(ആൾമാറാട്ടം) പഠിക്കുക, പോരാടുക!

കോളജ് അധികാരികളുടെ കൂടി ഒത്താ​ശയോടെ നടത്തിയ അട്ടിമറി, കാട്ടാക്കട സി.പി.എമ്മിൽ വിഭാഗീയത ഇല്ലായിരുന്നുവെങ്കിൽ പുറത്തറിയില്ലായിരുന്നു. വിദ്യാർഥികളുടെ വോട്ടുവാങ്ങി ജയിച്ചുകയറിയ വനിതാ സഖാവിനെ വെട്ടിമാറ്റി ലിസ്​റ്റിൽ കടന്നുകൂടിയ വിശാഖ്​ യൂനിവേഴ്​സിറ്റി യൂനിയൻ ചെയർമാനായി മത്സരിക്കുമായിരുന്നു. ജില്ല കമ്മിറ്റിയിൽ ഇതുസംബന്ധിച്ച പരാതി ചർച്ചക്ക് വന്നെങ്കിലും ദിവസങ്ങളോളം ഒരു നടപടിയും ഉണ്ടായില്ല. വാർത്ത പത്രങ്ങളിൽ വന്നതോടെ വിശാഖിനെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സ്​ഥാനത്തുനിന്നും സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്

വിഖ്യാത കാർട്ടൂണിസ്​റ്റ്​ വേണു എൺപതുകളിൽ കുട്ടികളും മുതിർന്നവരുമായ ബാലപ്രസിദ്ധീകരണ വായനക്കാർക്കുമുന്നിൽ അവതരിപ്പിച്ച പ്രയോഗമാണ്​ ‘തലമാറ​ട്ടെ’. തലമാറ​ട്ടെ എന്ന് പറഞ്ഞുതീരേണ്ട താമസം രണ്ടുപേരുടെ തലകൾ പരസ്പരം മാറിയിരിക്കും! ഇതേച്ചൊല്ലിയുണ്ടാവുന്ന പോരും പടയും അന്ന്​ വായനക്കാരെ രസിപ്പിച്ചിരുന്നുവെങ്കിൽ തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ‘തലമാറ​ട്ടെ’ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്​.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ യൂനിവേഴ്​സിറ്റി യൂനിയൻ കൗൺസിലർ സ്​ഥാനത്തേക്ക്​ മത്സരിച്ചുജയിച്ച്​ ​സർവകലാശാല യൂനിയൻ ഭാരവാഹിയായി മത്സരിക്കാനും വോട്ടു​ചെയ്യാനും യോഗ്യയായത്​ അനഘയായിരുന്നുവെങ്കിൽ രേഖകളിൽ അത്​ വിശാഖായി മാറി!

ഓരോ കോളജിലും രണ്ട്​ യു.യു.സി സ്​ഥാനങ്ങളുണ്ടല്ലോ. കാട്ടാക്കട കോളജിൽ എസ്.എഫ്.ഐ പാനലിൽ മത്സരിച്ച അനഘയും ആരോമലും വൻ ഭൂരിപക്ഷത്തിലാണ്​ ജയിച്ചത്​. പാർട്ടി മുഖപത്രത്തിൽ ഇരുവരുടെ ചിത്രങ്ങളും അച്ചടിച്ചുവന്നിരുന്നു.

എന്നാൽ, കോളജിൽനിന്ന് കേരള യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് വിജയികളുടെ പട്ടിക സമർപ്പിക്കപ്പെട്ടപ്പോൾ അനഘയെ വെട്ടിമാറ്റിയാണ്​ വിശാഖിനെ തിരുകിക്കയറ്റിയത്​. കോളജിലെ ഒന്നാംവർഷ ബി.എസ് സി വിദ്യാർഥിയായ വിശാഖ് ചില്ലറക്കാരനല്ല-എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ്​, സി.പി.എം പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.

വിശാഖ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് പോലും ഉണ്ടായിരുന്നില്ല. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് ബാധകമായ ലിങ് ദോ കമീഷൻ മാനദണ്ഡം അനുസരിച്ച് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പ്രായം 22 കവിയാൻ പാടില്ല. വിശാഖിന്​ പ്രായം 25 ആണ്.

തിരുവനന്തപുരത്തെ മറ്റൊരു കോളജിൽ മറ്റൊരു ഡിഗ്രി കോഴ്സിന് മൂന്നുവർഷം പഠിച്ച ശേഷമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജിലെത്തിയത്. ആദ്യത്തെ ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല എന്നുകാണിച്ച് യൂനിവേഴ്സിറ്റിയെ സമീപിച്ച് രജിസ്ട്രേഷൻ റദ്ദാക്കി വാങ്ങി മറ്റൊരു കോളജിൽ അഡ്മിഷൻ നേടുന്നത് സംഘടന നേതൃത്വത്തിലുള്ളവരുടെ പതിവു പരിപാടിയാണ്.

