ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പിച്ച കരിനിയമത്തിന് പരിഹാരം തേടിയിറങ്ങി ആ ജനതയാല്‍ തോല്‍പിക്കപ്പെട്ട ഒരു വനിതയുണ്ട്. മണിപ്പൂരിലെ അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട ഐതിഹാസിക സമരപോരാട്ടം നയിച്ച ഇറോം ശര്‍മിള. ആര്‍ക്കുവേണ്ടിയാണോ സമരം നടത്തിയത് അവര്‍ക്കുമുന്നില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എത്തിയപ്പോള്‍ നോട്ടക്കും താഴെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ വോട്ടര്‍മാരോട് ഇറോമിന് തെല്ലും പരിഭവമില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് നേടിയ മാര്‍ഗത്തെ വിമര്‍ശിക്കുമ്പോഴും ആ ജനത അവരെ തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യം ഇറോം ശര്‍മിള പറയുന്നു. ഇനിയൊരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് പറയുന്ന ഇറോം തന്‍െറ പോരാട്ടങ്ങള്‍ക്ക് അവധിനല്‍കാന്‍ തയാറല്ല. അധികാരം സ്വപ്നം കണ്ടല്ല ഇവര്‍ മണിപ്പൂരിലെ മുഖ്യമന്ത്രിക്കെതിരെ മത്സരത്തിനിറങ്ങിയത്.

15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കെതിരെ ആള്‍ബലവും മുന്നൊരുക്കങ്ങളും ഇല്ലാതെ തെരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍തന്നെ ഇറോമിന്‍െറ തോല്‍വി പലരും പ്രവചിച്ചിരുന്നു. എന്നാല്‍, 90 വോട്ട് നല്‍കി നോട്ടക്കും താഴെ എത്തിയതോടെ ശരിക്കും പരാജയപ്പെട്ടത് ഇറോമായിരുന്നില്ല, ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്‍െറ പവിത്രതയാണ്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് ഒറ്റയാള്‍ പ്രചാരണത്തിലെ ക്ഷീണത്തില്‍നിന്നും തെരഞ്ഞെടുപ്പ് സമ്മാനിച്ച നിരാശയില്‍നിന്നും മുക്തിതേടിയാണ് ഇറോം ശര്‍മിള കേരളത്തിലത്തെിയിരിക്കുന്നത്. ഒരുമാസത്തെ വിശ്രമക്കാലത്തിന് ശേഷം ഏറ്റെടുക്കേണ്ട പോരാട്ടങ്ങളെക്കുറിച്ച് ഈ പോരാളിക്ക് വ്യക്തമായ ധാരണയുണ്ട്.

നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ്ങിനെതിരെ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

  • ഒരു തരത്തില്‍ ഞാന്‍ വിജയിച്ചതായാണ് കരുതുന്നത്. ഇബോബിയല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി കാണാന്‍ സാധിച്ചല്ലോ, തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റോ ജയിച്ചോ എന്നുള്ളതല്ല. ഇബോബി മാറിയെന്നത് ചെറിയ നേട്ടമായി കാണുന്നു. 15 വര്‍ഷം നീണ്ട ഇബോബിയുടെ ഭരണത്തിന് സമാന്തരമായായിരുന്നു എന്‍െറ സമരം. എന്‍െറ ശബ്ദത്തെ പണംകൊണ്ട് അടിച്ചമര്‍ത്താന്‍ നിരന്തരം ശ്രമിച്ചിരുന്നു.

ഇബോബിക്കെതിരെ മത്സരിച്ചത് ഒരു തെറ്റായ തീരുമാനമാണെന്ന് ഇപ്പോള്‍ കരുതുന്നുണ്ടോ?

  • അറിയില്ല.
ഇറോ ശർമിള. ഫോട്ടോ: മുസ്തഫ അബൂബക്കർ
 


ജീവിതത്തിലെ പ്രധാനപ്പെട്ട 16 വര്‍ഷം ഒരു നാടിന്‍െറ സമരത്തിനായി മാറ്റിവെച്ചിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ലഭിച്ചത് 90 വോട്ട്. എന്തു തോന്നുന്നു?

  • പണവും മസില്‍പവറും കൊണ്ടുള്ള രാഷ്ട്രീയത്തെ കഴിഞ്ഞ കുറച്ചുകാലമായി ജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ജനങ്ങളുടെ ദാരിദ്ര്യവും പ്രതികരണമില്ലായ്മയും ഈ രാഷ്ട്രീയത്തെ കാര്യമായി സഹായിക്കുന്നുണ്ട്. ഇങ്ങനെയല്ല ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത്.

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ വോട്ട് ചെയ്തു. അത് നിങ്ങളോടുള്ള താല്‍പര്യക്കുറവാണോ കാണിക്കുന്നത്, അതോ അഫ്സ്പ പോലുള്ള കരിനിയമത്തിനെതിരെ പറയാനുള്ള പേടിയാണോ കാണിക്കുന്നത്?

