ജോലിക്ക് അർഹരാവുന്നവരുമുണ്ട്. എന്നാൽ, ഭിന്നശേഷി വിഭാഗക്കാർക്ക് അപ്രാപ്യമായ നിർമാണരീതിയിൽതന്നെ തുടർന്ന്, സേവന സന്നദ്ധത വിളംബരം ചെയ്യുന്ന വിരോധാഭാസമാണ് ഒട്ടുമിക്ക പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും മറ്റനേകം സർക്കാർ കെട്ടിടങ്ങളിലും കാണുന്നത്. നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടും അവയെല്ലാം വിസ്മരിച്ച് തങ്ങളുടേതായ നിയമങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് മിക്ക സർക്കാർ ഓഫിസുകളിലും ദൃശ്യമാവുന്നത്. സർക്കാർ ജോലിക്കാവശ്യമായ യോഗ്യതയുള്ള പല ഭിന്നശേഷിക്കാരും തങ്ങൾക്കനുയോജ്യമായ സാഹചര്യങ്ങളുടെ അഭാവംമൂലം അതിന് തയാറാവാത്ത അവസ്ഥയുണ്ട്. സർക്കാർ ഓഫിസുകളിൽപോലും ഇത്തരത്തിൽ വിവേചനപരമായ സമീപനമാണെങ്കിൽ മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ അവസ്ഥ ഇതിലും മോശമാണ്.
ആശുപത്രികൾ
ആരോഗ്യ പരിരക്ഷ ഏതൊരാൾക്കും ലഭ്യമാക്കുന്നതിനായി സർക്കാർ ആശുപത്രികൾ സദാ സജ്ജമായി നിൽക്കുന്ന നാടാണ് കേരളം. അവിടെയും ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട അവസ്ഥയുണ്ട്. സ്വകാര്യ ആശുപത്രികളിലും അവസ്ഥക്ക് മാറ്റമൊന്നുമില്ല. ഭിന്നശേഷി സൗഹൃദ ശുചിമുറികളും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ബ്രെയ്ലി ലിപിയിലുള്ള സൂചനാ ബോർഡുകളും ഇന്നും മിക്ക ആശുപത്രികളിലെയും കാണാക്കാഴ്ചയാണ്. ആരോഗ്യരംഗത്തെ മേന്മ അംഗീകരിക്കപ്പെടുന്നത്, അത് അർഹരായവർക്കുംകൂടി പ്രയോജനപ്പെടുമ്പോൾ മാത്രമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
നാടിന്റെ മുക്കും മൂലയും മോടിപിടിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിനിർത്തി കാത്തിരിക്കുകയാണ് സർക്കാർ കേന്ദ്രങ്ങളും സ്വകാര്യ വ്യക്തികളും. എല്ലാ മനുഷ്യർക്കും ആസ്വാദ്യകരമായ രീതിയിൽ സമവിധാനങ്ങൾ ക്രമീകരിക്കാൻ ഇന്നും സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. മാനസികോല്ലാസത്തിനുള്ള അവസരം എല്ലാ മനുഷ്യർക്കും പ്രധാനമാണെന്ന യാഥാർഥ്യം വിസ്മരിക്കപ്പെട്ടിരിക്കുന്ന, നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ആരാധനാലയങ്ങൾ
ആരാധനാലയങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. വിവിധരീതിയിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ രീതിയിലാണ് ഇന്നും ബഹുഭൂരിപക്ഷം ആരാധനാലയങ്ങളും. ഭിന്നശേഷിക്കാരുടെ അവകാശത്തെ ഒരുതരത്തിലും പരിഗണിക്കാതെയുള്ള, ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. നിരന്തരം നവീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആരാധനാലയങ്ങൾ ഭിന്നശേഷി സൗഹൃദയിടമായി മാറ്റിയെടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കാം.