ആൾമാറാട്ടംവഴി യു.യു.സി ആകാൻ ശ്രമിച്ച വിശാഖിന്റെ യഥാർഥ ലക്ഷ്യം കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സ്ഥാനം ആയിരുന്നു. മത്സരിക്കാനിറങ്ങിയാൽ പ്രായപരിധി നിബന്ധനയിൽ തട്ടി പത്രിക തന്നെ തള്ളിപ്പോകുമെന്ന് ഉറപ്പുള്ളതിനാലാണ് പോരാട്ടത്തി​ന്റെ ആൾമാറാട്ട വഴി തിരഞ്ഞെടുത്തത്.

കോളജ് അധികാരികളുടെ കൂടി ഒത്താ​ശയോടെ നടത്തിയ അട്ടിമറി, കാട്ടാക്കട സി.പി.എമ്മിൽ വിഭാഗീയത ഇല്ലായിരുന്നുവെങ്കിൽ പുറത്തറിയില്ലായിരുന്നു. വിദ്യാർഥികളുടെ വോട്ടുവാങ്ങി ജയിച്ചുകയറിയ വനിതാ സഖാവിനെ വെട്ടിമാറ്റി ലിസ്​റ്റിൽ കടന്നുകൂടിയ വിശാഖ്​ യൂനിവേഴ്​സിറ്റി യൂനിയൻ ചെയർമാനായി മത്സരിക്കുമായിരുന്നു.

ജില്ല കമ്മിറ്റിയിൽ ഇതുസംബന്ധിച്ച പരാതി ചർച്ചക്ക് വന്നെങ്കിലും ദിവസങ്ങളോളം ഒരു നടപടിയും ഉണ്ടായില്ല. വാർത്ത പത്രങ്ങളിൽ വന്നതോടെ വിശാഖിനെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സ്​ഥാനത്തുനിന്നും സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വിദ്യാർഥി സംഘടനയുടെ പ്രാദേശിക നേതാവിന്​ ഇത്ര വലിയ തെരഞ്ഞെടുപ്പ് അട്ടിമറി ഒറ്റക്ക് ഒപ്പിക്കാനാവുമെന്ന് കരുതാനും വയ്യ. ആൾമാറാട്ടത്തിനുപിന്നിൽ വിശാഖിനുമപ്പുറം വലിയ കരങ്ങളുണ്ട് എന്നതിലേക്കുള്ള സൂചനയാണിത്. എന്തായാലും എല്ലാം വിദ്യാർഥി നേതാവിന്റെയും കോളജ് പ്രിൻസിപ്പലിന്‍റെയും തലയിലിട്ട് തടിയൂരാനാണ് സി.പി.എം ശ്രമിക്കുന്നത്.

വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ പേരുവെട്ടി പകരം വിശാഖിന്റെ പേരും ഫോട്ടോയും ചേർത്ത് ഒപ്പിട്ട് യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് അയച്ചത് കോളജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജു ആണ്. പ്രസ്തുത പേപ്പറിൽ വിശാഖും ഒപ്പുവെച്ചിട്ടുണ്ട്. ആ നിലയിൽ പ്രധാന പ്രതികൾ ഇവർ തന്നെ. എന്നാൽ, ഇവർ മാത്രമാണോ?

വിശാഖ് പറഞ്ഞതുകൊണ്ടുമാത്രം പ്രിൻസിപ്പൽ അങ്ങനെ ചെയ്യില്ലത്, കട്ടായം. അദ്ദേഹത്തിന് അവഗണിക്കാൻ സാധിക്കാത്ത സമ്മർദം ഉണ്ടായെന്നാണ് മനസ്സിലാക്കേണ്ടത്. ആൾമാറാട്ടം ചർച്ചചെയ്യാൻ കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം ചേർന്നപ്പോൾ, മൃദുവായ ശിക്ഷാനടപടി മതിയെന്നാണ്​ പാർട്ടിക്കാരായ അംഗങ്ങൾ നിർദേശിച്ചത്​.

വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ കർശന നിലപാട് സ്വീകരിച്ചതുകൊണ്ടുമാത്രം പൊലീസിൽ പരാതിയെത്തി. പ്രിൻസിപ്പലിനും വിദ്യാർഥിക്കുമെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചേർത്ത് കേസുണ്ടായി. ആരോപിതരെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല, വനിതാ സഖാവിൽനിന്ന്​ മൊഴിയെടുത്തിട്ടുമില്ല.

