കാലങ്ങളായി അവഗണിക്കപ്പെട്ട ഇന്ത്യയുടെ അന്തർസംസ്ഥാന തൊഴിൽസമൂഹത്തിെൻറ ദുരിതാവസ്ഥ മഹാമാരിക്കാലത്ത് നമ്മുടെ മുന്നിലെത്തി. സ്വദേശത്ത് തിരിച്ചെത്താൻ നഗ്നപാദരായി നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ദുരിതങ്ങളുടെ ചിത്രങ്ങളാണ് നമ്മൾ കാണുന്നത്. ഒരിക്കലും ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നത് ഇരുത്തിച്ചിന്തിപ്പിക്കേണ്ട ചോദ്യമാണ്. രാജ്യത്തിെൻറ തൊഴിൽപടയിൽ സുപ്രധാന പങ്കുവഹിക്കുന്ന 140 ദശലക്ഷം അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ എന്തെല്ലാം നടപടികളാണ് എടുക്കേണ്ടത്? കേന്ദ്രസർക്കാർ നടപടികളുടെ ഗുണഫലം അവർക്ക് ലഭ്യമായോ?
രാജ്യവ്യാപക ലോക്ഡൗൺ സർവമേഖലകളിലും ഉപജീവനമാർഗം നഷ്ടപ്പെടുത്തിയപ്പോൾ സ്വദേശത്തിെൻറ സുരക്ഷയിൽനിന്ന് അകന്നുനിന്ന അന്തർസംസ്ഥാന തൊഴിലാളിയാണ് ഏറ്റവുമധികം ദുരിതം അനുഭവിച്ചത്. ജോലിചെയ്യുന്ന സംസ്ഥാനങ്ങളിൽ പുറംലോകത്തേക്ക് പരിമിതമായോ അല്ലെങ്കിൽ തീരെയോ പ്രവേശനം ഇല്ലാത്തവരാണ് അന്തർസംസ്ഥാന തൊഴിലാളികൾ. മഹാമാരിയോടെ കൈയൊഴിയപ്പെടുകയും ആഘാതമേൽപിക്കപ്പെടുകയും ചെയ്തതോടെ ജീവിതം അപകടമുനമ്പിലാക്കി സങ്കൽപിക്കാൻപോലും കഴിയാത്ത ദൂരത്തേക്ക് കാൽനടയായി പോകാൻ അവർ നിർബന്ധിതരായി.
അന്തർസംസ്ഥാന തൊഴിലാളികളുടെ പകുതിയോളംവരുന്ന 40 ദശലക്ഷം പേർ ഇന്ത്യയുടെ നിർമാണമേഖലയിൽ ജോലിചെയ്യുന്നവരാണ്. രാജ്യത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിൽ ഇവരാണ് ഏറ്റവും സുപ്രധാന വിഭവമെന്ന് ഇപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടാകും. തൊഴിലാളികൾ മടങ്ങിയതോടെ ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ തകരാറിലാകുമെന്നുമാത്രമല്ല നിലവിൽ ദുർബലമായ മൊത്ത ആഭ്യന്തര ഉൽപാദനത്തെ വലിയരീതിയിൽ ദോഷകരമായി ബാധിക്കുകയുംചെയ്യും. അതിനാൽ, ഏറ്റവും മൂല്യമുള്ള നമ്മുടെ മനുഷ്യമൂലധനത്തെ സംരക്ഷിച്ചേ മതിയാകൂ.
അടിസ്ഥാനശമ്പളം, താമസസൗകര്യം, ആരോഗ്യ സംരക്ഷണം
അന്തർസംസ്ഥാന തൊഴിലാളിക്ക് അത്യാവശ്യമായ സുരക്ഷയൊരുക്കുന്നതിന് നിയമനിർമാണത്തിലൂടെ (അത്തരമൊരു നിയമമില്ലെങ്കിൽ) സംവിധാനം ഉണ്ടാക്കണം. നിശ്ചിതമായ അടിസ്ഥാനവേതനം, വൃത്തിയും സുരക്ഷയുമുള്ള താമസസൗകര്യം, അടിസ്ഥാന ആരോഗ്യസുരക്ഷ എന്നീ മൂന്നു കാര്യങ്ങൾ ഉറപ്പുവരുത്തണം. ഈ ചട്ടക്കൂടിന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ യോജിച്ച് പ്രവർത്തിക്കണം. ഇടനിലക്കാരുടെയും ചിലപ്പോൾ തൊഴിലുടമകളുടെയും ചൂഷണത്തിന് നിരന്തരം ഇരയാകുന്ന ഈ തൊഴിൽസമൂഹത്തെ സംരക്ഷിക്കാനും ബോധവത്കരിക്കാനുമായി സ്വന്തം സംസ്ഥാനവും കുടിയേറ്റസംസ്ഥാനവും ഉചിതസംവിധാനം ഒരുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടണം.
ലേബർ സെസ് പൂർണമായും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾക്കും ബോധവത്കരണത്തിനുമായി ഉപയോഗിക്കണം. ആധുനിക ആഗോള നിലവാരത്തിന് അനുസൃതമായി തൊഴിലാളികൾക്ക് പരിശീലനവും നൈപുണ്യനവീകരണത്തിനുമുള്ള അവസരവും ലഭ്യമാകുന്നുണ്ടെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണം. കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഏത് സ്ഥാപനവും പരിശീലനത്തിനും തൊഴിൽനൈപുണ്യം നവീകരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കണം. ഈ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് നൽകുകയും അവർ ആവശ്യങ്ങൾ അനുസരിച്ച് പദ്ധതികൾ ക്രമപ്പെടുത്തുകയും വേണം.
