പൊതുവിദ്യാഭ്യാസം സംഘ്പരിവാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളാൽ തീരുമാനിക്കുമ്പോൾ അത് സവർണവത്കരിക്കപ്പെടുന്ന ആധുനിക ഇടങ്ങളായി മാറുന്നു. വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പുകൾ സ്വകാര്യ-സേവാസംഘങ്ങൾ ഏർപ്പെടുത്തണമെന്നും അത് ഒരു ജീവകാരുണ്യ പ്രവർത്തനമായും കാണുന്നത് ഭരണകൂടത്തിന്റെ ക്ഷേമസങ്കൽപത്തിന് വിരുദ്ധമാണ്. ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റമാണ്. സ്വതന്ത്ര ചിന്തയിലേക്കോ സ്വാതന്ത്ര്യബോധത്തിലേക്കോ വഴിതിരിയുന്നതിൽനിന്ന് വിദ്യാർഥികളെ ഇത്തരം സഹായ സഹകരണങ്ങൾ തടയും.
ഇന്ത്യയിലെ വിദ്യാഭ്യാസരീതികളെ ദേശീയമായി ഏകീകരിക്കുക എന്നത് ലക്ഷ്യമാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 നിയമ നിർമാണസഭകളിൽ ചർച്ചകളില്ലാതെയാണ് അംഗീകരിക്കപ്പെടുന്നത്. സാങ്കേതിക വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യമുള്ള തൊഴിലാളി എന്നിവയെ സൃഷ്ടിച്ചെടുക്കാനാണ് ഈ നയമെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. വിദ്യാഭ്യാസം തൊഴിൽ ലഭിക്കാനുള്ള വഴിമാത്രമാണെന്ന ധാരണയിൽ ഭൂരിപക്ഷം വരുന്ന ജനങ്ങൾ സേവനസന്നദ്ധരായി പ്രവർത്തിക്കുക എന്നത് ഒരു വർണവ്യവസ്ഥാവാദമാണ്. അറിവ് നിർമാണം ബ്രാഹ്മണരും നടപ്പാക്കൽ ക്ഷത്രീയരും സാമ്പത്തിക അടിത്തറയുടെ കൈകാര്യം വൈശ്യരും ഏറ്റെടുത്താൽ പിന്നെ വിവിധ തൊഴിലുകളിൽ കർമനിരതരായ ശൂദ്രരും ദലിതരും പണിയാളരായി ജീവിക്കുന്ന ഹിന്ദു ധർമശാസനം മാതൃകയാക്കിയാണ് ഈ നയം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം.
ഗ്രേഡ് മൂന്നിൽ എത്തുന്ന പഠിതാക്കളിൽ അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും ഉണ്ടാക്കിക്കുക, കഴിവുകളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ വിദ്യാർഥിയും പഠനവഴികൾ, ജീവിത വഴികൾ തിരഞ്ഞെടുക്കുക, ജീവിത നിപുണത (life skills) പുഷ്ടിപ്പെടുത്തുക എന്നിവ വളർത്തുന്നതോടൊപ്പം ഇന്ത്യയെപ്പറ്റിയുള്ള അഭിമാനവും കാത്തുസൂക്ഷിക്കാൻ ഈ നയം ആവശ്യപ്പെടുന്നു. ആധുനിക ലോകം സാമ്പത്തികമായി ക്രമപ്പെട്ടതുകൊണ്ടായിരിക്കണം ഇത്രയെങ്കിലും പഠിക്കാൻ ഈ നയം ആവശ്യപ്പെടുന്നത്.
