അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനൊപ്പം

അമേരിക്ക തന്നെ ഇസ്രായേൽ

അമേരിക്കയുടെ മുഖംമൂടി പൂർണമായും അഴിഞ്ഞുവീഴുന്നതാണ്​ കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടത്. ഇടക്ക് സമാധാനത്തിന്റെ വേഷമണിയാറുള്ള അമേരിക്ക, വെടി നിർത്തുകയല്ല തുടരുകയാണ് തങ്ങളുടെ താൽപര്യമെന്ന് യു.എൻ വെടിനിർത്തൽ പ്രഖ്യാപനത്തെ വീറ്റോ ചെയ്തതിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിരാലംബരായ ഫലസ്തീനികൾ ഏറ്റുമുട്ടുന്നത് കേവലം ഇസ്രായേലിനോടല്ല, ലോക വൻശക്തിയായ അമേരിക്കയോട് തന്നെയാണ്. ഒപ്പം സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന ആവർത്തിച്ചുള്ള പ്രസ്താവനയുടെ താൽപര്യവും കൂടുതൽ വ്യക്തമായി. ഈ സ്വയം പ്രതിരോധത്തിന്റെ രീതി കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ലോകം കാണുന്നതാണല്ലോ.

ഇസ്രായേൽ, ബന്ദിയാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന കൊടും ഭീകര താണ്ഡവത്തിന് ആവേശം പകരുകയും സഹായം ഉറപ്പ് വരുത്തുകയുമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ കഴിഞ്ഞ ദിവസത്തെ തിരക്കിട്ട ഇസ്രായേൽ സന്ദർശനത്തിന്റെ അജണ്ട. മേഖലയിലെ അറബ് നേതാക്കളുമായി നിശ്ചയിക്കപ്പെട്ട ഉച്ചകോടിയിലൂടെ അവരെ വരുതിയിൽ നിർത്താനുള്ള ഉപ അജണ്ട ഇ​സ്രായേൽ ഗസ്സയിലെ ആശുപത്രി ബോംബെറിഞ്ഞ് തകർത്തതിലൂടെ കൈവിട്ടു പോയി.


ഗസ്സയിലെ അൽഅഹ്‍ലി ആശുപത്രിയിൽ ഒളിച്ച തീവ്രവാദികളെ വകവരുത്തുമെന്ന് ആക്രമണത്തിന് മുമ്പും വെള്ളവും ഭക്ഷണവും മരുന്നും വൈദ്യുതിയും നിഷേധിക്കപ്പെട്ട നൂറ് കണക്കിന് വരുന്ന ആശുപത്രി അന്തേവാസികളെ ദയാവധത്തിന് വിധേയരാക്കിയെന്ന പരിഹാസം കലർന്ന അവകാശ വാദം ആക്രമണത്തിനു ശേഷവും ഉന്നയിച്ചതിലൂടെ ആശുപത്രിക്ക് നേരെ നടത്തിയ ബോംബ് സ്ഫോടനം തങ്ങളുടെ ആസൂത്രിത പദ്ധതിയായിരുന്നുവെന്ന് ഇസ്രായേൽ തെളിയിച്ചു.


എന്നാൽ, ശക്തമായ പ്രതിഷേധം ലോകത്തിന്റെ നാനാഭാഗത്തും ഉയർന്നപ്പോൾ നട്ടാൽ മുളക്കാത്ത നുണകളുമായി വന്ന്​ സ്വയം പരിഹാസ്യരാവുകയായിരുന്നു ഇസ്രായേലികൾ. ‘ഇസ്​ലാമിക്​ ജിഹാദ്​ തൊടുത്തു വിട്ട മിസൈൽ ഉന്നം തെറ്റി ആശുപത്രിക്ക് മേൽ പതിക്കുകയായിരുന്നു’ എന്നാണ് തട്ടിവിട്ടത്. മനുഷ്യക്കുരുതിക്ക് ഇന്ധനം പകരാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഇതിന് സാക്ഷ്യപത്രം നൽകുകയും ചെയ്തു. ഒരു തെരുവുരാഷ്ട്രീയക്കാരന്റെ ഭാഷയിൽ സംസാരിക്കുന്ന പ്രസിഡന്റിനെയാണ് അവിടെ കാണാനായത്.