  • കഴിഞ്ഞ 16 വര്‍ഷത്തെ എന്‍െറ സമരംകൊണ്ട് നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരം കിരാതനിയമങ്ങള്‍ നടപ്പാക്കാനായി നല്‍കിയിരുന്ന പണത്തിന്‍െറ തോത് കുറഞ്ഞിട്ടുണ്ട്. അവിടത്തെ സാഹചര്യങ്ങളിലും ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. നിഷ്കളങ്കരായ ജനങ്ങളെ കൊല്ലുക, ബലാത്സംഗം ചെയ്യുക, ആളുകളെ കാണാതാവുക തുടങ്ങിയ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ നിയമം ജനങ്ങളെ സ്വാധീനിക്കുന്നതിന്‍െറ തോത് കുറഞ്ഞിട്ടുണ്ട്. പ്രതികരിക്കാനുള്ള പേടിയാണ് എന്ന് കരുതുന്നില്ല. മണിപ്പൂരിലെ ജനങ്ങള്‍ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്. വോട്ട് തേടി ചെന്നപ്പോള്‍ ഞാനത് അനുഭവിച്ചതാണ്. ഒറ്റയായ ഞാന്‍ ജയിച്ചിട്ട് കാര്യമില്ലെന്ന തോന്നലായിരിക്കാം അവര്‍ വോട്ട് ചെയ്യാതിരിക്കാനുള്ള കാരണം.


വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടമുണ്ടോ?

  • ഇല്ല.


എന്താണ് ഭാവി പരിപാടികള്‍?

  • അനീതികള്‍ ഇപ്പോഴുമുണ്ട്. പോരാട്ടം തുടരുകതന്നെ ചെയ്യും. അതെന്‍െറ ജീവിതത്തിന്‍െറ ഭാഗമായാണ് കരുതുന്നത്.


മണിപ്പൂരില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നിരിക്കുന്നു, അത് സംസ്ഥാനത്ത് എന്ത് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്?

  • അതിനെ കുറിച്ചോ പുതിയ സര്‍ക്കാറിനെ കുറിച്ചോ എനിക്ക് ഒന്നും പറയാനില്ല.


മണിപ്പൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

  • ഒരു വ്യത്യാസവുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ രണ്ട് പേര്‍ക്കെതിരെയും മത്സരിച്ചതില്‍നിന്ന് എനിക്കത് അറിയാം. രണ്ടുപേരും പണക്കൊഴുപ്പും മസില്‍ പവറും ഉപയോഗിക്കുന്നുണ്ട്. കൂട്ടുകെട്ട് ശക്തികളുടെ ഭാഗമായി എങ്ങനെ വോട്ട് നേടുന്നു എന്നത് തെരഞ്ഞെടുപ്പില്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിന്‍െറ ഒരു ഘട്ടത്തിലും തെറ്റായരീതി ഞങ്ങള്‍ കൈക്കൊണ്ടിട്ടില്ല.


മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ അഫ്സ്പക്കെതിരെ രംഗത്തുവന്നിട്ടുണ്ടല്ലോ?

  • അദ്ദേഹത്തിന്‍െറ കാലത്ത് ഈ കരി നിയമത്തിനെതിരെ യാതൊന്നും പറയാതെ അധികാരത്തില്‍നിന്ന് ഇറങ്ങിയതിനു ശേഷമാണ് ഇപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്നത്. ഒന്നിലും ഇടപെടാതെനിന്ന് മറ്റുള്ളവരെ പഴിചാരുകയാണ് ഇത്. 
ഇറോ ശർമിള. ഫോട്ടോ: മുസ്തഫ അബൂബക്കർ
 


ഇറോം സമരം തുടങ്ങുന്ന സമയത്ത് മണിപ്പൂരില്‍ പ്രശ്നങ്ങള്‍ നിരവധിയുണ്ടായിരുന്നു. അന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങള്‍ കുറഞ്ഞതോടെ ജനങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?

  • ഇത്തരം താരതമ്യങ്ങളുടെ ആവശ്യമില്ല.


പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി ശക്തിയാര്‍ജിച്ചുവരുന്നു. വടക്ക്-കിഴക്കന്‍ മേഖലയിലും ബി.ജെ.പി വേര് പിടിപ്പിച്ചുതുടങ്ങി അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

  • ഏതെങ്കിലും മത വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയം അരുത്. എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയുന്ന, പക്ഷപാതമില്ലാതെ ചിന്തിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടത്. ആഭ്യന്തരവിഷയങ്ങള്‍ നിരവധിയുള്ള വടക്കു-കിഴക്കന്‍ മേഖലക്ക് പ്രത്യേക പരിഗണന അനിവാര്യമാണ്. അവിടെ ബി.ജെ.പി ശക്തിപ്രാപിക്കുന്നത് ഒരു നല്ല ലക്ഷണമായി കാണാന്‍ സാധിക്കില്ല.


