മ​േനാവൈകല്യക്കാർ  രേഖയിലെ പേരുകാർ മാത്രം 

തലങ്ങും തലങ്ങും വിലങ്ങും അടികൊണ്ട് മരിച്ച മധുവി​​​െൻറ ഊരായ പുതൂർ ഗ്രാമപഞ്ചായത്തിലെ കടുകുമണ്ണയിലെ മറ്റൊരു ആദിവാസി ചെറുപ്പക്കാര​​​െൻറ പേരാണ് രാജേന്ദ്രൻ. പ്ലസ് ടു പാസായി ബി.ഫാം കോഴ്സിന് ചേർന്ന ഊരിലെ വിദ്യാസമ്പന്നൻ. കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തിയ രാജേന്ദ്രൻ ഇപ്പോൾ മനോവൈകല്യം പേറി മുക്കാലിയിലും ആനവായ് ഊരിലേക്കുള്ള വഴിയിലുമൊക്കെ നടക്കുന്നു. തുടുക്കി ഊരിലെ വിനോദി​​​െൻറ ഈ മക​​​െൻറ രോഗവിവരം മുഴുവൻ അഗളി ജങ്ഷനിൽ ആദിവാസി ക്ഷേമത്തിനായി  പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫിസിലെ (ഇൻറഗ്രേറ്റഡ് ട്രൈബൽ ​െഡവലപ്മ​​െൻറ് പ്രോജക്ട്) രേഖയിൽ ഉണ്ട്. രാജേന്ദ്രന് വിശക്കുന്നുണ്ടോ എന്ന്​ അന്വേഷിക്കാനുള്ള നേരം അതേ രേഖയിലെ മറ്റൊരു പേരുകാരനായ മധുവി​​െൻറ കാര്യത്തിലെന്നപോലെ ഈ ഓഫിസിലെ ആർക്കും ഇനിയും ഉണ്ടായിട്ടില്ല. 

ആശുപത്രികളിലെ കിടത്തിചികിത്സകൊണ്ട് പരിഹാരമില്ലാത്ത മനോവിഭ്രാന്തിയും വൈകല്യവും അട്ടപ്പാടിയുടെ ശാപമാണ്. പാറിപ്പറക്കുന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി അലയുന്ന ഇത്തരക്കാരെ അഗളി ജങ്ഷനിൽവരെ കാണാം. ആദിവാസികളുടെ ഓരോ കാര്യവും അന്വേഷിക്കാനും പരാതി യഥാസമയം ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറെ അറിയിക്കാനുമായി 172 പട്ടികവർഗ ​പ്രമോട്ടർമാരെ സർക്കാർ അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി നിയമിച്ചിട്ടുണ്ട്. മരണമടഞ്ഞ മധുവി​​​െൻറയും അലഞ്ഞുനടക്കുന്ന രാജേന്ദ്ര​​​െൻറയും വിവരങ്ങളടക്കം ഈ പ്രമോട്ടർമാർ ഐ.ടി.ഡി.പി ഓഫിസിൽ നേരത്തെ അറിയിച്ചിട്ടുണ്ട്. ദേഹമാസകലം അടിയേറ്റ് അർധപ്രാണനായ മധുവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയ മുക്കാലി ഉൾപ്പെട്ട അഗളി പഞ്ചായത്തിൽ മാത്രം 37 ഊരുകളിലായി 66 മനോവൈകല്യമുള്ള പുരുഷന്മാർ ഉണ്ടെന്ന് കണക്കെടുത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് പ്രദേശത്തെ പ്രമോട്ടറായ രംഗൻ സ്ഥിരീകരിക്കുന്നു. റിപ്പോർട്ട് പ്രകാരം ഓഫിസിലെ രജിസ്​റ്ററിൽ ഇവരുടെ പേരും ഊരും രേഖപ്പെടുത്തി വെക്കുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 

സമീപ പഞ്ചായത്തുകളായ ഷോളയൂരിലും പുതൂരിലും (മധുവി​​​െൻറ പഞ്ചായത്ത് ) നിലവിലുള്ള മനോവൈകല്യമുള്ളവരുടെ കണക്ക് വേറെ. പോഷകാഹാര കുറവ്, കാൽമുറിയൻ രോഗം തുടങ്ങിയവമൂലം നിരവധിപേർ മരിച്ചിട്ടുണ്ട്​. പോഷകാഹാര കുറവ് മൂലം ഉണ്ടായ നവജാതശിശുക്കളുടെ മരണപരമ്പര മല്ലീശ്വരൻ താഴ്്വര മറികടന്നിട്ട് രണ്ടരവർഷമേ ആയിട്ടുള്ളൂ. 

