ആ വിപ്ലവത്തിന് ഇന്ന് 65

1953 സപ്തംബർ 15
അന്തസ്സോടെ തൊഴിലെടുക്കാനുള്ള അവസരത്തിന് വേണ്ടി തുറമുഖത്തൊഴിലാളികൾ രക്തം ചിന്തിയ ദിന ം. മാനംകെട്ട ജീവിതത്തേക്കാൾ മികച്ചത് മരണമാെണന്ന് മട്ടാഞ്ചേരി തെളിയിച്ച ദിനം. ‘ഒാർമയില്ലേ? ആ ഗാന ശകലം.. ‘കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ....’ ഇന്നേക്ക് 65 വർഷം മുമ്പായിരുന്നു അത്. നിരായുധരായ തൊഴിലാളികൾക്ക് നേരെ നിറതോക്കുകൾ ഗർജിച്ച ദിനം. പക്ഷേ ഒന്ന് അവർ അറിഞ്ഞില്ല, കൊടുങ്കാറ്റിന് നേരെയാണ് അവർ കാഞ്ചി വലിച്ചതെന്ന്. അവർ സുരക്ഷിതമെന്ന് കരുതിയ കവചിത വാഹനങ്ങൾ കവണക്കല്ലേറ്റാൽ നിലംപൊത്തുന്ന കുരുവിക്കൂടുകളാണെന്ന്. അത് തെളിയിച്ച്കൊണ്ടായിരുന്നു തൊഴിലാളികൾ അവരുടെ വിരിമാറ് വിരിച്ച്നിന്ന് പോരാടിയത്. മട്ടാഞ്ചേരിയുടെ സമരഭൂമികയിൽ ഇന്നും ആ ചരിത്രം തളംകെട്ടി നിൽപ്പുണ്ട്. അവിടെ മുന്നേറിയ ആ ധീരന്മാരുടെ കാലടിപ്പാടുകൾ കാലം കെടാതെ കാത്തു വെച്ചിട്ടുണ്ട്.

അന്ന്, അതായത് സമരം തുടങ്ങിയിട്ട് രണ്ടര മാസം പൂർത്തിയായ ദിനം, സപ്തംബർ 15. ബസാർ റോഡിൽ ചെന്ന്ചേരുന്ന ചക്കരയിടുക്ക് കവലയിൽ തൊഴിലാളികൾ സംഘടിച്ചുനിൽക്കുകയാണ്. കവചിത വാഹനങ്ങളിൽ നിറതോക്കുകളുമായി എത്തിയ സായുധസേന തൊഴിലാളികെള വളഞ്ഞുനിന്നു. മരണം വെടിയുണ്ടകളിൽ പൊതിഞ്ഞുനിൽക്കുന്നത് കണ്ടിട്ടും അവർ പതറിയില്ല. അന്നവർ പരസ്പരം പറഞ്ഞു. ഇൗ സമരമുഖത്ത് നിന്ന് ഞാൻ പിന്തിരിഞ്ഞോടിയാൽ എന്നെ എറിഞ്ഞ് കൊന്നേക്കുക, ഞാൻ പൊരുതി മരിച്ചു വീണാൽ എന്നെ മറികടന്ന് നിങ്ങൾ മുന്നേറുക...രാവിലെ ആറുമണിക്ക് കരിപ്പാലം മൈതാനിയിൽ കേന്ദ്രീകരിച്ച് അവിടെ നിന്ന് പ്രകടനമായാണ് തൊഴിലാളികൾ ബസാർ േറാഡിലെത്തിയത്. തുറമുഖത്തെ എല്ലാവിഭാഗം തൊഴിലാളികളും അവിടെ കേന്ദ്രീകരിച്ചു നിന്നു. അവരുടെ കൊടിയടയാളങ്ങൾ കണ്ട് അധികാരികൾ പകച്ചു. ചിക്കാഗോയിലെ ഹേയ് മാർക്കറ്റ് മട്ടാഞ്ചേരി ബസാർറോഡിൽ നിഴൽ വിരിച്ചതായി അവർ തിരിച്ചറിഞ്ഞു. കൊച്ചി അഴിമുഖം റഷ്യയിലെ വോൾഗനദിയെപ്പോലെ തുടിക്കുന്നതായി അവർ ഭയപ്പെട്ടു.പിന്നെ എല്ലാക്കാലത്തേയും ഭീരുക്കളെപ്പോലെ അവരും അലറി,...ഫയർ..അത് മണിക്കൂറുകളോളം നിർത്താതെ നീണ്ടുനിന്നു.ജനം ഒാടിയൊളിക്കുമെന്നാണ് അവർ കരുതിയത്. പക്ഷേ നടന്നത് തിരിച്ചായിരുന്നു. ചീറിവരുന്ന വെടിയുണ്ടകളെ വകെവക്കാതെ തൊഴിലാളികൾ ശക്തമായി തിരിച്ചടിച്ച് മുന്നേറി. കല്ലുകളായിരുന്നു അവരുടെ ആയുധം. കുട്ടകളിൽ കല്ലുമായി അവരുടെ പെണ്ണുങ്ങൾ സമരമുഖത്ത് ആവേശം വിതച്ച് അണിനിരന്നു. മട്ടാഞ്ചേരിയുടെ തെരുവ് ചോരവീണ് ചുവന്നു..