ആധുനിക വിദ്യാഭ്യാസം വ്യക്തിയുടെ സ്വാതന്ത്ര്യത്തിലൂന്നിയതായിരിക്കണം. ഘടനാപരമായ തടസ്സങ്ങളെ തട്ടിനീക്കി ജ്ഞാനത്തിന്റെ വഴിയിലൂടെ സാമൂഹിക സമത്വത്തെയും ചൂഷണങ്ങളെയും ചോദ്യം ചെയ്യുന്ന വിമർശന ബുദ്ധിയുണ്ടാക്കാനുള്ള ഉപാധി ആയാണ് ഉന്നത വിദ്യാഭ്യാസത്തെ കാണേണ്ടത്. ഡോ. അംബേദ്ക്കറെപ്പോലുള്ള ജ്ഞാനോൽപാദകർ ജനങ്ങളുടെ ജീവിതത്തെ മാറ്റാനുതകുന്ന രീതിയിൽ പ്രവർത്തിച്ചത് അത്തരത്തിൽ സ്വതന്ത്ര വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതുകൊണ്ടാണ്. എന്നാൽ എൻ.ഇ.പി2020 ഘടനാപരമായ സാമൂഹിക ഹിംസകളെ കാണുന്നില്ല. സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്ന ഒരു നിർദേശവും ഈ നയത്തിലില്ല. കൊഴിഞ്ഞുപോകുന്ന കുട്ടികളെ വീണ്ടും പള്ളിക്കൂടങ്ങളിലെത്തിക്കേണ്ടത് സിവിൽ സമൂഹങ്ങളുടെ ഉത്തരവാദിത്തമായാണ് കരുതുന്നത്. കൊഴിഞ്ഞുപോകുന്നവർക്ക് ഏതു സമയത്തും പഠനം തുടങ്ങാൻ കഴിയുന്ന ‘സ്വതന്ത്ര പുറത്ത് പോകലും അകത്തുവരവു’മെന്ന തത്ത്വം സൗന്ദര്യാത്മക ഭാവത്തിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രായോഗികവത്കരണ സാധ്യതയെപ്പറ്റി ആലോചിക്കുന്നതേയില്ല. കൊഴിഞ്ഞുപോകുന്നവർ തിരിച്ചുവന്ന് പഠനം തുടരുന്ന സാഹചര്യം തീർത്തും പരിമിതമാണ്. അതോടൊപ്പം പഠനത്തിനായുള്ള ധനസഹായം എന്ന നയത്തിൽനിന്ന് ഭരണകൂടം പിൻമാറി സന്നദ്ധസംഘടനകളെ ഏൽപിച്ചിരിക്കുന്നു.
രാഷ്ട്രീയ സംഘങ്ങൾ മറ്റ് സാമുദായിക-മത സംഘടനകൾ എന്നിവക്ക് ഇത്തരത്തിലുള്ള വിദ്യാർഥികളെ സഹായിക്കാമെന്ന് നിർദേശിക്കുന്നത് നിർദോഷബുദ്ധിയോടെയല്ല. സന്നദ്ധ സംഘടനകൾക്ക് വിദ്യാർഥികളെ സ്വാധീനിക്കാനും സംഘടനകളുടെ രാഷ്ട്രീയം പുലർത്തുന്ന പുതുതലമുറയെ നിർമിച്ചെടുക്കാനും കഴിയും എന്നതാണ് ഈ നയരൂപവത്കരണത്തിലെ യുക്തി. ഇത് ഇത്തരം പഠിതാക്കളെ സമൂഹത്തിന്റെ ഘടനക്കുള്ളിലെ അസ്വാതന്ത്ര്യത്തിൽത്തന്നെ തളച്ചിടുകയായിരിക്കും ഫലം. ഇതിനെ നമുക്ക് അനീതിയുടെയും ഘടനാപരമായ ഹിംസയുടെയും സൗന്ദര്യവത്കരണമായി കരുതാം.
പൊതുവിദ്യാഭ്യാസം സംഘ്പരിവാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളാൽ തീരുമാനിക്കുമ്പോൾ അത് സവർണവത്കരിക്കപ്പെടുന്ന ആധുനിക ഇടങ്ങളായി മാറുന്നു. വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പുകൾ സ്വകാര്യ-സേവാസംഘങ്ങൾ ഏർപ്പെടുത്തണമെന്നും അത് ഒരു ജീവകാരുണ്യ പ്രവർത്തനമായും കാണുന്നത് ഭരണകൂടത്തിന്റെ ക്ഷേമസങ്കൽപത്തിന് വിരുദ്ധമാണ്. ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റമാണ്. സ്വതന്ത്ര ചിന്തയിലേക്കോ സ്വാതന്ത്ര്യബോധത്തിലേക്കോ വഴിതിരിയുന്നതിൽനിന്ന് വിദ്യാർഥികളെ ഇത്തരം സഹായ സഹകരണങ്ങൾ തടയും. ഇങ്ങനെയൊക്കെ ആവുമ്പോഴും ഭരണകൂടത്തിന്റെ ഇംഗിതം പുതിയ തലമുറയിൽ ഒരു പ്രത്യയശാസ്ത്രമായി വർത്തിക്കും. അത് ജനാധിപത്യത്തിന്റെ വളർച്ചക്ക് സഹായകമല്ല എന്നു മാത്രമല്ല തടസ്സമായിത്തീരുകയും ചെയ്യും.