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് അവഗണനയാണോ? വികസനം, ഫണ്ടിന്‍െറ ലഭ്യത, രാഷ്ട്രീയ പരിഗണന എന്നിവയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

  • ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നാലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ എന്നും അവഗണിക്കലാണ് പതിവ്. ഒരര്‍ഥത്തിലും വേണ്ട പരിഗണന ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. അടിസ്ഥാന വികസനം ഇപ്പോഴുമത്തൊത്ത മേഖലകളുണ്ട്. ആവശ്യമായ പദ്ധതികള്‍ തങ്ങളുടെ മേഖലക്കായി നടപ്പാക്കാന്‍ ആരും തയാറാവുന്നില്ല. രാഷ്ട്രീയ പരിഗണനയിലും സ്ഥിതി വ്യത്യസ്തമല്ല. മേഖലയില്‍നിന്ന് ജനാധിപത്യ സംവിധാനത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഒരു നല്ല നേതാവ് ഇപ്പോഴും ഉയര്‍ന്നുവന്നിട്ടില്ല. അതാണ് അവിടെ വിഘടനവാദി ഗ്രൂപ്പുകളെ വളര്‍ത്തുന്നത്. ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു.


വിശ്രമത്തിനായി എന്തുകൊണ്ടാണ് കേരളം തെരഞ്ഞെടുത്തത്?

  • എന്‍െറ പോരാട്ടങ്ങള്‍ക്ക് എന്നും കേരളീയരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. കേരളം സുന്ദരമാണ്, സമാധാനപരമാണ്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഒരു വിശ്രമം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് പ്രിയ സഹോദരന്‍ ബഷീര്‍ മാടാലയെ ഫോണില്‍ ബന്ധപ്പെട്ടത്. ബഷീറിന്‍െറ ക്ഷണം കൂടി ആയപ്പോള്‍ വിശ്രമം ഇവിടെയാകാം എന്ന് തീരുമാനിച്ചു. ഇവിടെ ഒരു മാസക്കാലം എന്തായാലും ഉണ്ടാവും. ഏകാന്തതയോടെ സ്വസ്ഥമായി ഇരിക്കണം. മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നെയേ ചിന്തിക്കൂ. 


സമരകാലത്തും തുടര്‍ന്നും അമ്മയില്‍നിന്ന് ലഭിക്കുന്ന പിന്തുണ?

  • അമ്മയില്‍നിന്ന് എന്നും എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എന്നെ അമ്മ ഒരുപാട് സ്നേഹിക്കുന്നു. കഴിയുംവിധം അവരെനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ട്. അമ്മയുടെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ട്.


കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ എങ്ങനെ കാണുന്നു?

  • ഇവിടെ സര്‍ക്കാറും ജനങ്ങളും തമ്മില്‍ പരസ്പര സഹകരണമുണ്ട്. പരസ്പരം ആശ്രയിക്കുന്നുണ്ട്. എന്നാല്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ അതല്ല. 


ഡെസ്മണ്ട് കുടിനോയെ കുറിച്ച്?

  • 2014 ഡിസംബര്‍ 25നാണ് അവസാനമായി കണ്ടത്. അദ്ദേഹത്തിന്‍െറ അറസ്റ്റിനുമുമ്പ്. ഇപ്പോള്‍ അയര്‍ലന്‍ഡിലാണുള്ളത്.


പരസ്പരം കാണുന്നതില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടോ?

  • ഇത്തരം കാര്യങ്ങള്‍ പൊതു ചര്‍ച്ചകളിലേക്ക് കൊണ്ടു വരുന്നതില്‍ താല്‍പര്യമില്ല.


മുമ്പ് കവിതകള്‍ എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ എഴുതാറുണ്ടോ?

  • ഇല്ല. മുമ്പ് എഴുതിയിരുന്നത് എന്‍െറ ചില തോന്നലുകളായിരുന്നു.


കേരളീയര്‍ക്ക് താങ്കളൊരു ഐക്കണാണ്, അതിനെകുറിച്ച്?

  • അങ്ങനെ ചിന്തിക്കണമെന്ന് ഞാന്‍ പറയില്ല. പണവും സ്വാധീനവും ഉള്ളവരൊക്കെ ഇവിടെയുമുണ്ട്. വനിതയായി ജീവിച്ചാല്‍ മതി. സാധാരണക്കാരിയായി കാണുക. പരസ്പര ബഹുമാനം മതി.
Tags:    
News Summary - manipur iron lady irom sharmila in wayanad, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT