1970 കളുടെ തുടക്കത്തിൽ സൈലൻറ്വാലി ജലവൈദ്യുതി പദ്ധതിക്കെതിരെ, 1990 കളിൽ കാസർകോട് പെരിങ്ങോം ആണവനിലയത്തിനെതിരെ, മാവൂർ ഗ്വാളിയോർ റയോൺസ് ചാലിയാർ നദിക്കരയിൽ സൃഷ്ടിച്ച വിഷമാലിന്യത്തിനെതിരെ, 2000 ൽ പാലക്കാട് പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ ഭൂഗർഭ ജല ചൂഷണത്തിനെതിരെ, കാസർകോട് എൻഡോസൾഫാൻ കീടനാശിനി തളിക്കുന്നതിനെതിരെ എന്നിങ്ങനെ വിവിധ കാലങ്ങളിൽ നടന്ന സമരങ്ങൾ കേരളത്തിൽ വികസനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച് നിർണായക സംവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണാർഥമുള്ള മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശിപാർശകൾക്കെതിരായി നടന്ന സമരങ്ങളെയും അതിനൊപ്പം വായിക്കാം.
ഭരണകൂടവും പൗരന്മാരും രാഷ്ട്രീയ പാർട്ടികളും (പ്രത്യേകിച്ച് മുഖ്യധാര ഇടതുപക്ഷം) തമ്മിലും അവക്കുള്ളിലെയും വൈരുധ്യങ്ങൾ പുറത്ത് കൊണ്ടുവന്നവയായിരുന്നു ഈ സംവാദങ്ങൾ. ഒരു പതിറ്റാണ്ടിനടുത്താകുമ്പോൾ രണ്ട് പദ്ധതികളെ ചൊല്ലിയുള്ള സംവാദങ്ങൾ വികസനത്തെ വീണ്ടും കേരള സമൂഹത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കാസർകോട്- തിരുവനന്തപുരം അതിവേഗ റെയിൽപദ്ധതിയായ കെ-റെയിലും കേരളത്തിന്റെ തെക്കേ അറ്റത്ത് നിർമാണമാരംഭിച്ച വിഴിഞ്ഞം അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ ലിമിറ്റഡുമാണ് അവ. ഇവയിൽ ആദ്യത്തേത് പദ്ധതി പ്രഖ്യാപനത്തിലും സംസ്ഥാന സർക്കാറിന്റെ ചില ഉടന്തടിചാട്ടവും ഒഴിച്ചാൽ കേന്ദ്രാനുമതി ലഭിക്കാത്ത അമൂർത്ത സാഹചര്യത്തിലാണ്. പക്ഷേ, വിഴിഞ്ഞത്ത് പദ്ധതി നിർമാണം യഥാർഥ്യമാണ്. കെ-റെയിൽ, വിഴിഞ്ഞം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിൽ ഉണ്ടായ വേർതിരിവ് വ്യത്യസ്തമാണെങ്കിലും കേരളത്തിന്റെ ഭൂമിശാസ്ത്രം മാറ്റിയെഴുതാനും പാരിസ്ഥിതിക മേഖലയിലും സമ്പദ്വ്യവസ്ഥയിലും ആഘാതങ്ങൾ സൃഷ്ടിക്കാനും പ്രാപ്തിയുള്ള രണ്ട് പദ്ധതികൾക്കെതിരായും വ്യതിരിക്ത സ്വഭാവ സവിശേഷതയുള്ള അതിശക്ത പ്രതിഷേധ സമരമാണ് അതത് മണ്ഡലങ്ങളിൽ അരങ്ങേറുന്നത്.
