പണം കൊടുത്ത് വാങ്ങുന്ന തടവറ

തടവറയിലാണ് പല സ്വാശ്രയ കോളജുകളിലും വിദ്യാര്‍ഥി ജീവിതം. സ്വതന്ത്ര ചിന്തകള്‍ മുളക്കുന്ന കാലത്ത് അതിനെയെല്ലാം തല്ലിക്കെടുത്തുന്നവയാണ് മിക്ക കോളജുകളും. അക്കാദമിക സ്വാതന്ത്ര്യമില്ല. ജനാധിപത്യ അവകാശങ്ങളില്ല. പാഠ്യേതര പ്രവര്‍ത്തനമില്ല. പി.ടി.എയും സംഘടന പ്രവര്‍ത്തനവുമില്ല. വിദ്യാര്‍ഥിയുടെ വ്യക്തിസ്വാതന്ത്ര്യം പോലും മാനേജ്മെന്‍റിന് മുന്നില്‍ അടിയറവെക്കപ്പെട്ടിരിക്കുന്നു. എല്ലാ അധികാരങ്ങളും മാനേജ്മെന്‍റിന്‍െറ കൈയില്‍. അധികാര കേന്ദ്രം പ്രിന്‍സിപ്പലിന്‍െറ ഓഫിസിന് പകരം മാനേജരുടെ ഓഫിസ് ആയിരിക്കും. 

ക്ളാസ് മുറികളില്‍ വരെ കാമറ സ്ഥാപിച്ചിരിക്കുന്നു. റാഗിങ്ങും കോപ്പിയടിയും തടയാന്‍ നിര്‍ദേശിക്കപ്പെട്ട കാമറകള്‍  വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. കടുത്ത സമ്മര്‍ദങ്ങള്‍ വിദ്യാര്‍ഥികളെ മാനസികാഘാതത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിക്കും. പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ ദാരുണാന്ത്യത്തെ ആത്മഹത്യയെന്ന് പറയാനാവില്ല. മറിച്ച്, മരണത്തിലേക്ക്  അവനെ  എടുത്തെറിയുകയായിരുന്നു.

പഠനാനന്തരം വന്‍ കടബാധ്യത
സമീപകാലത്ത് പുറത്തുവന്ന കണക്കുപ്രകാരം കേരളത്തിലെ ബാങ്കുകളില്‍നിന്നുള്ള വിദ്യാഭ്യാസ വായ്പ 10,000 കോടിയോളമാണ്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ വായ്പയുടെ 15 ശതമാനവും കേരളത്തില്‍നിന്നാണ്. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റല്‍ സ്റ്റഡീസിലെ ഡോ. സുനില്‍ മാണിയുടെ നേതൃത്വത്തില്‍   നടത്തിയ പഠനം ഇത്തരം വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നു. സ്വാശ്രയ കോളജുകളില്‍ ബി.ടെക്കിന് ചേരുന്ന കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ മാത്രമേ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നുള്ളൂവെന്നാണ് പഠനത്തിലെ പ്രധാന കണ്ടത്തെല്‍.

മറ്റു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നവരാണ്. മറ്റ് ചിലര്‍ ജയിച്ച് ബിരുദം നേടാന്‍ കഴിയാത്തവരായിരിക്കും. ബിരുദംപോലും നേടാനാകാത്ത കുട്ടി ഏത് രൂപത്തില്‍ വായ്പ തിരിച്ചടക്കുമെന്നത് വലിയ ചോദ്യമാണ്. യഥാര്‍ഥത്തില്‍ ബാങ്കുകളില്‍ കിടക്കുന്ന പണം സ്വാശ്രയ മുതലാളിമാരുടെ പോക്കറ്റില്‍ എത്തിക്കുന്ന ജോലിയാണ് പൊതുസമൂഹം ഏറ്റെടുത്തത്. കിട്ടാക്കടം പെരുകുമ്പോള്‍ സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുകയും ഖജനാവിലെ പണം ഉപയോഗിച്ച് എഴുതിത്തള്ളുകയും ചെയ്യുന്നതിലൂടെ നേട്ടമുണ്ടാക്കുന്നത് സ്വാശ്രയ മുതലാളി മാത്രമാണ്.

തിരികെ വരണം ജനാധിപത്യ കാമ്പസുകള്‍
കാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം ഇല്ലാതായതോടെ  മാനേജ്മെന്‍റ് പരമാധികാരിയായി. ഈ അവസ്ഥയിലേക്ക് കാമ്പസുകളെ എത്തിക്കുന്നതില്‍ വിദ്യാര്‍ഥി സംഘടനകളുടെ ‘കൈവിട്ട കളി’ പരിധിവരെ സഹായിച്ചു. കോളജുകളില്‍ ജനാധിപത്യരീതിയില്‍ വിദ്യാര്‍ഥി പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതി പുന$സ്ഥാപിക്കണം. കോളജില്‍ വിദ്യാര്‍ഥിയെ തളച്ചിടുന്ന രീതിക്ക് പകരം കൃത്യമായ സമയക്രമവും ടൈംടേബിളും നിശ്ചയിക്കണം. പ്രവൃത്തിദിവസങ്ങള്‍ സാങ്കേതിക സര്‍വകലാശാലയോ ആരോഗ്യ സര്‍വകലാശാലയോ നിശ്ചയിച്ചുനല്‍കണം.

