2004 ൽ അനിശ്ചിതകാല സമരപ്പന്തലിലാണ് ളാഹ ഗോപാലനെ ആദ്യം കാണുന്നത്. തുടർന്ന് അദ്ദേഹത്തിൻെറ സംഘടനയിൽ അംഗമായി പ്രവർത്തനം തുടങ്ങി. പിന്നീട് ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ സമരത്തിൽ അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. അദ്ദേഹം നിരന്തരം ക്ലാസുകൾ നടത്തി. ദലിത് സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രത്യേക താൽപര്യവും സാധാരണക്കാരെ ഭൂസമരത്തെ കുറിച്ച് പറഞ്ഞു മനസിലാക്കിക്കുന്ന ശൈലിയും പ്രത്യേകം ആകർഷിച്ചു. ദലിതർ അനുഭവിക്കുന്ന ജീവിത ദാരിദ്ര്യത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തരം സംസാരിച്ചത്.
സമൂഹം അനുഭവിക്കുന്ന ഭൂരാഹിത്യത്തിൻെ കാരണങ്ങളെക്കുറിച്ച് നിരന്തരം ക്ലാസ് നടത്തി. 2004 മുതൽ 2007 വരെയുള്ള കാലത്ത് കോളനികൾ കയറിയിറങ്ങി ഭൂരഹിതരെ അദ്ദേഹം സംഘടിപ്പിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും നേരിട്ട് കണ്ട് സംസാരിച്ചാണ് ഈ സമരത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. കോളനികളിൽനിന്ന് കോളനികളിലേക്കുള്ള സഞ്ചാര കാലത്താണ് കേരളത്തെ കുറിച്ച് ഏറെ പഠിക്കാനായത്.
2007ലും ചെങ്ങറയിലെ ഭൂമിയിൽ പ്രവേശിച്ചതോടെ സർക്കാർ സംവിധാനം ഒന്നടങ്കം അതിനെതിരെ രംഗത്തുവന്നു. സർക്കാരിൻറെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ണുവെട്ടിച്ചാണ് ഭൂമിയിൽ പ്രവേശിച്ചത്. സംഘടനയുടെ നേതൃത്വത്തിൽ അന്നൊരു വാഹന പ്രചരണ ജാഥ നടത്തി. ജാഥ സമാപിച്ചത് സമരഭൂമിയിൽ ആണ്. അവിടെനിന്ന് എല്ലാവരും പിരിഞ്ഞു പോയി. എന്നാൽ ളാഹ ഒരു സംഘത്തെ ഭൂമിയിൽ പ്രവേശിപ്പിക്കാൻ വിട്ടു. സർക്കാരിന്‍റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ചിന്തിക്കാൻ ശേഷിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് സമരം തുടങ്ങാൻ കഴിഞ്ഞത്.
സർക്കാർ നിരീക്ഷണത്തിലായിരുന്നു സമര സംഘം. ഭൂമിയിൽ പ്രവേശിച്ച ഉടൻതന്നെ അതിനെതിരായ പ്രതിരോധവും ശക്തമായി. ഹാരിസൺസിന്‍റെ എസ്റ്റേറ്റിൽ പണി ചെയ്തിരുന്നോ തൊഴിലാളികളും ഗുണ്ടകളുമെല്ലാം സമരത്തിനെതിരെ രംഗത്തുവന്നു. സമരത്തെ അടിച്ചമർത്താൻ തന്നെ സർക്കാർ തീരുമാനിച്ചു. അന്ന് അടികിട്ടിയവരിൽ പലരും ചികിത്സയിൽ കഴിയുന്നുണ്ട്. സമരത്തെക്കുറിച്ച് കേട്ടറിഞ്ഞു നൂറുകണക്കിന് പേരാണ് തുടർ ദിവസങ്ങളിൽ സമരഭൂമിയിലേക്ക് എത്തിയത്.