മ​ധു​വി​​​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ സ​മ​ര​ക്കാ​ർ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി അ​ഗ​ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ
 

മുമ്പൊന്നും കാണാത്തത്ര ഇപ്പോൾ അട്ടപ്പാടിയിൽ കൂടുതൽ മനോവൈകല്യം ഉള്ളവർ ഉണ്ടാകാൻ കാരണമെന്താണെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിനും വ്യക്തമായ  മറുപടിയില്ല. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവർ പല കാരണങ്ങളും കാണുന്നുണ്ട്. കൗമാരം മുതൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും കൊടുംദാരിദ്ര്യവും പഠിച്ചിട്ടും പ്രയോജനം ഉണ്ടാവാത്തതിലുള്ള വിഷാദവും നിരാശയും മാനസികപ്രയാസത്തിലേക്ക് നയിക്കുന്നു. സാന്ത്വനത്തിലധിഷ്​ഠിതമായ പരിചരണമാണ് ക്ലിനിക്കൽ ചികിത്സയേക്കാൾ അഭികാമ്യം. കോട്ടത്തറയിലെ ഗോത്രവർഗ സ്പെഷാലിറ്റി ആശുപത്രിയിൽ മ​േനാരോഗചികിത്സക്കായി ഒരു യൂനിറ്റ് തുടങ്ങിയത് അടുത്തിടെയാണ്. ഇവിടെ ചികിത്സയിലുള്ള ഒമ്പത് ആദിവാസി യുവാക്കളും മൗനികളാണ് പലപ്പോഴും. 

ഇത്തരക്കാരെ ഊരിൽനിന്ന് അകറ്റുന്ന സമ്പ്രദായവും പലയിടത്തും കാണുന്നുണ്ട്. ഏതിനും അടിസ്ഥാന കാരണം മദ്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്. മദ്യത്തി​​​െൻറയും കഞ്ചാവി​​​െൻറയും നീരാളിപ്പിടിത്തം ഊരുകളിൽ വില്ലൻ വേഷത്തിൽ ഉണ്ടെന്നത് വസ്തുതയാണ്. പക്ഷേ , അതുമാത്രമല്ല കാരണം. ഭൗതിക^പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ കോടികൾ ചെലവിടുന്ന അധികൃതർക്ക് ഒരു നേരത്തെ ആഹാരം ഉറപ്പാക്കാനുള്ള കാര്യക്ഷമമായ നടപടി ഇനിയും ഉണ്ടായിട്ടില്ല. പലവിധത്തിലുള്ള രോഗങ്ങളുടെ പാരവശ്യം ആദിവാസി ഊരുകൾക്ക് പുതുമയുള്ളതല്ല. പട്ടിണി മരണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ആകെയുള്ള 192 ഊരുകളിലും മ​േനാവൈകല്യമുള്ള ആദിവാസി ചെറുപ്പക്കാർ ഉണ്ടെന്ന് ‘തമ്പ്’ എന്ന സംഘടന പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദിവാസി യുവാക്കളിൽ പടരുന്ന വിഷാദരോഗത്തിന് ഊരുകൾ കേന്ദ്രീകരിച്ച ചികിത്സ അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.

