കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കുമോയെന്ന വർഷങ്ങൾ നീണ്ട ചോദ്യങ്ങൾക്കാണ് ഒടുവിൽ ഉത്തരമായത്. 132 വർഷം പിന്നിടുന്ന കോൺഗ്രസ് പാർട്ടിയുടെ അമരത്തെത്തുന്ന ഗാന്ധി കുടുംബത്തിലെ അഞ്ചാംതലമുറ നേതാവാണ് രാഹുൽ. എന്നാൽ, രാഹുലിെൻറ വ്യക്തി ജീവിതം പലപ്പോഴും ഒരു സമസ്യയാണ്. രാഹുലിെൻറ രാഷ്ട്രീയ ജീവിതം പറയുന്ന പുസ്തകമാണ് ‘ഡീകോഡിങ് രാഹുൽ ഗാന്ധി’. മുംബൈയിൽ ജനിച്ചുവളർന്ന തമിഴ് വംശജ ആരതി രാമചന്ദ്രനാണ് പുസ്തകം എഴുതിയത്. രാഹുൽ കോൺഗ്രസിെൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ ആരതിക്ക് അറിയുന്ന രാഹുലിനെ കുറിച്ച് തുറന്നുപറയുകയാണ് അവർ. ‘ഇക്കണോമിക് ടൈംസ്’, ‘ബിസിനസ്സ് സ്റ്റാൻഡേർഡ്’ പത്രങ്ങൾക്കുവേണ്ടി ജോലി ചെയ്ത ആരതി കുറച്ചുകാലം ഫ്രീലാൻസറായിരുന്നു. ഇപ്പോൾ ബംഗളൂരുവിൽ ‘ദ ഗുഡ് സറ്റേറ്റ്’ എന്ന ഡിജിറ്റൽ മീഡിയയിൽ അസിസ്റ്റൻറ് എഡിറ്ററാണ്.
പുസ്തകം എഴുതാനുള്ള തീരുമാനം
ഡൽഹിയിൽ പത്രപ്രവർത്തനത്തിെൻറ ഭാഗമായി 2004 മുതൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. യാദൃശ്ചികം എന്നു പറയട്ടെ ആ സമയത്താണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും. കോൺഗ്രസുമായി ബന്ധപ്പെട്ട വാർത്തകൾ പിന്തുടരുന്നതിനോടൊപ്പം രാഷ്ട്രീയത്തിൽ രാഹുലിെൻറ വളർച്ചയും സൂക്ഷ്മമായി നിരീക്ഷിക്കാനായി. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. യു.പി രാഷ്ട്രീയത്തിലും വൻതിരിച്ചുവരവ് നടത്തി. രാഹുലിെൻറ പ്രവർത്തനങ്ങളാണ് കോൺഗ്രസിെൻറ പുനരുജ്ജീവനത്തിന് പിന്നിലെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. രാഹുൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന അന്നുമുതൽ അദ്ദേഹം പാർട്ടി പ്രസിഡൻറാകുമെന്ന് ജനങ്ങൾക്കറിയാമായിരുന്നു. കോൺഗ്രസിനെയും രാഹുലിനെയും കുറിച്ച് കൂടുതൽ അറിയാവുന്ന തനിക്ക് അത് ജനങ്ങളിലെത്തിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് പുസ്തകം എഴുതാനുള്ള തീരുമാനത്തിലെത്തുന്നത്. വർഷങ്ങളായി കോൺഗ്രസ് പാർട്ടിയെ പിന്തുടരുന്നതിനാൽ ഡൽഹിയിലെ മുതിർന്ന നേതാക്കളുമായി നല്ല ബന്ധവുമുണ്ടായിരുന്നു. ഇവർ നൽകിയ വിലപ്പെട്ട വിവരങ്ങളാണ് പുസ്തകത്തിന് ആധാരം.
ഉൾവലിയുന്ന പ്രകൃതക്കാരനാണോ രാഹുൽ?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജനങ്ങളുമായി സംവദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന, സൗഹൃദങ്ങൾ ആഗ്രഹിക്കുന്ന, സൗഹാർദപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് രാഹുൽ. ഗാന്ധി കുടുംബത്തിെൻറ ചരിത്രം നോക്കിയാൽ ആരും മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. അവരുടെ സ്വകാര്യ ജീവിതവും മറ്റും അവർ ഒരിക്കലും പുറത്തുപറയാറില്ല. ഇതുപോലെ രാഹുലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നു. മുത്തശ്ശിയും പിതാവും മരിക്കുന്നത് കണ്ടയാളാണ് രാഹുൽ.