സെയ്ത്..
പഴയ ഇലഞ്ഞിമുക്കിലെ വാടകവീട്ടിൽ ഉമ്മ വിളമ്പിക്കൊടുത്ത ചോറ് വാരിതിന്നുകയായിരുന്നു. അപ്പോഴാണ് വെടിയൊച്ചയും ആർത്തനാദവും മുഴങ്ങിക്കേട്ടത്. കൈ കഴുകാൻപോലും നിൽക്കാതെ ആ യുവാവ് സമരമുഖത്തേക്ക് ഒാടി. ഒരു വാക്ക്പോലും ഉരിയാടാനാവാതെ ഉമ്മ, ഏക മകൻ ഒാടിപ്പോയ വഴിയിലേക്ക് ദീർഘനേരം നോക്കിനിന്നു. അപ്പോൾ ബസാർ റോഡിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയായിരുന്നു. വെടിവെപ്പിൽ നിരവധി തൊഴിലാളികൾക്കും തൊഴിലാളികളുടെ ചെറുത്ത്നിൽപ്പിൽ നിരവധി സായുധസോനംഗങ്ങൾക്കും പരിക്കേറ്റു.

സ്ത്ര ീകൾ നൽകിയ കല്ലുകളുമായി മറിച്ചിട്ട ഭാരവണ്ടിയുടെ മറവിൽ നിന്ന് സെയ്തും എറിഞ്ഞു. ഏറിൽ സായുധസേനാംഗം മറിഞ്ഞ്വീണു. പിന്നെയും സെയ്ത് എറിഞ്ഞുകൊണ്ടിരുന്നു. അതിന് എതിരെയുള്ള ഗുദാമി​​െൻറ മുകളിൽ നിന്ന് ഒരു ഡബിൾ ബാരൽ ഗൺ സെയ്തി​​െൻറ തല ലക്ഷ്യം വെക്കുന്നുണ്ടായിരുന്നു. നിരവധി വെടിയുണ്ടകൾ പാഴായി. പക്ഷേ ഒടുവിൽ അത് സംഭവിച്ചു. സായുധസേനാംഗം നിറയൊഴിച്ചതിൽ ഒരെണ്ണം ലക്ഷ്യം കണ്ടു. ഒരു നിമിഷം. തല തകർന്ന് രക്തത്തിൽ കുളിച്ച് സെയ്ത് വീണു. ആ വിപ്ലവകാരിയുടെ ശരീരം നിശ്ചലമായി. ചലനമറ്റ് കിടന്ന സെയ്തി​​െൻറ കൈക്കുള്ളിൽ ഒരു കരിങ്കൽച്ചീളും വിരലുകളിൽ കൂട്ടാൻ പുരണ്ട ചോറ്മണികളും. അവിടെ മട്ടാഞ്ചേരിയുടെ ആദ്യ രക്തസാക്ഷിയായി മച്ചുവ തൊഴിലാളിയായ സെയ്ത്. ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി മുസ്ല്യാരുടെയും കദീജുമ്മയുടെയും അവിവാഹിതനായ ആൺതരി. പെങ്ങൾ ആയിഷയും ഉമ്മയും അവിടെ അനാഥരായി.