മുന്നണികൾക്ക് ഒരേ സ്വരം
വൻകിട അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കേരളത്തിന് അഭികാമ്യം എന്നതിൽ രണ്ട് പക്ഷമില്ലാത്ത മുന്നണികളാണ് എൽ.ഡി.എഫും യു.ഡി.എഫും. സംസ്ഥാന വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഇനിയും ഇടം ലഭിച്ചിട്ടില്ലെങ്കിലും സംസ്ഥാന ബി.ജെ.പിയുടെ നിലപാടും ഭിന്നമല്ല. ഭരണത്തിലാണോ പ്രതിപക്ഷത്താണോ എന്ന നേർരേഖയാണ് പലപ്പോഴും എതിർപ്പും പിന്തുണയും നിർണയിക്കുന്നതിലെ പ്രധാനഘടകം. ഒാരോ പ്രദേശത്തിന്റെയും ജൈവ, മാനവിക, പാരിസ്ഥിതിക സൂചികകൾക്ക് അനുസരിച്ച് വികസനത്തെ കുറിച്ചുള്ള സങ്കൽപങ്ങൾ ഇന്ന് വളരെ മാറിയിട്ടുണ്ടെങ്കിലും അവ ഉൾക്കൊള്ളാനും സ്വയം മാറാനും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയവും പൊതുസമൂഹവും ഇനിയും തയാറായിട്ടില്ല. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുതിയ ദേശീയ സാഹചര്യത്തിൽ ഫെഡറലിസത്തെ അട്ടിമറിച്ച് കൂടുതൽ കേന്ദ്രീകൃതമാവുന്ന ചട്ടക്കൂടിൽ സ്തംഭിച്ച് നിൽക്കുകയാണ്. ആളോഹരി കടവും സംസ്ഥാനത്തിന്റെ കടമെടുപ്പും വെല്ലുവിളി നേരിടുന്നു. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായവും ചുരുങ്ങി. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ തുടർന്ന് കേരളത്തിന് നടുനിവർന്ന് നിൽക്കാൻ സഹായിച്ചിരുന്ന remittance economyയും വറ്റിവരളുന്നു. ഈ വെല്ലുവിളിയെ മറികടക്കുന്നതിന് കൂടിയാണ് വിദേശ വായ്പയുടെ അടിസ്ഥാനത്തിലുള്ള വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഭരണകൂടം അവതരിപ്പിക്കുന്നത്. കെ-റെയിലും വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെൻറ് തുറമുഖവും ഇതിന്റെ ഭാഗമാണ്. കെ-റെയിൽ പദ്ധതിയെ ഇന്ന് എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലെ അഭിപ്രായ വ്യത്യാസം നടപ്പാക്കുന്നതിലെ ചില പോരായ്മകളിൽ അധിഷ്ഠിതമാണ്. ഭരണം ഒന്ന് മാറിയാൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ചെറിയ അഭിപ്രായ വ്യത്യാസം. പക്ഷേ ഈ വളയത്തിന് പുറത്ത് വികസനത്തെ കുറിച്ച് നിലനിൽക്കുന്ന സങ്കൽപങ്ങൾ മാറുന്നുവെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ ഇവർ തയാറാവുന്നില്ല എന്നിടത്താണ് ഭരണകൂട- രാഷ്ട്രീയ നേതൃത്വവും സമൂഹവും തമ്മിലെ വൈരുധ്യങ്ങൾ ഉരുത്തിരിയുന്നത്. കാലാവസ്ഥ വ്യതിയാനം, ഭൂമിശാസ്ത്ര പ്രത്യേകത, കരയിലെ ജൈവ ആവാസവ്യവസ്ഥ, കടൽ ആവാസവ്യവസ്ഥ എന്നിവ പരിഗണിക്കാതെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന യാഥാർഥ്യത്തെ അംഗീകരിച്ച് മാത്രമെ വികസനം ആസൂത്രണം ചെയ്യാൻ കഴിയൂവെന്ന സന്ദിഗ്ധഘട്ടത്തിലാണ് മറ്റ് ദേശവാസികളെയും പോലെ കേരളീയരും ഇന്ന്. മിന്നൽ പ്രളയം, ഉരുൾപൊട്ടൽ മലയിടിച്ചിൽ, അനിയന്ത്രിത തീരശോഷണം, തീരപോഷണം കടൽ ജലനിരപ്പ് ഉയരുന്നത് എന്നിവ നമ്മുടെ ജീവിതത്തിന്റെ ദൈനംദിന വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കേരളത്തിന് മാത്രമല്ല ഈ ഗതികേട്. നമുക്ക് മുമ്പ് വൻകിട അടിസ്ഥാന സൗകര്യവും വികസന പദ്ധതികളും നടപ്പാക്കിയ കേരളം പിന്തുടരാൻ ആഗ്രഹിക്കുന്ന