മലപ്പുറം വികസനവിവേചനത്തിന്റെ കണക്കും വർത്തമാനവും

വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടാക്കിയ തീവ്രമായ പേറ്റുനോവ് അനുഭവിച്ച ശേഷമാണ് 1969 ജൂൺ 16ന് മലപ്പുറം ജില്ല പിറന്നത്. സ്വാതന്ത്ര്യ സമരങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും ദീർഘകാല ചരിത്ര പാരമ്പര്യമുള്ള മണ്ണാണ് മലപ്പുറം . ഫ്യൂഡൽ കാലഘട്ടത്തിൽ നാടുവാഴി ഭരണത്തിന്റെയും ചിതറിക്കിടന്നിരുന്ന കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളുടെയും ഭാഗമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ലയിലെ പ്രദേശങ്ങൾ. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂതിരി തന്റെ നാട്ടുരാജ്യം വിപുലമാക്കിയപ്പോൾ ഇന്നത്തെ ജില്ലയിലെ മിക്ക പ്രദേശങ്ങളും എട്ടു നൂറ്റാണ്ടോളം ആ ഭരണത്തിന് കീഴിലായിരുന്നു. സാമൂതിരി ഭരണകൂടത്തിന്റെ മുഖ്യ സൈനിക കേന്ദ്രങ്ങളിലൊന്നായിരുന്നു മലപ്പുറവും കോട്ടപ്പടിയും.

ബ്രിട്ടീഷുകാർ കേരളത്തിലെത്തുമ്പോൾ മലപ്പുറം ഉൾപ്പെടുന്ന മലബാർ ഒന്നടങ്കം മൈസൂർ ഭരണത്തിന് കീഴിലായിരുന്നു. ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും ഭരണ പ്രദേശമായി 26 വർഷമാണ് മലപ്പുറം ഉണ്ടായിരുന്നത്. ഇതിൽ 16 വർഷം മാത്രമാണ് മൈസൂരിന്റെ നേരിട്ടുള്ള ഭരണം .1792 ൽ മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താൻ ബ്രിട്ടീഷ് സൈന്യത്തോട് പരാജയപ്പെട്ടു. ഈ സന്ദർഭത്തിൽ ഒപ്പുവെച്ച ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലപ്പുറം ഉൾപ്പെടുന്ന മലബാർ പ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി. അങ്ങനെ ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി മലപ്പുറവും മലബാറും. 1792 മുതൽ 1947 വരെ 155 വർഷം ബ്രിട്ടീഷുകാരുടെ ദുർഭരണം പ്രദേശത്ത് തുടർന്നു. ഈ ഒന്നര നൂറ്റാണ്ടും ബ്രിട്ടീഷ് വിരുദ്ധ സമരപോരാട്ടങ്ങൾ ഇല്ലാത്ത ഒരുദിവസം പോലും മലബാറിൽ കഴിഞ്ഞുപോയിട്ടില്ലെന്ന ചരിത്രം മുന്നിൽവെച്ചാൽ അന്നത്തെ സാമൂഹികാവസ്ഥയും ഭരണകൂടം ഈ നാട്ടിലെ ജനതയോട് സ്വീകരിച്ച നിലപാടും എന്തായിരുന്നൂവെന്ന് അനുമാനിക്കാം.

1947 ൽ രാജ്യം സ്വതന്ത്രമായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യമുയർന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്ന ഐക്യകേരളമെന്ന ആശയം ഉണ്ടാവുന്നതിങ്ങനെയാണ്. ഇതിന്റെ ഭാഗമായി നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ഒന്നായി 1949 ജൂലൈ ഒന്നിന് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളന്ന് മലബാർ എന്ന ഒറ്റപേരിൽ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്നു. ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പുകളിൽ മലബാറുകാർ മദിരാശി സംസ്ഥാന നിയമസഭ ഇലക്ഷനിലാണ് പങ്കെടുത്തതും ജനപ്രതിനിധികളെ അയച്ചതും. 1956 നവംബർ ഒന്നിന് കേരളപ്പിറവി യാഥാർത്ഥ്യമായതോടെയാണ് മലപ്പുറവും മലബാറും കേരളസംസ്ഥാന ഭരണകൂടത്തിന്റെ ഭാഗമായത്.

മലബാറിനെ ഐക്യകേരളത്തിൽ ലയിപ്പിക്കുന്നതിന് മുമ്പുതന്നെ പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനവും നിയമസഭയും സെക്രട്ടറിയേറ്റും മറ്റു ഉയർന്ന ഓഫീസുകളും തിരുവനന്തപുരത്ത് തീരുമാനിച്ചുറപ്പിച്ചിരുന്നു. കൊച്ചിയിലുള്ള ഹൈകോടതിയും തിരുവനന്തപുരത്തേക്ക് മാറ്റാൻ ശ്രമം ഉണ്ടായി. കൊച്ചിക്കാർ ഒന്നടങ്കം അതിനെയെതിർത്തു. അങ്ങനെയാണ് ഹൈകോടതിയുടെ ആസ്ഥാനം കൊച്ചിയിലായത്. തിരുവിതാംകൂറിന്റെ അഞ്ചിലൊന്ന് വലിപ്പമുള്ള കൊച്ചിയെ തിരു കൊച്ചിയാക്കി സംയോജിപ്പിച്ചപ്പോൾ കൊച്ചിയുടെ വികസന താൽപര്യങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്ക ആ പ്രദേശത്ത് ഉയർന്നിരുന്നു . "കൊച്ചി കൊച്ചിക്കാർക്ക് " എന്ന മുദ്രാവാക്യമുയരുകയും ലയനവിരുദ്ധർ ചേർന്ന് കൊച്ചിൻ പാർട്ടി എന്ന രാഷ്ട്രീയവേദി ഉണ്ടാക്കിയതും ചരിത്രമാണ്. തിരുകൊച്ചി ലയനംനടന്ന ആദ്യ വർഷത്തിൽ തന്നെ കൊച്ചിയെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന പരാതി ഉയർത്തി അവിടത്തെ എം.എൽ.എമാർ ഒന്നടങ്കം ഒരു സന്ദർഭത്തിൽ രാജിവെക്കുകയും ചെയ്തിരുന്നു .പക്ഷേ മലപ്പുറമടക്കുള്ള മലബാറിനെ ഐക്യ കേരളത്തിൽ ലയിപ്പിച്ചപ്പോൾ ഈ പ്രദേശങ്ങൾക്ക് സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന ഭരണ സ്ഥാപനങ്ങളൊന്നും നൽകിയില്ല .ആരും അത് ചോദിച്ചതുമില്ല . ഒരു പ്രതിഷേധവും ലയനത്തിന്റെ പേരിലോ ഭരണകേന്ദ്രങ്ങൾ അനുവദിക്കാത്തതിന്റെ പേരിലോ അവഗണന ഉന്നയിച്ചോ ഇവിടെ ഉയർന്നതുമില്ല.ഇവിടം മുതൽ അഥവാ കേരളപ്പിറവി മുതൽ ആരംഭിക്കുന്നു മലപ്പുറത്തോടും മലബാറിനോടുമുള്ള കേരള സംസ്ഥാന ഭരണകൂടത്തിന്റെ വിവേചനവും വികസന വീതംവെപ്പിലെ അന്യായവും അനീതിയും . അന്നാരംഭിച്ച ആ വിവേചനമാണ് പല രീതിയിൽ ഈ 2023 ലും തുടരുന്നത്.