പാർട്ടിക്കാർ നടത്തുന്ന സകല കുറ്റകൃത്യങ്ങളും അന്വേഷിച്ച്​ തീരുമാനമെടുക്കേണ്ടത്​ പാർട്ടിക്കോടതിയാണെന്നാണല്ലോ നാട്ടുനടപ്പ്​. അതിൻപ്രകാരം സി.പി.എം പാർട്ടി കമീഷനെ വെച്ചിട്ടുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. പുഷ്പലത, ഡി.കെ. മുരളി എന്നിവരടങ്ങിയ കമീഷൻ എന്താണ് അന്വേഷിക്കുന്നതെന്നോ കണ്ടെത്തൽ എന്താണെന്നോ പൊതുജനം അറിയാൻ പോകുന്നില്ല.

അന്വേഷണ കമീഷനെ വെച്ചതുതന്നെ പാർട്ടി പരസ്യമാക്കിയിട്ടില്ല. അതേസമയം, ആൾമാറാട്ടത്തിൽ പങ്കില്ലെന്നുകാണിച്ച് പാർട്ടിയുടെ രണ്ട് എം.എൽ.എമാർ ജി. സ്റ്റീഫൻ (അരുവിക്കര), ഐ.ബി. സതീഷ് (കാട്ടാക്കട) എന്നിവർ പാർട്ടിക്ക് കത്ത് നൽകിയ വിവരം മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. എം.എൽ.എമാർക്കുണ്ടായ ഉൾവിളിയുടെ പ്രചോദനം അജ്ഞാതം. പിന്നാലെ കത്തെഴുത്തിനും ചോർത്തലിനും പാർട്ടി വിലക്ക് ഏർപ്പെടുത്തി.

ആൾമാറാട്ടത്തിന്​ ഒത്താശ ചെയ്ത്​ സാക്ഷ്യപ്പെടുത്തിയ കോളജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജു കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) തിരുവനന്തപുരം ജില്ല സെക്രട്ടറിയും കേരള യൂനിവേഴ്സിറ്റി സെനറ്റിലേക്കുള്ള യു.ഡി.എഫ് പാനലിലെ സ്ഥാനാർഥിയുമാണ്​ എന്നതുകൂടി അറിയു​മ്പോഴാണ്​ ഈ കഥ പൂർണമാവുക. എല്ലാം എന്റെ പിഴ, എന്റെ പിഴ മാത്രം എന്ന് ഏറ്റു പറഞ്ഞിരിക്കുന്നു അദ്ദേഹം.

കൈയോടെ പിടിക്കപ്പെട്ടപ്പോൾ കുറ്റം സ്വയം ഏറ്റെടുത്ത്, തന്നിൽ സമ്മർദം ചെലുത്തിയ പാർട്ടിയിലെ വമ്പന്മാരുടെ പേരുകൾ മറച്ചു പിടിക്കുന്ന ഷൈജുവിന്റെ മഹാമനസ്കത കോൺഗ്രസുകാർ പോലും മനസ്സിലാക്കിയിരുന്നില്ല.

ഇതുപോലൊരു ക്രിമിനൽ നടപടി വെളിപ്പെട്ടിട്ടും, ഇന്നത്തെ നിലയനുസരിച്ച്​ എസ്​.എഫ്​.ഐയോട്​ തെരഞ്ഞെടുപ്പിലോ കായികമായോ മത്സരിച്ച്​ ജയിക്കാൻ ശേഷിയില്ലാത്ത കെ.എസ്​.യുക്കാർ അത്​ ഒരു പ്രചാരണ വിഷയമാക്കുന്ന​തേയില്ല, കോൺഗ്രസ്​ നേതാക്കളും കാര്യമായി മിണ്ടുന്നില്ല.

ഇതെല്ലാം കേവലം യാദൃച്ഛികമായി സംഭവിച്ചതാണെന്ന്​ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം സകല നിഷ്​കളങ്കർക്കുമുണ്ട്​​ (സോഷ്യൽ മീഡിയ ഭാഷയിൽ നിഷ്​കുകൾക്ക്​). എന്നാലും ചോദിക്കാതിരിക്കാനാവുന്നില്ല, ആൾമാറാട്ട നാടകത്തിൽ ഉൾപ്പെട്ടവരെയും അവരുടെ എതിരാളികളെയും രാഷ്ട്രീയത്തിനതീതമായി ഇവ്വിധം ചേർത്തുനിർത്തുന്ന ഘടകം എന്തായിരിക്കും?

Tags:    
News Summary - Learn impersonate and Fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT