ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇലക്ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) വീണ്ടും ചർച്ചയായിരിക്കുന്നു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണിതന്നെ ഇ.വി.എമ്മിൽ അവിശ്വാസം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നു. ഒരുവശത്ത് രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റിയും ചോദ്യങ്ങളുന്നയിക്കുന്നു; മറുവശത്ത്, ഭരണകൂടം അത് സമ്പൂർണമായി അവഗണിക്കുന്നു. എന്തുകൊണ്ടാണിത്?
രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൂർണമായും ഇലക്ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) ഉപയോഗിച്ച് തുടങ്ങിയിട്ട് 20 വർഷമായിരിക്കുന്നു. അതിനുശേഷം, അഞ്ച് ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് നാം സാക്ഷ്യംവഹിച്ചു; ഇതിനിടയിൽ, എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് നാല് നിയമസഭ തെരഞ്ഞെടുപ്പുകളും അത്രതന്നെ തദ്ദേശ തെരഞ്ഞെടുപ്പുകളും നടന്നുകഴിഞ്ഞു.
ഓരോ തവണയും, ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയും സുതാര്യതയുമെല്ലാം ചോദ്യംചെയ്യപ്പെടാറുണ്ട്. ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കാനാകുമെന്ന തരത്തിലുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണിതന്നെ ഇ.വി.എമ്മിൽ അവിശ്വാസം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നു.
കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ജയ്റാം രമേശാണ് ഇ.വി.എം വിരുദ്ധ കാമ്പയിന്റെ മുൻപന്തിയിലുള്ളത്. തന്റെ സംശയങ്ങൾ അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കുകയുണ്ടായി. നേരത്തെ, പല ടെക്നോക്രാറ്റുകളും ഉന്നയിക്കുകയും ഒരളവിൽ തെളിയിച്ചുകാണിക്കുകയും ചെയ്ത ചോദ്യങ്ങൾ ആവർത്തിക്കുകയായിരുന്നു അദ്ദേഹം.
എന്നിട്ടും കമീഷൻ അത് തള്ളി. ഇ.വി.എമ്മിൽ ഉപയോഗിക്കുന്ന സോഴ്സ് കോഡ് ഒരു മൂന്നാം കക്ഷിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർക്കിപ്പെട്ട ഒരു പൊതുതാൽപര്യ ഹരജിയും തള്ളപ്പെട്ടു. ഡൽഹി കോൺഗ്രസ് കമ്മിറ്റിയുടെ ഹരജിയും തള്ളി. ഒരുവശത്ത് രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റിയും ചോദ്യങ്ങളുന്നയിക്കുന്നു; മറുവശത്ത്, ഭരണകൂടം അത് സമ്പൂർണമായി അവഗണിക്കുന്നു. എന്തുകൊണ്ടാണിത്?
ലോകത്ത് ചുരുക്കം രാജ്യങ്ങൾ മാത്രമേ ഇപ്പോൾ വോട്ടുയന്ത്രം ഉപയോഗിക്കുന്നുള്ളൂ. പലരും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോയി. ഉപയോഗിക്കുന്നവരാകട്ടെ വോട്ടുയന്ത്രം ഉപയോഗം നിർത്തണം എന്ന ആലോചനയിലുമാണ്.
എന്തുകൊണ്ട് ലോകരാജ്യങ്ങൾ മാറിച്ചിന്തിക്കുന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: ജനവിധി സുതാര്യമായി രേഖപ്പെടുത്താൻ അവക്ക് സാധിക്കുന്നില്ല; കാണാമറയത്ത് ഒരു അട്ടിമറി സാധ്യത നിഴലിക്കുകയും ചെയ്യുന്നു. ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ കോടതികളും കമീഷനുമെല്ലാം വാളെടുക്കുകയും ചെയ്യും.
2005ലാണ് ജർമനിയിൽ വോട്ടുയന്ത്രം ആദ്യമായി ആവിഷ്കരിച്ചത്. നാല് വർഷത്തിനുശേഷം പിൻവലിക്കുകയും ചെയ്തു. ടെക്നോക്രാറ്റുകൾ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ വിഷയം ഭരണഘടന കോടതിയിലെത്തി. ഇ.വി.എമ്മിന് നിയമപരമായി സാധുതയില്ലെന്ന് 2023ൽ കോടതി വിധിച്ചു.
നെതർലൻഡ്സിൽ 90കളിൽ ഇ.വി.എം കൊണ്ടുവന്നിരുന്നു. 2007ൽ, അവർ ബാലറ്റിലേക്ക് തന്നെ തിരിച്ചുപോയി. ഇന്ത്യയിലെ പല സാങ്കേതിക വിദഗ്ധരും ഇ.വി.എമ്മിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഒരുകാലത്ത് ഇ.വി.എമ്മിന്റെ വക്താവായിരുന്ന ഐ.എ.എസ് ഓഫിസർ കണ്ണൻ ഗോപിനാഥ്, സാം പിത്രോഡ തുടങ്ങിയവരും വോട്ടുയന്ത്രത്തെ തള്ളിപ്പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ചത് കേരളത്തിലാണ്. 1982ലെ നിയമസഭ തെരഞ്ഞടുപ്പിൽ വടക്കൻ പറവൂർ മണ്ഡലത്തിലായിരുന്നു പരീക്ഷണം. മണ്ഡലത്തിലെ 52 ബൂത്തുകളിൽ ഇ.വി.എമ്മും ബാക്കി 34 ബൂത്തുകളിൽ ബാലറ്റുമായിരുന്നു ഉപയോഗിച്ചിരുന്നത്.
വിദ്യാഭ്യാസ നിലവാരത്തിലും മറ്റും ദേശീയ ശരാശരിയിൽ മുകളിൽനിൽക്കുന്ന ഒരു മണ്ഡലമെന്ന നിലയിലാണ് പറവൂരിനെ തിരഞ്ഞെടുത്തത്. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ ശിവൻപിള്ളയും യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിന്റെ എ.സി. ജോസുമായിരുന്നു.
ഇ.വി.എം ഉപയോഗിക്കുന്നതിനോട് തുടക്കത്തിൽ എൽ.ഡി.എഫിന് യോജിപ്പുണ്ടായിരുന്നില്ല. അവർ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുംവിധം തന്നെ ഇലക്ഷൻ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. അങ്ങനെയാണ് 1982 മേയ് 19ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുന്നത്. ഫലം വന്നപ്പോൾ ശിവൻ പിള്ളയാണ് ജയിച്ചത്.
വിജയം നേരിയ ഭൂരിപക്ഷത്തിനായിരുന്നു. അതോടെ, ഇ.വി.എമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് കോടതിയിൽ പോയി. ഇ.വി.എം പരീക്ഷിച്ച 52 ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. റീപോളിങ് ഫലം വന്നപ്പോൾ വിജയി എ.സി. ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.