സുരക്ഷാ കാരണങ്ങളാൽ ഗാന്ധി കുടുംബത്തിന് എന്നും ഒരു രഹസ്യാത്മക സ്വഭാവമുണ്ടായിരുന്നു. കുടുംബത്തിന് ചുറ്റിലുമുണ്ടായിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സിെൻറ (എസ്.പി.ജി) സുരക്ഷാ വലയവും കുടുംബത്തെ പൊതുജനങ്ങളുമായി മാറ്റിനിർത്തി. ഇവർക്ക് പൊതുജനങ്ങളുമായി ഇടപഴകാനും പരിധികളുണ്ടായിരുന്നു. എന്താണ് രാഹുൽ എന്നത് ഇന്നും പലർക്കും പൂർണമായി അറിയില്ല. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അമേരിക്ക സന്ദർശനം കഴിഞ്ഞെത്തിയ രാഹുലിെൻറ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. കൂടുതൽ തുറന്നുപറയുന്നു, പ്രതികരിക്കുന്നു, മോദി സർക്കാറിെൻറ നയങ്ങളെ വിമർശിക്കുന്നു.
വിദേശ പഠനവും ലണ്ടനിലെ ജോലിയും
ലണ്ടനിലും അമേരിക്കയിലുമായിരുന്നു ഉന്നതപഠനം. എന്നാൽ, വിദേശ പഠനം രാഹുലിൻെറ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ വലിയ സ്വാധീനമുണ്ടാക്കിയെന്ന് തോന്നുന്നില്ല. ബിരുദപഠനത്തിനുശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പിൽ മാനേജ്മെൻറ് കൺസൽട്ടൻറായി ചേർന്നു. മാനേജ്മെൻറ് ഗുരു മൈക്കൾ പോർട്ടറാണ് ഇതിെൻറ സഹസ്ഥാപകൻ. മൂന്നു വർഷത്തെ ഇവിടുത്തെ ജോലി രാഹുലിൻറെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പാർട്ടിയുടെ പ്രവർത്തനങ്ങളിലും നടപടികളിലും അങ്ങനെയാണ് മാനേജ്മെൻറ് സമീപനം കൊണ്ടുവരുന്നത്. വിദ്യാർഥി വിഭാഗമായ എൻ.എസ്.യു, യൂത്ത് കോൺഗ്രസ് ഉടച്ചുവാർക്കുന്നതും മാനേജ്മെൻറ് കൺസൾട്ടൻസി സ്ഥാപനത്തിലെ അനുഭവങ്ങളുടെ പുറത്തായിരുന്നു.
രാജീവ് ഗാന്ധിയുടെ വധം
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങൾ ഗാന്ധി കുടുംബത്തിന് കനത്ത ആഘാതമുണ്ടാക്കി. പക്ഷേ, ഇത്തരം ദുരനുഭവങ്ങളൊന്നും ആ കുടുംബത്തിന് പാർട്ടിയോടുള്ള കൂറിൽ മാറ്റം വരുത്തിയില്ല. വ്യക്തിപരമായി രാജീവ് ഗാന്ധി പാർട്ടിയിൽ ചേരുന്നതിനോട് സോണിയക്കും മക്കളായ രാഹുലിനും പ്രിയങ്കക്കും താൽപര്യമില്ലായിരുന്നു. പിതാവിനെ രാഷ്ട്രീയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. മുത്തശ്ശി ഇന്ദിരക്കുണ്ടായ ദുരന്തം പിതാവിനും സംഭവിക്കുമെന്ന ഭയമാണ് ഇവരെ അലട്ടിയിരുന്നത്. രാജീവിെൻറ മൃതദേഹവും വഹിച്ചുള്ള ട്രെയിൻ യു.പിയിലൂടെ കടന്നുപോകുന്ന സമയത്താണ് രാജ്യത്തെ ജനങ്ങൾക്ക് പിതാവിനോടുണ്ടായിരുന്ന മാനസികമായ അടുപ്പം രാഹുൽ നേരിട്ട് മനസ്സിലാക്കുന്നത്. രാഹുലിെൻറ രാഷട്രീയത്തിലേക്കുള്ള വരവിനെ ഈ സംഭവം ഏറെ സ്വാധീനിച്ചിട്ടുണ്ട്. നെഹ്റുവിെൻറ കാലഘട്ടം മുതൽ പാർട്ടിയുടെ നേതൃത്വം വഹിക്കുന്നത് ഗാന്ധി കുടുംബമാണ്. പാർട്ടിയോടുള്ള കൂറ് തെറ്റിക്കാൻ കുടുംബത്തിന് കഴിയില്ലായിരുന്നു. ഇതാണ് സോണിയ ഗാന്ധിയെയും രാഹുലിനെയും പാർട്ടിയിലേക്ക് എത്തിച്ചതും.
