പവാറി​െൻറ ഉള്ളിലിരിപ്പ്​; മഹാരാഷ്​ട്രക്ക്​ ചങ്കിടിപ്പ്​

പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാണ്​. അതുകൊണ്ടുത​െന്നയാണ്​ ശരദ്​​ പവാറി​​െൻറ അനക്കങ്ങൾ സംശയിക്കപ ്പെടുന്നത്. നീണ്ട നിശ്ശബ്​ദതക്കു ശേഷം ഇന്ത്യൻ രാഷ്​ട്രീയത്തിലെ ആ മറാത്ത കരുത്ത് വീണ്ടും സജീവമായിരിക്കുകയാണ്. 78ാം വയസ്സിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലും മറ്റും മുെമ്പങ്ങുമില്ലാത്ത ഉൗർജസ്വലതയോടെയാണ് പവാറിനെ ഇക്കുറി നാട് കണ്ടത്. മഹാരാഷ്​​ട്രയിൽ നാല് ഘട്ടങ്ങളിലായുള്ള വോെട്ടടുപ്പ് കഴിഞ്ഞ് മറ്റു നേതാക്കളെല്ലാം വിശ്ര മത്തിലാണ്. എന്നാൽ, വരൾച്ച ദുരിതം പേറുന്ന ഗ്രാമങ്ങളിൽ ജനമധ്യത്തിൽ അവരുടെ ആവലാതികൾ കേട്ടും സംസ്ഥാനത്തെ ബി.ജെ.പി സർക്കാറി​​െൻറ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വെയിൽ കൊള്ളുകയാണ് പവാർ. സംസ്ഥാനത്തി​​​െൻറ മുക്കുമൂലകളിൽ കഴിയുന ്ന ജനങ്ങളിൽ നേരി​െട്ടത്തുകയാണ് പവാർജി. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണയാത്രകൾക്ക് ഹെലികോപ്ടറിനോട് ‘നോ’ പറഞ ്ഞ് റോഡ് മാർഗമുള്ള യാത്ര തെരഞ്ഞെടുത്തതും പരമാവധി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

എന ്താണ് പവാറി​​െൻറ ഇൗ അസാധാരണ ഇടപെടലി​​െൻറ, സജീവതയുടെ രഹസ്യമെന്ന് പലരും ചോദിക്കുന്നു. പലതും സംശയിക്കുന്നു. പ്രധാനമന്ത്രിപദ മോഹത്തിന് സോണിയ ഗാന്ധി തടസ്സമായപ്പോൾ അവരുടെ പൗരത്വത്തെ ചോദ്യംചെയ്ത് കോൺഗ്രസ് വിട്ടതാണ് പവാർ. എൻ.സി.പി രൂപവത്കരിച്ച് രാഷ്​ട്രീയ കരുത്ത് കാട്ടി കഴിയുകയായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സീറ്റെണ്ണത്തിൽ രണ്ടക്കം തികക്കാൻ ഇതുവരെ പവാറിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ മോദി തരംഗത്തിൽ കോൺഗ്രസ് രണ്ട് സീറ്റുകളിലേക്ക് മുഖമടിച്ച് വീണപ്പോൾ നാല് സീറ്റ് നിലനിർത്താൻ കഴിഞ്ഞത് പവാറിന് വലിയ നേട്ടമായി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റുകൂടി തിരിച്ചുപിടിക്കാൻ പവാറിന് കഴിഞ്ഞിരുന്നു.

കോൺഗ്രസുമായി സഖ്യത്തിലായപ്പോഴും കുറെകാലം സോണിയയുമായി അകന്നുതന്നെയായിരുന്നു പവാറി​​െൻറ നിൽപ്. പിന്നീട് സോണിയയുമായി വേദി പങ്കിടാൻ തുടങ്ങി. എന്നാൽ, സോണിയയുടെ പിൻഗാമിയായ രാഹുലിനെ അവഗണിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മുംബൈ റാലിയിൽ സോണിയക്ക് പകരം രാഹുൽ എത്തിയപ്പോൾ പവാർ വേദി പങ്കിടാതെ മാറിനിന്നു. എന്നാൽ, ഇന്ന് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ അമർഷമുണ്ടെങ്കിലും അദ്ദേഹത്തോട് പവാറിൽ വാത്സല്യം കാണാം.
രാഷ്​ട്രീയലക്ഷ്യത്തോടെ രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം നമ്പർ അഴിമതിക്കാരൻ എന്ന് വിളിച്ചപ്പോൾ പ്രതിരോധത്തിനു പവാർ മുന്നിൽനിന്നു. നാടിനായി ജീവൻ ബലിനൽകിയ ഗാന്ധികുടുംബത്തിലെ രണ്ട് പ്രധാനമന്ത്രിമാരുടെ നിസ്വാർഥസേവനം അദ്ദേഹം ജനങ്ങളെ ഒാർമിപ്പിച്ചു. നരേന്ദ്ര മോദിയെ ദേശീയ ദുരന്തമെന്ന് വിശേഷിപ്പിച്ചു. എന്താണ് പവാർ ലക്ഷ്യം വെക്കുന്നതെന്നാണ് പലർക്കും പിടികിട്ടാത്തത്​. അതിലൊന്ന് ‘ഘർവാപസി’യാണ്. എന്നുവെച്ചാൽ, ശരദ്​​ പവാർ കോൺഗ്രസിലേക്ക് തിരിച്ചുപോകുമോ​? ശക്തരും പരിചയസമ്പന്നരുമായ കാരണവന്മാരെ കൂടെ നിർത്താൻ എന്തു വിട്ടുവീഴ്ചക്കും രാഹുൽ തയാറാണ്. ഇന്ദിര, രാജീവ്, സോണിയമാർക്ക് പവാറിനെ വിശ്വാസമില്ലായിരുന്നു. അതുപോലെയല്ല രാഹുൽ.