പല നഗരങ്ങളും ഈ കെടുതിയുടെ ഫലം അനുഭവിക്കുകയാണ്. ചെന്നൈ നഗരത്തെ വിഴുങ്ങിയ വെള്ളപ്പൊക്കത്തിൽ ഇത് നാം കണ്ടു. രണ്ടാഴ്ച മുമ്പ് വെള്ളത്തിൽ മുങ്ങിയ ബംഗളൂരു നഗരമാണ് ഏറ്റവും ഒടുവിലത്തേത്. ഏറ്റവും സുരക്ഷിതമായി കണ്ട യെമലൂരിലെ ആഡംബര ഗേറ്റഡ് കമ്യൂണിറ്റി വെള്ളത്തിനടിയിലാവുകയും കോടികൾ അടുത്ത് വില മതിക്കുന്ന ആഡംബര കാറുകൾ തലവെള്ളത്തിൽ മുങ്ങി കിടക്കുന്നതും ട്രാക്ടറിൽ ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതും വൈറൽ വിഡിയോകളിൽ മലയാളികൾ കണ്ടതാണ്. പിന്നാലെയാണ് കേരളത്തിന്റെ സ്വന്തം വ്യാവസായിക നഗരമായ കൊച്ചി മഴവെള്ളത്തിൽ മുങ്ങുന്നതിനും സാക്ഷിയായത്. സർക്കാർ വിവിധ വികസനപദ്ധതികൾക്കായി വിദേശ വായ്പ തേടുന്ന ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്, ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ വികസനത്തെ കുറിച്ച് നിലനിന്ന സങ്കൽപങ്ങളിൽ നിന്ന് മാറി ചിന്തിക്കുന്നതിന്റെ ഉദാഹരണമാണ് ലോകബാങ്ക് മുൻ സീനിയർ വൈസ് പ്രസിഡൻറ് വിനോദ് തോമസ് വിഴിഞ്ഞം തുറമുഖപദ്ധതിയെ മുൻനിർത്തി സെപ്റ്റംബർ ആദ്യവാരം ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനം.
ലക്ഷ്യം കൊള്ളയടി
ആദിവാസികളും ദലിതരും കഴിഞ്ഞാൽ സമൂഹത്തിൽ ഏറ്റവും അധികം പ്രാന്തവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവസന്ധാരണത്തിന് ഭീഷണി ഉയർത്തുന്നതാണ് വിഴിഞ്ഞം അദാനി വാണിജ്യ തുറമുഖപദ്ധതി നിർമാണം. 2015 ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കരാർ ഒപ്പുവെക്കുന്നതിന് മുമ്പുതന്നെ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹവും അവരെ പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപത നേതൃത്വവും സമുദ്ര സംബന്ധിയായ പഠനങ്ങൾ നടത്തുന്ന ശാസ്ത്രസമൂഹവും ആശങ്ക പങ്കുവെച്ചിരുന്നു. പക്ഷേ, പ്രാന്തവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്വരം വികസന മുറവിളിയിൽ മുങ്ങിപ്പോവുകയാണുണ്ടായത്. നടപ്പാക്കുമെന്ന് ആശങ്ക ഉയർത്തുന്ന കെ-റെയിലിനേക്കാളേറെ നിർമാണം നടക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ വിഴിഞ്ഞം തീരദേശത്തിനും കേരളത്തിനൊട്ടാകെയും ഉണ്ടാക്കുന്ന വിനാശങ്ങൾ കണ്ടറിയാൻ സാധിക്കുന്നവയാണ്. ഒരു മാസത്തോടടുക്കുന്ന തുറമുഖ കവാടത്തിന് പുറത്തെ റിലേ ഉപവാസം അടക്കമുള്ള പ്രതിഷേധ സമരത്തിനും പക്ഷേ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. പദ്ധതിയെ തള്ളിപ്പറയുകയെന്നത് എൽ.ഡി.എഫിനോ യു.ഡി.എഫിനോ ഒരു ബാധ്യതയായി മാറിയിട്ടുമില്ല. നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള അടുപ്പം കൊണ്ട് തന്നെ വിഴിഞ്ഞം അദാനി പോർട്ട് പദ്ധതി ബി.ജെ.പിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്. ബി.ജെ.പി, സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതക്കെതിരെ കടുത്ത വർഗീയ ആക്ഷേപമാണ് പ്രചരിപ്പിക്കുന്നത്. മുസ്ലിം സമൂഹത്തിൽ നിന്നുള്ള പിന്തുണ സമരത്തിന് ലഭിച്ചതോടെ അതും വർഗീയതക്ക് ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു.