ഐക്യകേരളം രൂപം കൊള്ളുമ്പോൾ തിരുവനന്തപുരം, കൊല്ലം , കോട്ടയം, തൃശ്ശൂർ ,മലബാർ എന്നീ അഞ്ചു ജില്ലകൾ ആണുണ്ടായിരുന്നത് .1957 ൽ മലബാർ ജില്ലയെ പാലക്കാട് ,കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളാക്കി വിഭജിച്ചു. മലപ്പുറം പ്രദേശങ്ങൾ കോഴിക്കോട് - പാലക്കാട് ജില്ലകളുടെ ഭാഗമായി. ഈ പ്രദേശങ്ങളിലെ പലർക്കും ജില്ലാ ഭരണകൂടങ്ങളിലേക്കും അതിന്റെ ഓഫീസ് സംവിധാനങ്ങളിലേക്കുമെത്തുക പോലും അസാധ്യമായി.ജില്ലാ ഭരണകൂടം നിയന്ത്രിക്കുന്നവരും അതിന്റെ പല വികസന പദ്ധതികളും ഇങ്ങോട്ടെത്തുകയെന്നതും പ്രായോഗികമായി നടക്കാതെയായി. അതോടെ നേരത്തെ വികസനം കുറഞ്ഞ ഈ പ്രദേശങ്ങൾ വീണ്ടും വികസനമുരടിപ്പ് അനുഭവിച്ചു. ഇതിന് പരിഹാരമായാണ് പുതിയ ഒരു ജില്ല എന്ന ആശയം മലപ്പുറത്ത് ഉയർന്നുവന്നത്. പലവിധ വിവാദങ്ങൾക്ക് കുപ്രചരണങ്ങൾക്കും ശേഷം ഇടതുപക്ഷവും മുസ്ലിം ലീഗും ഒരുമിച്ചു ഒരു മുന്നണിയിൽ സംസ്ഥാന ഭരണത്തിൽ ഉണ്ടായിരുന്ന 1969 ജൂൺ 16ന് മലപ്പുറം ജില്ല യാഥാർഥ്യമായി.

പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട് ,തിരൂർ താലൂക്കുകളും ചേർത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത് .ഒരു പുതിയ ജില്ല രൂപീകരിച്ചാൽ ലഭിക്കുന്ന പുതിയ സർക്കാർ പദ്ധതികളും സംരംഭങ്ങളും ഓഫീസുകളും വഴി കൂടുതൽ വികസനം ജനങ്ങൾക്ക് ലഭിക്കുമെന്നതായിരുന്നു ജില്ലരൂപീകരണ ലക്ഷ്യം. ഒട്ടും വികസനമെത്താത്ത ഒരു മേഖലയിൽ പുതിയ ജില്ല ഉണ്ടാവുകവഴി ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടായിയെന്നത് ചരിത്രമാണ്. പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് ലഭിക്കേണ്ട വികസന പദ്ധതികൾ ജില്ലാപിറവിക്ക് ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. ജില്ലയിലെ വികസനത്തിന്റെ മുഴുവൻ മേഖലയിലെയും കണക്കുകൾ അത് വിളിച്ചുപറയുന്നുണ്ട്. ജില്ല യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടായിരുന്ന 14 ലക്ഷത്തിൽനിന്ന് ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ച് 45 ലക്ഷമായി.ഈ ജനസംഖ്യാനുപാതമനുസരിച്ച വികസനവും അധികാരം താഴെതട്ടിൽ എത്തിക്കാനാവശ്യമായ റവന്യൂ ഓഫീസുകളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ പോലും ജില്ലയിൽ ഇന്നില്ല. ആരോഗ്യം ,വിദ്യാഭ്യാസം, വ്യവസായം, ഗതാഗതം, റെയിൽവേ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ജനസംഖ്യാനുപാതികമായ വികസനം ജില്ലയിൽ ലഭ്യമായിട്ടില്ലെന്ന് കാണാം.

മലപ്പുറം ജില്ല ജനസംഖ്യ സവിശേഷതകൾ

മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ഔദ്യോഗിക കണക്കനുസരിച്ച് 1394000 ആയിരുന്നു ജനസംഖ്യ. 2011ലെ സെൻസസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 4112920 ആണ് . മലപ്പുറത്തെ ജനസംഖ്യ വർദ്ധനയുടെ നിരക്ക് 13.45% ആണ് . ഇതനുസരിച്ച് 2023 ൽ 45 ലക്ഷത്തിനും മുകളിൽ 50 ലക്ഷംവരെ ജില്ലയിലെ ജനസംഖ്യ എത്തിയിട്ടുണ്ടാകും. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളെക്കാൾ വലിയ ജനസംഖ്യയാണിത്. ത്രിപുരയിൽ 37 ലക്ഷം, മേഘാലയിൽ 30 ലക്ഷം, മണിപ്പൂരിൽ 28 ലക്ഷം, നാഗാലാൻഡിൽ 20 ലക്ഷം, ഗോവയിൽ 15 ലക്ഷം, അരുണാചൽപ്രദേശിൽ 14 ലക്ഷം, മിസോറാമിൽ 11 ലക്ഷം, സിക്കീമിൽ 6 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ. അതായത് മലപ്പുറം ജില്ലയേക്കാൾ ജനസംഖ്യ കുറവുള്ള 8 സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയിയുടെയത്രപോലും ജനസംഖ്യയില്ലാത്ത ഈ സംസ്ഥാനങ്ങൾക്കായി നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉണ്ടെന്നർത്ഥം. മലപ്പുറം ജില്ലയെക്കാൾ ജനസംഖ്യ കുറഞ്ഞ 6 കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്.

