പല സമര പരിപാടികളിലും ഉറച്ച മുദ്രാവാക്യം വിളിച്ച്, മഞ്ഞുകാലത്തും ദേഹമാകെ വിയർത്ത് നടന്നു നീങ്ങിയിരുന്ന ഉമറിനെ ഇടക്കിടെ കാണാറുണ്ടായിരുന്നു. ഒരു ‘ആവേശ്കുമാർ’ മാത്രമായാണ് അന്നയാളെ കരുതിയിരുന്നത്. രാജ്യത്തെ സർവകലാശാലകൾക്കെതിരെ കേന്ദ്രസർക്കാർ മെഷിനറി, മാധ്യമങ്ങളുമായി കൈകോർത്ത് പിടിച്ച് ഗൂഢാലോചന നടത്തിയ കാലത്താണ് ഉമർ ഖാലിദിനെക്കുറിച്ച് കൂടുതലറിയുന്നത്. അദ്ദേഹത്തിെൻറ രാഷ്ട്രീയ വീക്ഷണങ്ങളോട് വിയോജിപ്പ് പുലർത്തിയിരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉമർ ഖാലിദ് എന്ന മനുഷ്യ സ്നേഹിയെക്കുറിച്ച് സന്ദേഹങ്ങളുണ്ടായിരുന്നില്ല.
പൊലീസും പട്ടാളവും ഭരണകൂട ചാരൻമാരുമെല്ലാം ആഴ്ചകളോളം ഒാരിയിട്ട് പാഞ്ഞു നടന്നിട്ടും ഉമറിനെയും അനിർബനെയും അവർക്കു മുന്നിൽ എറിഞ്ഞു കൊടുക്കാതെ ജെ.എൻ.യു സമൂഹം ജാഗ്രത പുലർത്തി. സുഹൃത്തുക്കളെയും അധ്യാപകരെയുമെല്ലാം പൊലീസ് പീഡിപ്പിക്കുകയും കൂട്ടുകാർക്കും ബന്ധുക്കൾക്കുമെതിരെ സംഘ്പരിവാർ അണികൾ പരസ്യമായി ബലാൽസംഗ ഭീഷണി ഉയർത്തുകയും ചെയ്ത ഘട്ടത്തിൽ സ്വയം അറസ്റ്റ് വരിക്കുകയായിരുന്നു അവർ. ഇന്ത്യൻ വിദ്യാർഥി സമര ചരിത്രത്തിലെ ഗംഭീരമായ ഏടുകളാണ് അറസ്റ്റിനു മുമ്പും പിമ്പും ഉമറും കനയ്യയും അനിർബനും തങ്ങളുടെ സഖാക്കളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗങ്ങൾ. സംഘിക്കോട്ടകളെ അതു പോലൊന്ന് കുലുക്കി മറിക്കാൻ രാഹുൽ ഗാന്ധിയുടെ എല്ലാ പ്രസംഗങ്ങളും കൂട്ടി ചേർത്തുവെച്ചാൽ പോലും കഴിഞ്ഞെന്നു വരില്ല.
കൊല്ലുന്ന ഭരണകൂടത്തിനെതിരെ വിദ്യാർഥികൾ യഥാർഥ പ്രതിപക്ഷമായ നാളുകളായിരുന്നു അത്. ഒന്നോർത്താൽ അന്താരാഷ്ട്ര ഭീകരരുമായി ബന്ധമുണ്ടെന്നും വിദേശത്തേക്ക് കടന്നുവെന്നുമെല്ലാം മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജവാർത്ത പരത്തിയതോടെയാണ് കേന്ദ്രസർക്കാറിെൻറ ഗൂഢാലോചന വെളിപ്പെട്ടതും അരാഷ്ട്രീയ ചിന്താഗതിക്കാരായ വിദ്യാർഥികൾ പോലും ‘We are JNU’ എന്നുറക്കെ വിളിച്ചു പറഞ്ഞ് തെരുവിലിറങ്ങിയതും. വിദ്യാർഥികൾക്കെതിരെ തെളിവുകൾ ചുെട്ടടുക്കാൻ വ്യാജവീഡിയോ ചമച്ചത് ലോകമറിഞ്ഞു.