വ്യക്തിജീവിതവും വിവാഹവും
രാഹുൽ ഗാന്ധി നല്ലൊരു വക്താവാണ്. സ്പോർട്സ് വളരെ ഇഷ്ടപ്പെടുന്നു. അടുത്തിടെയാണ് ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിൽ ബ്ലാക്ക്ബെൽറ്റാണു താനെന്ന് രാഹുൽ വെളിപ്പെടുത്തുന്നത്. വല്യമ്മ മേനക ഗാന്ധിയെ പോലെ രാഹുലും ഒരു മൃഗസ്നേഹിയാണ്. പുസ്തക വായനയാണ് രാഹുലിെൻറ പ്രധാന വിനോദങ്ങളിലൊന്ന്. പക്ഷേ കഥകളോ, നോവലുകളോ അല്ല പഥ്യം. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം അതങ്ങനെ നീളുന്നു. സിനിമയോട് അത്ര തൽപര്യമില്ല.
ദിവസവും ഓട്ടം, നീന്തൽ ഉൾപ്പെടെയുള്ള വ്യായാമങ്ങളും പതിവാണ്. സാഹസിക വിനോദങ്ങളും അദ്ദേഹം ഏറെ ഇഷടപ്പെടുന്നു. ശാരീരികമായും മാനസികമായും വളരെ ഫിറ്റാണ്. രാഷട്രീയത്തിൽ മഹാത്മാ ഗാന്ധിയാണ് രാഹുലിെൻറ മാതൃക പുരുഷനെന്ന് പറയാം. ഗാന്ധിജിയെ കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. രാഹുലിെൻറ ഭക്ഷണ പ്രിയത്തെ കുറിച്ചൊന്നും അറിയില്ല. 2004ൽ സ്പാനിഷ് യുവതി വെറോണിക്കയുമായുള്ള ബന്ധം മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും കേട്ടില്ല. അടുത്തിടെ ഒരു പൊതുപരിപാടിയിൽ ചോദ്യം ഉയർന്നപ്പോൾ വിവാഹം അതിെൻറ സമയത്ത് നടക്കുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി.
സോണിയാ ഗാന്ധി
മക്കളുടെ കാര്യത്തിൽ വളരെ പ്രൊട്ടക്റ്റീവാണ് സോണിയ. യു.പി.എ ഭരണകാലത്ത് മന്ത്രിപദം ഏറ്റെടുക്കാൻ സമ്മർദം ഉണ്ടായിരുന്നെങ്കിലും രാഹുൽ വഴങ്ങിയില്ല. പഠിക്കാനായി സമയം വേണമെന്നായിരുന്നു രാഹുലിെൻറ വാദം. പാർട്ടി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും രാഹുലിനെ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിക്കാതെ കൂടുതൽ സമയം അനുവദിക്കുകയാണ് സോണിയ ചെയ്തത്. എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. രാഹുൽ സ്വയം സമ്മതം അറിയിച്ചപ്പോൾ മാത്രമാണ് നേതൃത്വം കൈമാറാൻ സോണിയ തയാറായത്.