പത്തനംത്തിട്ടയിലെ ജനസംഖ്യ 1197412,ഇടുക്കിയിലെ ജനസംഖ്യ1108974 ,കോട്ടയം ജില്ലയിലെ ജനസംഖ്യ 1974551.ഈ മൂന്ന് ജില്ലകളിലുമായുള്ള മൊത്തം ജനസംഖ്യ 4280937 ആണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഈ മൂന്ന് ജില്ലകളിലുമായി സംസ്ഥാനസർക്കാർ നൽകുന്ന പദ്ധതികളുടെ എണ്ണം മലപ്പുറം ജില്ലക്ക് മാത്രമായി അനുവദിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല എന്നതുതന്നെ ഒരു ജനത നേരിടുന്ന അനീതിയുടെ അടയാളമാണ്.

റവന്യൂ ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അനുവദിക്കുന്ന വികസന പ്രൊജക്ടുകളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നത് റവന്യൂ- പഞ്ചായത്ത് മുൻസിപ്പൽ സ്ഥാപനങ്ങൾ വഴിയാണ്. ജില്ലയിലെ ജനസംഖ്യയനുസരിച്ചല്ല നിലവിലെ ഈ ജനസേവന കേന്ദ്രങ്ങളുള്ളത്. വികസന പദ്ധതികൾ മലപ്പുറം ജില്ലയിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇത് വലിയ തടസ്സം ഉണ്ടാക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായി ഈ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു .

ജില്ലഭരണകൂടത്തിന്റെ തലവൻ കലക്ടർ ആണ് . ജില്ലയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ജില്ലാ മജിസ്ട്രേറ്റും കൂടിയാണ് കലക്ടർ. മലപ്പുറം ജില്ലയിലെ കലക്ടർ 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരുമ്പോൾ ഇടുക്കി ,പത്തനംതിട്ട കലക്ടർമാർക്ക് 11 ലക്ഷം ജനങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. പത്തനംതിട്ട ,കോട്ടയം, ഇടുക്കി ജില്ലകളിലെ 41 ലക്ഷം ജനങ്ങളുടെ സേവനത്തിനായി മൂന്നു കലക്ടർമാരും അനുബന്ധ ഓഫീസുകളുമുണ്ട്. എന്നാൽ അതേ 41 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് ഒരു കലക്ടറും മൂന്നിലൊന്ന് ഓഫീസ് സംവിധാനവും ആണുള്ളത്. ഭൂമിശാസ്ത്രത്തേക്കാൾ ജനാധിപത്യത്തിൽ ജനങ്ങളുടെ എണ്ണമാവണം ജനസേവനകേന്ദ്രങ്ങളുടെ എണ്ണത്തിന്റെ മാനദണ്ഡം.

കലക്ടറേറ്റ് കഴിഞ്ഞാൽ മുഖ്യ റവന്യൂ ഓഫീസുകളായ താലൂക്കുകളുടെയും വില്ലേജുകളുടെയും കണക്കെടുത്താലും ഈ പരിമിതി ജില്ലയിൽ കാണാം .പത്തനംതിട്ട ജില്ലയിൽ ആറു താലൂക്കുകളുണ്ട്. ശരാശരി 199256 പേർക്ക് ഒരു താലൂക്ക് സംവിധാനം ആ ജില്ലയിലുണ്ട്. ഇത് മലപ്പുറം ജില്ലയിലെത്തുമ്പോൾ ശരാശരി 587279 പേർക്ക് ഒരു താലൂക്ക് സംവിധാനമായി മാറും. ഒരു താലൂക്കിൽ മാത്രമുള്ള ജനസംഖ്യ പരിശോധിച്ചാലും ഈ വ്യത്യാസം കാണാം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ ജനസംഖ്യ 134219. എന്നാൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ജനസംഖ്യ 928672.

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സംവിധാനമാണ് വില്ലേജുകൾ . 31 ലക്ഷം ജനസംഖ്യയുള്ള തൃശ്ശൂർ ജില്ലയിൽ 255 വില്ലേജുകളുണ്ട്. 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 138 വില്ലേജുകൾ മാത്രമാണുള്ളത്. തൃശൂർ, പത്തനംതിട്ട ,കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ശരാശരി 19,000 ജനങ്ങൾക്ക് ഒരു വില്ലേജ് ലഭ്യമാണ്. എന്നാൽ മലപ്പുറത്ത് ആ ശരാശരി 30,000 ആണ് . മലപ്പുറം ജില്ലയിൽ നാലു പുതിയ താലൂക്കുകൾ എങ്കിലും പുതുതായി രൂപീകരിക്കേണ്ടതുണ്ട്. 26 പുതിയ വില്ലേജുകൾ മലപ്പുറം ജില്ലയിൽ പുതുതായി അനുവദിക്കണമെന്ന് സർക്കാർ തന്നെ നിശ്ചയിച്ച കമ്മീഷൻ വർഷങ്ങൾക്ക് മുമ്പ് ശുപാർശ ചെയ്തതുമാണ്.

പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഓരോ അഞ്ചുവർഷം കൂടുമ്പോഴും ജനസംഖ്യാടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുനക്രമീകരിക്കേണ്ടതാണ്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം 2020 ൽ അവസാന നിമിഷം സംസ്ഥാന സർക്കാർ പുന:ക്രമീകരണത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. 2020 ൽ പുനക്രമീകരണം പഠിക്കാൻ നിയോഗിച്ച സെക്രട്ടറി സമിതി നൽകിയ റിപ്പോർട്ടിലിങ്ങനെ കാണാം " നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യയായ 27430 ൽ അധികരിച്ചുള്ള ധാരാളം ഗ്രാമപഞ്ചായത്തുകൾ സംസ്ഥാനത്തുണ്ട്. ഇങ്ങനെയുള്ളവയെ വിഭജിക്കുകയോ രണ്ടോ മൂന്നോ ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങൾ വേർപ്പെടുത്തി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുകയോ ചെയ്യേണ്ടതാണ്. "

ഇതനുസരിച്ച് വിഭജനം നടക്കുകയാണെങ്കിൽ മലപ്പുറത്ത് പുതിയ പല പഞ്ചായത്തുകളും വരുമായിരുന്നു. അതുവഴി പുതിയ പഞ്ചായത്ത് ഓഫീസ് ,കൃഷി ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഹോമിയോ -ആയുർവേദ ഡിസ്പെൻസറികൾ, മൃഗാശുപത്രി ,കൃഷിഭവൻ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും വരുമായിരുന്നു. ഒരു ഗവൺമെന്റ് /എയ്ഡഡ് ഹൈസ്കൂളും ഹയർസെക്കന്ററിയും ഒരു പഞ്ചായത്തിൽ ഉണ്ടാവണമെന്ന് മാനദണ്ഡം നടപ്പാക്കിയാൽ പുതിയ ഹയർ സെക്കന്ററി വിദ്യാലയങ്ങൾ വരാനും അത് നിമിത്തമാകുമായിരുന്നു. പുനക്രമീകരണം നടക്കാതെ പോയതോടെ ഇത്രയും സ്ഥാപനങ്ങൾ കൂടിയാണ് ജില്ലക്ക് നഷ്ടമായത്.

ആരോഗ്യ വ്യവസായ മേഖലകൾ

ജില്ലയിലെ മുഖ്യ ആരോഗ്യ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജിനെ സംസ്ഥാന സർക്കാർ അവഗണിച്ച വിധം മാത്രം പരിശോധിക്കാം. 2011ലെ യുഡിഎഫ് മന്ത്രിസഭ രണ്ട് ജില്ലകൾക്ക് മെഡിക്കൽ കോളേജനുവദിച്ചു. 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും 12 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ട ജില്ലക്കും. മഞ്ചേരി ജില്ലാഹോസ്പിറ്റൽ മെഡിക്കൽ കോളേജാക്കി പ്രഖ്യാപിക്കുകയാണ് മലപ്പുറത്ത് ചെയ്തത്. അതിനായി മുമ്പ് ജനകീയ പിരിവെടുത്ത് ഉണ്ടാക്കിയ ബിൽഡിംഗടക്കം വിട്ടുകൊടുക്കുകയും ചെയ്തു .പിന്നീട് ചില ബിൽഡിംഗുകളും ഫാക്കൽറ്റികളും പരിമിത സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങളും മാത്രമാണ് മലപ്പുറം ജില്ലയിലെ മെഡിക്കൽ കോളേജിന് അനുവദിക്കപ്പെട്ടത്. കൂടുതൽ വികസനത്തിനായുള്ള ഭൂമിയും ഇവിടെയില്ല. ഫലത്തിൽ ഇപ്പോഴും മലപ്പുറം ജില്ലയിലെ ജനങ്ങൾ വിദഗ്ദ്ധ ചികിസക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ തന്നെ ആശ്രയിക്കുന്നത് തുടരുന്നു.

എന്നാൽ പത്തനംതിട്ടയിൽ സംസ്ഥാന സർക്കാർ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. സർക്കാറിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 50 ഏക്കർ സ്ഥലം മെഡിക്കൽ കോളേജിനായി ആദ്യം അനുവദിച്ചു.അങ്ങനെ കണ്ടെത്തിയ നിർദ്ദിഷ്ട ഭൂമിയിലേക്ക് ഗതാഗതസൗകര്യം കുറവായതിനാൽ രണ്ടുവരി പാത സംസ്ഥാന സർക്കാർ പുതുതായി നിർമ്മിച്ചു. പിന്നീട് പ്രാഥമിക ബിൽഡിംഗ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് UDF സർക്കാർ 110 കോടി രൂപയും പാസാക്കി. അത് പൂർത്തിയായപ്പോൾ പിന്നീട് അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ കിഫ്ബി വഴി 315 കോടി രൂപ കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ചു. അങ്ങനെ ഒന്നര ലക്ഷം സ്ക്വയർ ഫീറ്റുള്ള മെഡിക്കൽ കോളേജ് ബിൽഡിംഗും അഞ്ചുനില ഹോസ്പിറ്റൽ കെട്ടിടവും ആവശ്യമായ സൗകര്യങ്ങളോടെ പത്തനംതിട്ടയിൽ പൂർത്തീകരിച്ചു. ഇങ്ങനെ 500 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചപ്പോൾ 2020ൽ പുതിയ മെഡിക്കൽ കോളേജ് പത്തനംതിട്ടയിൽ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ അതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. 50 ഏക്കർ ഭൂമിയുള്ളതിനാൽ ഇനിയും ഓരോ വർഷത്തെയും ബജറ്റിൽ പത്തനംതിട്ട മെഡിക്കൽ കോളേജിന് പുതിയ പദ്ധതി ഫണ്ട് അനുവദിച്ചുകൊണ്ടിയിരിക്കും. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പുതിയ വലിയ പ്രൊജക്ടുകൾക്കാവശ്യമായ ഭൂമിയില്ലാത്തതിനാൽ ജില്ലഹോസ്പ്പിറ്റൽ സൗകര്യത്തിൽ വന്ന നേരിയ മാറ്റങ്ങളോടെ തുടരുകയും ചെയ്യും.

കേരളത്തിൽ കേന്ദ്രസർക്കാറിന്റെ കീഴിൽ 21 വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിലൊന്നുപോലും മലപ്പുറത്തില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഉടമസ്ഥതയിൽ 12 വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിൽ നഷ്ടത്തിലോടുന്ന കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം മാത്രമാണ് ജില്ലയിലുള്ളത്. മലപ്പുറത്തെ സ്പിന്നിംഗ് മിൽ മാറ്റി നിർത്തിയാൽ 18 സഹകരണ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളിൽ പേരെടുത്ത് പറയാവുന്ന ഒന്നുപോലും മലപ്പുറത്തില്ല. ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നുണ്ടെങ്കിലും 5 ലക്ഷത്തിനടുത്ത് ആളുകൾക്ക് ഇന്നും ജോലി നൽകുന്ന മേഖലയാണ് കേരളത്തിലെ 613 കയർ വ്യവസായ സ്ഥാപനങ്ങൾ . ഇതിലൊന്നുപോലും ജില്ലയിലില്ല .കൈത്തറി മേഖലയിൽ 786 സ്ഥാപനങ്ങളുണ്ട്.ഇതിൽ പത്തിൽ താഴെ മാത്രമാണ് മലപ്പുറം ജില്ലയിലുള്ളത്.

റെയിൽവേയും കെ.എസ്.ആർ.ടി.സിയും

കേരളത്തിൽ ബ്രിട്ടീഷ് സർക്കാർ ആദ്യമായി റെയിൽവേ നിർമ്മിച്ചത് ബേപ്പൂർ മുതൽ തിരൂർ വരെയായിരുന്നു. കേരളത്തിലാദ്യമായി ഉണ്ടായ റെയിൽവെ ലൈൻ മലപ്പുറം ജില്ലയെകൂടി ഉൾക്കൊള്ളുന്നതാണ്. ഈ ലൈൻ ആണ് പിന്നീട് പാലക്കാട് വഴി ചെന്നൈ വരെ ദീർഘിപ്പിച്ചത്. 1921ലാണ് 66 കിലോമീറ്റർ ദൈർഘ്യം വരുന്ന ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള റെയിൽവേ ലൈൻ നിർമ്മാണമാരംഭിച്ചത്. ഏകദേശം അഞ്ചുവർഷംകൊണ്ട് പണിപൂർത്തിയാക്കി 1927ൽ ഗതാഗതം തുടങ്ങി. പിന്നീട് ബ്രിട്ടീഷ് സർക്കാരോ ഇന്ത്യൻ സർക്കാരോ ഒരു കിലോമീറ്റർ പോലും പുതിയ റെയിൽവേ ലൈൻ മലപ്പുറത്തോ മലബാറിലോ നിർമ്മിച്ചിട്ടില്ല. എന്നാൽ തിരുവിതാംകൂർ ഭാഗത്ത് എറണാകുളം - ആലപ്പുഴ ലൈനും തൃശൂർ - ഗുരുവായൂർ ലൈനും ഒക്കെ പുതുതായി വന്നതാണ്.