എല്ലാ ദുരിതത്തിനും കാരണം ഫലസ്തീൻ പോരാളികളുടെ പൊടുന്നനെയുള്ള തീവ്രവാദ ആക്രമണമാണെന്ന തൽപര കക്ഷികളുടെ പല്ലവിക്ക് അനുപല്ലവി പാടുന്ന സമാധാനത്തിന്റെ അപ്പോസ്തലൻമാർ ആത്മപരിശോധനക്ക് തയാറാകേണ്ട സന്ദർഭമാണിത്​. കൊളോണിയൽ ശക്തികളെയും കോളനിവത്​കരിക്കപ്പെട്ടവരെയും, അധിനിവേശക്കാരെയും ജനിച്ച മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയും നാണയത്തിന്റെ ഇരുവശങ്ങളായി സമീകരിക്കുന്നത് അക്രമികൾക്ക് മാത്രമേ സഹായകമാവൂ.


ഫലസ്തീനികൾക്ക് മേൽപറഞ്ഞ പല്ലവിയിൽ അത്ഭുതമൊന്നും തോന്നില്ല. ഒക്ടോബർ ഏഴിനു മുമ്പും അവരുടെ അനുഭവം മറിച്ചായിരുന്നില്ലല്ലോ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനും അവരെ വളർത്തുന്നതിനും നിലനിർത്തു ന്നതിനും സഹായങ്ങൾ ചെയ്ത യൂറോപ്യരും മറ്റു വൻശക്തികളും തന്നെ, ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ജൂതന്മാരെ ആട്ടിയോടിക്കുകയും ഗ്യാസ് ചേമ്പറിലിട്ട് ഉന്മൂല നാശം വരുത്തുകയും ജീവനും കൊണ്ടോടിയ അഭയാർത്ഥികളെ കപ്പലുകൾ മുക്കിക്കൊല്ലുകയും ചെയ്തപ്പോൾ ഇരുകരങ്ങളും നീട്ടി തങ്ങളുടെ സഹോദരങ്ങൾ എന്ന പരിഗണനയിൽ ജൂതന്മാർക്ക് അഭയം നൽകി എന്നതാണ് ഫലസ്തീനിയൻ അറബികൾ ചെയ്ത ‘ചരിത്രപരമായ പാതകം’. നന്ദികെട്ട ജൂതന്മാർ താമസംവിനാ തുടങ്ങി, ഭക്ഷണവും പാർപ്പിടവും ഭൂമിയും പകുത്ത് നൽകി അഭയം കൊടുത്ത തദ്ദേശവാസികളെ ആട്ടിയോടിക്കാനും കൊന്ന് തീർക്കാനും പലായന വിധേയരാക്കാനും.

എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോൾ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഒരു ജനത അതിജീവനത്തിനായി അന്തിമ പോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഇസ്രായേലിനു മേൽ സൈനിക വിജയം എന്ന വ്യാമോഹമൊന്നും പോരാളികൾക്കുണ്ടായിരുന്നില്ല. പ്രകോപനത്തെ കുറിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവാന്മാരായിരുന്നു അവർ. ശത്രുവിന്റെ ശക്തിയെ കുറിച്ച് നല്ല ബോധ്യവും അവർക്കുണ്ടായിരുന്നു.