ശിശുമരണ കാലഘട്ടത്തിൽ അട്ടപ്പാടിയിലെത്തിയ അന്നത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഗോത്രവർഗത്തിൽപെട്ട ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞത്, നിങ്ങളടക്കമുള്ളവർ ഇങ്ങോട്ടുള്ള വരവ് കുറച്ചാൽതന്നെ ആദിവാസികളുടെ കാര്യം പരിഹരിക്കാനാവുമെന്നാണ്. സൗജന്യങ്ങൾ നൽകുന്നത് പതിവാക്കിയതോടെ സാധാരണ ജോലിയിൽനിന്നുപോലും വിട്ടുനിൽക്കാനും മടിപിടിച്ച് ഊരുകളിൽ തങ്ങാനും ശീലിച്ച ആദിവാസികൾ പലരാണ്. ഇത്​ മനസ്സിൽവെച്ചാണ് ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ് അങ്ങനെ പ്രതികരിച്ചത്. സൗജന്യ അരി വിതരണത്തേക്കാൾ റാഗിയോടാണ് ആദിവാസി ജനതക്ക് പഥ്യം. സ്വന്തമായുണ്ടായിരുന്ന ഭൂമി ആദിവാസികളിൽനിന്ന് ആദ്യം കവർന്നു. പിന്നീട്, അവരുടെ മാനം കവർന്നു. ഇപ്പോൾ, തല്ലിക്കൊല്ലുന്നു ^മധുവി​​​െൻറ മരണത്തി​​​െൻറ പിറ്റേന്ന് അട്ടപ്പാടിയിലെത്തിയ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന പ്രസിഡൻറും പഴയ അയ്യങ്കാളിപ്പട നേതാവുമായ വിളയോടി ശിവൻകുട്ടി പറയുന്നു. പട്ടികവർഗ കമീഷൻ അട്ടപ്പാടിയിൽ സിറ്റിങ് നടത്തി പ്രശ്നങ്ങൾ തത്സമയം പരിഹരിക്കണമെന്നാണ് അദ്ദേഹത്തി​​​െൻറ ആവശ്യം. 

പറയുന്നതു പാലിക്കാതിരിക്കാൻ അട്ടപ്പാടിയിൽ അധികൃതർക്ക് പ്രത്യേക ശ്രദ്ധയുണ്ട്. കുടുംബശ്രീ മുഖേന കേന്ദ്ര പദ്ധതിയിൽ അനുവദിച്ച ഫണ്ട് ആദിവാസി ഊരുകളുടെ കാതലായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാൻ താൽപര്യമില്ല. ജപ്പാൻ സഹായത്തോടെയുളള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി പ്രാബല്യത്തിലുള്ള സമയത്ത് ഗോത്രവർഗ ഊരുവികസന സമിതികൾ നിലവിലുണ്ടായിരുന്നു. അഹാഡ്സ് പ്രവർത്തനം നിർത്തിയതോടെ ഇത്തരം സമിതികൾ നിർജീവമായി. 

ആവശ്യമില്ലാത്തിടത്ത് കോടികൾ മുടക്കി റോഡുകൾ നിർമിക്കാനും കെട്ടിടങ്ങളുണ്ടാക്കാനും അനുമതി നൽകാൻ ഏത് ഭരണം വന്നാലും ബുദ്ധിമുട്ടുണ്ടാവാറില്ല. വിശദമായ സർവേ നടത്തുകയും വൻതുക ചെലവഴിക്കുകയും ചെയ്തെങ്കിലും പുരോഗതിയിലെത്താത്ത പദ്ധതികളിലൊന്നാണ് ഏറെ വിവാദം സൃഷ്​ടിച്ച അട്ടപ്പാടി വാലി ജലസേചന പദ്ധതി. ഈ പദ്ധതി ഇനി യാഥാർഥ്യമാവില്ലെന്ന് ഉറപ്പാണ്. എന്നാൽ, പദ്ധതിയുടെ നിർദിഷ്​ട അണക്കെട്ട് ഭാഗത്തേക്ക് നിർമിച്ച റോഡ് ദേശീയപാതയെ ലജ്ജിപ്പിക്കും. ആൾപാർപ്പില്ലാത്ത പ്രദേശത്തേക്കാണ് കോടികൾ മുടക്കി ഈ റോഡുകൾ നിർമിച്ചത്. അരനൂറ്റാണ്ട് മുമ്പ് തുടക്കംകുറിച്ച മണ്ണൊലിപ്പ് നിവാരണ പദ്ധതിയിൽ അരങ്ങേറിയതും കോടികളുടെ വെട്ടിപ്പായിരുന്നു. 