സമൂഹത്തിന്റെ ‘കരുതൽ’
‘എന്താണ് നിങ്ങളുടെ കുട്ടിയുടെ പ്രത്യേക കഴിവ്?’ ഇത്തരം ചോദ്യങ്ങളിലൂടെ രക്ഷിതാക്കളെ സമ്മർദത്തിലാക്കുന്ന സമൂഹത്തെക്കുറിച്ചും പറയേണ്ടി വരും. ‘ഭിന്നശേഷി’ എന്ന പദം സൂചിപ്പിക്കുന്നതുപോലെ ബഹുഭൂരിപക്ഷം വരുന്നവരും എന്തെങ്കിലും പ്രത്യേക കഴിവുള്ളവരല്ല. ഉള്ളവർതന്നെ തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ആർജിച്ചെടുത്തതുമാണ്. എന്നാൽ, ഇത് എല്ലാവരിലും ഒരേപോലെയുണ്ട് എന്ന മിഥ്യാധാരണയിൽ അത് കണ്ടെത്താനുള്ള നിർദേശങ്ങളിലും പരിശീലനങ്ങളിലുമാണ് സമൂഹം. ഭിന്നശേഷിക്കാരനായ കുഞ്ഞിന്റെ രക്ഷിതാവ് ഒരിക്കൽ പറയുകയുണ്ടായി ‘എന്റെ പാരന്റിങ്ങിന്റെ കുഴപ്പം കൊണ്ടാണ് കുട്ടിയിലെ പ്രത്യേക കഴിവ് കണ്ടെത്താൻ സാധിക്കാതിരുന്നതെന്ന് ബന്ധുക്കൾ എപ്പോഴും കുറ്റപ്പെടുത്തും’. മറ്റൊരു രക്ഷിതാവ് വർഷങ്ങളോളം തന്റെ കുട്ടിയിലെ പ്രത്യേക കഴിവ് അന്വേഷിച്ച് പരാജയപ്പെട്ട് പ്രയാസത്തിലായ കാഴ്ചയുമുണ്ട്. സമൂഹത്തിന്റെ ഇത്തരത്തിലുള്ള ‘കരുതൽ’ ഒഴിവാക്കപ്പെടേണ്ടതാണ്. ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടിക്കായി എല്ലാം ത്യജിച്ച് സംരക്ഷണം നൽകിവരുമ്പോൾ, വളരെ കുറച്ച് പേരിൽ മാത്രം കാണുന്ന പ്രത്യേക കഴിവുകൾ ചൂണ്ടിക്കാട്ടി, അവരെ കൂടുതൽ പ്രയാസത്തിലാക്കുന്ന സ്ഥിതിയിലേക്ക് സമൂഹം മാറരുത്. അതുപോലെതന്നെ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോട് കാണിക്കുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളും സംസാരങ്ങളും അവരുടെ രക്ഷിതാക്കൾക്ക് അരോചകമായ കാര്യമാണ്.
മനുഷ്യാവകാശ പ്രശ്നമോ?
ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മനുഷ്യാവകാശം എന്തുകൊണ്ട് ഭിന്നശേഷിക്കാരുടെ കാര്യത്തിൽ പ്രയോഗിക്കപ്പെടുന്നില്ല എന്നത് അത്ഭുതമാണ്. നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നാട്ടിൽ നടക്കുമ്പോൾ ചോദ്യം ചെയ്യുന്ന സമൂഹവും അതിൽ നടപടിയെടുക്കുന്ന ഭരണകൂടവും ഭിന്നശേഷി അവകാശത്തിന്റെ കാര്യത്തിൽ ഈ രൂപത്തിൽ ഇടപെടുന്നില്ല. അവർക്ക് സഞ്ചരിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കപ്പെടുമ്പോൾ അവ ഉയർത്തിക്കൊണ്ടുവരാനും അതിനെതിരെ സ്ഥാപനങ്ങൾക്കും പൊതുയിടങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ നിയമനടപടിയെടുക്കുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന രീതിയിലുള്ള സമീപനംപോലും സമൂഹത്തിൽനിന്ന് ഉയർന്നുവരുന്നില്ല. പകരം, ഭിന്നശേഷിക്കാർക്ക് നൽകുന്നത് മുഴുവൻ ഒരു ‘പ്രത്യേക’ സൗകര്യങ്ങൾ എന്ന നിലക്ക് കണ്ടുകൊണ്ട് അതിന്റെ അഭാവമുള്ള ഇടങ്ങളെ ചോദ്യംചെയ്യപ്പെടുന്നതിൽനിന്ന് സൗകര്യപൂർവം മാറ്റിനിർത്തുകയാണ്. ഒന്നുംതന്നെ ‘പ്രത്യേക’ സൗകര്യമല്ല. എല്ലാ മനുഷ്യർക്കും എന്നപോലെയുള്ള മനുഷ്യാവകാശമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും സമൂഹത്തിൽ ഉണ്ടാവേണ്ടതാണ്.