സമരത്തിൻറെ ഒന്നാം വാർഷികം മുതലാണ് ഉപരോധം വന്നത്. ഇന്ന് ചിന്തിക്കാൻ പറ്റാത്ത അത്രയും ക്രൂരമായ മർദ്ദനങ്ങൾ നടന്നു. സമരഭൂമിയിൽനിന്ന് പുറത്തിറങ്ങുന്നതുവരെ ഗുണ്ടകൾ മർദ്ദിച്ചു. പലരെയും അടിച്ച് അവശരാക്കി. കാട്ടിലൂടെ ഒളിച്ചു കടത്തിയ അൽപം അരി ആയിരുന്നു അന്ന് ആകെ കിട്ടിയിരുന്നത്. സമരക്കാർ കൊടും പട്ടിണി അനുഭവിച്ചു. ആ സമയത്തെല്ലാം ചെങ്ങറ സമരം തകർന്നു പോകേണ്ടതാണ്. സമരക്കാർ എറിഞ്ഞിട്ടു പോകുമെന്നായിരുന്നു സർക്കാറിന്‍റെ പ്രതീക്ഷ. ഇതിന് വിശദീകരണം നൽകി സമരക്കാരെ സമരഭൂമിയിൽ പിടിച്ചുനിർത്തിയത് ളാഹ ഗോപാലന്‍റെ വാക്കുകളാണ്. അദ്ദേഹം ആശയത്തിലൂടെ ജനങ്ങൾക്ക് ബലം കൊടുത്തു.
സമരം ശക്തമായി തുടർന്ന സമയത്ത് 30,000 പേർ സമരഭൂമിയിൽ ഉണ്ടായിരുന്നു. ഭൂമിയില്ലാത്ത മുഴുവൻ പേരുടെയും അവസ്ഥ ഒന്നാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. കൃഷി ചെയ്യുന്ന ഒരു കുടുബത്തിന് അഞ്ചേക്കർ ഭൂമി നൽകണമെന്നായിരുന്നു ളാഹ ഉയർത്തിയ മുദ്രാവാക്യം. സർക്കാരിനെതിരായ യുദ്ധത്തിൽ ബുദ്ധിപരവും തന്ത്രപരമായ നീക്കമാണ് ളാഹ നടത്തിയത്. അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ അതിൻറെ ഫലം വരുമ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ബൗദ്ധികമായ അദ്ദേഹത്തിൻറെ നീക്കത്തെ എല്ലാവരും അംഗീകരിച്ചു.
സർക്കാർ പട്ടയം നൽകാമെന്ന് പ്രഖ്യപിച്ചപ്പോൾ ആളുകൾ അവിടെ നിന്ന് പോകാൻ തയ്യാറായി . അതിന് എതിരായിരുന്നു ളാഹ ഗോപാലൻ. സർക്കാർ പട്ടയം നൽകുന്ന ഭൂമി വാസയോഗ്യമാണോ എന്ന് പരിശോധിച്ച ശേഷമേ പട്ടയം വാങ്ങാവൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വി.എസ് സർക്കാർ പട്ടയം വിതരണം ചെയ്തപ്പോൾ പലരും പട്ടയം വാങ്ങി. പലജില്ലകളിലും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഭിച്ചത്. സർക്കാർ സമരക്കാരെ വഞ്ചിക്കുകയായിരുന്നു. വാസയോഗ്യമല്ലാത്ത പാറകളാണ് പലയിടത്തും കിട്ടിയത്. സമരക്കാരെ മുഴുവൻ സർക്കാർ ചിതറിച്ചു കളഞ്ഞു.
ഒരു നേതാവ് എന്ന നിലയിൽ ഭൂസമരത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ ശരിയായിരുന്നു. സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സമരഭൂമിയിലെ ജനങ്ങൾക്ക് അദ്ദേഹം ആത്മധൈര്യം നൽകി.
(തയാറാക്കിയത് - ആർ.സുനിൽ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.