(തുടരും)

‘വന്ന’വാസികളാണ്​ ആദിവാസികളുടെ ശാപം
അഡ്വ. പി.എ. പൗരൻ 
കള്ളൻ എന്ന്​ മുദ്രകുത്തി നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചാൽ സദാചാര പൊലീസ്​ ചമയുന്ന ഇന്നത്തെ കേരള പൊലീസ്​ കോടതിയിൽ ഹാജരാക്കുന്നതിനോ വൈദ്യ പരിശോധനക്കോ തയാറാവാറില്ല. നിർബന്ധമായും വൈദ്യ പരിശോധനക്ക്​ ഹാജര​ാക്കേണ്ട ഇൗ സംഭവത്തിൽ​പോലും അവർ മർദിച്ചിട്ടുണ്ടാവണം. അതാണ്​ മരണ കാരണവും. പൊലീസി​​െൻറ മുഖം രക്ഷിക്കാൻവേണ്ടി നാട്ടുകാരെ പ്രതിയാക്കികൊണ്ട്​ ഇപ്പോൾ കേസെടുത്തിരിക്കുന്നതിൽ വളരെയേറെ ദുരൂഹത നിലനിൽക്കുന്നുണ്ട്. മധു ഭക്ഷണം മോഷ്​ടിച്ചുവെന്നാണ്​ ആരോപിക്കപ്പെടുന്നത്​. 
ജനസംഖ്യയിൽ 1.4 ശതമാനംപോലും വരാത്ത ആദിവാസികൾ ഇന്ന്​ വംശഹത്യയുടെ വക്കിലാണ്​. ഭക്ഷണം ഇല്ലാതെ വിഷമിക്കുന്ന, കരയുന്ന നൂറു കണക്കിന്​ കുട്ടികളെ അട്ടപ്പാടിയിലെ ഉൗരുകളിൽ കാണാൻ സാധിക്കും. സർക്കാർ ഇവരുടെ ഉന്നമനത്തിനു കോടികൾ ​െചലവഴിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ, സർക്കാർ ഉദ്യോഗസ്​ഥർ, രാഷ്​ട്രീയ പ്രമാണിമാർ, കരാറുകാർ തുടങ്ങിയവർ ചേർന്ന്​ ഇതു മുഴുവൻ അടിച്ചുമാറ്റുന്നു. 

അട്ടപ്പാടിയിൽ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങളിലായി 55 കുട്ടികൾ മരണപ്പെട്ടു. സാമൂഹിക ക്ഷേമ വകുപ്പും ആദിവാസി സംരക്ഷണത്തിന്​ നിയോഗിക്കപ്പെട്ട ഉദ്യോഗസ്​ഥരും ഭരണകൂടവും പോഷകാഹാര കുറവ്​ മൂലമാണ്​ കുട്ടികൾ മരിക്കുന്നതെന്ന്​ സാക്ഷ്യപ്പെടുത്തി മുഖം രക്ഷിക്കും. യഥാർഥ ചിത്രം ​മറ്റൊന്നാണ്​. ഇൗ കുട്ടികളുടെ അമ്മമാർക്ക്​ മുലയൂട്ടാൻ പാലില്ല എന്നതാണ്​ മരണകാരണമെന്ന്​ സ്​ഥലം സന്ദർശിച്ച ഞങ്ങൾ സാമൂഹിക പ്രവർത്തകർക്ക്​ ബോധ്യപ്പെട്ടതാണ്​. അമ്മമാർക്ക്​ മുലപ്പാലുണ്ടാവണമെങ്കിൽ അവർ ഭക്ഷണം കഴിക്കണം. അട്ടപ്പാടി ആദിമ നിവാസികൾ സ്വന്തം മണ്ണിൽ കൃഷി ചെയ്​തുണ്ടാക്കുന്ന റാഗി, തിന, കായ്​കനികൾ തുടങ്ങിയവയാണ്​ അടുത്തകാലം വരെ ഭക്ഷിച്ചിരുന്നത്​. എന്നാൽ, ‘വന്ന’ വാസികൾ ഇവരുടെ ഉൗരുകളിൽ പ്രവേശിക്കുകയും വനം വകുപ്പ്​ ഉദ്യോഗസ്​ഥരുടെയും മറ്റുള്ളവരുടെയും സഹായത്തോടെ അവരുടെ ഭൂമി കൈയേറുകയും കഞ്ചാവു കൃഷി ഉൾ​െപ്പടെ ആരംഭിക്കുകയും ചെയ്​തു. 