കൊങ്കൺ റെയിൽവേ പ്രവർത്തനം തുടങ്ങിയത് കാരണം കുറെ ട്രെയിനുകൾ തിരൂർ സ്റ്റേഷൻ സ്പർശിച്ച് ദിവസവും പോകുന്നുണ്ടെങ്കിലും അതിലൊന്നിനുപോലും മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല.ഓരോ വർഷവും 25 കോടിയോളം രൂപ വരുമാനം നൽകുന്ന എ ക്ലാസ് പദവിയുള്ള തിരൂർ റെയിൽവേ സ്റ്റേഷൻ ഉണ്ടായിട്ടും ജില്ലയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ കോഴിക്കോട്ടോ ഷോർണൂറോ പാലക്കാടോ പോകേണ്ട അവസ്ഥയാണുള്ളത്. മറ്റിടങ്ങളിലേക്ക് പോകുന്ന ദീർഘദൂര ട്രെയിനുകളുടെയും കഥ ഇതുതന്നെ.

മലപ്പുറം ജില്ലയെ കൂടി ഉൾക്കൊള്ളുന്ന രണ്ട് പുതിയ പാതകൾ റെയിൽവേ പലതവണ ചർച്ചചെയ്തിരുന്നു.അങ്ങാടിപ്പുറം - ഫറോക്ക് തീവണ്ടി പാതയാണ് ഇതിലൊന്ന്. 72 വർഷം പഴക്കമുണ്ട് ഈ പാതയുടെ ചർച്ചക്ക്. അങ്ങാടിപ്പുറത്തുനിന്ന് തുടങ്ങി മലപ്പുറം - കൊണ്ടോട്ടി - കരിപ്പൂർവഴി ഫറോക്കിൽ എത്തുന്ന 55 കിലോമീറ്ററുള്ള പദ്ധതിയാണിത്. 12 വർഷം മുമ്പ് റെയിൽവേ ഇതിനായി സർവ്വേ നടത്തിയിരുന്നു. പ്രായോഗികവും ലാഭകരവും ആണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1990 - 91 റെയിൽവേ ബജറ്റ് ചർച്ചയിൽ അങ്ങാടിപ്പുറം ഫറോഖ് പാത കടന്നുവന്നു .2004 ൽ കേരള സർക്കാർ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. 2008 - 09 ൽ റെയിൽവേ ബജറ്റിൽ പാതയുടെ സർവ്വേക്ക് തുക വിലയിരുത്തി .ഫറോഖിൽ നിന്നും വെസ്റ്റ് ഹില്ലിൽ നിന്നുമായി രണ്ട് സർവേ നടത്തി. ഈ സർവെയിലാണ് അങ്ങാടിപ്പുറം ഫറോഖ് പാത ലാഭകരം എന്ന് കണ്ടെത്തി റെയിൽവേ പ്ലാനിങ് കമ്മീഷന്റെ അനുമതിക്ക് അയച്ചത്. 2009 ൽ റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ അങ്ങാടിപ്പുറം ഫറോക്ക് പാതയും ഇങ്ങനെ ഇടം നേടി. പക്ഷേ , പിന്നീടൊന്നും സംഭവിച്ചില്ല.

രണ്ടാമത്തേത് നിലമ്പൂർ നഞ്ചൻകോട് പാതയാണ്. കർണാടകയിലെ നഞ്ചൻകോഡ് നിന്നും തുടങ്ങി അമ്പൂർ വഴി കേരളത്തിലെ സുൽത്താൻബത്തേരിയിലും പിന്നീട് മീനങ്ങാടി - കൽപ്പറ്റ - മേപ്പാടി ചൂരൽമല - പോത്തുകല്ല് - അകമ്പാടം - നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധം വിഭാവന ചെയ്ത പദ്ധതിയാണിത്. ഈ പാത യാഥാർഥ്യമായാൽ ബംഗളൂരുവിൽ നിന്ന് അഞ്ച് മണിക്കൂർ കൊണ്ട് ഷൊർണൂരിൽ എത്താൻ സാധിക്കും. ഇപ്പോൾ എടുക്കുന്ന സമയത്തിന്റെ നേർപകുതി .

ബ്രിട്ടീഷുകാർ ഷൊർണൂർ നിലമ്പൂർ പാത പൂർത്തീകരിച്ച 1927 ൽ തന്നെ അതിന്റെ രണ്ടാംഘട്ടമായി ഉണ്ടായിരുന്ന പദ്ധതിയാണ് നിലമ്പൂരിൽ നിന്ന് വയനാട് വഴി മൈസൂരിലേക്കോ നഞ്ചൻകോഡിലേക്കോ ഉള്ള പാത .പക്ഷേ , രണ്ടാം ലോകയുദ്ധകാലത്ത് ഇരുമ്പ്ക്ഷാമം വന്നപ്പോൾ ഉള്ള പാതയിലെ തന്നെ കമ്പികൾ പൊളിച്ചുകൊണ്ടു പോവുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്.1990 ലാണ് വീണ്ടുമീ പാതയുടെ ചർച്ച ഉയർന്നുവന്നെങ്കിലും അന്നത് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് 2002 ൽ വീണ്ടും നിലമ്പൂർ നഞ്ചൻകോട് പാത ചർച്ചയായി. 2013 ൽ സർവ്വേ നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പദ്ധതിയുടെ സാധ്യത പഠനത്തിനായി ഇ. ശ്രീധരനെയാണ് നിയമിച്ചത്. 2016 - 17 കേന്ദ്ര ബജറ്റിൽ നിലമ്പൂർ നഞ്ചൻകോട് പാത അനുവദിച്ചുകൊണ്ടുള്ള ഉത്തരവും വന്നു. പാതക്കായി 600 കോടി രൂപയാണ് റെയിൽവേ ബജറ്റിൽ കണക്കാക്കിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പാത നടപ്പാക്കണമെന്നും ഇതിനുവേണ്ടി പകുതി തുക കേന്ദ്രസർക്കാർ നൽകാമെന്നും ധാരണയായി . അതോടെ ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ രേഖപ്പെടുത്തുന്ന റെയിൽവേയുടെ പിങ്ക് ബുക്കിൽ ഈ പദ്ധതിയും ഉൾപ്പെട്ടു. 2016 ൽ യുഡി.എഫ് സർക്കാർ സർവേക്കായി 6 കോടി രൂപ അനുവദിച്ചു .റെയിൽവേ സർവ്വേയുടെ പ്രാരംഭഘട്ടം തുടങ്ങി .പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റുചില ചർച്ചകൾ ഉയർന്നുവന്നു. തലശ്ശേരി - മൈസൂർ പാത എന്ന മറ്റൊരു കൺസെപ്റ്റ് ചർച്ചയായി. രണ്ടു പാതകൾക്കും ശ്രമം തുടങ്ങി. അതോടെ ഇതുമായി ബന്ധപ്പെട്ട ചില നിലപാട് പ്രശ്നങ്ങളുയർന്നു. പ്രയോഗത്തിൽ രണ്ടു പാതയും തീരുമാനമാവതെ നിൽക്കുകയാണിപ്പോൾ.

കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നിൽക്കുന്നത് ജില്ലാ ആസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് . പ്രസ്തുത സ്ഥലം ഉപയോഗിച്ച് വികസനവും വരുമാനം ലക്ഷ്യമിട്ടുള്ള ഷോപ്പിംഗ് സമുച്ചയവും ബസ്റ്റാൻഡ് നിർമ്മാണവും എന്ന ആലോചന 2008 മുതലുള്ളതാണ്. 2016 ജനുവരിയിലാണ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പണിയാരംഭിച്ചത് .ഒന്നര വർഷത്തിനകം പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേ സമയത്താണ് കോഴിക്കോട് കെ.എസ്.ആ.ർ.ടി.സി ടെർമിനലും പണി തുടങ്ങിയത്.

ആദ്യഘട്ടമായി സർക്കാർ അനുവദിച്ച എട്ടു കോടി രൂപ ചിലവഴിച്ച് ഗ്രൗണ്ട് ഫ്ലോറുകൾ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ബസ് വേയുടെയും ഫ്രെയിം വർക്ക് പൂർത്തീകരിച്ചു. പിന്നീട് പണി നിലച്ചു തുടർ പ്രവർത്തികൾക്ക് സർക്കാരോ കെ.എസ്.ആർ.ടി.സിയോ ഫണ്ടനുവദിച്ചില്ല. വർഷങ്ങൾ കടന്നുപോയി. ഇതിനിടെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ ഉദ്ഘാടന മാക്കെ കഴിഞ്ഞു .പക്ഷേ, മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ പണി ഇപ്പോഴും തീർന്നിട്ടില്ല .ഒടുവിൽ കെ.എസ്.ആർ.ടി.സി ഫണ്ടനുവദിക്കാത്തതിനാൽ സ്ഥലം ജനപ്രതിനിധി ഉബൈദുല്ലയുടെ വികസന ഫണ്ടിൽ നിന്ന് രണ്ടുകോടി അനുവദിച്ചാണ് ഇപ്പോൾ പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നത് .

വിദ്യാഭ്യാസം

ജില്ല അഭിമുഖീകരിക്കുന്ന വലിയ വിവേചങ്ങളിലാന്ന് വിദ്യാഭ്യാസ മേഖലയിലാണ്. പഞ്ചായത്ത് വാർഡ് പരിധികൾക്കുള്ളിൽ ലഭ്യമാവേണ്ട പ്രൈമറി സ്കൂൾ എണ്ണത്തിൽ തുടങ്ങുന്നുണ്ട് ഈ വിദ്യാഭ്യാസവിവേചനം.

8 ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയിൽ ആകെയുള്ളത് നാല് വിദ്യാഭ്യാസ ജില്ലകളും 17 വിദ്യാഭ്യാസ ഉപജില്ലകളുമാണ്. മലപ്പുറത്തെ വിദ്യാഭ്യാസ ഉപജില്ലകളുടെ നാലിൽ ഒരു ഭാഗം വിദ്യാർഥികളെ മറ്റു ജില്ലകളിലെ വിദ്യാഭ്യാസ ഉപജില്ലകളിലുള്ളൂ. സ്കൂളുകളുടെ കാര്യത്തിൽ മാത്രമല്ല വിദ്യാഭ്യാസ ഉപജില്ലകളുടെ കാര്യത്തിലും മലപ്പുറം ജില്ല പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. 2018.ൽ ടി.വി ഇബ്രാഹിം എംഎൽഎ രേഖാമൂലം നിയമസഭയിൽ ഉന്നയിച്ച ചോദ്യവും അന്നത്തെ വിദ്യാഭ്യാസ മന്ത്രി അതിന് രവീന്ദ്രനാഥ് അതിന് ൽകിയ മറുപടിയും കാണാം.

വിദ്യാർത്ഥികളുടെ എണ്ണം , സ്കൂളുകളുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തെ ഏറ്റവും വലിയ അഞ്ച് വിദ്യാഭ്യാസ ഉപജില്ലകൾ ഏതെന്ന് പറയാമോ എന്നായിരുന്നു എം.എൽ.എ യുടെ ചോദ്യം. അതിന് നൽകിയ മറുപടിയിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ള അഞ്ചിൽ മൂന്ന് ഉപജില്ലയും മലപ്പുറം ജില്ലയിലാണ്. തിരൂർ ഉപജില്ല ( 93 സ്കൂൾ ) കൊണ്ടോട്ടി ഉപജില്ല (92 സ്കൂൾ )മഞ്ചേരി ഉപജില്ല (90 സ്കൂൾ ) . വിദ്യാർഥികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലകളിൽ അഞ്ചിൽ നാലും മലപ്പുറത്താണ് . വേങ്ങര 30814, കൊണ്ടോട്ടി 27644 ,തിരൂർ 24327 , താനൂർ 23,682 . പുതിയ വിദ്യാഭ്യാസ ജില്ല - ഉപജില്ലകൾ മലപ്പുറത്ത് അനുവദിക്കേണ്ടിയിരിക്കുന്നു.