ഏതാണ്ട് വിസ്മൃതിയിലായിരുന്ന ഫലസ്തീൻ പ്രശ്നം ഒരിക്കൽകൂടി ലോകരാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും സജീവ ചർച്ചയിലേക്ക് കൊണ്ടുവരാൻ അവർക്ക് സാധിച്ചു. ശത്രുവിന് നേരെ ശക്തമായ പ്രഹരമേൽപ്പിച്ചു കൊണ്ടുള്ള ഒരു മനശാസ്ത്ര യുദ്ധമായിരുന്നു അവരുടെ ഉന്നം. അതിൽ അവർ വിജയിച്ചു. ലോകോത്തര പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക സൈനിക സന്നാഹങ്ങളും കുറ്റമറ്റ ചാര നിരീക്ഷണ ശൃംഖലയുമുണ്ടെന്ന് സ്വയം മേനി നടിക്കുന്ന ഇസ്രായേലിനെ പത്തു മണിക്കൂറോളം അസ്തപ്രജ്ഞരാക്കാൻ അവർക്ക് സാധിച്ചു.


ഫലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം, ഇസ്രായേൽ യു.എൻ പൊതുസഭയുടെയും യു.എൻ മനുഷ്യാവകാശ സമിതിയുടെയും 1949 ലെ ജനീവ പ്രഖ്യാപനങ്ങളുടെയും അന്തഃസത്ത മാനിച്ച് അധിനിവേശവും അവരുടെ അപ്പാർതൈറ്റ് സമീപനവും അനധികൃത പാർപ്പിട നിർമാണവും അവസാനിപ്പിക്കുകയാണ്. ഒപ്പം ആട്ടിയോടിക്കപ്പെട്ട ഫലസ്തീനികളെ ജന്മദേശത്ത് തിരിച്ച് വരാൻ അനുവദിക്കുകയും. അപ്പോൾ മാത്രമേ പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സംജാതമാവൂ.

ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും അതിനവരെ പ്രേരിപ്പിക്കുകയും സമ്മർദത്തിലാക്കുകയും വേണം. വംശഹത്യക്കെതിരായ പൊതുസമൂഹത്തിന്‍റെ നിലപാട് ഏറെ പ്രധാനമാണ്. പകരം ബോധപൂർവമോ അല്ലാതെയോ അക്രമികൾക്ക് സഹായകമാവുന്ന സമീപനം സ്വീകരിക്കുന്ന കാലത്തോളം പ്രശ്നം കൂടുതൽ സങ്കീർണമാവുകയേയുള്ളൂ. ജീവിക്കാൻ വേണ്ടി മരിക്കാൻ തയാറാകുന്നവരെ ആർക്കാണ് ജയിക്കാൻ കഴിയുക!


അമേരിക്കക്കെന്നല്ല ഒരു ഭൗതിക ശക്തിക്കും ഫലസ്തീനികളുടെ നിശ്ചയ ദാർഢ്യത്തെ തകർക്കാനാവില്ല, പരാജയപ്പെടുത്താനും. നിർഭയത്വമാണ് അവരുടെ ശക്തി. ഭയമാണ് ശത്രുവിന്‍റെ ദൗർബല്യമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ജീവിക്കാൻ കൊതിയുള്ളപ്പോൾ തന്നെയാണ് അവർ മരിക്കാൻ സന്നദ്ധരാവുന്നത്. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ എന്നവർ ജീവിതത്തിലൂടെ പഠിച്ചിരിക്കുന്നു. ഭാവി തലമുറക്ക് ജീവിക്കാൻ വേണ്ടിയാണ് അവർ മരിക്കാൻ തയാറാവുന്നത്. വിശ്വാസികളായ അവർ ദൈവികമായ വൻശക്തിയുടെ സഹായത്തിൽ പ്രതീക്ഷയർപ്പിക്കുന്നു. ജീവിതം കൊണ്ട് അർഹത തെളിയിക്കുന്നവർക്കേ ആ ശക്തിസ്വരൂപത്തിന്‍റെ സഹായം ലഭിക്കൂ എന്ന് പ്രവാചകനും പ്രമാണങ്ങളും അവരെ പഠിപ്പിച്ചിരിക്കുന്നു.

(സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകൻ)
Tags:    
News Summary - Israel–United States relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.