സെയ്താലി...
ചക്കരയിടുക്കിലെ പഴയ പോസ്റ്റ് ഒാഫീസി​​െൻറ മറയില്ലാത്ത വരാന്തയിൽ നിന്നാണ് സെയ്താലി സൈന്യത്തെ നേരിട്ടത്. കല്ലേറ്കൊണ്ടായിരുന്നു ചെറുത്തുനിൽപ്പ്. അതിന് മുമ്പ് ബസാർ റോഡിൽ നിന്ന് സൈന്യം വീടുകളിലേക്ക് എത്താതിരിക്കാൻ മുൻകരുതലായി റോഡിൽ ബാരിക്കേടുകൾ തീർത്തിരുന്നു സെയ്താലി. സെയ്താലിയുടെ ചെറുത്തുനിൽപ്പിൽ നിരവധി പൊലീസുകാർ പരിക്കേറ്റുവീണു. പിന്നെ വെടിയുണ്ടകളുടെ െപരുമഴയായിരുന്നു. സെയ്താലിയുടെ ചങ്ക് തുളച്ചുകയറിയ വെടിയുണ്ട ചോരത്തുള്ളികളുമായി പോസ്റ്റോഫീസി​​െൻറ മതിലിൽ പതിച്ചു. ആ േചാരപ്പാടിന് ചുറ്റും പതിനാല് വെടിപ്പാടുകൾ വേറെയും ബാക്കിയായി. സെയ്താലി രക്തസാക്ഷിയായി. ഫോർട്ടുകൊച്ചി തുരുത്തി സ്വദേശിയായ അവിവാഹിതനായ ആ വിപ്ലവകാരി തോണി തൊഴിലാളിയായിരുന്നു. ഏക സഹോദരി കദീയ്യക്കുട്ടി അനാഥയായി...


ആൻറണി...
കടപ്പുറത്ത്നിന്ന് കൊണ്ടുവന്ന ചാള അമ്മയുടെ കൈകളിലേക്ക് നൽകുേമ്പാഴായിരുന്നു മൽസ്യത്തൊഴിലാളിയായ ആൻറണി അയൽവാസി പറഞ്ഞത് കേട്ടത്. മട്ടാഞ്ചേരിയിൽ വെടിവെപ്പ് നേതാക്കളെ അറസ്റ്റ് ചെയ്തു. അമ്മ സിസിലിക്ക് ഒരു വാക്ക്പോലും ഉരിയാടാൻ അവസരം നൽകാതെ ആൻറണി ഒാടി, സമരമുഖത്തേക്ക്. ബസാർ റോഡിലെത്തിയ ആൻറണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നെ േലാക്കപ്പിൽ കൊടിയ മർദനം. അവിടെ നിന്നിറങ്ങിയ ആൻറണി കുറച്ചുദിവസം മൂത്രത്തിന് പകരം രക്തമൊഴിച്ചു നടന്നു. പിന്നെ വീടി​​െൻറ ഉമ്മറക്കോലായിയിൽ വീണ് മരിച്ചു. ഫോർട്ടുകൊച്ചി സ​​െൻറ്ജോൺപാട്ടം ചാരങ്ങാട്ട് സേവ്യറി​​െൻറ അവിവാഹിതനായ മകൻ അങ്ങനെ മട്ടാഞ്ചേരി വെടിവെപ്പി​​െൻറ മൂന്നാമത് രക്തസാക്ഷിയായി. ആൻറണി മരിച്ച് മൂന്നാം വർഷം പട്ടിണികിടന്ന് അമ്മ സിസിലിയും മരിച്ചു. ആ പോരാട്ടത്തിൽ നിരവധിപേർ ജീവിക്കുന്ന രക്തസാക്ഷികളായി ശേഷിച്ചു. തൊഴിലെടുക്കാൻ വയ്യാതെ അവർ രോഗികളായി മാറി. ജീവിതം കരിന്തിരി കത്തുേമ്പാഴും അവരുടെ കണ്ണുകൾക്ക് തിളക്കമുണ്ടായിരുന്നു. രക്തവും ജീവിതവും കൊണ്ട് നേടിയ തൊഴിലാളികളുടെ ആത്മാഭിമാനം. അത് വീണ്ടെടുത്ത സായുധ കലാപം. അത് വിജയം കണ്ടതിലുള്ള തിളക്കമായിരുന്നു അത്.

അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു അന്ന് തുറമുഖത്തെ െതാഴിൽ. തൊഴിലവകാശം എന്നൊന്നില്ല. ചിക്കാഗോയിലെ ഹേയ് മാർക്കറ്റ് കലാപം നടന്ന് 67 വർഷം പിന്നിട്ടിട്ടും എട്ടുമണിക്കൂർ ജോലി എന്തെന്ന് ഇവിടെ തൊഴിലാളികൾ അറിഞ്ഞിരുന്നില്ല. ഇൻറർ നാഷ്നൽ സോഷ്യലിസ്റ്റ് കോൺഫ്രൻസി​​െൻറ ആംസ്റ്റർഡാമിൽ നടന്ന യോഗം എട്ടുമണിക്കൂർ ജോലി സമയം തൊഴിൽ അവകാശമായി അംഗീകരിച്ചത് 1904ലാണ്. അരനൂറ്റാണ്ട് ആയിട്ടും കൊച്ചിയിൽ ഒരുദിന തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. രണ്ടുരൂപയായിരുന്നു അതിന് കൂലി. രാത്രികൂടിചേർത്ത് 24മണിക്കൂർ തുടർച്ചയായി തൊഴിൽ ചെയ്താൽ അഞ്ചുരൂപ കൂലി. ബോംബെ, കൽക്കട്ട തുറമുഖങ്ങളിൽ 25പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന േജാലി ഇവിടെ 16പേർ ചെയ്തു തീർക്കണമായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ എണ്ണം പെരുകിയപ്പോൾ തൊഴിലുടമകൾ കൂലി പകുതിയായി കുറച്ച് അതിനീചമായ ചൂഷണം തുടങ്ങി. സഹിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് പ്രാകൃത രീതിയായ ചാപ്പ സമ്പ്രദായത്തിലൂടെയായിരുന്നു.


സ്റ്റീവ്ഡോർസ് എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു െതാഴിലുടമകൾ. തുറമുഖത്ത് ചരക്കുമായി എത്തുന്ന കപ്പലുകളുടെ ഏജൻറുമാരാണ് സ്റ്റീവ്ഡോർസ്. ഇവർ ചുമതലപ്പെടുത്തുന്ന കങ്കാണി (തണ്ടേലാൻ)യുടെ വീട്ടുമുറ്റത്ത് അതിരാവിലെ തൊഴിലാളികൾ എത്തും. ഇവർക്കിടയിലേക്ക് കങ്കാണി ചാപ്പ എറിയും. ലോഹം കൊണ്ടുണ്ടാക്കിയ ടോക്കനാണ് ചാപ്പ. ഇത് കിട്ടുന്നവർക്ക് അന്ന് ജോലിക്ക് കയറാം. ഇത് നിത്യേന ആവർത്തിക്കപ്പെടും. കങ്കാണിയുടെ വീട്ടിൽ ദാസ്യവേല ചെയ്തും കൈക്കൂലി നൽകിയും മറ്റും ചിലർ ചാപ്പ മുൻകൂട്ടി വാങ്ങുന്ന പതിവുമുണ്ടായിരുന്നു. യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ഒരു ദിവസത്തെ തൊഴിലിന്വേണ്ടി ആത്മാഭിമാനം നഷ്ടപ്പെടുത്തിയാണ് അന്ന് തുറമുഖ തൊഴിലാളികൾ ചാപ്പ നേടിയിരുന്നത്. ഇൗ സാഹചര്യത്തിലാണ് ഇതിന് അറുതി വരുത്തണമെന്ന് അന്നത്തെ െതാഴിലാളി പ്രവർത്തകർ തീരുമാനിച്ചത്. അങ്ങനെ 1946 മെയ് 12-ന് തുറമുഖ തൊഴിലാളികൾ യോഗം ചേർന്ന് യൂനിയൻ ഉണ്ടാക്കി, ‘കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂനിയൻ’. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന ടി.എം അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ തുടങ്ങിയവരായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. ബ്രിട്ടീഷുകാരുടെ പട്ടാള ബാരക്കിന് തീയിട്ട വിപ്ലവകാരികളായിരുന്നു അവർ.