ഹയർ സെക്കൻഡറി മുതൽ ജില്ലയിൽ വിദ്യാഭ്യാസ പ്രതിസന്ധി രൂക്ഷമാകുന്നു. ഒന്നര പതിറ്റാണ്ടായി ഓരോ വർഷവും കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലയിൽ തുടർപഠന സൗകര്യമില്ല.ആയിരത്തിലേറെ സീറ്റുകൾ പല തെക്കൻ ജില്ലകളിലും കാലിയായി കിടക്കുമ്പോഴാണീ മലപ്പുറത്തെ ഈ പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നത്. മലപ്പുറം ജില്ലയിലെ ഹയർസെക്കൻഡറി പ്രതിസന്ധി പരിഹരിക്കാൻ 500 ലേറെ പുതിയ ബാച്ചുകൾ ജില്ലയിൽ അനുവദിക്കേണ്ടതുണ്ട്. അതുപക്ഷേ ,ജില്ല മലപ്പുറമാകുമ്പോൾ സാമ്പത്തിക പ്രതിസന്ധിപറഞ്ഞ് അനീതി തുടർന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞവർഷം പ്ലസ് വൺ പ്രവേശനം കിട്ടാതെ ഓപ്പൺ സ്കൂളിൽ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ നിന്ന് 15988 വിദ്യാർഥികളാണ്. സംസ്ഥാനത്തുനിന്ന് ആകെ പ്രവേശനം നേടിയവരിൽ 41ശതമാനം വരുമിത്

എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ ഈ വർഷം 81252 വിദ്യാർഥികൾ പ്ലസ് വണിന് അപേക്ഷിച്ചിട്ടുണ്ട്. . പൊതുമേഖലയിൽ ഇവിടെയുള്ള ആകെ പെർമനന്റ് ബാച്ചുകൾ 839 ആണ് . 41950 സീറ്റുകൾ.പൊതുമേഖലയിൽ 30 ശതമാനം വർധനവ് (മാക്സിമം 12585) ചേർത്താൽ ജില്ലയിലെ സീറ്റുകൾ 54535 ആകും. എയ്ഡഡ് സ്കൂളിലെ ബാച്ചുകൾക്ക് 20% വർധനവെ നിർബന്ധമുള്ളൂ എന്നോർക്കുക. അപ്പോൾ മാർജിനൽ ഇൻക്രീസ് വഴിയുള്ള വർധനവ് ഇത്രയും വരില്ല. മലപ്പുറം ജില്ലയിൽ വി.എച്ച്.എസ്.ഇ (2325) , ഐ.ടി.ഐ (1295), പോളി ( 1180) ചേർത്താൽ 4800 സീറ്റാണുള്ളത്.

ആകെ മൊത്തമിപ്പോൾ 59335 ഉപരിപഠന സാധ്യതകളാണ് മലപ്പുറം ജില്ലയിലുള്ളത്. 21917 സീറ്റുകളുടെ കുറവ് . ഒരു ബാച്ചിൽ 65 കുട്ടികളെ വെച്ച് കൂട്ടിയാലും 337 പുതിയ ബാച്ചെങ്കിലും മലപ്പുറം ജില്ലയിൽ മാത്രം അനുവദിച്ചാലെ സീറ്റ് പ്രതിസന്ധി തീരൂ. 50:1 ആണെങ്കിൽ അഞ്ഞൂറിലധികം ബാച്ചുകൾ ജില്ലയിൽ മാത്രം അനുവദിക്കണം.

ഈയൊരു സാഹചര്യത്തിലാണ് സീറ്റ് പ്രതിസന്ധിയുള്ള ആറ് ജില്ലകൾക്കൊന്നാകെ 14 ബാച്ചുകൾ അഥവാ 910 സീറ്റുകൾ അനുവദിക്കുന്നത്. കഴിഞ്ഞ വർഷത്തെ താൽക്കാലിക 81 ബാച്ചുകളും ഈ ജില്ലകളിലാകെ വിഭജിച്ച് നൽകും. ( അതിൽ നല്ലൊരു ശതമാനവും സയൻസാണെന്നും ഓർക്കുക. ഇവിടെ പലയിടത്തും ആവശ്യക്കാരധികവും ഹ്യൂമാനിറ്റീസും കൊമേഴ്സും ആണുതാനും ) . 81 ബാച്ച് എന്ന് പറഞ്ഞാൽ 65 കുട്ടികളെ വെച്ച് കൂട്ടിയാൽ 5265 സീറ്റുകൾ മാത്രമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഈ വർധനവുകളും അധിക ബാച്ചുകളുമെല്ലാം മലപ്പുറം ജില്ലക്ക് മാത്രമായി അനുവദിച്ചാൽ പോലും ഈ ജില്ലയിലെ ഉപരിപഠന പ്രതിസന്ധി പോലും അവസാനിക്കുന്നില്ല. അപ്പോൾ പിന്നെ മറ്റ് ജില്ലകൾക്ക് കൂടി പങ്കുവെച്ച് വിഭജിച്ച് ഇവ നൽകിയാലുള്ള പ്രതിസന്ധി പറയാനുണ്ടോ. പരിഹാരം ഒന്നേയുള്ളൂ അത് ഇടതുപക്ഷ സർക്കാർ നിശ്ചയിച്ച വി.കാർത്തികേയൻ നായർ കമ്മിറ്റി പറഞ്ഞതാണ്. മലബാർ ജില്ലകളിൽ പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റ് ലഭ്യമാവുംവിധം മലബാറിൽ പുതിയ ബാച്ചുകളനുവദിച്ചേ പറ്റൂ. അപ്പോഴെ മുഖ്യമന്ത്രി പറഞ്ഞ പോലെ പ്രദേശിക അസന്തുലിതത്വം അവസാനിക്കുകയുള്ളൂ.

ഉന്നത വിദ്യാഭ്യാസമേഖലയിലേക്ക് വന്നാലും ഈ വിവേചനം കാണാം .ഓരോ വർഷവും ജില്ലയിൽ ഹയർസെക്കന്ററി പാസാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതിപോലും സീറ്റ് മലപ്പുറം ജില്ലയിൽ ലഭ്യമല്ല. ഓരോ വർഷവും ഇങ്ങനെ ജില്ലയിൽ ബിരുദസൗകര്യം ഇല്ലാതെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് കാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ്. എന്നാൽ ജില്ലയിലെ ഹയർസെക്കന്ററി വിജയികളെക്കാൾ കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും പതിനായിരത്തിലേറെ ഉപരിപഠന സീറ്റുകളുണ്ട്. എല്ലാവർഷവും ഏകദേശം ഇത്രയും സീറ്റുകൾ ഈ ജില്ലകളിൽ അധികമുണ്ട്.