കേരളം പോലെ കര, കടൽ ആവാസവ്യവസ്ഥ നിർണായക പരിസ്ഥിതി സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുമെന്ന് തികഞ്ഞ ബോധ്യമുള്ളപ്പോഴും വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മറവിൽ ഇടത്, വലത് ഭരണവർഗം എങ്ങനെയാണ് പൊതു ഖജനാവ് കൊള്ളയടിക്കുകയും കോർപറേറ്റ് താൽപര്യം സംരക്ഷിക്കുകയും തദ്ദേശ ജനവിഭാഗങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണവും കൂടിയാണ് വിഴിഞ്ഞം
കടലിൽ 130.91 ഏക്കറും കരയിൽ 220.28 ഏക്കറുമായി ആകെ 351.19 ഏക്കർ പ്രദേശത്ത് 7,525 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം അദാനി വാണിജ്യ തുറമുഖം. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 2017 ൽ കരാർ വ്യവസ്ഥകളിൽ പലതും സംസ്ഥാന താൽപര്യ വിരുദ്ധമാണെന്നും അദാനിക്ക് കോടികളുടെ അധിക വരുമാനം ലഭിക്കുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ജുഡീഷ്യൽ കമീഷൻ കണ്ടെത്തിയ- സംസ്ഥാനത്തിന്റെ ആസ്തികൾ പണയം വെക്കാൻ അദാനിക്ക് അനുമതി നൽകിയത്, സാധാരണ നിലക്ക് കരാർ അവസാനിച്ച് തുറമുഖം കൈമാറുമ്പോഴും അദാനിക്ക് ടെർമിനേഷൻ ഫീസായി കോടികൾ നൽകുന്ന വ്യവസ്ഥ, മത്സരാധിഷ്ഠിത ടെൻഡർ വിളിക്കാത്തത്, സർക്കാർ ഏറ്റെടുക്കുന്ന ഭൂമി അടക്കം പണയംവെക്കാനുള്ള വ്യവസ്ഥ കരാറിന്റെ ഭാഗമായി പിന്നീട് തിരുകിക്കയറ്റിയത് അടക്കമുള്ള- ക്രമവിരുദ്ധ നടപടികൾ എങ്ങനെയാണ് കോർപറേറ്റ്, രാഷ്ട്രീയ അവിശുദ്ധ ബന്ധം ഉടലെടുക്കുന്നതെന്ന് വരച്ച് കാട്ടുന്നതാണ്. ഈ പദ്ധതിക്കായാണ് കക്ഷി ഭേദമെന്യേ എല്ലാ രാഷ്ട്രീയ നേതൃത്വവും ഒന്നിച്ച് നിൽക്കുന്നതും.