യൂനിയൻ തൊഴിലാളികളിൽ അവകാശേബാധം സൃഷ്ടിച്ചതോടെ ചൂഷണത്തി​​െൻറ തോത് കുറഞ്ഞു. ഇതേതുടർന്ന് തൊഴിലാളികളിൽ ഭിന്നിപ്പുണ്ടാക്കാൻ കങ്കാണിമാരുടെ സഹായത്തോടെ തൊഴിലുടമകൾ നീക്കം തുടങ്ങി. ഇതേയവസരത്തിൽ തിരു-കൊച്ചി നിയമസഭാംഗമായിരുന്ന കെ.എച്ച്. സുലൈമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻ(സി.ടി.ടി.യു) 1949 മാർച്ച് 14-ന് നിലവിൽ വന്നു. കമ്യൂണിസ്റ്റ് പ്രവർത്തനത്തി​​െൻറ പേരിൽ 1950 ജനുവരി ഒന്നിന് സർക്കാർ കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂനിയൻ (സി.പി.സി.എൽ.യു) നിരോധിച്ചു. ഇതിനെ അതിജീവിക്കാനായി നേതാക്കളുടെ ആശീർവാദത്തോടെ ഇൗ യൂനിയനിലെ തൊഴിലാളികൾ സി.ടി.ടി.യുവിൽ അണിനിരന്നു.


തൊഴിലാളികൾ നടത്തിവന്ന ചെറുത്ത്നിൽപ്പ് ഫലം കാണാൻ തുടങ്ങി. ഇതിന് പിന്നിൽ കമ്യൂണിസ്റ്റുകളെന്ന് മുദ്രയടിച്ച് ഇൗ നീക്കം തടയാൻ തൊഴിലുടമകൾ സർക്കാറിൽ സ്വാധീനം ചെലുത്തി. സി.പി.സി.എൽ.യു സർക്കാർ നിരോധിച്ചത് ഇങ്ങനെയാണ്. തൊഴിലാളികളുടെ സംഘബോധത്തിന് മുന്നിൽ മുട്ടുമടങ്ങിത്തുടങ്ങിയ തൊഴിലുടമകൾ യൂനിയൻ തകർക്കാൻ മറ്റൊരു തന്ത്രംകൂടി പുറത്തെടുത്തു. ചാപ്പ കൊടുക്കാനുള്ള അവകാശം യൂനിയൻ നേതാക്കൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ചു. നേതൃത്വത്തിന് മുന്നിൽ തൊഴിലാളികളെ അടിമകളെപ്പോലെ നിർത്താെമന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ആ നേതാക്കളെ വിലക്കെടുത്താൽ സംഗതി എളുപ്പമാവുമെന്നും അവർ കരുതി. എന്നാൽ ഇതിനെ കമ്യൂണിസ്റ്റുകൾ എതിർത്തു. ചാപ്പ സമ്പ്രദായം നിർത്തലാക്കി പകരം തൊഴിലാളികളെ മസ്റ്റർ റോൾ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനായി ഡോക്ക്ലേബർ ബോർഡ് രൂപവത്ക്കരിക്കണമെന്നും നിർദേശിച്ചു. എല്ലാത്തരം തൊഴിൽ ചൂഷണങ്ങളും അവസാനിപ്പിക്കാൻ ഇതാണ് ശരിയായ വഴിയെന്നും കമ്യൂണിസ്റ്റുകൾ വാദിച്ചുപോന്നു. ഇൗ സാഹചര്യത്തിലാണ് ജി.എസ്. ധാരാസിംഗി​​െൻറ നേതൃത്വത്തിൽ തുറമുഖത്ത് 1953 ജനുവരി 31-ന് െഎ.എൻ.ടി.യു.സി രൂപവത്ക്കരിച്ചത്. അന്നത്തെ കേന്ദ്ര സർക്കാറിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഇൗ യൂനിയൻ ചാപ്പ കൊടുക്കാനുള്ള അവകാശം സ്റ്റീവ്ഡോർസ് നിന്നും സ്വന്തമാക്കി. ഇൗ നടപടിയിലൂടെ തുറമുഖ തൊഴിലാളികളെ വിഭജിച്ചെടുക്കുന്നതിൽ തൊഴിലുടമകൾ വിജയിച്ചു.