എങ്ങനെ നടപ്പാക്കണം?
കുടിയേറ്റ തൊഴിലാളിക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുയോജ്യമായ താമസസൗകര്യം അടക്കം ഒരുക്കേണ്ടതുണ്ട്. ജില്ല ഭരണകൂടങ്ങൾവഴി സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളവരായി മാറുകയും സ്വതന്ത്ര സംഘങ്ങൾ ഇക്കാര്യത്തിൽ ഓഡിറ്റ് നടത്തുകയും വേണം. ഓരോ നഗരത്തിലും സർക്കാർ കുടിയേറ്റ തൊഴിലാളികൾക്കായി താമസകേന്ദ്രം നിർമിക്കണം. ഇതിന് സാധിക്കുന്നില്ലെങ്കിൽ കുടിയേറ്റ തൊഴിലാളികളുടെ താമസത്തിനു മാത്രമെന്ന നിലയിൽ സ്വകാര്യ കരാറുകാർക്കോ ഡെവലപർമാർക്കോ സ്ഥലം അനുവദിക്കണം. നഗരാസൂത്രണം എന്നനിലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇത് ഏറ്റെടുക്കണം. ഇതില്ലെങ്കിൽ വൃത്തിയും ശുചിത്വവും മറ്റു സൗകര്യങ്ങളുമില്ലാത്ത ഇടുങ്ങിയ ചേരികളിലേക്ക് നമ്മൾ മടങ്ങേണ്ടിവരും. മഹാമാരിയും സമീപകാല പ്രകൃതിദുരന്തങ്ങളും, ചേരികളിലെ ജീവിതം എത്രവലിയ ദുരന്തമായി മാറി എന്ന് നമ്മളെ ബോധ്യപ്പെടുത്തിയതാണ്. തൊഴിലാളികൾക്കായി ഉണ്ടാക്കുന്ന ഈ സൗകര്യങ്ങളിലേക്ക് മിതമായ നിരക്കിൽ പൊതുഗതാഗതവും പൊതുവിതരണവും ഉറപ്പാക്കണം.
െതാഴിലുടമകളിൽനിന്ന് ഫീസ് ഈടാക്കി കുടിയേറ്റ തൊഴിലാളികളെ താമസിപ്പിക്കാവുന്ന രീതിയിൽ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സംസ്ഥാന സർക്കാറുകൾ താമസകേന്ദ്രങ്ങൾ നിർമിക്കണം. തൊഴിലാളികൾക്ക് തൊഴിലിടത്തിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ഗതാഗതം തൊഴിലുടമ ലഭ്യമാക്കണം. തൊഴിലാളികൾക്കുള്ള താമസകേന്ദ്രങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം. മികച്ച വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉണ്ടാക്കുകയും ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കുകയും വേണം. സമൂഹ അടുക്കള രീതിയിൽ ഓരോ താമസകേന്ദ്രത്തിലും ഉപയോഗയോഗ്യമായ രണ്ടോ മൂന്നോ അടുക്കളകൾ സജ്ജമാക്കണം. ഈ അടുക്കളകളിൽ ലേലത്തിലൂടെയോ സർക്കാർ സബ്സിഡി ലഭ്യമാക്കിയോ താങ്ങാവുന്ന രീതിയിൽ ഭക്ഷണം ലഭ്യമാക്കണം. കുടുംബങ്ങൾക്കും കുട്ടികൾക്കും ആരോഗ്യകരമായ പരിതസ്ഥിതി ഒരുക്കുന്നതിന് താമസകേന്ദ്രങ്ങൾക്കൊപ്പം സ്കൂൾ/ ക്രഷ്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണം.
എല്ലാ തൊഴിലാളികൾക്കും ആവശ്യമായ വ്യക്തിഗതപരിരക്ഷ ഉപകരണം (പി.പി.ഇ കിറ്റ്), കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന, സ്വതന്ത്ര ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകി അടിസ്ഥാനപരമായ ആരോഗ്യ ഇൻഷുറൻസ് സംവിധാനം എന്നിവ തൊഴിലുടമ ലഭ്യമാക്കണം. ഓരോ വിഭാഗം തൊഴിൽമേഖലയിലും കുറഞ്ഞ വേതനം നിശ്ചയിക്കുകയും നടപ്പാക്കുകയും വേണം. ഓരോ തൊഴിലാളിക്കും സ്വതന്ത്രമായും സ്വന്തം ഇഷ്ടമനുസരിച്ചും തൊഴിലും തൊഴിലുടമയും മാറുന്നതിന് സംവിധാനം വേണം. ഇതുവഴി കരാർ തൊഴിലാളി എന്നതോന്നൽ ഒഴിവാക്കാൻ സാധിക്കും. ഈ കാര്യങ്ങൾക്കെല്ലാം ലേബർ സെസ് ഉപയോഗിക്കാം. ഇതിലൂടെ തൊഴിലാളിക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ കഴിയുകയും അത് അവരിലെ ഉൽപാദനക്ഷമത കൂട്ടുകയും രാജ്യനിർമാണ പ്രക്രിയയിൽ ഭാഗമാണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.