പാകിസ്​താനിലെ ക്വറ്റയിൽ സബ്​സിഡി നിരക്കിലുള്ള ഗോതമ്പ്​ മാവ്​ സംഘടിപ്പിക്കാൻ തിങ്ങിക്കൂടിയ ജനങ്ങൾ                    

പാകിസ്താന്റെ പതനം നൽകുന്ന പാഠങ്ങൾ

വൈദ്യുതിക്ഷാമം കനത്തതുമൂലം രാത്രി എട്ടോടെ കടകളും മാളുകളും അടച്ചിടാൻ നിർബന്ധിതമാവുന്നു. ചെറുകിട-കുടിൽ വ്യവസായങ്ങളും ഊർധ്വൻ വലിക്കുന്നു. സാമ്പത്തിക അരാജകത്വവും അസ്ഥിരതയും നിലനിൽക്കെ രാഷ്ട്രീയരംഗത്ത് പരസ്പര പോർവിളികളും ഗൂഢതന്ത്രങ്ങളും മാത്രം- പാകിസ്താനിൽ ഇന്ന് ഒരു ഭരണമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റില്ല

വമ്പൻ സാമ്പത്തിക തകർച്ചയുടെ വക്കിലാണ് പാകിസ്താൻ, ഒരുപക്ഷേ അടുത്തിടെ നമ്മൾ കണ്ട ശ്രീലങ്കൻ പ്രതിസന്ധിയെക്കാൾ രൂക്ഷമാണ് അവർ നേരിടുന്ന പ്രശ്നങ്ങൾ. ഈ അനിശ്ചിതത്വത്തിൽ നിന്ന് അടുത്തെങ്ങും കരകയറാൻ അവർക്കാവില്ല. ജനസംഖ്യയിൽ ഇന്ത്യയുടെ നാലിലൊന്നു പോലുമില്ലാത്ത അവിടെ (ഏകദേശം 24 കോടി) വിലയിടിവും വിദേശനാണ്യക്കമ്മിയും പരിതാപകരമായ നിലയിലാണ്.

2018ലെ വിദേശനാണ്യ കരുതൽ ശേഖരം 18 ബില്യൺ ഡോളറായിരുന്നെങ്കിൽ 2021ൽ അത്15 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. കയറ്റുമതിയിലുണ്ടായ ഗണ്യമായ കുറവും കോവിഡ് മഹാമാരിയും അതിനെ നേരിടാനുള്ള സാമ്പത്തിക മാനേജ്മെന്റിന്റെ അപര്യാപ്തതയുമാണ് ഇതിന്റെ ആക്കംകൂട്ടിയത്.

ജി.ഡി.പിയുടെ 85 ശതമാനം പൊതുകടമായി നിൽക്കുന്നെന്നാണ് ഐ.എം.എഫ് സൂചിക കാണിക്കുന്നത്. ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം വിദേശകടം 2018ൽ 115 ബില്യൺ ഡോളറായിരുന്നെങ്കിൽ 2022ൽ അത് 130 ബില്യൺ ഡോളറായി ഉയർന്നിരിക്കുകയാണ്. രാജ്യാന്തര വായ്പ 27 ബില്യൺ ഡോളറാണ് ഇതിൽ 23 ബില്യൺ ഡോളറും ചൈനയിൽനിന്നാണ്. 2018ലെ പണപ്പെരുപ്പം 4.5 ശതമാനമായിരുന്നെങ്കിൽ 2021ൽ അത് 10.5 ശതമാനമാണ് .

പാകിസ്താൻ ബോണ്ടുകൾക്ക് മുഖവിലയുടെ പകുതിവിലയിൽ കൂടുതൽ നൽകാൻ വിപണിയിൽ ആളില്ലാത്ത അവസ്ഥ. എന്നാൽ, അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമവും പൊള്ളുന്ന വിലക്കയറ്റവും.

പാകിസ്താനെ ഈയൊരു അവസ്ഥയിൽ കൊണ്ടെത്തിച്ചതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇന്ത്യയെപോലെ കൃത്യമായ അജണ്ടകളുള്ള, നിയന്ത്രണ ശക്തിയുള്ള ഒരു റിസർവ് ബാങ്കിന്റെ അഭാവം അവരുടെ സാമ്പത്തിക തകർച്ചയുടെ മുഖ്യകാരണങ്ങളിലൊന്നാണ്.

പട്ടാള അധിഷ്ഠിതമായ ഭരണം, ഭരണത്തിലുള്ള വലിയ പ്രശ്നങ്ങൾ, രാഷ്ട്രീയ അസ്ഥിരത, മത വർഗീയ തീവ്രവാദപ്രശ്നങ്ങൾ ഒക്കെ അവിടെ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 30 ശതമാനത്തോടടുത്ത് നാണ്യപ്പെരുപ്പമാണ് പാകിസ്താനിലുള്ളത് എന്നതാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഒരുപക്ഷേ പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നും ഇതുതന്നെയാണ്. ഇതിനിടയിൽ, വികസനത്തിന്റെ പേരിലും അമിത ലാഭക്കൊതിയുടെ പേരിലും പരിസ്ഥിതിയെ പരിഗണിക്കാതെ നടത്തിയ നിർമാണപ്രവർത്തനങ്ങൾ വരുത്തിവെച്ച വിപത്തുകൾ ഒട്ടേറെ.

ജൂൺ-സെപ്റ്റംബർ കാലയളവിലുണ്ടായ പ്രളയം ഏകദേശം മൂന്ന് ലക്ഷം കോടിയുടെ നാശനഷ്ടങ്ങൾ വരുത്തി എന്നതാണ് കണക്ക്. ഒട്ടേറെ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു.