1953 ജൂൺ ഒന്നുമുതൽ മട്ടാഞ്ചേരിയിൽ സംഘടിത തൊഴിലാളി വർഗം സമരം ആരംഭിച്ചു. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുക എന്ന മിനിമം ആവശ്യമാണ് അവർ ഉന്നയിച്ചത്. സമരം 74ദിവസം പിന്നിട്ട ആഗസ്ത് 14-ന് ‘എസ്.എസ്. സാഗർവീണ’ എന്ന ചരക്ക് കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടു. ബാൻജി ജേവത്ത് ഖോന (ബി.ജെ. ഖോന) എന്ന ഗുജറാത്തിയായിരുന്നു ആ കപ്പലി​​െൻറ സ്റ്റീവ്ഡോർ. ആ കപ്പലിലെ തൊഴിലിന് ചാപ്പ കൊടുക്കാനുള്ള അവകാശം അവർ െഎ.എൻ.ടി.യു.സിക്ക് പതിച്ച് നൽകി. ചാപ്പ നിലനിറുത്തുക എന്നതായിരുന്നു തൊഴിലുടമകളുടെ ആത്യന്തിക ലക്ഷ്യം. അതിന് ആ യൂനിയനെ അവർ കരുവാക്കുകയും ചെയ്തു. ഇതോടെ സ്റ്റീവ്ഡോറി​​െൻറ ബസാറിലെ കമ്പനി ഉപരോധിക്കാൻ തൊഴിലാളികൾ തീരുമാനിച്ചു. പോർട്ട് അഡ്മിനിസ്്ട്രേറ്ററായ വെങ്കിട്ടരാമ​​െൻറ ഇടപെടലിനെ തുടർന്ന് സി.ടി.ടി.യു സമരത്തിൽ നിന്ന് പിന്മാറി. പക്ഷേ, അതിലെ തൊഴിലാളികൾ പിന്മാറാതെ സമരരംഗത്ത് നിലയുറപ്പിച്ചു. പിറ്റേന്ന് രാവിലെ ആറ് മണിക്ക് കരിപ്പാലം മൈതാനിയിൽ സമ്മേളിച്ച് അവിടെ നിന്ന് ചെെങ്കാടിയേന്തി പ്രകടനമായാണ് അവർ സമരമുഖത്തേക്ക് നീങ്ങിയത്. കമ്പനിയുടെ കവാടത്തിനരികെ നടന്ന ആ ചെറുത്ത്നിൽപ്പാണ് വെടിവെപ്പിൽ കലാശിച്ചത്.

ഒമ്പത് വർഷം കൂടി നിണ്ടുനിന്ന ആവശ്യത്തിനൊടുവിൽ 1962ൽ കൊച്ചിൻ ഡോക്ക്ലേബർ ബോർഡ് രൂപവത്ക്കരിക്കാൻ അധികൃതർ തയാറായി. പൊരുതി നേടിയ വിജയത്തിൽ അവർ തൊഴിലിടത്തി​​െൻറ മഹാത്മ്യം തിരിച്ചറിഞ്ഞു. അവർ സ്വതന്ത്രമായി ശ്വാസം വിട്ടു. 12000 തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ചെയ്തു. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവ്ഡോറമാർ ബോർഡിനെ അറിയിക്കുകയും ബോർഡ്, നിര വ്യവസ്ഥയിൽ തൊഴിലാളികളെ നൽകുകയും ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ് ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്. അതെ ഇവിടെ ഒരു ഹേയ്മാർക്കറ്റ് വിപ്ലവം തന്നെയാണ് അന്ന് നടന്നത്. ആ രക്തസാക്ഷികൾ അമരന്മാരായി ചരിത്രത്തി​​െൻറ ഭാഗമായി മാറുകയും ചെയ്തു...

Tags:    
News Summary - Mattancherry shootout- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.