മഹാരാഷ്​ട്രയിൽ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു നേതാവ് പാർട്ടിക്കില്ല എന്നത് കോൺഗ്രസ് നേതൃത്വത്തെ വല്ലാതെ അലട്ടുന്നു. ബി.ജെ.പിക്ക് എതിരെ ഭരണവിരുദ്ധ വികാരം ശക്തമായിട്ടും ജനവികാരം അനുകൂലമാക്കുന്നതിൽ കോൺഗ്രസ് പരാജയമാണ്. ജനം കോൺഗ്രസിനെ തേടിച്ചെന്ന് വോട്ടു ചെയ്തെങ്കിലായി എന്നതാണ് അവസ്ഥ. പാർട്ടിയെയും നാടി​​െൻറ മതേതര ഘടനയെയും പിന്തള്ളി തങ്ങളുടെ ഇൗഗോക്കും കുടുംബത്തിനും ഒന്നാം സ്ഥാനം നൽകി മാറിനിൽക്കുന്ന നേതാക്കളും അസ്വസ്ഥത പരത്തുന്നു. അന്നേരത്താണ് പവാർ ഗോദയിൽ സജീവമാകുന്നത്. കഴിഞ്ഞ വർഷംതന്നെ പണി തുടങ്ങി. തന്നെ ശക്തമായി അടയാളപ്പെടുത്തുകയാണ് പവാറി​​െൻറ ലക്ഷ്യം. തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് അധികാരത്തിൽ എത്തുന്നതെങ്കിൽ പ്രധാനമന്ത്രി പദത്തിൽ പവാറിന് സാധ്യത ഒട്ടുമില്ല. എൻ.സി.പി മഹാരാഷ്​ട്രയിൽനിന്ന് നേടുന്നതി​​െൻറ പല മടങ്ങായിരിക്കും പ്രാദേശിക പാർട്ടികളുടെ സീറ്റ് നേട്ടം. അങ്ങനെ വരു​േമ്പാൾ പവാറി​​െൻറ മുന്നിലുള്ള ഒറ്റവഴി ‘ഘർവാപസി’തന്നെയെന്ന് വരുന്നു. പ്രാദേശിക പാർട്ടികളെയും നേതാക്കളെയും ഒപ്പം നിർത്തി നയിക്കാൻ പവാറിനോളം പോന്ന ആരും കോൺഗ്രസിൽ ഇല്ല താനും.

എന്നാൽ, പവാറി​​െൻറ ഉള്ള് വായിക്കാൻ കഴിയുന്നില്ല. 2014ലെ മഹാരാഷ്​ട്ര നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം എണ്ണം തികയാതിരുന്നിട്ടും അധികാരത്തിൽ വന്ന ബി.ജെ.പിയെ ശബ്​ദവോട്ടിൽ ജയിപ്പിച്ചയാളാണ് പവാർ. അഹ്​മദ്നഗർ നഗരസഭ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായ ശിവസേനയെ നോക്കുകുത്തിയാക്കി മൂന്നാം സ്ഥാനക്കാരായ ബി.ജെ.പിയെ പിന്തുണച്ച് എൻ.സി.പി ഞെട്ടിച്ചതാണ്. 2014ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശിവസേനയുമായുള്ള സഖ്യം ബി.ജെ.പി അവസാനിപ്പിച്ചതിനു പിന്നാലെ കോൺഗ്രസ് സഖ്യം എൻ.സി.പി വേണ്ടെന്നുവെച്ചതും ഉത്തരമില്ലാത്ത ചോദ്യമായി നിൽക്കുന്നുണ്ട്. അന്ന് പവാർ നൽകിയ വിശദീകരണം കാമ്പുള്ളതായിരുന്നുവെങ്കിലും ഉദ്ദേശ്യശുദ്ധി പിടികിട്ടിയിേട്ടയില്ല. അന്ന് പവാർ പറഞ്ഞത് ഇങ്ങനെയാണ്: ‘‘സംസ്ഥാനത്ത് 288 സീറ്റുകളുണ്ട്. കോൺഗ്രസുമായി ചേർന്ന് മത്സരിക്കുകയാണെങ്കിൽ സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് പരമാവധി 130 സീറ്റുകളാണ് കിട്ടുക. അതേസമയം, ബി.ജെ.പിയുടെയും ശിവസേനയുടെയും കൈകളിൽ 288 സീറ്റുകളുണ്ട്. സ്വാഭാവികമായും അവർ അത് നിറക്കുക കോൺഗ്രസ്, എൻ.സി.പി വിമത നേതാക്കളെക്കൊണ്ടാകും. അങ്ങനെ വന്നാൽ പാർട്ടിക്ക് ഉള്ള സാധ്യതകളും ഇല്ലാതാകും. പണ്ടത്തെ കാലമല്ലിത്. പ്രത്യയശാസ്ത്രവും പാർട്ടിയും നേതാക്കൾക്ക് ഒന്നുമല്ല. ഇന്ന് രാഷ്​ട്രീയം കരിയറാണ്. മികച്ച കരിയർ തേടുന്ന പ്രഫഷനലുകളായി നേതാക്കൾ മാറി.’’

