പേമാരിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഭരണപക്ഷം. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷം. രണ്ടു കൂട്ടരും പക്ഷേ, പുനഃസ്ഥാപനമല്ല പുതിയ നിർമിതിയാണ് ലക്ഷ്യമെന്ന സർക്കാർവാണിയോട് യോജിപ്പിലുമാണ്. കേൾക്കാൻ മഹാജോറ്. പിശാചിരിക്കുന്നത്, എല്ലായ്പ്പോഴും വിശദാംശങ്ങളിലാണല്ലോ. സർക്കാർ നിർമിത ദുരന്തം എന്നാക്രോശിച്ച വി.ഡി. സതീശന്മാരുടെ ഏകമാത്ര അച്ചുതണ്ടിന്‍െറ പേര് ഡാം മാനേജ്മെന്െറ്. കൈകാര്യ പ്രശ്നമല്ലാതെ അണക്കെട്ട് എന്ന ജലബോംബുയർത്തുന്ന ശാശ്വതഭീഷണിയൊന്നും ഇഷ്ടന്മാർക്കൊരു പ്രശ്നമേയല്ല. പിന്നെയാണോ കുഞ്ഞുമാണിക്ക്? സീനിയോറിറ്റികൊണ്ട് സഭയിലെ പരമകാരണവരായ സാമാജികൻ ആശങ്കപ്പെടുന്നതത്രയും ഇടുക്കിയിലെ നിർമാണ പ്രവൃത്തികൾ തടയപ്പെടുമോ എന്നതിലാണ്. 286 ഉരുൾപൊട്ടിയ മേഖല എന്നു പരിതപിച്ച അതേ നാവുകൊണ്ട് ടിയാൻ കസ്തൂരി രംഗനെ വച്ചൊരു മുൻകൂർ ജാമ്യവുമെടുത്തു: ‘‘ഇടുക്കിയിൽ 20,000 ചതുരശ്ര അടിക്ക് മേലെയുള്ള നിർമാണങ്ങൾ മാത്രം തടഞ്ഞാൽ മതിയെന്നാണ് കസ്തൂരിരംഗൻ ശിപാർശ’’.
സർക്കാറിെൻറ ധീരസാഹസിക യജ്ഞത്തിന്മേൽ പുഷ്പവൃഷ്ടി നടത്തിയ ഭരണപക്ഷത്തിനും മേൽപറഞ്ഞ മാതിരി കണ്ഠക്ഷോഭം ചെയ്ത പ്രതിപക്ഷത്തിനുമിടയിൽ സംഗതമായ അസാന്നിധ്യമായത് ഇൗ ദുരന്തത്തിലെ ശരിയായ മനുഷ്യപ്പങ്കാണ്. ഇരുപക്ഷത്തുമില്ലാതെ ഏതാണ്ടൊരു ത്രിശങ്കുവിലിരിക്കുന്ന അച്യുതാനന്ദൻ മാത്രമാണ് ആ പച്ചനേരിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. അതിന് വല്ല കാതും കിട്ടുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു വാഗ്ദത്ത നവകേരളത്തിന്‍െറ ശരിപ്രകൃതം.
