മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പച്ചത്തുരുത്ത് മരുഭൂമിയാകുമോ?

'ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിനെതിരെ ഏറ്റവും വലിയ കടന്നുകയറ്റമുണ്ടായത് അടിയന്തരാവസ്ഥയുടെ ഘട്ടത്തിലാണ്. ഓരോ വാര്‍ത്തക്കും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന സെന്‍സര്‍മാരുടെ അപ്രൂവല്‍ തേടേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്. ഭരണകക്ഷി തീരുമാനിക്കുന്ന ആളുകള്‍ പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരായി മാറുന്ന നിലയുണ്ടായി. ദേശീയ പത്രങ്ങള്‍ വരെ എഡിറ്റോറിയല്‍ എഴുതാനാവാതെ ബ്ലാങ്ക് കോളങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നിലയാണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. കോര്‍പ്പറേറ്റുകളെ ഉപയോഗിച്ചുകൊണ്ട് അധികാരത്തിലിരിക്കുന്നവര്‍ മാധ്യമങ്ങളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതും തങ്ങള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് നിര്‍ബന്ധിക്കുന്നതും നാം കാണുന്നുണ്ട്. വിയോജന അഭിപ്രായമുള്ള മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യം നല്‍കാത്ത അവസ്ഥ തുടരുകയാണ്. ദേശീയസ്ഥിതി ഇതായിരിക്കുമ്പോള്‍ തന്നെ മാധ്യമസ്വാതന്ത്ര്യത്തിനുമേല്‍ യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും കേരളത്തിലില്ല. മാധ്യമസ്വാതന്ത്ര്യത്തിെൻറ കാര്യത്തില്‍ മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളം.''   ..............മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തില്‍ കേരള നിയമസഭയിൽ 2020 മാർച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് പറഞ്ഞ മറുപടിയിലെ ചില ഭാഗങ്ങളാണിത്.

 കാലം മാറി, കഥമാറി. സ്വർണക്കടത്തിൽനിന്ന് ആരംഭിച്ച സ്വതന്ത്ര മാധ്യമപ്രവർത്തനം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും അവിടുന്ന് സർക്കാറി​െൻറ സ്വപ്ന പദ്ധതികളിലേക്കും നീങ്ങുമ്പോൾ ഒരുകാലത്ത് സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് വേണ്ടി പാർട്ടിപത്രങ്ങളിൽ അച്ചടി മഷി പുരട്ടിവർ തന്നെ അപ്രഖ്യാപിത മാധ്യമ സെൻസറിങ്ങിലൂടെ ഇന്ന് അവക്ക് മേൽ വിഷം പുരട്ടുകയാണ്. ഇതിന് ചൂട്ട് പിടിക്കുന്നത് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്​ വകുപ്പും.


സർക്കാറിനെതിരായ വാർത്തകളിൽ അസ്വസ്ഥരായവർ, മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബത്തെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനിടയിലാണ് വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരിൽ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷൻ സർക്കാരിനെതിരെയുള്ള വാർത്തകൾ യാതൊരു ഫാക്ടും പരിശോധിക്കാതെ 'വ്യാജമുദ്ര' ചാർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഒപ്പം വാർത്ത തയ്യാറാക്കിയ മാധ്യമപ്രവർത്തകനെ ചാപ്പകുത്തി സൈബർ ലോകത്തെ 'തെറി ഇടങ്ങളിലേക്ക്' എറിഞ്ഞ് കൊടുക്കാതിരിക്കാൻ വാർത്തക്ക് ആധാരമായ 'ഉറവിടം' അഥവാ 'സോഴ്സ്' വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.

മാധ്യമപ്രവർത്തനം ഒരു കൂലിയെഴുത്താണെന്ന് കരുതുന്ന മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഇതിലെന്താണ് തെറ്റെന്ന് ചോദിച്ചേക്കാം. എന്നാൽ,  ഈ തൊഴിലിനെ അന്തസോടെ കാണുന്ന മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഇത് ഫാഷിസമാണ്. കലർപ്പില്ലാത്ത ഫാഷിസം. ഒരു മാധ്യമപ്രവർത്തകന്‍റെ വളർച്ചയും തളർച്ചയും അയാളുടെ 'സോഴ്സു'കളാണ്. നമ്മെ വിശ്വസിച്ച് രഹസ്യ വിവരങ്ങൾ നൽകുന്ന 'ഉറവിടങ്ങളെ' സംരക്ഷിക്കുക എന്നത് ഓരോ മാധ്യമപ്രവർത്തകന്‍റെയും ധർമമാണ്. അത് ഭരണകൂടങ്ങൾക്ക് മുന്നിലായാലും സ്ഥാപന മേലധികാരിക്ക് മുന്നിലായാലും. ഒരു വാർത്തയുടെ ഉറവിടം ചോദിക്കാനുള്ള അവകാശം കോടതികൾക്ക് പോലുമില്ല. അങ്ങനെ വാർത്തയുടെ ഉറവിടം ചോദിക്കുന്നത് സർക്കാർ കൂടിയായാൽ എങ്ങനെയാണ് സ്വതന്ത്രമാധ്യമപ്രവർത്തനം സാധ്യമാകുക?