തീരത്തെ തീറെഴുതുമ്പോൾ
കാലാവസ്ഥ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന പ്രദേശമായി കേരളം ഇന്ന് മാറിക്കഴിഞ്ഞു. അതിന്റെ ഭാഗമായ തീരശോഷണം, കടലേറ്റം, മലയിടിച്ചിൽ എന്നിവക്ക് വിഴിഞ്ഞം പദ്ധതി നിർമാണവുമായി നേരിട്ടാണ് ബന്ധമുള്ളത്. അതിനെ പദ്ധതിയുമായി ബന്ധമില്ലെന്ന് തള്ളുകയും കരാർ കമ്പനിക്കായി വേണ്ടി മാത്രം പഠനം നടത്തുകയും പരമ്പരാഗത മത്സ്യത്തൊഴിലാളിയുടെ അറിവിനെ തള്ളുകയും ചെയ്യുന്നതിലൂടെ കേരളത്തെ തീറെഴുതി കൊടുക്കുകയാണ് സർക്കാർ. പരമ്പരാഗത മത്സ്യത്തൊഴിലാളിയുടെ പണിയിടവും കുടികിടപ്പും കടലും കടലോരപ്രദേശവുമാണ്. അത് ഭരണകൂടം പണയംവെച്ചതിനെതിരെയാണ് അവർ സമര മുഖത്തുള്ളതും. പ്രളയ കാലത്ത് തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ കുനിഞ്ഞ് മൂളവെള്ളത്തിൽ ഇരുന്ന് മുതുക് കാണിച്ചു കൊടുത്ത പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ രോദനമാണ് വിഴിഞ്ഞത് ഉയരുന്നത്. അടുത്ത കാലത്ത് നടന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്, കെ-റെയിൽ എന്നിവക്കെതിരായ ശ്രദ്ധേയ സമരപ്രതിഷേധത്തിന് ലഭിച്ച സ്വീകാര്യതയും വിശ്വാസ്യതയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നില്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ശിപാർശക്കെതിരായി സമരത്തിന് നേതൃത്വം നൽകിയത് കാതോലിക്ക സഭയായിരുന്നു. ഇന്ന് വിഴിഞ്ഞത്ത് പരിസ്ഥിതി സംരക്ഷണം ഉയർത്തി സമരമുഖത്തിറങ്ങിയതും കാതോലിക്ക സഭയാണെന്നതും ശ്രദ്ധേയമാണ്. ഗാഡ്ഗിൽ സംരക്ഷിക്കാൻ നിർദേശിച്ച പശ്ചിമഘട്ട മലനിരകളിലെ പാറകളാണ് ഇന്ന് വിഴിഞ്ഞം പദ്ധതിക്കായി പൊട്ടിച്ച് എത്തിക്കുന്നത്. ഒരു ദശാബ്ദത്തിന് മുമ്പ് ഗാഡ്ഗിൽ ശിപാർശക്കെതിരെ പരിസ്ഥിതിവിരുദ്ധ സമരം നയിച്ച കാതോലിക്ക സഭക്ക് തോളൊപ്പം സി.പി.എം ഉണ്ടായിരുന്നു. ഇന്ന് വിഴിഞ്ഞം സമരത്തിന് കാതോലിക്ക അതിരൂപതകൾ പിന്തുണ നൽകുമ്പോൾ പരിസ്ഥിതി വിഷയത്തെ കുറച്ച് കൂടി അവധാനതയോടെ കാണാൻ സഭകൾക്ക് കഴിയുമെന്ന പ്രത്യാശയാണ് സമൂഹത്തിനുള്ളത്. തെറ്റായ പാതയിൽ നിങ്ങൾ എത്രദൂരം മുന്നോട്ട് പോയാലും തിരിച്ചുവരിക എന്നത് മാത്രമാണ് ശരി. മൂന്നടി മണ്ണ് മാത്രമല്ല മൂന്നടി കടൽ കൂടി ചോദിച്ചു വരുന്ന വാമനന്മാരുടെ കാലമാണ് ഇന്ന്. അവരെ നേരിടാൻ പരമ്പരാഗത മുറകൾ ഒന്നുംപോരാ. ജാതി, മതം, വർഗം എന്നിവക്കതീതമായ ഐക്യവും സംവാദവുമാണ് ആവശ്യം. അല്ലെങ്കിൽ കേരളം കടലെടുക്കും, ഉറപ്പാണ്. ■
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.