കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ അവകാശവാദത്തേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ പങ്കാളിത്തത്തോടെ അദ്ദേഹം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളേയും രാഷ്ട്രീയ നിരീക്ഷകരെന്നല്ല കോൺഗ്രസുകാർതന്നെയും മുഖവിലക്കെടുത്തിട്ടില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒട്ടും എടുത്തിട്ടില്ല.
കെ. സുധാകരന് പൊതുമണ്ഡലത്തിലുള്ള പ്രതിച്ഛായയും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ കോൺഗ്രസിലെ എക്കാലത്തേയും ഏറ്റവും വലിയ നേതാക്കൾ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഉടക്കുകളുമൊക്കെ കൂടിച്ചേരുമ്പോൾ ചെമ്മീൻ തുള്ളിയാൽ ചട്ടിയോളം എന്ന മട്ടിലൊരു പുച്ഛച്ചിരിയോടെയാണ് പരിഷ്കാര നീക്കങ്ങളുടെ നേരെയുള്ള പൊതുജനത്തിെൻറ നോട്ടം. ഓ! ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഒരു നിസ്സംഗഭാവം.
സുധാകരനും കൂട്ടരും തന്നെ കാര്യങ്ങൾ എത്രത്തോളം ഗൗരവത്തിലെടുത്തിരിക്കുന്നു എന്നതിന് ഇപ്പോൾ കാണുന്ന കസേരയിൽ പേരെഴുതി ഒട്ടിക്കലും ഹാജർ പട്ടികയിൽ അറ്റൻഡൻസ് രേഖപ്പെടുത്തലും ഒരു ഉറപ്പുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ കോൺഗ്രസ് പാർട്ടി അതിെൻറ സംഘടനാസംവിധാനത്തിൽ വരുത്താനിരിക്കുന്ന മാറ്റങ്ങളെ അങ്ങനെയങ്ങ് നിസ്സാരവൽക്കരിക്കാമോ? ഇല്ലെന്നതായിരിക്കും വസ്തുതയോട് ഏറ്റവുമടുത്തുനിൽക്കുന്ന ഉത്തരം.
കെ.പി.സി.സി നേതൃത്വത്തിനുനേരെ പുലർത്തുന്ന മതിപ്പില്ലായ്മ തന്നെയാണ് ഏറക്കുറെ കോൺഗ്രസിെൻറ ദേശീയ നേതൃത്വത്തിന് നേരെയും കേരളത്തിലെ ബുദ്ധിജീവികൾക്കുള്ളത്. അവർക്ക് പൊതുവിൽ രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ല; ഒട്ടും മതിപ്പുമില്ല. ഈ പ്രതിച്ഛായാനഷ്ടം തങ്ങൾക്കനുകൂലമാക്കാനുള്ള സാമർഥ്യം ബി.ജെ.പി സദാ പ്രയോഗിക്കുന്നുമുണ്ട്.
മോദിക്ക് പറ്റിയ ഇരയല്ല രാഹുൽ എന്ന പൊതുധാരണ സൃഷ്ടിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ ചെയ്യുന്നത്. കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും അത് ശരിവെക്കുന്നു. കോൺഗ്രസ് അടുത്തകാലത്തായി കൈക്കൊണ്ട ചില നിലപാടുകളെ വേണ്ടരീതിയിൽ ഉൾക്കൊള്ളാൻ കോൺഗ്രസിനകത്തും പുറത്തുമുള്ള പാർട്ടി വിമർശകർക്ക് സാധിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുമുണ്ട്. കെ. സുധാകരെൻറ കേഡർവത്കരണത്തെയും രാഹുൽ ഗാന്ധിയുടെ സംഘ്പരിവാർ വിരുദ്ധ പോരാട്ടങ്ങളേയും ഈ രണ്ടു നേതാക്കൾക്കുമുള്ള നിറംമങ്ങിയ പ്രതിച്ഛായയിൽനിന്ന് വേറിട്ട് നിർത്തിവേണം നോക്കിക്കാണാൻ.
കോൺഗ്രസിൽനിന്ന് ജനപിന്തുണയുള്ള നേതാക്കൾ ഒന്നൊന്നായി വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ജോതിരാദിത്യ സിന്ധ്യയും അമരീന്ദർ സിങ്ങും മറ്റും വിട്ടുപോയത് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ഉദാഹരണമാണിതെന്ന് പറഞ്ഞത് തികച്ചും ശരി. അത്തരമൊരു സന്ദർഭത്തിൽ അത്തരം ആശങ്കകളെ ഒരു പരിധിവരെ മായ്ച്ചുകളയാനുതകുന്നതായിരുന്നു കനയ്യ കുമാറിേൻറയും ജിഗ്നേഷ് മേവാനിയുടേയും പാർട്ടി പ്രവേശനം. ഇരുവരും ഇന്ത്യയിലെ ഏറ്റവും വലിയ സംഘ്പരിവാർ വിമർശകരാണ്.
ഈ യുവനേതാക്കളെ കൊണ്ടുവന്നതുവഴി രാഹുൽ ഗാന്ധി വളരെ ശക്തമായ സന്ദേശമാണ് രാജ്യത്തിന് നൽകിയിട്ടുള്ളത്. രണ്ടു യുവനേതാക്കളെ അക്കമഡേറ്റ് ചെയ്യുക എന്നതോ ബിഹാറിലേയും ഗുജറാത്തിലേയും സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടാക്കുക എന്നതോ അല്ല രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. അവരുടെ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്ത വാചകങ്ങൾ ശ്രദ്ധിച്ചാൽ കോൺഗ്രസ് ഏറ്റെടുത്ത രാഷ്ട്രീയ ദൗത്യത്തിെൻറ സ്വഭാവം വ്യക്തമാവും. സംഘ്പരിവാറിനെ ഭയപ്പെടാത്ത രണ്ടു നേതാക്കളെ വരവേൽക്കുകയാണ് അദ്ദേഹം ചെയ്തത്.
ഭയപ്പെടുന്നവർക്ക് പാർട്ടി വിട്ടുപോകാമെന്ന് പറഞ്ഞ രാഹുൽ ഹിന്ദുത്വ രാഷ്ട്രീയത്തോട് പാർട്ടിക്ക് വിട്ടുവീഴ്ചയില്ല എന്ന് പ്രഖ്യാപിക്കുകയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കോൺഗ്രസ് ഇടതാവുന്നു. കുറച്ചുകാലമായി ലെഫ്റ്റ് ഓഫ് സെൻറർ എന്ന സ്വഭാവം പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. പല സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ പ്രാദേശികനേതാക്കൾ തികഞ്ഞ വലതുപക്ഷ ചിന്താഗതിക്കാരാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിെൻറ പേരിൽ ഹിന്ദുത്വത്തെ പ്രീണിപ്പിക്കുന്ന തലത്തിലോളം ഇത് തരംതാഴ്ന്നിട്ടുമുണ്ട്. ഈ പ്രതിച്ഛായയെ ധൈര്യപൂർവം നിരാകരിക്കുകയാണ് കോൺഗ്രസ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് തീർത്തും നഷ്ടപ്പെട്ടുപോയ പ്രസക്തിയെ കോൺഗ്രസിന് ലെഫ്റ്റ് ഓഫ് സെൻറർ പാർട്ടി എന്ന സ്വഭാവം ചാർത്തിക്കൊടുത്തുകൊണ്ട് വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. കനയ്യയുടേയും ജിഗ്നേഷിെൻറയും വരവ് അതിനാൽ വെറും പാർട്ടി മാറ്റമല്ല, കോൺഗ്രസിെൻറ കാഴ്ചപ്പാടുമാറ്റത്തിെൻറതന്നെ സൂചനയാണ്.
കോൺഗ്രസിെൻറ ചരിത്രം പരിശോധിച്ചാൽ പാർട്ടിക്കകത്ത് ഇടതുധാരയുടെ സാന്നിധ്യം അതിെൻറ പ്രാരംഭദശയിൽതന്നെ കാണാം. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ആശയ സംഘർഷത്തിലൂടെയാണ് പാർട്ടി അതിെൻറ വ്യക്തിത്വം രൂപപ്പെടുത്തിയത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസിെൻറ ഉള്ളിൽനിന്നുതന്നെ മുളപൊട്ടിയ രാഷ്ട്രീയ ധാരകളാണ്. എന്നാൽ, പ്രായോഗിക രാഷ്ട്രീയത്തിൽ 1969ലെ പിളർപ്പോടെ കോൺഗ്രസ് തീർത്തും ഇടതായി. ഇന്ദിര ഗാന്ധി നടപ്പിലാക്കിയ ബാങ്ക്-ഇൻഷുറൻസ് ദേശസാൽക്കരണവും മറ്റ് പുരോഗമന നടപടികളും തികഞ്ഞ ഇടതുപക്ഷ സമീപനത്തോട് കൂടിയതായിരുന്നു.
തീവ്ര വലതുപക്ഷത്തിന് കോൺഗ്രസിനോടുള്ള എതിർപ്പിെൻറ മൂലകാരണം അതിെൻറ നെഹ്റുവിയൻ സോഷ്യലിസത്തിലുള്ള ഊന്നലല്ലാതെ മറ്റൊന്നുമല്ല. ഈ സോഷ്യലിസ്റ്റ് കാഴ്ചവട്ടം വീണ്ടെടുക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതെങ്കിൽ സംഘടനാദൗർബല്യങ്ങളുടെ പേരിൽ പാർട്ടിയെ ഇപ്പോൾ എതിർക്കുന്നത് എത്രത്തോളം ന്യായീകരിക്കാനാവും? കോൺഗ്രസ് മുക്ത രാഷ്ട്രീയം എന്ന ആശയം എത്രത്തോളം സ്വീകാര്യമാവും?
