നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന1975ലെ എ.ഡി.എം ജബൽപുർ v/s ശിവകാന്ത ് ശുക്ല കേസിലെ വിധിക്ക് തുല്യമായായിരിക്കും സുപ്രീംകോടതിയുടെ അയോധ്യവിധിയും ചരി ത്രത്താളുകളിൽ ഇടംപിടിക്കുക. എന്നാൽ, ഒരു വ്യത്യാസമുണ്ട്.അടിയന്തരാവസ്ഥയിൽ വ്യക്തിസ്വാത ന്ത്ര്യം കവരുന്നതിനെതിരെ ഒരു കോടതിയെയും സമീപിക്കേണ്ടതില്ലെന്ന അഞ്ചംഗ ബെഞ്ചിെൻറ വിവാദവിധിയിൽ ഒരു ജ ഡ്ജിയെങ്കിലും അന്ന് വിയോജിക്കാനുണ്ടായി. ഇന്ന് അതില്ല. എല്ലാവരും ഒറ്റക്കെട്ട്. ഒര ർഥത്തിൽ കൈയൂക്കാണ് ശരി എന്നാണ് അയോധ്യവിധിയിൽ കോടതി പറയുന്നത്. മറ്റൊരർഥത്തിൽ കടന്നാക്രമണത്തിന് വിശുദ്ധ പരിവേഷം നൽകി മുെമ്പങ്ങുമില്ലാത്ത കീഴ്വഴക്കവും കോടതി സൃഷ്ടിക്കുന്നു. ട്വിറ്ററിൽ പ്രതീക് സിൻഹ ഇങ്ങനെ കുറിച്ചു: ‘‘കുട്ടിയുടെ കൈയിലിരുന്ന സാൻഡ്വിച്ച് ക്ലാസിലെ വികൃതിപ്പയ്യൻ തട്ടിയെടുത്തു. ഇതറിഞ്ഞ അധ്യാപകൻ ‘സന്തുലിതമായ’ തീർപ്പുണ്ടാക്കി. സാൻഡ്വിച്ച് തട്ടിയെടുത്തവനോട് അത് കൈയിൽ വെച്ചോളൂ എന്നും ഉണങ്ങിയ ബ്രെഡിെൻറ കുറച്ചുഭാഗം കുട്ടിക്ക് കൊടുക്കൂ എന്നുമായിരുന്നു ആ തീർപ്പ്. അതുപോലെയാണ് ഇവിടെ കാര്യങ്ങൾ.’’
മുഗൾ ചക്രവർത്തി ബാബറിെൻറ സൈനിക കമാൻഡർ പള്ളി പണിതത് ഇസ്ലാമികമല്ലാത്ത കെട്ടിടം മുമ്പ് നിലനിന്നിരുന്നിടത്തായിരിക്കാമെന്നും അത് തകർത്തിട്ടുണ്ടാകാമെന്നും കോടതി പറഞ്ഞില്ലായിരുന്നു എങ്കിൽ വിധി തിരുത്തണമെന്ന് പറയാൻ മെനക്കെടേണ്ടതില്ലായിരുന്നു. മുസ്ലിം അധിനിവേശത്തിൽ നിരവധി ഹൈന്ദവക്ഷേത്രങ്ങൾ രാജ്യത്ത് തകർക്കപ്പെട്ടിട്ടുണ്ടെന്നതും അവിടെ പള്ളികൾ നിർമിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. പലപ്പോഴും തകർത്ത ക്ഷേത്രഭാഗങ്ങൾ ഉപയോഗപ്പെടുത്തിയാണ് പള്ളികൾ പണിതിട്ടുള്ളതും. ഡൽഹി ഖുത്തുബ് മിനാറിനടുത്തുള്ള ഖുവ്വത്തുൽ ഇസ്ലാം പള്ളിയിലെ തൂണുകളിൽ ഹൈന്ദവ ശിൽപവേലകളുണ്ട്. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിെൻറ പിൻഭിത്തിയിലും ജോൺപുരിലെ അടല ദേവി മസ്ജിദിലും ഹൈന്ദവ കൊത്തുപണികൾ കാണാം. എന്നാൽ, ഇവിടെ ഉയരുന്ന ചോദ്യം, ഇന്ത്യ മുന്നോട്ടാണോ പിേന്നാട്ടാണോ പോകേണ്ടത് എന്നാണ്. ഇപ്പോൾ ഒരു ഹിന്ദുക്ഷേത്രം അനധികൃതമായി തകർത്ത് പള്ളി പണിതെങ്കിൽ അത് മറ്റൊരു വിഷയമാകുമായിരുന്നു. എന്നാൽ, 500 വർഷം മുമ്പ് നടന്നതായി പറയുന്ന സംഭവത്തിെൻറ പേരിൽ അവിടെ ഹൈന്ദവക്ഷേത്രം പുനഃസ്ഥാപിക്കുന്നതിൽ എന്തർഥമാണുള്ളത്? വിശ്വഹിന്ദു പരിഷത്തിെൻറ ഈ രീതിയിലെ വിവേകശൂന്യമായ പ്രതികാരവാഞ്ഛ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നതിൽ തർക്കമില്ല. വോട്ടിനുവേണ്ടി സാമുദായികവികാരം ആളിക്കത്തിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് കുടപിടിക്കുന്നത് എത്രത്തോളം ഭൂഷണമാണെന്നും ആലോചിക്കേണ്ടിയിരിക്കുന്നു.
1528ൽ പള്ളി നിർമിച്ചതു മുതൽ 1857 വരെ പള്ളിയിൽ നമസ്കാരം നിർവഹിച്ചതിന് മുസ്ലിംപക്ഷം തെളിവ് ഹാജരാക്കിയില്ലെന്നാണ് അയോധ്യ വിധിന്യായത്തിെൻറ 786, 798 ഖണ്ഡികകളിൽ പറയുന്നത്. പക്ഷേ, എനിക്ക് ചോദിക്കാനുള്ളത്, എന്ത് തെളിവാണ് അതിനുണ്ടാവുക എന്നാണ്. ആ കാലത്ത് ജീവിച്ചിരുന്ന ഒരു ദൃക്സാക്ഷിയും ഇന്നില്ല. 1857ൽ നടന്ന സ്വാതന്ത്ര്യപ്പോരാട്ടത്തിൽ അവധ് മേഖലയിൽ അന്നുണ്ടായിരുന്ന എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടുവെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഒരു ആരാധനാലയം അത്, അമ്പലമോ പള്ളിയോ ചർച്ചോ ഗുരുദ്വാരയോ എന്തുമാകട്ടെ, അതുണ്ടാക്കുന്നത് പ്രാർഥന നടത്താനാണ്. അല്ലാതെ അലങ്കാരത്തിനുവേണ്ടിയല്ല എന്നത് സാമാന്യബുദ്ധിയല്ലേ?
വിഗ്രഹം കൊണ്ടുവന്നുവെച്ച 1949 ഡിസംബർ 22നും 23നും ഇടക്കുള്ള രാത്രിയിലാണ് മുസ്ലിംകൾക്ക് പള്ളിയിലുള്ള പ്രാർഥനാസ്വാതന്ത്ര്യവും അവകാശവും നിഷേധിക്കപ്പെട്ടതെന്ന് വിധിന്യായത്തിെൻറ 798ാം ഖണ്ഡികയിൽ പറയുന്നു. മുസ്ലിംകൾ പുറത്താക്കപ്പെട്ടത് നിയമവിധേയമായല്ല എന്ന് വ്യക്തം. 450 വർഷമായി നിലനിന്ന പള്ളി അവരിൽനിന്ന് എടുത്തുമാറ്റുകയായിരുന്നു. തെളിവാർന്ന ഈ വസ്തുതകൾ നിലനിൽക്കെയാണ് വിചിത്രമായ യുക്തി പയറ്റി കോടതി സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തത്. ഈ നിലക്ക് നോക്കുേമ്പാൾ അയോധ്യ വിധി സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ചെക്കോസ്ലോവാക്യയെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയ ഹിറ്റ്ലർക്ക് ആ രാജ്യത്തിെൻറ ഭാഗം വിട്ടുകൊടുത്ത് യുദ്ധമൊഴിവാക്കിയ 1938ലെ മ്യൂണിക് ഉടമ്പടിക്ക് സമാനമായ പ്രീണനമാണിത്. കടന്നുകയറ്റക്കാരെൻറ ആസക്തിയെ തുടർന്നും ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ‘ഇപ്പോൾ ഇവിടെവരെ, കാശിയും മഥുരയും ബാക്കിയാണ്’ എന്നാണ് 1992 ഡിസംബർ ആറിന് ബാബരി