ഭിന്നശേഷി സൗഹൃദമല്ല കേരളം’’
‘കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണോ എന്ന ചോദ്യത്തിന് ഒരുത്തരമേ നൽകാനുള്ളൂ.. അത് അല്ല! എന്ന് തന്നെയാണ്. വർഷംതോറും നടക്കുന്ന ദിനാചരണത്തിലൂടെ ഞങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഗണിക്കപ്പെടാതെ പോകുന്നു. വീൽചെയറുകൾക്ക് സുഗമമായി കടന്നുപോവാൻ സാധിക്കുന്ന വഴികളും കെട്ടിടങ്ങളും ഇന്നും അന്യമാണ്. പല സർക്കാർ സ്ഥാപനങ്ങൾപോലും ഭിന്നശേഷി സഞ്ചാര സ്വാതന്ത്ര്യത്തെ പരിഗണിക്കാത്ത അവസ്ഥയാണ്. ആരാധനാലയങ്ങളിലുമുണ്ട് ഇത്തരം വിവേചനം. അതിന് പരിഹാരമെന്നോണം വിവിധ മതവിഭാഗങ്ങൾക്ക് പ്രത്യേക നിവേദനം നൽകി, മാറ്റത്തിനായി കാത്തിരിക്കയാണ്. ഏതൊരു കെട്ടിടത്തിനും അനുമതി ലഭിക്കണമെങ്കിൽ അത് ഭിന്നശേഷി സൗഹൃദമായിരിക്കണം. പക്ഷേ, അത്തരമൊരു സൗകര്യം ഇനിയും കെട്ടിടങ്ങളിൽനിന്ന് ലഭിക്കുന്നില്ലെങ്കിലും അനുമതി നൽകുന്നതിൽ ഭരണകൂടം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ആശുപത്രികളിലേക്ക് നോക്കിയാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽപോലും ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഇല്ല. ഹോസ്പിറ്റലിൽ പാർക്കിങ്ങിനായി പ്രത്യേക സംവരണം വേണമെന്നിരിക്കെ, അത്തരമൊരു കാര്യം കേട്ടുകേൾവി പോലുമില്ല എന്ന നിലപാടാണ് അധികൃതർക്ക്. ചിലരാവട്ടെ, കെട്ടിടത്തിന് അനുമതി കിട്ടാനായി ഉപകാരപ്രദമല്ലാത്ത രീതിയിൽ റാമ്പുകൾ നിർമിച്ച് കബളിപ്പിക്കുന്നുമുണ്ട്. കേവലം ദിനാചരണങ്ങളിൽ ഒതുക്കിനിർത്തേണ്ടവരല്ല ഞങ്ങളും ഞങ്ങൾ മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളും’.
ഭിന്നശേഷിക്കാർ എന്ന പദം നൽകുന്നതും പ്രയാസം’’
ഇടയ്ക്കെപ്പഴോ കടന്നുകൂടിയ വിഷാദത്തിന്റെ നാളുകളിൽ, അത് കരകയറാനായി പലതരത്തിലുള്ള മോട്ടിവേഷൻ വീഡിയോകളുമായ് ‘സഹായി’ച്ചവരുണ്ടായിരുന്നു. ഞങ്ങൾക്ക് ഇത്തരത്തിൽ വിഷാദം പിടിപെടാൻ പാടില്ല എന്ന നിലപാടാണ് പലർക്കും. മറ്റൊന്ന് ഒരിക്കൽ ഒരു ഓഫീസിലെ ഉദ്യോഗസ്ഥൻ, അവർ ഒരുക്കിത്തരുന്ന പ്രത്യേക റാമ്പു കളെകുറിച്ചു വാചാലനാവുകയുണ്ടായി. എന്നാൽ അവിടുത്തെ ഗോവണികളും, ലിഫ്റ്റുകളും ‘പ്രത്യേക’ സൗകര്യമാവാത്തിടത്തോളം കാലം റാമ്പുകളും സ്പെഷ്യൽ അല്ല എന്ന് സ്നേഹത്തോടെ അദ്ദേഹത്തെ തിരുത്തുകയുണ്ടായി.
ഭിന്നശേഷിക്കാർ എന്ന പദം തന്നെ ഒരു തരത്തിൽ ഞങ്ങളെപ്പോലെയുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പല വെല്ലുവിളികളും നേരിടുന്നവരിൽ വളരെ കുറഞ്ഞ ശതമാനമേ പ്രത്യേക തരത്തിലുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നുള്ളു, അത്തരമൊരു സാഹചര്യത്തിൽ മുഴുവൻ ആളുകളിലും ഇത്തരത്തിലുള്ള കഴിവുകൾ പ്രതീക്ഷിക്കുന്ന പോലെയുള്ള പദപ്രയോഗങ്ങൾ പലപ്പോഴും ഞങ്ങളെ സംഘർഷത്തിലാക്കാറാണുള്ളത്. ഒന്നാമതായി, കേരള സർക്കാർ, ഭിന്നശേഷി വിഭാഗത്തിലുള്ള ആളുകളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുകയും, അവർ ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്നും കൃത്യമായി രേഖപ്പെടുത്തണം. എങ്കിലേ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായ ഉപകരണങ്ങളും മറ്റും ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അത്തരം കണക്കെടുപ്പിന്റെ ആവശ്യകത തെളിയിക്കുന്നതാണ്, പഞ്ചായത്തടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന വീൽചെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അവ ഓരോരുത്തർക്കും ഓരോതരത്തിലുള്ളതാണ് ആവശ്യം.അത് മനസ്സിലാക്കാതെയുള്ള ഇത്തരം നടപടികൾ തീർത്തും പരാജയം തന്നെയാണ്. പിന്നെ ഞങ്ങൾക്ക് തരുന്നതെല്ലാം ‘സ്പെഷ്യൽ’ ആണെന്ന സമൂഹത്തിന്റെ, ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വരണം.
വിജയിച്ച ഭിന്നശേഷിക്കാർ മാത്രമല്ല ഇവിടെയുള്ളത്’’
‘മാനസികമായും ബുദ്ധിപരമായും വെല്ലുവിളി നേരിടുന്നവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും തീർത്തും വ്യത്യസ്തമാണ്. ഒന്നാമതായി, അവർക്ക് അവരെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. ആവശ്യങ്ങളും അവകാശങ്ങളും പറയാനും അത് നേടിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കാത്ത അവർക്കുവേണ്ടി, ഭരണകൂടംതന്നെ നാവായി മാറേണ്ടതുണ്ട്. അവർക്കായി നിലകൊള്ളുന്ന രക്ഷിതാക്കളും പരിഗണിക്കപ്പെടാതെയാവരുത്. അവരുടെ മാനസികാരോഗ്യവും അതിപ്രധാനമാണ്. സമൂഹത്തിൽനിന്ന് പലപ്പോഴും ഉയർന്നുവരുന്ന ചോദ്യമാണ് കുട്ടികളുടെ എക്സ്ട്രാ കഴിവുകളെ സംബന്ധിച്ചുള്ളത്. അത് സമൂഹം നിരന്തരം ആവർത്തിക്കുന്നതിലൂടെ ആത്മവിശ്വാസമില്ലാത്ത വിഭാഗമായി രക്ഷിതാക്കൾ മാറുകയാണ്. അതുപോലെതന്നെ എങ്ങനെയാണ് ഭിന്നശേഷിക്കാരോട് ഇടപഴകേണ്ടതെന്നും, അവർ നേരിടുന്ന വെല്ലുവിളികൾ എത്തരത്തിലുള്ളതാണെന്നും വളർന്നുവരുന്ന തലമുറക്ക് മനസ്സിലാക്കിയെടുക്കാൻ പാഠ്യപദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ, സമൂഹത്തിൽ വിജയിച്ച ഭിന്നശേഷിക്കാരെക്കുറിച്ച് മാത്രം ചർച്ച ചെയ്യുമ്പോൾ തോറ്റുപോയവരെക്കുറിച്ചുള്ള വാർത്തകൾ ചർച്ചയാവുന്നില്ല എന്നതും അവരെ വിസ്മരിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഭിന്നശേഷി ദിനത്തിൽ ഇത്തരം ചർച്ചകൾ സജീവമായി നിലനിർത്തിക്കൊണ്ട് മാറ്റങ്ങൾ സാധ്യമാവട്ടെയെന്ന് പ്രത്യാശിക്കുന്നു.’