കോൺഗ്രസിെൻറ ഇടതു ചായ്വ് കൂടുതൽ പ്രകടമായ മറ്റൊരു സന്ദർഭമായിരുന്നു യു.പി.എ ഗവൺമെൻറുകളുടെ കാലം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി കോൺഗ്രസ് മന്ത്രിസഭാംഗമായി. എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്ന ആശയംപോലും പാർട്ടിക്ക് സ്വീകാര്യമായി. ഈ ഭരണകാലത്താണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം തുടങ്ങിയ പുരോഗമനപരമായ നിയമങ്ങൾ കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയത്. മോദിസർക്കാർ ഏറ്റവും ശക്തമായി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ഈ ഇടതുനിയമങ്ങളെയാണെന്നും ഓർക്കണം.
ഇതെല്ലാംവെച്ച് ചിന്തിക്കുമ്പോൾ ഇടതുവശം ചേർന്നുനടക്കുകയെന്നത് കോൺഗ്രസിന് ചെയ്തുകൂടാത്ത പാപമല്ല. അതാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെങ്കിൽ കോൺഗ്രസിനേയും ബി.ജെ.പിയേയും ഒരേ കണ്ണോടെ കാണുന്നതിൽ എത്രത്തോളം ശരിയുണ്ട്?
തീർച്ചയായും ശക്തമായ പുരോഗമന നിലപാടുകളെടുത്ത് നീങ്ങാനുള്ള കരുത്ത് കോൺഗ്രസിനില്ല. അത് സമ്മതിക്കുമ്പോൾതന്നെ പഞ്ചാബിലും മറ്റും ശക്തമായ സമ്മർദങ്ങളെ മറികടക്കാൻ പാർട്ടി കാണിച്ച ഇച്ഛാശക്തിയെ വിലകുറച്ച് കണ്ടുകൂടാ. പഞ്ചാബിൽ ഒരു ദലിതനെയാണ് അവർ മുഖ്യമന്ത്രിയാക്കിയത്. ഇതേ ഇച്ഛാശക്തി ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളിലും പ്രകടിപ്പിക്കാൻ കഴിയണം. കർഷക പ്രക്ഷോഭങ്ങളോട് സ്വീകരിക്കുന്ന സമീപനം ഈ ഇച്ഛാശക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതിെൻറ സൂചനയാണ്. ഒരുപക്ഷേ ഹിന്ദുത്വ ശക്തികളുമായുള്ള ഏറ്റുമുട്ടലിൽ ഇത്തരം നിലപാടുകൾ പ്രായോഗികതലത്തിൽ പ്രയാസങ്ങളുണ്ടാക്കിയേക്കും. അത് മറികടക്കണമെങ്കിൽ ഇന്ത്യയിലെ മതേതരശക്തികൾ കോൺഗ്രസിനെ മുൻവിധികൾ മാറ്റിവെച്ച് വിലയിരുത്തണം.
1969ൽ കോൺഗ്രസിനോട് ഇടത് മതേതരശക്തികൾ കൈക്കൊണ്ട നിലപാട് ഓർക്കുക. എത്രതന്നെ ശിഥിലമാണെങ്കിലും ഇന്ത്യയിലുടനീളം വേരുകളുള്ള ഏറ്റവും ശക്തമായ മതേതര പ്രസ്ഥാനമാണ് കോൺഗ്രസ്. അതിനെ കൂടുതൽ ഇടത്തോട്ട് നീക്കുകയാണ് ഇടതുമനോഭാവമുള്ളവർ ചെയ്യേണ്ടത്.
ഈ അവസ്ഥയിൽ കേരളത്തിലെ കോൺഗ്രസിനേയും പുതിയൊരു കണ്ണട വെച്ചല്ലേ കാണേണ്ടത്? കെ. സുധാകരൻ നേരത്തെ പറഞ്ഞ പുരോഗമന കാഴ്ചപ്പാടിെൻറ പ്രാതിനിധ്യമവകാശപ്പെടാവുന്ന നേതാവല്ല. എങ്കിലും, ഇപ്പോഴത്തെ അവസ്ഥയിൽ സെമി കേഡർ സ്വഭാവം എന്നും മറ്റുമുള്ള പരികൽപനകൾ പുച്ഛിച്ച് തള്ളേണ്ട കോമാളിത്തങ്ങളല്ല. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കോൺഗ്രസ് അത്ര വലിയ അലർജിയാവേണ്ടതില്ല.
എ.കെ. ആൻറണിയുടെ കോൺഗ്രസിനോടൊപ്പം സംസ്ഥാനം ഭരിച്ചവരാണ് സി.പി.എം. അടിയന്തരാവസ്ഥയിൽപോലും സി.പി.ഐ കോൺഗ്രസ് മുന്നണിയിലായിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് കൂടുതൽ പുരോഗമനാത്മകമാവുന്നുവെങ്കിൽ അതിൽ സന്തോഷിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിൽ എന്ത് നിലപാട് കൈക്കൊണ്ടാലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.