കാരണം, ഇപ്പോഴത്തെ ദുരന്തത്തിന്‍െറ അടിസ്ഥാനം തന്നെ കാലാവസ്ഥ വൃതിയാനവും ഭൂപ്രകൃതിയിൽ മനുഷ്യർ വരുത്തിയ മാറ്റങ്ങളുമാണെന്നതാണ്. കാലാവസ്ഥ വൃതിയാനത്തിന്െറ ദീർഘകാലികത്വം നിൽക്കെട്ട; ഇക്കുറി പെയ്ത പേമാരിക്കു പിന്നിലെ ഒരു ഭൗതിക പ്രതിഭാസം കണക്കിലെടുക്കേണ്ടതുണ്ട് - സോളാർ മിനിമം. 11 കൊല്ലമെടുക്കുന്ന ഒരു സൗരഘട്ടത്തിൽ സൂര്യനിൽനിന്നുള്ള വികിരണങ്ങൾ തീവ്രത കുറഞ്ഞ തോതിൽ ഭൗമാന്തരീക്ഷത്തിലെത്തുന്ന കാലയളവാണിത്. സാധാരണ ഗതിയിൽ തീവ്രതയുള്ള സൂര്യവികിരണങ്ങളാണ് ബാഹ്യ പ്രപഞ്ചത്തിൽനിന്നുള്ള മറ്റു വികിരണങ്ങളെ (കോസ്മിക് റേഡിയേഷൻ) തടഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തെ സംരക്ഷിക്കുക. സോളാർ മിനിമത്തിന്െറ കാലത്ത് ഇൗ സരംക്ഷണ കവചം ദുർബലമാവുന്നു; കോസ്മിക് രശ്മികൾ വലിയ തോതിൽ കടന്നുവരുന്നു. അവയുടെ വലിപ്പമേറിയ തന്മാത്രകൾ കടലിൽ നിന്നുയരുന്ന നീരാവിയോടു ചേർന്ന് ഘനമേറിയ മേഘങ്ങളുണ്ടാക്കുന്നു. അവയാണ് അസാധാരണ തീവ്രതയുള്ള മഴയായി പൊഴിയുന്നതും ആ മഴക്ക് അസാമാന്യ വ്യാപ്തിയുള്ള പെയ്ത്തുനീരുണ്ടാക്കുന്നതും. ഇൗ ഘനമേഘങ്ങളെ തടഞ്ഞ് മഴയാക്കുന്ന പണി നമ്മുടെ പശ്ചിമഘട്ട മലനിരകളെടുക്കുന്നു. ശിഷ്ട ദൗത്യം പെയ്ത്തുനീര് ഒഴുക്കികളയേണ്ട പുഴകളുടേതാണ്. ഇൗ രണ്ടാം പണിക്കാണ് കേരളീയർ പമ്പരാഗതമായി പാരവെച്ചുവരുന്നത്. മലയും പുഴയും കൈയേറിയും, അണകൾ കെട്ടിയും, പാറ തുരന്നും, മണലൂറ്റിയും, മരംവെട്ടിയുമൊക്കെ.
അതുപറഞ്ഞാൽ പരിസ്ഥിതി മൗലികവാദം തൊട്ട് വികസന വിരുദ്ധത വരെയുള്ള രാഷ്ട്രീയ ചാപ്പകൾ പതിച്ചുകിട്ടും. സോളാർ മിനിമത്തിനോ പശ്ചിമഘട്ടത്തിനോ മനുഷ്യന്‍െറ രാഷ്ട്രീയമറിയില്ല. പുണ്യനദി എന്നു ചാപ്പ കുത്തിയെന്നുവെച്ച് പമ്പക്ക് പെരുകാതിരിക്കാൻ പറ്റില്ല. പെയ്ത്തു കനത്താൽ അത് അതിന്‍െറ ഒഴുക്കുപാതകൾ വീണ്ടെടുക്കുക തന്നെ ചെയ്യും. മണലൂറ്റി കുഴികളാക്കിയ പുഴത്തട്ട് വെള്ളം അകത്തോട്ടു പിടിക്കില്ല, അതിശക്തിയിൽ മുന്നോട്ടുതന്നെ തള്ളിവിടും. അതാണ് ഇരുമ്പുകാലുകൾ വരെ വളച്ചൊടിച്ച് ഇക്കുറി കണ്ട കുത്തൊഴുക്ക്.