അനാവശ്യമായ കാര്‍ക്കശ്യവും പിഴ ചുമത്തലും കര്‍ശനമായി നിയന്ത്രിക്കണം. റാഗിങ്, പരീക്ഷ എന്നിവയുടെ നിരീക്ഷണത്തിനല്ലാതെ കാമറകള്‍ ദുരുപയോഗം ചെയ്യരുത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രശ്നങ്ങളുമായി നേരിട്ട് സമീപിക്കാവുന്ന ടെക്നിക്കല്‍ സെല്ലുകള്‍ രൂപവത്കരിക്കണം. വിദ്യാര്‍ഥിവിരുദ്ധമായ നിയമങ്ങള്‍ ഉണ്ടാക്കി അടിച്ചേല്‍പിക്കുകയും അതുവഴി കുട്ടികളുടെ മനസ്സമാധാനവും വികാരങ്ങളും ഹനിക്കുകയും ചെയ്യുന്ന രീതി തടയാന്‍ വ്യവസ്ഥാപിതമായ നിരീക്ഷണം അനിവാര്യം.

ഡിസിപ്ളിന്‍ ഡിപ്പാര്‍ട്മെന്‍റ് അഥവാ പട്ടാള ക്യാമ്പ്
കെ. പരമേശ്വരന്‍
കൃഷ്ണാനന്ദ് (പേര് സാങ്കല്‍പികം) തിരുവില്വാമല പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയാണ്. കര്‍ഷക കുടുംബത്തില്‍നിന്നുള്ള കുട്ടി. സാമാന്യം നല്ല മാര്‍ക്കോടെ പ്ളസ് ടു കഴിഞ്ഞവന്‍. എന്‍ജിനീയറിങ്ങിന് സീറ്റ് മെറിറ്റില്‍തന്നെ കിട്ടി; പാമ്പാടി നെഹ്റു കോളജില്‍. അന്നു തുടങ്ങിയ സമ്മര്‍ദമാണ്. കൃഷ്ണാനന്ദിന്‍െറ ജീവിതം ഇന്ന് ആകെ മാറിമറിഞ്ഞിരിക്കുന്നു. താന്‍ എത്തിപ്പെട്ടത് പഠിക്കാനുള്ള കോളജിലോ കേട്ടുകേള്‍വിയിലുള്ള പട്ടാള ക്യാമ്പിലോ എന്ന അങ്കലാപ്പിലാണ് കൃഷ്ണാനന്ദ്.

തൃശൂര്‍ ജില്ലയില്‍ സ്വാശ്രയ മേഖലയിലുള്ള 17 എന്‍ജിനീയറിങ് കോളജുകളില്‍ ഒന്നു മാത്രമാണ് പാമ്പാടി നെഹ്റു. രണ്ട് മെഡിക്കല്‍ കോളജും 20 ബി.എഡ്, മാനേജ്മെന്‍റ് കോളജുകളും സ്വാശ്രയമേഖലയിലുണ്ട്. പഠനനിലവാരത്തിന്‍െറ കാര്യത്തില്‍ പലതും ഏറെ പിന്നിലാണെങ്കിലും പല പേരു പറഞ്ഞ് പണം പിടുങ്ങുന്നതില്‍ കുറവൊന്നുമില്ല. അഡ്മിഷനിലും പരീക്ഷാ ഫലത്തിലും മെച്ചപ്പെട്ട അവസ്ഥയിലുള്ള നെഹ്റു കോളജാകട്ടെ, സ്വാശ്രയ വിദ്യാഭ്യാസരംഗം ഇന്ന് എത്തിനില്‍ക്കുന്ന ക്രൂരമായ അവസ്ഥയുടെ പ്രതീകമായി നില്‍ക്കുന്നു. ജിഷ്ണു പ്രണോയ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ ബലി ഇക്കാര്യം നാടിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിമിത്തമായെന്നുമാത്രം.

‘ഇടിമുറി’ എന്നൊരു പ്രയോഗം ഉയര്‍ന്നതുതന്നെ ജിഷ്ണുവിന്‍െറ മരണശേഷം നെഹ്റു കാമ്പസില്‍നിന്നാണ്. ‘യഥാര്‍ഥത്തില്‍ അങ്ങനെയൊരു മുറിയൊന്നുമില്ല; എവിടെ കിട്ടിയാലും ഇടിക്കും’ -ഒരു വിദ്യാര്‍ഥിയുടെ പ്രതികരണമാണിത്. ‘അച്ചടക്കലംഘനം’ കണ്ടാല്‍ ചില പ്രത്യേക ഓഫിസുകളില്‍ വിളിച്ചുവരുത്തി ഇടിക്കും. അതില്‍ നൈപുണ്യമുള്ള ‘പൊതു സമ്പര്‍ക്ക’ ഉദ്യോഗസ്ഥരും ‘ഭരണ മാനേജര്‍മാരും’ ഇവിടെയുണ്ടത്രെ.

കലാ-സാംസ്കാരിക പരിപാടികളില്‍ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. അത് സ്ഥാപനങ്ങള്‍ ചട്ടപ്പടി നടത്തും. തര്‍ക്കത്തിന് പോകുന്നവര്‍ക്ക് ഇന്‍േറണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറക്കും. പരീക്ഷയെഴുതാന്‍ കഴിയാത്ത വിധം ഹാജര്‍ വെട്ടിക്കുറക്കും. എന്നിട്ടും ‘പഠിക്കുന്നില്ളെങ്കില്‍’ ഇയര്‍ ഒൗട്ട് ആക്കും. കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റില്‍ സ്വഭാവഹത്യ നടത്തും. അത് ബ്രഹ്മാസ്ത്രമാണ്; കുട്ടികള്‍ക്ക് മാതാപിതാക്കളോട് പറഞ്ഞുനില്‍ക്കാന്‍ കഴിയാത്ത പ്രയോഗം.

(നാളെ: ഗുണനിലവാരം പടുകുഴിയില്‍)

 

Tags:    
News Summary - money give to brought jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT