പത്തര ലക്ഷത്തോളം വരുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാർ, പെന്‍ഷന്‍കാർ, ഇരുപതു ലക്ഷത്തോളം വരുന്ന അവരുടെ ആശ്രിതർ എന്നിങ്ങനെ 30 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. ഇടത്തരം -മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപിലൂടെ കൈവരിക്കാനാകുന്നത്.
മെഡിസെപില്‍ എംപാനല്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളില്‍ കാഷ് ലെസ് ചികിത്സ സൗകര്യം ഇന്നു മുതല്‍ ലഭ്യമായി തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്പ്പടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാന്റിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരും അവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തില്‍നിന്നോ പെന്‍ഷനില്‍നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ചു ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ നല്‍കുന്നത്. നിലവില്‍ വിവിധ രോഗങ്ങളുടെ ചികിത്സയില്‍ തുടരുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 12 മാരക രോഗങ്ങള്‍ക്കും അവയവ മാറ്റ ചികിത്സാ പ്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടി രൂപയുടെ കോര്‍പസ് ഫണ്ട് മെഡിസെപിന്റെ ഭാഗമായി രൂപവത്കരിക്കുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വർധിച്ചുവരുകയാണ്. അവരുടെ ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മെഡിസെപിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുന്നതും മുതിര്‍ന്ന പൗരന്മാരുടെ സമൂഹത്തിനാണ്. പ്രീ-മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു എന്നതാണ് മെഡിസെപിന്റെ ഏറ്റവും വലിയ പ്രത്യേകത. 40 വയസ്സായവര്‍ പോലും നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടിവരുകയും ഉയര്‍ന്ന പ്രീമിയം ഒടുക്കേണ്ടിവരുകയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് രംഗത്തുള്ളത്. എന്നാല്‍, താരതമ്യേന കുറഞ്ഞ പ്രീമിയം തുക ഒടുക്കി 1920 ചികിത്സ പ്രക്രിയകള്‍ക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപിലൂടെ നല്കുന്നു. മെഡിസെപ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും ചികിത്സ പ്രക്രിയയുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ വരുകയാണെങ്കില്‍ ആയതിനെ പുതിയ ചികിത്സ പ്രക്രിയയായി അംഗീകരിച്ച് പരിരക്ഷയുടെ ഭാഗമാക്കുകയും ചെയ്യും.
എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലെ ഇന്‍ പേഷ്യന്റ് ചികിത്സകള്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എങ്കിലും അപകട/ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സക്കും പദ്ധതിയുടെ കീഴില്‍ പരിരക്ഷ ലഭിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും റീജനല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, ശ്രീചിത്രാ തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്നോളജി (SCTIMST) മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന് കാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ ഉൾപ്പെടെയുള്ള എല്ലാ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളെയും ഔട്ട് പേഷ്യന്റ് ചികിത്സക്ക് നിലവില്‍ പ്രതിപൂരണ സമ്പ്രദായം (മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ) തുടരുകയും ചെയ്യും.
മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കെല്ലാം ഡിജിറ്റല്‍ ഐ.ഡി കാര്‍ഡ് ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഏത് പരാതിയും പരിഹരിക്കുന്നതിന് പരാതി പരിഹാര സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. മെഡിസെപുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആശുപത്രികളുടെ ലിസ്റ്റും https://www.medisep.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ് മാറും എന്നതില്‍ സംശയമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയുമാണ് മെഡിസെപ് നടപ്പില്‍ വരുത്തുന്നതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.