ഔദാര്യമല്ല, അവകാശമാണ്
ഭിന്നശേഷി അവകാശവുമായി ബന്ധപ്പെട്ട രാജീവ് രതൂരി vs യൂനിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി ഉത്തരവ്, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക ചുവടുവെപ്പാണ്. പൊതുസ്ഥലങ്ങളിലേക്ക് ഭിന്നശേഷിക്കാർക്ക് ശരിയായതും മതിയായതുമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്ന വിധികൂടിയായിരുന്നു അത്. ‘RPWD നിയമം 2016’ പ്രകാരം വിവേചനരഹിതമായ പ്രവേശനം നൽകുന്നതിനായി സംസ്ഥാനങ്ങളോട് കോടതി ചില ഉത്തരവുകൾ മുന്നോട്ടുവെച്ചു. ഇവയാണത്:
ഇതെല്ലാം ഇവിടെ നടപ്പാകുന്നുണ്ടോ?
പാലക്കാട്: ഭിന്നശേഷി സൗഹൃദ സർക്കാർ ഓഫീസുകൾ എന്ന് പറയുന്നുണ്ടെങ്കിലും അത്ര സൗഹൃദത്തിലല്ല സർക്കാർ ഓഫീസുകൾ. കൃഷിഭവൻ, പഞ്ചായത്ത്, വില്ലേജ്, മാവേലി സ്റ്റോർ ,പട്ടികവർഗ്ഗ ഓഫീസ്, തൊഴിലുറപ്പ് തുടങ്ങി ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾ ഭിന്ന ശേഷിക്കാർക്ക് എളുപ്പത്തിലെത്താനാകുന്നില്ല. സർക്കാർ ഓഫീസുകൾ ഭിന്ന ശേഷി സൗഹൃദത്തിൽ ആക്കണമെന്നുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. പലയിടങ്ങളിലും ലിഫ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. പാലക്കാട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ കൽപാത്തി, പത്തിരിപ്പാല, എലപ്പുള്ളി, കോങ്ങാട് സബ്ഡിവിഷൻ ഓഫിസുകൾ ഭിന്നശേഷി സൗഹൃദങ്ങളല്ല. മിക്കതും ഒന്നാംനിലയിലും മറ്റുമാണ് പ്രവർത്തിക്കുന്നത്.
കൊല്ലങ്കോട്
ഗ്രാമപഞ്ചായത്തിൽ ഓഫീസിനകത്തേക്ക് കയറുവാൻ റാമ്പ് സംവിധാനം നിർമ്മിച്ചിട്ടുണ്ടെങ്കിലും കവാടം അടച്ചിട്ട നിലയിലാണ്. കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻ ഷൻ ഓഫീസ് കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിലെ ഏറ്റവും പിറകിൽ ഒന്നാമത്തെ നില യിലാണ്. കൊല്ലങ്കോട് ബ്ലോ ക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് ഓഫീസും ഒന്നാം നിലയിൽ തന്നെയാണ്. കൊല്ലങ്കോട് ,പുതുനഗരം, കൊടു വായൂർ പഞ്ചായത്തുകളിലെ കൃഷിഭവനുകൾ ഒന്നാം നിലയിലാണ് . ഭിന്നശേഷിക്കാരായ കർഷകർക്ക് കൃഷി ഓഫീസറെ കാണണമെന്നുണ്ടെ ങ്കിൽ ഫോൺ നമ്പർ ഉണ്ടെങ്കിൽ വിളിച്ച് സംസാരിക്കേണ്ട അവസ്ഥയാണ് .