പള്ളി തകർത്ത സമയത്ത് കർസേവകർ മുഴക്കിയ മുദ്രാവാക്യം. വാരാണസി, മഥുര എന്നിവിടങ്ങളിലെ മുസ്ലിം ആരാധനാലയങ്ങൾ ലക്ഷ്യംവെച്ചായിരുന്നു ആ ഭീഷണി. അത് ഉടൻ ആവർത്തിക്കപ്പെടാനാണ് സാധ്യത. ഹിന്ദു ക്ഷേത്രമുണ്ടായിരുന്നിടത്താണ് ഡൽഹി ജുമാമസ്ജിദ് പണിതതെന്നും അത് പുനഃസ്ഥാപിക്കണമെന്നും ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. താജ് മഹലിനു നേരെയും ഇതേ ഭീഷണിയുണ്ട്. ഇതെല്ലാം എവിടെച്ചെന്നാണ് അവസാനിക്കുക?
ശ്രീരാമൻ ജനിച്ചത് ഇന്ന സ്ഥലത്താണ് എന്ന് ചൂണ്ടിക്കാട്ടുന്നത് അേങ്ങയറ്റം പരിഹാസ്യമാണ്. പുരാണത്തിലെ വ്യക്തിയല്ല, ചരിത്രപുരുഷൻതന്നെയായാലും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ജനിച്ച ഒരു വ്യക്തി ഇവിടെത്തന്നെയാണ് പിറന്നത് എന്ന് എങ്ങനെയാണ് പറയാൻ കഴിയുക?
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഭ്യന്തര മൊത്ത ഉൽപാദന വളർച്ച (ജി.ഡി.പി) മുരടിപ്പിലാണ്. ഉൽപാദന-വ്യവസായ മേഖലകൾ മാന്ദ്യത്തിെൻറ പിടിയിൽ. തൊഴിലില്ലായ്മ ഏറ്റവും കൂടിയ നിരക്കിൽ. കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും ദയനീയ സ്ഥിതിയിൽ. 50 ശതമാനം സ്ത്രീകളും വിളർച്ചയുള്ളവർ. കർഷക ആത്മഹത്യകൾ നിർബാധം തുടരുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ നടപടികളും പരിതാപകരമായ അവസ്ഥയിൽ... ഗൗരവമേറിയ ഇൗ പ്രശ്നങ്ങളെല്ലാം എങ്ങനെ പരിഹരിക്കുമെന്നതിൽ നേതാക്കന്മാർക്ക് ഒരു ധാരണയുമില്ലെന്ന് വ്യക്തം.
അതിനാൽ, ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അവർ യോഗ ദിനാചരണം, പശുസംരക്ഷണം, ശുചിത്വ പരിപാലനം, 370ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ സൂത്രവിദ്യകളിലേക്ക് തിരിയുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ഇൗ കൂട്ടത്തിൽതന്നെയാണ് അവർ പെടുത്തിയിരിക്കുന്നതെന്നതും വളരെ വ്യക്തമാണ്. 1947ലെ ഇന്ത്യ വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് രാഷ്ട്രീയ വിധ്വംസകരാൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം. എന്നാൽ, പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെന്ന് വിധിച്ച ജഡ്ജിമാർ അതേ സ്വരത്തിൽ അതിനെ പവിത്രീകരിക്കുകയും ചെയ്യുന്നു. വെൽഡൺ മൈ ലോഡ്സ്! എന്നല്ലാതെ എന്തു പറയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.