ഇപ്പോഴത്തെ പവാറി​​െൻറ നീക്കങ്ങൾ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പറഞ്ഞ പവാർ പിന്നീട് പവാർ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ പാർഥ പവാറിന് വഴിമാറിക്കൊടുക്കുന്നത് കണ്ടു. പവാറി​​െൻറ ജ്യേഷ്​ഠ​​​െൻറ മകൻ അജിത് പവാറി​​െൻറ പുത്രനാണ് പാർഥ. ഒരു കുടുംബത്തിൽനിന്ന് രണ്ടിലേറെ പേർ മത്സരിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞും യുവതലമുറക്കായി മാറിക്കൊടുക്കുന്നുവെന്ന് വ്യക്തമാക്കിയുമായിരുന്നു ഇത്. തോൽവി ഭയന്നാണ് പിന്മാറ്റമെന്ന് ബി.ജെ.പി അതിനെ വ്യാഖ്യാനിച്ചു. സംവരണ വിഷയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ നാടോടി സമുദായമായ ധൻഗാറുകൾ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയെ കൂട്ടുപിടിച്ചത് പ്രതികൂലമാകുമെങ്കിലും ജയിക്കാൻ പവാറിന് അറിയാം. പവാറി​​െൻറ നാട്ടിലെ മണ്ഡലങ്ങളിൽ ധൻഗാറുകൾ നിർണായക ശക്തിയാണ്. ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. നിലവിൽ രാജ്യസഭാംഗമാണ് പവാർ. കാലാവധി അവസാനിക്കാറായിട്ടില്ല. മത്സരിക്കാൻ നിന്നാൽ എല്ലായിടത്തും ഒാടിയെത്താൻ കഴിയില്ല എന്ന തിരിച്ചറിവുമുണ്ട്. എല്ലായിടത്തും എത്തുക എന്നതുതന്നെയായിരുന്നു പവാറി​​െൻറ ലക്ഷ്യം. അത് ബി.ജെ.പി സഖ്യത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. നരേന്ദ്ര മോദിയുടെ മഹാരാഷ്​ട്ര റാലികളിലെല്ലാം പവാറിനു നേരെയായിരുന്നു കൂരമ്പുകൾ. എന്നാൽ, മഹാരാഷ്​ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയിലൂടെ പവാർ അതിന് തടയിട്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ ഏറെ കുഴക്കിയത് രാജ് താക്കറെയുടെ റാലികളാണ്. അത് പവാറി​​െൻറ തന്ത്രമായിരുന്നു. ഒരു സീറ്റിലും മത്സരിക്കാത്ത രാജ് പത്തിലേറെ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജുംല’കളെ തുറന്നുകാട്ടി. പത്രപ്രവർത്തനം കേെട്ടഴുത്തിന് വഴിമാറിയ കാലത്ത് ഒരു രാഷ്​ട്രീയ നേതാവ് അന്വേഷണാത്മക പത്രപ്രവർത്തക​​​െൻറ വേഷമിടുന്നതാണ് രാജിലൂടെ രാജ്യം കണ്ടത്. അതിനു മുന്നിൽ ബി.ജെ.പിക്ക് പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. അത്തരം ഒരു പ്രഹരം ബി.ജെ.പി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. തന്ത്രങ്ങളിൽ ഇന്നും ഒരുപടി മുന്നിലാണ് താനെന്ന് പവാർ തെളിയിക്കാൻ ശ്രമിക്കുന്നു. എന്നാൽ, അത്​ പണ്ടേ​പോ​ലെ ഫലിക്കുമോ എന്നാണ്​ മഹാരാഷ്​ട്രക്ക്​ അറിയേണ്ടത്​. l

Tags:    
News Summary - Maharastra politics- Open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.