സർക്കാർ എയ്ഡഡ് മേഖലയിൽ 28 കോളജുകൾ തിരുവനന്തപുരം ജില്ലയിലുണ്ട്. 9297 വിദ്യാർത്ഥികൾക്ക് അവിടെ പൊതുമേഖലയിൽ മാത്രം ബിരുദ സീറ്റുകളുമുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ പൊതുമേഖലയിൽ 22 കോളജുകൾ ഉണ്ടെങ്കിലും ബിരുദ സീറ്റുകളുടെ എണ്ണം 6776 മാത്രമാണ്. തിരുവനന്തപുരത്ത് പി.ജി സീറ്റുകളുടെ എണ്ണം 3572 ആകുമ്പോൾ മലപ്പുറത്തത് വെറും 1613 ആണ് . മലപ്പുറം ജില്ലയുടെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള കൊല്ലത്ത് 6830 ബിരുദ സീറ്റുകളുണ്ട്. ഇങ്ങനെ മലപ്പുറത്തേക്കാൾ ജനസംഖ്യ കുറഞ്ഞ തൃശ്ശൂരിൽ 10153, എറണാകുളത്ത് 10089, ആലപ്പുഴയിൽ 6147 ബിരുദ സീറ്റുകൾ ലഭ്യമാണ്. മലപ്പുറം ജില്ലയിലെ ചില സർക്കാർ കോളജുകളിൽ മിനിമം കോഴ്സുകളും സീറ്റുകളും മാത്രമായി 500 ൽ താഴെ വിദ്യാർഥിൾ മാത്രമേ ഉള്ളൂ. സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ കോളജുകളും മലപ്പുറം ജില്ലയിൽ ഇപ്പോഴുമുണ്ട്.സർക്കാർ തന്നെ നിശ്ചയിച്ച പ്രഫ. ശ്യാം മേനോൻ അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിൽ മലബാറിലും മലപ്പുറത്തുമുള്ള കോളജുകളുടെയും കോഴ്സുകളുടെയും പരിമിതിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്.

മലപ്പുറത്തെയും മലബാറിലെയും പ്രധാന സർവകലാശാല കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ്. യു.ജി.സി ചട്ടപ്രകാരം ഒരു യൂണിവേഴ്സിറ്റിക്ക് കീഴിൽ അഫിലിയേറ്റഡ് ചെയ്യാവുന്ന കോളജുകളുടെ മാക്സിമം എണ്ണം നൂറാണ്. നിലവിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് അഞ്ഞൂറിനടുത്ത് കോളജുകളാണ്. അതായത് യു.ജി.സി പ്രകാരം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരിധിക്കകത്തുതന്നെ മിനിമം മൂന്ന് പുതിയ യൂണിവേഴ്സിറ്റികളെങ്കിലും ഉണ്ടാവണമെന്നർത്ഥം. ഈ അധിക ബാധ്യത പേറുന്നതിന്റെ എല്ലാ സ്തംഭനാവസ്ഥയും മെല്ലെപ്പോക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുഖമുദ്രയുമാണ്.

ജില്ലയുടെ മുഖഛായ തന്നെ മാറ്റുമായിരുന്ന അലീഗഡ് യൂനിവേഴ്സിറ്റി ക്യാമ്പസ് സാങ്കേതിക കുരുക്കിൽപ്പെട്ട് പ്രതീക്ഷിച്ചവിധം മുന്നോട്ട് പോകാത്തതും ഇഫ്ലു ക്യാമ്പസ് യാഥാർത്ഥ്യമാവാതെ പോയതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അറബിക് യൂനിവേഴ്സിറ്റിയും ആയുർവേദ യൂനിവേഴ്സിറ്റിയും മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ സങ്കട വർത്തമാനങ്ങളാണ്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മലപ്പുറം ജില്ലക്ക് നൽകിയ വികസനങ്ങളുടെ കണക്കുകളിൽ ചിലതാണ് പങ്കുവെച്ചത്. എന്നിട്ടും മലപ്പുറമിങ്ങനെ അഭിമാനപൂർവ്വം തലയുയർത്തി പിടിക്കുന്നത് എങ്ങനെയെന്ന ഒരു ചോദ്യമുണ്ട് .ഉത്തരം ഒന്നേയുള്ളൂ. പ്രവാസം നൽകിയ അനുഗ്രഹത്തിലൂടെ കടന്നുപോകാൻ ഈ ജനതക്ക് സാധിച്ചതിന്റെ നേട്ടങ്ങളാണത്. വലിയ വീടുകൾ ,വിലകൂടിയ കാറുകൾ, കോംപ്ലക്സുകളും പുത്തൻ ഷോപ്പുകളും നിറഞ്ഞ അങ്ങാടികൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, സെൽഫ് ഫിനാൻസ് കോളജുകൾ ,എൻട്രൻസ് കോച്ചിംഗ് സെന്ററുകൾകൾ, ഉന്നത വിദ്യാഭ്യാസം തേടി ഡൽഹിയിലേക്കും യൂറോപ്പിലേക്കും പുതുതലമുറ നടത്തുന്ന വിജ്ഞാന കുടിയേറ്റങ്ങൾ, സിവിൽ സർവീസ് നേട്ടങ്ങൾ, സയൻസ് ആൻഡ് ടെക്നോളജി മേഖലയിലേക്കുള്ള ചുവടുവെപ്പുകൾ, കഥയും കവിതയും നോവലുകളും എഴുതി പ്രസിദ്ധീകരിക്കുന്ന ന്യൂജെൻ വിസ്മയങ്ങൾ, ഒരു സിനിമക്കാവശ്യമായ നിർമ്മാണം ,സംവിധാനം, തിരക്കഥ , അഭിനയം , ഇവയെല്ലാം ഉയർന്നുവരാനുള്ള ഏറ്റവും വലിയ പിൻബലം എന്നു പറയുന്നത് പ്രവാസം സമ്മാനിച്ച പച്ചപ്പുകൾ തന്നെയാണ്. അതിജീവിക്കാൻ ഒരു ജനത തീരുമാനിച്ചാൽ മുന്നിലാര് പ്രതിബന്ധങ്ങൾ തീർത്താലും അവർ മുന്നേറുക തന്നെ ചെയ്യും. പക്ഷേ, ആ മുന്നറ്റത്തിനിടക്കും ഭരണകൂട അനീതികളെ ചൂണ്ടിക്കാട്ടാനും അതിനെ തിരുത്തിക്കാനും അവർ ശബ്ദിച്ച് കൊണ്ടേയിരിക്കും. മലബാറിൽ നിന്നും മലപ്പുറത്തുനിന്നുമിപ്പോൾ ഉയരുന്ന ശബ്ദം ഈ അനീതിക്കെതിരായി ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ് വിവേചന നടപടികൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുകയെന്നത് ജനാധിപത്യ സർക്കാരുകളുടെ ബാധ്യതയാണ്.

Tags:    
News Summary - Malappuram district development denial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.