രാജ്യ തലസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്ന ഡൽഹി പൊലീസിെൻറ മുൻവിധികളും കള്ളക്കളികളുമെല്ലാം പൊളിച്ചു കാട്ടപ്പെട്ടു. ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തണമെന്നും പട്ടാളക്യാമ്പ് ആക്കി മാറ്റണമെന്നുമെല്ലാമുള്ള സംഘബുദ്ധിയുടെ ഗോബർഗ്യാസ് ടാങ്കുകൾ വിദ്യാർഥികളുടെയും പൗരാവകാശ സമൂഹത്തിെൻറയും ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പിനെ തുടർന്ന് നിർവീര്യമാക്കപ്പെടുകയും ചെയ്തു. അറസ്റ്റിലായ കാലത്ത് പൊലീസ് അങ്കിൾമാർ ഇരുവരെയും നല്ല കുട്ടികളാക്കാൻ ശ്രമിച്ച കഥകൾ ഉമറും അനിർബനും പിന്നീട് വിവരിച്ചിരുന്നു. അതും പൊളിഞ്ഞു. ഉമറിെൻറ കുഞ്ഞുപെങ്ങൾ സാറാ ഫാത്തിമയുടെ മുദ്രാവാക്യം വിളികളിൽ നിന്ന് വ്യക്തമാവും എത്ര സ്വാധീനശക്തിയുള്ള നേതാവാണ് അയാളെന്ന്.
ഉമറിനെയും കനയ്യയെയും വധിക്കുമെന്ന് പല തവണ ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു. കൊലക്ക് ആഹ്വാനം പരസ്യമായി നടത്തിയവരെ പിടികൂടാൻ ഭരണകൂടത്തിന് താൽപര്യമില്ലായിരുന്നു. കാമ്പസിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിട്ടു. ജാതി അതിക്രമത്തെ തുടർന്ന് ജീവൻ വെടിഞ്ഞ രോഹിത് വേമുലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭങ്ങൾ സംഘ്പരിവാർ അക്രമങ്ങളെ തുടർന്ന് കാമ്പസിൽ നിന്ന് കാണാതായ നജീബിനു വേണ്ടിയും തുടർന്നു. ആൾകൂട്ട കൊല ചെയ്യപ്പെട്ടവർക്ക്, കർഷകർക്ക്, ആദിവാസികൾക്ക്.... നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ പേരിലുള്ള സമരങ്ങൾക്കെല്ലാം അവൻ പിന്നെയും വിയർത്തൊലിച്ചു.
‘വെറുപ്പിെൻറ കാലത്ത് ഭയത്തിൽ നിന്ന് മോചനം’ എന്ന പ്രമേയത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന മനുഷ്യാവകാശ കൂട്ടായ്മയിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് ഇപ്പോൾ അക്രമികൾ ഉമർ ഖാലിദിനു നേരെ തീയുണ്ട പായിക്കാൻ ശ്രമിച്ചത്. ഏതെങ്കിലും ആളൊഴിഞ്ഞ കോണിലല്ല, പാർലമെൻറ് മന്ദിരത്തിനും റിസർവ് ബാങ്കിനും വിവിധ മന്ത്രാലയങ്ങൾക്കും തൊട്ടരികിൽ വെച്ചാണ് അവരീ പകൽ ഹത്യക്ക് ഒരുെമ്പട്ടതെന്ന് ഒാർക്കണം. കൽബുർഗിയെ, പൻസാരെയെ, ഗൗരി ലേങ്കഷിനെ ..... ഇല്ലാതാക്കിയതു പോലെ ഇല്ലാതാക്കാൻ വന്ന അക്രമിയെ കണ്ടെത്താനായില്ല പോലും. ഭരണകൂടം പ്രച്ഛന്ന വേഷമണിഞ്ഞു വന്ന് രാജ്യത്തെ പൗരനു നേരെ നിറയൊഴിക്കുേമ്പാൾ എങ്ങിനെ കണ്ടെത്താൻ?
കള്ളക്കേസുണ്ടാക്കി, വ്യാജ വീഡിയോ തെളിവുകളുണ്ടാക്കി ജയിലിലടച്ചു പഠനം മുടക്കാനും പി.എച്ച്.ഡി വിലക്കാനും ശ്രമിച്ചു. എന്നിട്ടും, വേദനിക്കുന്നവർക്കു വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കുന്ന ആ യുവനേതാവിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പുറം കരാർ വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നു.
വർഗീയ ഫാഷിസ്റ്റ് ഭരണകൂടമേ, നിങ്ങൾ ഇനിയുമിനിയും തോറ്റുപോവുകയേയുള്ളു....!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.