ശ്രദ്ധിക്കുക, ഇപ്പോഴത്തെ ദുരന്തത്തിൽ കൂടുതൽ ആളപായവും സംഭവിച്ചത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പൈലിങ് ഇത്യാദി മൂലമാണ്. ഡാം മാനേജ്മന്‍െറിൽ രാഷ്ട്രീയമത്സ്യബന്ധനം നടത്തുന്ന വിദ്വാന്മാർ സൗകര്യപ്രദമായി വിഴുങ്ങിക്കളയുന്ന നാടൻ യാഥാർഥ്യം. 45 ഡിഗ്രി ചെരിവുള്ള നമ്മുടെ മലനിരകളിൽ ഒന്നുതൊട്ട് 25 വരെ ഡിഗ്രികളിൽ നിർബാധം വീടും റോഡും പണിത നമ്മൾ ഇൗ മേഖലകളിലെ മണ്ണടുക്കുകൾക്കു വരുത്തിയ ബലക്ഷയം ആരും അളന്നിട്ടില്ല. മറ്റൊന്ന്, ആവശ്യത്തിലേറെ മഹത്വവത്കരിക്കപ്പെട്ട മറ്റൊരു മനുഷ്യ നിർമിതിയാണ് -കൃഷി. കൂറ്റൻ മലഞ്ചെരിവുകളിൽ ഒരു വൻമരം അടിയിലേക്കുതിർക്കുന്ന നീർത്തോതിനും എത്രയോ മടങ്ങാണ് കൃഷിചെയ്യപ്പെടുന്ന ചെറുസസ്യച്ചാർത്തിന്െറ സംഭാവന. ഇൗ നീരിറക്കം താഴെ മണ്ണടുക്കുകളിലേക്കിറങ്ങി അവയുടെ ഘനയിൽ മെല്ലെ വിള്ളലിടുന്നു. ഒരു വൻ മഴ മതി ഇൗ അടുക്കുകൾക്കു പിന്നെ അടിതെറ്റാൻ. മറ്റൊരുവിധത്തിൽ അണക്കെട്ടുകൾ ചെയ്യുന്നതും ഇതുതന്നെ.
അതിഭീകര ഭാരമുള്ള ഒരു വെള്ളക്കെട്ട് തൊട്ടുതാഴേക്ക് ചെലുത്തുന്ന മർദ്ദം ചില്ലറയല്ല. അതറിയാത്തവരല്ല, കേവലമൊരു കൗപീനമാത്ര ദേശത്ത് എൺപതിൽപരം അണകൾ കെട്ടിയത്. ചുരുക്കിയാൽ, നമ്മുടെ കിഴക്കൻ മേഖല നമ്മുടെ സ്വന്തം കൈകളാൽ നാനാവിധത്തിൽ ദുർബലമാക്കപ്പെട്ടു. കുടിയേറ്റം-കൈയേറ്റം, കൃഷി, വികസനം, വൈദ്യുതി ഉദ്പാദനം എന്നുവേണ്ട ടൂറിസം വരെ പല ന്യായം പറഞ്ഞ്. ഒാരോ ന്യായത്തിന്മേലും മുടിനാരിഴ കീറുന്ന യുക്തിപ്രകരണം നടത്താനുള്ള ബുദ്ധിയും നമുക്കുണ്ട്. ഇൗ ചിമുട്ടു മിടുക്കിന് കിട്ടിയ ചെറിയൊരു കിഴുക്കാണ് 2018 ആഗസ്റ്റിലെ ആധിവ്യാധികൾ. ഒരു ദുരന്തം കൊണ്ട് ഇത് അവസാനിക്കാൻ പോകുന്നില്ല എന്നിടത്താണ് ശരിയായ നവകേരള സൃഷ്ടി കേരളത്തിലെ പൗരാവലിയുടെ അടിയന്തരമാവശ്യമായി മാറുന്നത്. അത് എങ്ങനെയായിരിക്കണം എന്നതിന്മേൽ ജനപ്രതിനിധിസഭ നൽകിയ സൂചന പ്രതീക്ഷാനിർഭരമല്ലെന്ന് പറയേണ്ടിവരുന്നു. തഴമ്പുവന്ന ശീലങ്ങൾ മാറ്റാൻ മലയാളി തയാറുണ്ടോ എന്നതാണ് പ്രകൃതിയുടെ ചോദ്യം. എങ്കിൽ മാത്രമേ പുതിയ കേരളം എന്ന ആശയത്തിന് എന്തെങ്കിലും അർഥമുള്ളൂ. അല്ലാത്തിടത്തോളം പഴയ കേരളത്തിന്‍െറ പുനഃസൃഷ്ടിയാവും നടക്കുക. പുതിയ ദുരന്തങ്ങളുടെ ക്ഷണക്കുറിയെഴുത്തും.
