ആഴ്ചകളോളമായി നിലക്കാതെ കത്തുന്ന മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കൂട്ടാക്കാതെ വിദേശ പര്യടനത്തിനും സ്വദേശത്തെ ഉദ്ഘാടന മഹാമഹങ്ങൾക്കുമായി ഓടിനടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം ഒന്ന് വായ് തുറന്നത് നടുക്കുന്ന സ്ത്രീ പീഡനങ്ങളിലൊന്നിന്റെ വിഡിയോ പുറത്തുവന്നപ്പോൾ മാത്രമാണ്. മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച് മിണ്ടാതെ അങ്ങുമിങ്ങും തൊടാതെ ഒരു പ്രസ്താവനയാണ് അദ്ദേഹം അപ്പോഴും നടത്തിയത്. രാജ്യമനഃസാക്ഷി ഒന്നടങ്കം മണിപ്പൂരിലെ ആ ഭീകര സംഭവങ്ങളെയും അതിനു പിന്നിൽ പ്രവർത്തിച്ച അതിക്രൂരരായ കുറ്റവാളികളെയും അപലപിക്കാൻ മുന്നോട്ടുവന്നു. ആ ഘട്ടത്തിൽ വിദേശ സന്ദർശനങ്ങളിൽപോലും പ്രധാനമന്ത്രിയെയും വിവിധ ഭരണകക്ഷി ഉന്നതരെയും അനുഗമിക്കാൻ അനുമതിയുള്ള ന്യൂസ് ഏജൻസിയായ എ.എൻ.ഐ ഒരു മാരക വ്യാജവാർത്ത ട്വീറ്റ് ചെയ്തു. മണിപ്പൂർ വൈറൽ വിഡിയോ കേസിൽ മുഹമ്മദ് ഇബുംഗോ എന്ന അബ്ദുൽ ഹലീമിനെ അറസ്റ്റു ചെയ്തുവെന്നു തുടങ്ങുന്ന ട്വീറ്റ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അതിന്റെ സ്ക്രീൻഷോട്ട് സംഘ്പരിവാർ കേന്ദ്രങ്ങൾ അവരുടെ സമൂഹമാധ്യമ ശൃംഖലകൾ വഴി പ്രചരിപ്പിക്കാൻ തുടങ്ങി. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ ആൾ മുസ്ലിം ആണെന്നായിരുന്നു അവരുടെ പ്രചാരണത്തിന്റെ കാതൽ. വ്യാജവാർത്ത പിൻവലിക്കാൻ എ.എൻ.ഐ നിർബന്ധിതമായെങ്കിലും സംഘ്പരിവാറിന്റെ വ്യാജ പ്രചാരണം അപ്പോഴേക്കും ഏഴുകടലും താണ്ടിയിരുന്നു.
ഒഡിഷയിലെ ബാലസോറിൽ ദാരുണമായ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ അത് മുസ്ലിംകൾ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ കള്ളക്കഥകളുടെ മാലപ്പടക്കമാണ് സംഘ്പരിവാർ കൊളുത്തിവിട്ടത്. അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നതുപോലും വിദ്വേഷ പ്രചാരണത്തിനുള്ള കാരണമാക്കി. അപകടം നടന്ന സ്ഥലത്തിനടുത്ത കെട്ടിടം എഡിറ്റ് ചെയ്ത് മസ്ജിദാക്കി അവതരിപ്പിച്ചായിരുന്നു മറ്റൊരു പ്രചാരണം. സ്റ്റേഷൻ മാസ്റ്റർ ശരീഫ് എന്ന് പേരുള്ളയാളാണെന്നും സിഗ്നൽ എൻജിനീയർ അമീർ ഖാൻ വീട് അടച്ചുപൂട്ടി മുങ്ങിയെന്നും അവർ പറഞ്ഞുപരത്തി. എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ബഹനാഗ റെയിൽവേ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും അന്വേഷണ ഭാഗമായി സി.ബി.ഐക്ക് മുന്നിലുണ്ടെന്നും അറിയിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ ചൗധരി വാർത്തക്കുറിപ്പ് ഇട്ടശേഷവും വ്യാജപ്രചാരണത്തിന്‍റെ അലയൊലി അടങ്ങിയില്ല.