കൃഷി ഭൂരിഭാഗവും നശിച്ചു. ഇതിനെ നേരിടാൻ കൃത്യമായ ആസൂത്രണപദ്ധതികൾ ഇല്ലാതെ കിട്ടുന്ന എല്ലാ മേഖലകളിൽ നിന്നും പണം കടമെടുക്കുകയും കൂടി ചെയ്തതോടെ നിവർന്നു നിൽക്കാനാവാത്ത വിധം തകർന്നുപോയി ആ സമ്പദ്‍വ്യവസ്ഥ. വൈദ്യുതിക്ഷാമം കനത്തതുമൂലം രാത്രി എട്ടോടെ കടകളും മാളുകളും അടച്ചിടാൻ നിർബന്ധിതമാവുന്നു.

ചെറുകിട-കുടിൽ വ്യവസായങ്ങളും ഊർധ്വൻ വലിക്കുന്നു. സാമ്പത്തിക അരാജകത്വവും അസ്ഥിരതയും നിലനിൽക്കെ രാഷ്ട്രീയരംഗത്ത് പരസ്പര പോർവിളികളും ഗൂഢതന്ത്രങ്ങളും മാത്രം- പാകിസ്താനിൽ ഇന്ന് ഒരു ഭരണമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റില്ല.

ചൈനയിൽ നിന്ന് കിട്ടാവുന്നിടത്തോളം കടംവാങ്ങി തിരിച്ചടവിന് കഴിയാതെ കടക്കെണിയിലായ ശ്രീലങ്കയുടെ അതേ രീതിയിലാണ് ഇന്ന് പാകിസ്താന്റെ സാമ്പത്തിക തകർച്ച. വിദേശനാണ്യ ഖജനാവിൽ വളരെ കുറഞ്ഞ മൂലധനമെ ഉള്ളൂ. ഏറക്കുറെ 500 കോടിയിൽ താഴെ ഡോളർ മാത്രമെ ഉള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. പല സാധനങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല.

കഴിഞ്ഞ പത്തുവർഷമായി കയറ്റുമതിയും ആഭ്യന്തര ഉൽപാദനവും വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമാക്കുമെന്നും അത് വലിയ ആഭ്യന്തര കലാപത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്താൻ നേരിടുന്ന സാമ്പത്തികപ്രശ്നങ്ങളുടെ മൂലകാരണങ്ങൾ ഇവയാണ്.

1. തിരിച്ചടക്കാൻ കഴിയാത്ത രീതിയിൽ വാങ്ങിക്കൂട്ടിയ കടബാധ്യത.

2. ദീർഘകാലമായി നിലനിൽക്കുന്ന ധനക്കമ്മി വിദേശ നിക്ഷേപ കരുതൽ അനുപാതത്തിലുള്ള വ്യത്യാസവും.

3. വിദേശ നിക്ഷേപത്തിൽ വന്ന ഗണ്യമായ തകർച്ചയും കയറ്റുമതി ഇടിവും.

4. കാര്യക്ഷമമല്ലാത്ത ഊർജമേഖല. ഊർജ ഉൽപാദനവും വിതരണവും നാൾക്കു നാൾ തകരുന്നതും അതുമൂലമുണ്ടാകുന്ന പവർകട്ട്, വൈദ്യുതിക്ഷാമം നിയന്ത്രണം എന്നിവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

5. അഴിമതിയും കാര്യക്ഷമതയില്ലാത്ത സേവന വിതരണ-ഭരണങ്ങളും രാഷ്ട്രീയ അസ്ഥിരതയും.

6. സാമ്പത്തിക മേഖലയിലോ വ്യവസായ-ഊർജ മേഖലയിലോ നികുതി പരിഷ്കാരത്തിലോ ഘടനാപരമായ ഒരു മാറ്റവും നടത്താൻ കഴിയാത്ത അവസ്ഥ.

ഈ കുഴപ്പങ്ങൾക്കെല്ലാം നടുവിലും ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ വിദ്വേഷം വളർത്തുന്നതിലും കശ്മീരിൽ അസ്വസ്ഥതയുണ്ടാക്കുന്നതിലുമാണ് ഭരണകൂടത്തിന്റെ ശ്രദ്ധയെന്നതാണ് ഏറെ കഷ്ടം.

കാഴ്ചപ്പാടില്ലാത്ത നയങ്ങളും പദ്ധതികളും പരിപാടികളും രാഷ്ട്രീയപാർട്ടികളുടെ സങ്കുചിതത്വവും മത വർഗീയത വളർത്തുന്ന സമീപനങ്ങളും അമിത വിദേശപ്രീണനവും ഒരു രാജ്യത്തെ എത്രമാത്രം പിറകോട്ടു നയിക്കും എന്നതിന് നാം ജീവിക്കുന്ന കാലത്തെ കൃത്യമായ ഉദാഹരണമാണ് പാകിസ്താൻ.

ഇത് ഒരു രാജ്യത്തിന്റെ മാത്രം കഥയല്ല. വൻകിട മുതലാളിമാർക്കും, വിദേശ യജമാനന്മാർക്കും വേണ്ടി ജനങ്ങളെ മറക്കുന്ന, വിദ്വേഷം പടർത്തുന്ന ഭരണകൂടങ്ങൾ നിലനിൽക്കുന്ന ഏതൊരു രാജ്യത്തിനും ഈ ഗതി വന്നുചേരാം.

ലേഖകൻ അധ്യാപകനും മാനേജ്മെന്റ് പരിശീലകനുമാണ്

Tags:    
News Summary - Lessons from the fall of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.