പത്രപ്രവർത്തനമേഖലയിൽ തുടക്കക്കാരനായ എന്‍റെ വാർത്താ ഉറവിടങ്ങൾ തേടി കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ എന്‍റെ പിന്നാലെയുണ്ട്. സർക്കാറിനും പൊലീസിനും പി.എസ്.സിക്കുമെതിരെ നിരവധി വാർത്തകൾ നൽകിയതിെന തുടർന്ന് ഫോൺ ചോർത്തൽ മുതൽ മന്ത്രി ഓഫീസിൽ നിന്ന് ഞാനെന്ന വ്യാജേന 'മാധ്യമ'ത്തി​െൻറ പേരുപറഞ്ഞ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കുടുക്കിയ സംഭവങ്ങൾ വരെയുണ്ടായി.

കെ.എ.എസുമായി ബന്ധപ്പെട്ട് ഒ.എം.ആർ ഷീറ്റിന്‍റെ  നിലവാരം പുറംലോകത്തെ അറിയിച്ചതിന് ഇപ്പോഴും പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുകയാണ്. എനിക്ക് വിവരം നൽകുന്നവർ ആരാണെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പക്ഷേ, അന്വേഷണങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും എെൻറ ഉറവിടങ്ങൾ സുരക്ഷിതരാണ്.

സർക്കാർ െസൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്പെൻഷൻഎന്ന വാർത്ത കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 12ന് 'മാധ്യമ'ത്തിൽ അച്ചടിച്ച് വരുന്നത്. ഈ വാർത്ത 'FAKE NEWS' എന്ന് സർക്കാർ ചാപ്പകുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ വരെ സൈബർ ഇടങ്ങളിൽ 'മാധ്യമം' അടച്ചുപൂട്ടണമെന്നും എഡിറ്ററെയും ലേഖകനെയും അറസ്റ്റ് ചെയ്ത് ജയിലിടക്കണമെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി മനസ്സിലുറപ്പിച്ച അജണ്ടയോടെ ഭരണകൂടം ചാപ്പകുത്തിയ 'പോസ്​റ്ററു'കളുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരുകൂട്ടം സൈബർ പോരാളികൾ വ്യക്​തിപരമായിത്തന്നെ ​രൂക്ഷവും നിന്ദ്യവുമായ ആക്രമണവും എനിക്കെതിരെ നടത്തി. സത്യസന്ധമായ വാർത്തയെന്ന്​ കൃത്യമായ ബോധ്യമുള്ളതിനാൽ 'മാധ്യമ'ത്തിനും ലേഖകൻ എന്ന നിലയിൽ എനിക്കും വിമർശനങ്ങളെ ഒട്ടും ഭയക്കേണ്ടതുണ്ടായിരുന്നില്ല. ഒടുവിൽ, വാർത്തയിൽ പറഞ്ഞത്​ തീർത്തും ശരിയാണെന്ന്​ സ്​ഥാപിച്ച്​, കുറ്റക്കാർക്കെതിരെ അധികൃതർക്ക്​ നടപടിയെടുക്കേണ്ടിവന്നതും ചാപ്പ കുത്തിയ പോസ്​റ്ററുകൾ പിൻവലിക്കേണ്ടി വന്നതും സത്യത്തി​െൻറ വിജയമായിത്തന്നെ കണക്കിലെടുക്കുന്നു.

ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിെൻറ മണ്ണിൽ ദുഷ്​ടലാക്കോടെയുള്ള മാധ്യമ സെൻസറിങ് അനുവദിക്കാൻ പാടുണ്ടോ എന്ന് പൊതുസമൂഹം വിലയിരുത്തേണ്ടതുണ്ട്. അതും ഇടത് സർക്കാർ ഭരിക്കുമ്പോൾ. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാർത്തകൾക്കുമേൽ പോലും ഇത്തരം ചാപ്പ കുത്തൽ നടക്കുന്നത് മാധ്യമങ്ങൾക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. അത്തരം ആക്രമണങ്ങളിൽ പച്ചത്തുരുത്തുകൾ മരുഭൂമികളായി മാറിയിട്ടുമുണ്ട്. സ്വതന്ത്ര പത്രപ്രവർത്തനം പലർക്കും അസ്വസ്ഥത സൃഷ്ടിക്കും. ഈ അസ്വസ്ഥത നല്ലതാണ്. അധികാരമുള്ളവർ, അവരുടെ സ്തുതിപാഠകർ, ന്യായീകരണ തൊഴിലാളികൾ എന്നിവരിൽ അസ്വസ്ഥത ജനിപ്പിക്കുന്നുണ്ടെങ്കിൽ ഒരു മാധ്യമപ്രവർത്തകൻ ശരിയായ ദിശയിലാണെന്ന് വിശ്വസിക്കുന്നവരുെട കൂട്ടത്തിൽ തന്നെയാണ് ഞാനും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.