confirmation bias എന്നത് ഒരു മനശ്ശാസ്ത്ര പ്രതിഭാസമാണ്. ‘കള്ളം പറന്നുവരും നേര് നിരങ്ങിയേ വരൂ’ എന്ന പഴഞ്ചൊല്ല് പോലെ, ഒരു വ്യക്തി ഒരു വ്യാജം പറയുകയും അത് ആയിരങ്ങൾ ആഘോഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
യു.പിയിലും ഗുജറാത്തിലുമടക്കം സംഘ്പരിവാർ പരീക്ഷിച്ച് വിജയിച്ച നുണപ്രചാരണ സംവിധാനം ഇപ്പോൾ കേരളത്തിൽ കൂടുതൽ വ്യാപകമാണ്. കോഴിക്കോട് ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസിന് 30ശതമാനം നിരക്ക് ഇളവ് എന്നതാണ് കഴിഞ്ഞ ഹജ്ജ് കാലയളവിൽ ചിത്രം സഹിതം പ്രചരിച്ച ഒരു നുണക്കഥ. ശബരിമലയിലേക്ക് ഇരട്ടി ചാർജും ഹജ്ജ് ക്യാമ്പിലേക്ക് ഇളവും എന്നതായിരുന്നു അടിക്കുറിപ്പ്. കെ.എസ്.ആർ.ടിസിയുടെ ടേക്ക് ഓവർ സർവിസുകളെയാണ് ഇത്തരത്തിൽ മുസ്ലിംകൾക്ക് മാത്രമുള്ളതായി പ്രചരിപ്പിച്ചത്. എറണാകുളം ചോറ്റാനിക്കരയിലടക്കം പലയിടങ്ങളിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായപ്പോഴും ഇതേ സ്വഭാവത്തിൽ കഥകളിറങ്ങി. കല്ലെറിഞ്ഞ ചില പ്രതികൾ പിടിക്കപ്പെടുകയും അവർ മുസ്ലിംകളല്ല എന്ന് ബോധ്യപ്പെടുകയും ചെയ്യുംവരെ നിറഞ്ഞ കെട്ടുകഥകളാണ് പുറത്തുവന്നത്.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് സഹപാഠികൾ നടത്തിയ പ്രതിഷേധത്തെ വർഗീയ നിറം ചാർത്തി ഒതുക്കാൻ സംഘ്പരിവാറും പോഷകസംഘടനയായ കാസയും ശ്രമിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ കേരള പൊലീസും അതിൽ പങ്കുകാരായി. ക്രൂരമായ വർഗീയ പ്രചാരണത്തിനാണ് വഴിതെളിച്ചത്. ‘കോളജിലെ ഫാഷിസ്റ്റ് മാനേജ്മെന്റിനെതിരെ പൊരുതുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനമെന്നും മനസ്സുവെച്ചാൽ അവിടത്തെ കുട്ടികളെ മുഴുവൻ മതംമാറ്റി കോളജ് പിടിച്ചെടുക്കാമെന്നുമൊക്കെ പറഞ്ഞ് അബ്ദുൽ ജലീൽ താഴെപ്പാലം എന്ന പേരിൽ തട്ടിക്കൂട്ടിയ വ്യാജ ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചാണ് നാടൊട്ടുക്ക് മുസ്ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടത്.പാകിസ്താൻ സ്വദേശിയായ ഒരാളുടെ ചിത്രം ഉപയോഗിച്ചാണ് ഈ വ്യാജ പ്രൊഫൈൽ തയാറാക്കിയിരുന്നത്. വ്യാജനാണ് എന്ന് സമ്പൂർണ ബോധ്യമുണ്ടായിട്ടും ‘അബ്ദുൽ ജലീൽ താഴെപ്പാലം എന്ന വ്യക്തിക്കെതിരെ’ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സംഘ് പ്രചാരണത്തിന് ഔദ്യോഗിക ഭാഷ്യം ചമച്ചു കാഞ്ഞിരപ്പള്ളി പൊലീസ്. ജനങ്ങൾ ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടിയതോടെ പൊലീസ് പിൻവലിയുകയായിരുന്നു. ഇത്തരമൊരു വ്യാജ പ്രൊഫൈൽ തയാറാക്കി ജനങ്ങൾക്കിടയിൽ വിഷം കലർത്താൻ ശ്രമിച്ച ശക്തികൾ ആരെന്നത് അന്വേഷിച്ചു കണ്ടുപിടിക്കാനോ വെളിപ്പെടുത്താനോ പൊലീസ് കൂട്ടാക്കിയതേയില്ല.
സുപ്രീംകോടതി വിധിയിലൂടെ ജാമ്യത്തിൽ ഇളവ് നേടി പിതാവിനെ കാണാൻ കേരളത്തിലെത്തിയ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ ഹീനമായ പ്രചാരണമാണ് അടുത്തിടെയുണ്ടായത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പും അവസാനിപ്പിക്കാൻ മുസ്ലിം യുവാക്കൾ രംഗത്തിറങ്ങണമെന്ന് പ്രസംഗിച്ചുനടന്ന ഭീകരനെയാണ് ഇപ്പോൾ ഇവിടെ ചിലർ മഹാനായി എഴുന്നള്ളിക്കുന്നതെന്നായിരുന്നു സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം. ഗതാഗത തടസ്സത്തിന് വഴിവെക്കുന്ന വലിയ ഘോഷയാത്രയുടെ അകമ്പടിയോടെ ചില മുസ്ലിം പള്ളികളിൽ നടക്കുന്ന ചന്ദനക്കുടം, ഉറൂസ് പോലുള്ള ആചാരങ്ങൾ അവസാനിപ്പിക്കാൻ യുവാക്കൾ രംഗത്തുവരണമെന്ന് ആവശ്യപ്പെടുന്ന മഅ്ദനിയുടെ പഴയ പ്രസംഗം മുറിച്ചെടുത്താണ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കെതിരെ പ്രസംഗിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടത്.
ക്ഷേത്രങ്ങളിലെ പണം ഖജനാവിലേക്ക് മുതൽക്കൂട്ടുന്ന സർക്കാറാണ് മദ്റസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് എന്ന പെരുംനുണ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വർഷങ്ങളായി പ്രസംഗിച്ചു നടക്കുന്നതാണ്. മദ്റസ അധ്യാപകർക്ക് ശമ്പളവും അലവൻസും നൽകുന്നത് സർക്കാർ അല്ലെന്നും അതത് മദ്റസ മാനേജ്മെന്റുകളാണെന്നും മുഖ്യമന്ത്രി തന്നെ നേരത്തേ നിയമസഭയിൽ വ്യക്തമാക്കിയതുമാണ്. എന്നാൽ വ്യാജപ്രചാരണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായാണ് പങ്കുവെക്കപ്പെടുന്നത്.
മതത്തിന്റെയും സമുദായത്തിന്റെയും വേർതിരിവുകളില്ലാതെ സഹകരണത്തോടെയും സഹവർത്തിത്ത്വത്തോടെയും ജീവിച്ച മലയാളി എങ്ങനെയാണ് പൊടുന്നനെ വർഗീയ ചിന്താഗതിയിലേക്ക് കൂപ്പുകുത്തുന്നത് എന്ന് പരിശോധിക്കുമ്പോൾ സംഘ്പരിവാർ നുണഫാക്ടറികൾ പുറത്തുവിടുന്ന വിഷപ്പുകയാണ് അതിനു വഴിവെക്കുന്നതെന്ന് വ്യക്തമാവും. സമാനമായ നുണപ്രചാരണം തമിഴ്നാട്ടിലും കർണാടകയിലും വ്യാപകമാണ്. തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാറും കർണാടകയിൽ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സർക്കാറും ഇത്തരം നുണപ്രചാരകരെ നിലക്കുനിർത്താൻ അവിടത്തെ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്, തത്ഫലമായി വിഷപ്രചാരണത്തിന്റെ അളവിൽ കുറവും സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ കേരള പൊലീസിനെച്ചുറ്റിപ്പറ്റിപോലും സംഘ്പരിവാർ വർഗീയ വിദ്വേഷവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. ഒരു നടപടിയും നേരിടാതെ. ഇത്തരം പ്രചാരണങ്ങൾ വരുത്തിവെക്കുന്ന അപായത്തിന്റെ ഗുരുതരാവസ്ഥ കേരള പൊതുസമൂഹം ഇന്നും തിരിച്ചറിയുന്നില്ല എന്നതാണ് അതിലേറെ സങ്കടകരം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.