സഹോദരി പ്രിയങ്ക
സോണിയാ ഗാന്ധിക്കുശേഷം ആരെന്ന ചോദ്യത്തിന് പ്രിയങ്ക എന്നായിരുന്ന പാർട്ടിയിലെ ഒരുവിഭാഗത്തിെൻറ മറുപടി. ഇന്ദിരാ ഗാന്ധിയുമായുള്ള രൂപസാദൃശ്യം, രാഹുലിനേക്കാൾ നേതൃഗുണമുണ്ടെന്ന തോന്നൽ, ഇതെല്ലാമാണ് പ്രിയങ്ക രാഷട്രീയത്തിൽ ഇറങ്ങുന്നത് പാർട്ടിക്ക് ഗുരണകരമാകുമെന്ന തോന്നലുണ്ടാകുന്നതിനു കാരണം. എന്നാൽ, അവർ രാഷട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനാണ് താൽപര്യപ്പെട്ടിരുന്നത്. പ്രായത്തിൽ രാഹുലിനേക്കാൾ ഒന്നര വയസ്സ് ഇളപ്പമുണ്ടെങ്കിലും സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പംചേർത്തുനിർത്തി ആശ്വസിപ്പിക്കുന്നതാണ് പ്രിയങ്കയുടെ പ്രകൃതം. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെ സുരക്ഷാ കാരണങ്ങളാൽ ഇരുവരും ബോർഡിങ് സ്കൂളിലെ പഠനം നിർത്തി. പിന്നീട് ഇരുവരുടെയും പഠനവും കളിയുമെല്ലാം വീട്ടിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സഹോദരി-സഹോദര ബന്ധം വളരെ ഊഷ്മളമാണ്. വിവിധ വിഷയങ്ങളിൽ എന്ത് രാഷട്രീയ നിലപാട് സ്വീകരിക്കണമെന്നതിൽ പ്രിയങ്ക രാഹുലിന് വലിയ പിന്തുണ നൽകുന്നുണ്ട്.
രാഹുലിൻെറ ശക്തിയും ദൗർബല്യവും
പൊളിറ്റിക്കൽ അപ്രൻറിസ് എന്ന നിലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കാണിക്കുന്ന മനസ്സാണ് രാഹുലിെൻറ ഏറ്റവും വലിയ ശക്തി. പാർട്ടി നേതൃത്വത്തിലേക്ക് എളുപ്പത്തിൽ എത്താമായിരുന്നിട്ടും അദ്ദേഹം അതിന് നിന്നില്ല. കാര്യങ്ങൾ പഠിക്കാനുള്ള അദ്ദേഹത്തിെൻറ ക്ഷമ വലിയൊരു അനകൂലഘടകം തന്നെയാണ്. രാഷ്ട്രീയത്തെ എങ്ങനെ സമീപിക്കണമെന്നതിൽ രാഹുലിന് ഇപ്പോഴും വ്യക്തമായ ധാരണയില്ല. പാർട്ടിയെ എൻ.ജി.ഒ അല്ലെങ്കിൽ ഒരു കോർപറേറ്റ് സ്ഥാപനം പോലെയാണ് അദ്ദേഹം കാണുന്നത്.
നിലപാടുകളിൽ രാഹുൽ ഗാന്ധി
രാജ്യത്തിെൻറ വികസനവുമായി ബന്ധപ്പെട്ട രാഹുലിെൻറ കാഴ്ചപ്പാടുകളും സാമ്പത്തിക, അന്താരാഷ്ട്ര വിഷയങ്ങളിൽ അദ്ദേഹത്തിെൻറ നിലപാടുകളും ഇപ്പോഴും അവ്യക്തമാണ്. ഇന്ദിരാ ഗാന്ധിയോടും പിതാവ് രാജീവ് ഗാന്ധിയോടും ജനങ്ങൾക്ക് മാനസികമായ അടുപ്പമുണ്ടായിരുന്നു. അത് വോട്ടായി മാറുകയും ചെയ്തിരുന്നു. രാഹുലിന് ആ സ്വീകാര്യത ലഭിക്കുന്നില്ല. രാഷ്ട്രീയ ആശയങ്ങളും നിലപാടുകളും അറിയാൻ ജനങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നു. ഇപ്പോഴും രാഹുലിെൻറ നിലപാടുകളിൽ അവ്യക്തത തുടരുകയാണ്. നിലപാടുകൾ തുറന്നുപറയാൻ അദ്ദേഹം ഇപ്പോഴും തയാറായിട്ടില്ല. നടിയും മോഡലുമായ ലക്ഷ്മി പ്രിയ എഴുതിയ ‘രാഹുൽ ഗാന്ധി ദ ഗ്രേറ്റ് വാരിയർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സാ’ണ് മറ്റൊരു പുസ്തകം.
തയ്യാറാക്കിയത് അനീസ് മൊയ്തീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.