ദുരിതാശ്വാസ യജ്ഞത്തിനിടെ റവന്യൂ മന്ത്രി പറഞ്ഞുപോയ ഒരു വാചകം പ്രസക്തമാണ്. പുഴകളുടെ പുറമ്പോക്കുകളിൽ വീട് നഷ്ടപ്പെട്ടവരെ അവിടെത്തന്നെ പുനരധിവസിപ്പിക്കില്ലെന്ന്. ടിയാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുമോ എന്നറിയില്ല. എങ്കിലും അതൊരു സാർഥകമായ ചുവടുവെപ്പാകാൻ പറ്റിയ സമീപനമാണ്. മലമുകളിലെ വൃഷ്ടിപ്രദേശം പോലെ നിർണായകമാണ് ഇപ്പറഞ്ഞ ഒാരോ പുഴപ്പുറമ്പോക്കും. പുറമ്പോക്ക് എന്നുപറയുമ്പോൾ, മലമ്പ്രദേശം തൊട്ട് അഴിമുഖം വരെയുള്ള പുഴയുടെ സഞ്ചാരവഴികളിൽ എവിടെയുമുണ്ടത്. 44 പുഴയുടെയും ഇൗ ജലപാതപ്പുറത്ത് ആൾപ്പാർപ്പ് പറ്റില്ലെന്ന് സർക്കാർ വ്യവസ്ഥചെയ്താൽ, അവരെ പുനരധിവസിപ്പിക്കേണ്ടിവരും. അതിന് യോഗ്യമായ ഭൂമി കണ്ടെത്തണം. ആദിവാസികളെ പറ്റിച്ചമാതിരി പാറപ്പുറവും വരണ്ട നിലവും കൊടുത്താൽ നാട്ടുവാസി കൈപ്പറ്റില്ല.
ഇവിടെയാണ് കാതലായി മാറാൻ കേരളത്തിനുള്ള സുവർണാവസരം- ഭൂമിയുടെ പുനർവിതരണം. ഒന്നാം ഭൂപരിഷ്കരണം എന്നപേരിൽ കാട്ടിക്കൂട്ടിയ പരിപാടിക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഒരു കേവല വ്യവസ്ഥ ഉദ്ഘാടനം ചെയ്യാൻ അതിനു സാധിച്ചു. വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ ഭൂവുടമസ്ഥത പറ്റില്ലെന്ന വ്യവസ്ഥ. ബിനാമിപ്പേരിൽ വ്യക്തികളും തൊഴിലാളിപ്പേരിൽ തോട്ടങ്ങളും അതിൽനിന്ന് ഭംഗിയായി തലയൂരി. അധഃസ്ഥിതരാക്കപ്പെട്ടവരെയും ഇതര പാവങ്ങളെയും കോളനിവത്കരിച്ച്, പണിക്കുകൊള്ളാത്ത പറമ്പുകൾ ‘സംഭാവന’ചെയ്ത പഴയ ജന്മികൾ മാന്യന്മാരുമായി.