ചാരായം വാറ്റലും മൃഗങ്ങളെ വേട്ടയാടലും ഇതി​​െൻറ ഭാഗമായി. ഇത്തരം കാര്യങ്ങൾക്കും വന്ന വാസികളും ഉദ്യോഗസ്​ഥന്മാുരും ഉപയോഗിച്ചത്​ ആദിവാസി സമൂഹത്തിലെ യുവാക്കളെയാണ്​. ഇതി​​െൻറ ഫലമായി നൂറു കണക്കിന്​ ആദിവാസി യുവാക്കൾ ആനക്കൊമ്പുൾ​െപ്പടെ വേട്ടക്കേസുകളിലും അബ്​കാരി കേസുകളിലും കുടുങ്ങി കിടക്കുന്നു. വെള്ളവും ഭൂമിയും ഇല്ലാതെ നിരവധി ആദിവാസി സ്​ത്രീകൾ അഗളിയിലും ആനക്കട്ടിയിലുമുള്ള പീടിക തിണ്ണകളിലും കോലായകളിലും അന്തിയുറങ്ങുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ അന്വേഷണത്തിൽ 202 സ്​ത്രീകളെങ്കിലും ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്​. ശാരീരിക, ലൈംഗിക പീഡനങ്ങളുടെ ഫലമായിട്ടാണ്​ ഇത്രയധികം മരണങ്ങൾ സംഭവിച്ചത്​. 1989ൽ എസ്​.സി, എസ്​.ടി നിയമം നിലവിൽ വന്നു. 

ആദിവാസികളെ സംരക്ഷിക്കാനായിരുന്നു ഇത്​. എന്നാൽ, ഇൗ മരണങ്ങളിൽ ഒന്നും തന്നെ ഇൗ നിയമം പ്രയോഗിച്ചതായി അറിയില്ല. തുടർന്ന്​ നടത്തിയ സമരങ്ങളുടെ ഫലമായി ഇത്തരം കേസുകൾ രജിസ്​റ്റർ ചെയ്യുവാനും അന്വേഷിക്കുവാനും ചുമതലപ്പെട്ട ഒരു ഡിവൈ.എസ്​.പിയെ നിയമിച്ചു. ഒരു ഉയർന്ന പൊലീസ്​ ഉദ്യോഗസ്​ഥ​​െൻറ ഒാഫിസ്​ അഗളിയിൽ തുറന്നുവെന്നല്ലാതെ ആദിവാസികളുടെ വെള്ളം തടയുന്നവ​ർക്കെതിരെയോ അവരുടെ ഭൂമി തട്ടിയെടുക്കുന്നവർക്കെതിരേയോ ലൈംഗിക ചൂഷണം നടത്തുന്നവർക്കെതിരെയോ ഫലപ്രദമായി നടപടി സ്വീകരിച്ചിട്ടില്ല. ആദിവാസികളുടെ വംശം നിലനിൽക്കണമെന്നുണ്ടെങ്കിൽ സിവിൽ സമൂഹം അവ​രോടൊപ്പം നിലനിൽക്കേണ്ടതി​​െൻറ അനിവാര്യതയാണ്​ മധുവി​​െൻറ മരണത്തിൽ കൂടി ബോധ്യപ്പെടുന്നത്​. 
 

Tags:    
News Summary - Madhu's Murder Series - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.