മണ്ണാര്‍ക്കാട്
സിവില്‍ സ്റ്റേഷന്റെ രണ്ട് നിലകളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് എത്തണമെങ്കില്‍ പടിക്കെട്ടുകള്‍ കയറാതെ മറ്റുമാര്‍ഗമില്ല. അണ്ടര്‍ ഗ്രൗണ്ട് ഫ്ളോറില്‍ എംപ്ലോയ്മെന്റ് ഓഫിസും, എ്കസൈസ് ഓഫിസും പ്രവര്‍ത്തിക്കുന്നു. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഫ്ളോറില്‍ മാത്രമേ റാംപുള്ളൂ. സുപ്രധാന ഓഫിസുകളായ ജോയിന്റ് ആര്.ടി.ഒ, താലൂക്ക് സപ്ലൈ ഓഫിസ്, ഭക്ഷ്യസുരക്ഷാ ഓഫിസ്, എ.ആര്. ഓഫിസ്, സ്റ്റാറ്റിക്സ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നാം നിലയിലാണ്. ജി.എസ്.ടി ഓഫിസ്, കാര്‍ഷികാദായ ഓഫിസ്, വ്യവസായ ഓഫിസ് തുടങ്ങിയ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയിലെ ഓഫിസുകളിലേക്കെത്താന് പടിക്കെട്ടുകള്‍ കയറിയെത്തേണ്ട സ്ഥിതിയാണ്.
തൃത്താല
ഭിന്നശേഷിക്കാര്‍ അല്ലാത്തവർക്കു വരെ പഞ്ചായത്ത്, കൃഷിഭവന്, എ.ഇ.ഒ എന്നിവിടങ്ങളിലെത്താൻ പടികൾ താണ്ടണം. സ്വന്തം കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫീസ്. താഴെ നിലകളില്‍ വ്യാപാര വാണിജ്യസ്ഥാപനങ്ങളാണ്. തൊട്ടടുത്ത് പഞ്ചായത്തിന്റെ തന്നെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്. റോഡിന്റെ മറുവശത്തായായി സ്വകാര്യ കെട്ടിടത്തിലാണ് തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസ്. ഇവിടേക്ക് എത്താനും ഗോവണികള്‍ കയറണം. പ്രായമായവർക്ക് പോലും കയറാൻ കഴിയാത്ത വിധത്തിലാണ് സ്വകാര്യ ഷോപ്പിംഗ് കോപ്ലക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വടക്കഞ്ചേരി പോസ്റ്റ് ഓഫീസ്.
പട്ടാമ്പി
മിനി സിവിൽ സ്റ്റേഷൻ ഭിന്നശേഷിക്കാർക്ക് ബാലികേറാ മലയാണ്. മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസ് രണ്ടാം നിലയിലാണ്. ഒന്നാം നിലയിലെ കോൺഫറൻസ് ഹാളിലാണ് ലേണിങ് ടെസ്റ്റ് നടന്നിരുന്നത്. താഴെ ഒരു ചെറിയ മുറി മോട്ടോർ വാഹന ടെസ്റ്റിന് മാത്രമായി ഒരുക്കിയിട്ടുണ്ട്. ജോ.ആർ.ടി.ഓ ഓഫീസിനു പുറമേ ജി.എസ്.ടി ,ഫുഡ് ആൻഡ് സേഫ്റ്റി,എക്സൈസ് ,റീ-സർവേ ഓഫീസുകളും രണ്ടാം നിലയിലാണ്. ഉപ ജില്ല വിദ്യാഭ്യാസ ഓഫീസ്,വാട്ടർ അതോറിറ്റി ഓഫീസ്,ഐ.സി.ഡി.എസ്. ഓഫിസ് ,ക്ഷീരവികസന ഓഫീസ് എന്നിവയാണ് ഒന്നാം നിലയിലുള്ളത്. രജിസ്ട്രാർ ഓഫീസിലെത്തുന്നവർക്ക് വീൽ ചെയർ സൗകര്യമുണ്ട്.
ഷൊർണൂർ
ഷൊർണൂർ നഗരസഭ ഓഫീസിലേക്ക് കയറുന്നതിന് റാമ്പ് സൗകര്യം പോലുമില്ല. നഗരസഭ കൗൺസിൽ ഹാൾ, സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ വിഭാഗം എന്നിവ മുകളിലെ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ പണിയുന്ന പുതിയ കെട്ടിടത്തിന്റെ മുകളിലേക്ക് പോകാൻ റാമ്പ് സൗകര്യമില്ല. നഗരസഭയുടെ ഷൊർണൂരിലും കുളപ്പുള്ളിയിലുമുള്ള ബസ് സ്റ്റാന്റ് കെട്ടിടങ്ങളുടെയും സ്ഥിതി മറിച്ചല്ല. ഷൊർണൂർ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സബ്ട്രഷറിയുള്ളത്. പബ്ലിക് ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.