ഒന്ന്: മല, പുഴ പുറമ്പോക്കുകൾ വീണ്ടെടുക്കുമ്പോൾ വേണ്ടിവരുന്ന പുതിയ ഭൂമി സർക്കാറിന് നിഷ്പ്രയാസം കണ്ടെത്താം. ഭൂപരിധിയി നിയമത്തിൽ ഒരു ഭേദഗതി- 15 ഏക്കർ എന്ന സീലിംഗ് 10 ഏക്കറിലേക്ക് താഴ്ത്തുക. തോട്ടങ്ങളുടെ ഭൂമി പുനർനിർണയം ചെയ്യുക. വൻകിട പ്ലാന്െറഷൻകാരുടെ അനധികൃത ഭൂമി തിരിച്ചെടുക്കുക. അവരുടെ പാട്ടവ്യവസ്ഥക്കുള്ള ‘അഖിലാണ്ഡ മണ്ഡല’ കാലാവധി പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ ലഘൂകരിക്കുക. (ഇതിനു പറ്റിയ പരിസ്ഥിതി പഠനങ്ങൾ ഇപ്പോഴുമുണ്ട്. കോടതികളെ ശാസ്ത്രീയ ബോധത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ജോലിയെടുക്കേണ്ടിവരുമെന്നു മാത്രം. കാരണം, ഇന്ത്യൻ ജുഡീഷ്യറി ഇന്ത്യൻ ജനതയെപ്പോലെ തന്നെ പാരിസ്ഥിതികാവബോധമുള്ള ഒരു നീതിന്യായ സംഹിതയല്ല ആലംബമാക്കിപ്പോരുന്നത്). ഇതൊക്കെ സക്രിയമായി അവലംബിക്കുന്നപക്ഷം കോളനിവത്കരണം വഴി പറ്റിച്ച ജനവിഭാഗങ്ങൾ തൊട്ട് പുതുതായി ഭൂമി നഷ്ടപ്പെടുന്നവർ വരെയുള്ളവർക്ക് വിതരണത്തിനായി യോഗ്യമായ ഭൂമി കിട്ടും.
രണ്ട്: ഭൂവിനിയോഗ നിയമം എന്ന നിലവിലുള്ള അസംബന്ധം റദ്ദാക്കണം. മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെ പാടേ വ്യത്യസ്തങ്ങളായ മൂന്നിനം ഭൂപ്രകൃതിയും മൂന്നിനം ആവാസ വ്യൂഹങ്ങളുമുള്ള കേരളത്തിന് ഒരൊറ്റ നിയമമല്ല ഭൂവിനിയോഗത്തിന് വേണ്ടതെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ‘ടി’ വിശുദ്ധ പൂച്ചക്ക് ആരും മണികെട്ടാറില്ല. ഇവിടെ, നിർമാണ സങ്കൽപം തൊട്ട് സാക്ഷാത്കാര സാമഗ്രികൾക്ക് വരെ വെവ്വേറെ മാനദണ്ഡങ്ങളാണ് കൽപിക്കേണ്ടത്. അതിൽ മർമപ്രധാനമാണ് റോഡിന്‍െറ കാര്യം. വികസനത്തിന്‍െറ കുപ്രസിദ്ധ പല്ലവിയുടെ അവിഭാജ്യ ഘടകമാണല്ലോ ‘ആക്സസ്’. ഇവിടെയാണ് ഭൂമി കൈയേറ്റത്തിന്‍െറയും പരിസ്ഥിതിക തകർക്കലിന്െറയും ഭരണകൂട വിഹിതം. പൊതുവഴി എന്നാണ് ഒാമനപ്പേര്. ഉദാഹരണത്തിന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എടുക്കുക. തണ്ണീർമുക്കം ബണ്ട് എന്ന ഹിമാലയൻ ബ്ലണ്ടറിനു ശേഷം നമ്മുടെ ഭരണകൂടം അനുഷ്ഠിച്ച ഇൗ ക്രിമിനൽ മണ്ടത്തരമാണ് കുട്ടനാടിനെ രണ്ടായി മുറിച്ച് വെള്ളക്കെട്ടുകൾക്ക് ശാശ്വതത്വം ഒരുക്കിയത്. (അത് മറ്റൊരു വികസന വീരഗാഥ).
ശാസ്ത്രീയമായ പുതിയൊരു ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണത്തിന്‍െറ രണ്ടാം ഗഡുവും മാത്രം നടപ്പിലാക്കിയാൽ മതി, കേരളം പുതിയതാവാൻ. എന്തെന്നാൽ, കാലാവസ്ഥാ വ്യതിയാനം സമ്മാനിക്കാൻ പോവുന്ന പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ വേണ്ട നിർമാണാഭ്യാസങ്ങൾക്കുള്ള യുക്തമായ കാൻവാസ് മണ്ണിലാണ്; മാനത്തും മുദ്രാവാക്യത്തിലുമല്ല. നവീന പരശുരാമന്മാർ മഴു എറിയുന്നതെങ്ങോട്ട് എന്നു വൈകാതെ കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.