സത്യം, ധർമം, പ്രേമം, ശാന്തി, അഹിംസ എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ധാർമികമായും രാഷ്ട്രീയമായും മുന്നോട്ടു നയിക്കപ്പെടുന്ന വിദ്യാർഥികൾ രാഷ്ട്രത്തിലുള്ള രാഷ്ട്രീയ ബലാബലങ്ങളെയും അതുണ്ടാക്കുന്ന അസമത്വത്തെയും എതിർക്കാത്ത ‘ഉത്തമ’ പ്രജകളായി വളരുന്നു. ഇന്ത്യയെ ഇത്തരത്തിൽ വിശ്വഗുരുവാക്കാനാണ് നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വലിയൊരു സമൂഹത്തെ വെറും പണിക്കാരായി മാറ്റി വരേണ്യവർഗങ്ങൾക്കുമാത്രം ഉന്നത വിദ്യാഭ്യാസം നൽകുന്ന ഈ നയങ്ങൾ, പഴയ ദർശനങ്ങൾക്ക് പുതിയ ഭാഷ്യം ചമയ്ക്കൽ മാത്രമാണ് ചെയ്യുന്നത്. അനീതിയെ സൗന്ദര്യവത്കരിക്കുകയാണ്. ഇന്നോളം നേടിയ ആധുനികവും ജനാധിപത്യത്തിലൂന്നിയതുമായ പൊതുനയം അട്ടിമറിച്ചുകൊണ്ട് ഹിന്ദുധർമം പരിപാലിക്കുന്ന ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പരുവപ്പെടുത്താനാണ് ഈ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയെ സാംസ്കാരികമായി ബ്രാഹ്മണ്യവും രാഷ്ട്രീയമായി ഹിന്ദുത്വവും സാമ്പത്തികമായി കോർപറേറ്റ് മൂലധനവും സൃഷ്ടിക്കുന്ന നയരേഖയായി വിദ്യാഭ്യാസനയം മാറുന്നു.
ജനാധിപത്യ ഇന്ത്യ അടിത്തട്ടിലെ ജനവിഭാഗങ്ങൾക്ക് നൽകിയ പുത്തനുണർവുകളെ തിരസ്കരിച്ചുകൊണ്ട് ശൂദ്രർ മുതൽ താഴെയുള്ള വിഭാഗങ്ങളെ വെറും പണിക്കാരായി മാറ്റി ലോകത്തിലെ വിശ്വഗുരു സ്ഥാനം കരസ്ഥമാക്കുന്നതിലെ കണക്കുകൾ നമുക്ക് പരിശോധിക്കാം. ഇന്ത്യയിലെ ജനസംഖ്യയുടെ 54 ശതമാനം 25 വയസ്സിന് താഴെയാണ്. 62 ശതമാനം ജനങ്ങൾ 15 തൊട്ട് 59 വയസ്സിനുള്ളിലാണ്. അടുത്ത 15-20 വർഷത്തിനുള്ളിൽ വ്യവസായ ലോകത്ത് തൊഴിൽശക്തി നാലു ശതമാനത്തിൽ കുറയുന്നു. എന്നാൽ ഇന്ത്യയിൽ അത് 32 ശതമാനമായി ഉയരും. ജനസംഖ്യ രംഗത്തുള്ള ഈ മാറ്റം ഇന്ത്യയെ ലോക സാമ്പത്തിക പ്രക്രിയയിൽ സഹായിക്കും. 2025 ആവുമ്പോഴേക്കും ഇന്ത്യയുടെ ശരാശരി വയസ്സ് 31ഉം 2050 ആകുമ്പോഴേക്ക് 38 വയസ്സും ആയിരിക്കും. എന്നാൽ അമേരിക്കയിൽ അത് 40-42 വയസ്സും ചൈനയിൽ 39 ഉം ജപ്പാനിൽ 50 ഉം യൂറോപ്പിൽ 49 മാണ്. ശരാശരി വയസ്സ് ഏറ്റവും ചെറുപ്പമായിട്ടുള്ള രാജ്യമായി 2050 ആവുമ്പോഴേക്കും ഇന്ത്യമാറും. സാമ്പത്തികമായി മുന്നേറാൻ കഴിയുന്ന കാലങ്ങളിലൂടെയാണ് ഇന്ത്യ സഞ്ചരിക്കുന്നതെന്നാണ് മുൻചൊന്ന സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ലോകത്തിന് വൈദഗ്ധ്യമുള്ള ചെറുപ്പമുള്ള തൊഴിലാളികളെ പ്രദാനം ചെയ്യുക വഴിയാണ് നാം വിശ്വഗുരുവാകാൻ പോകുന്നത്. വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പുകൾക്ക് പകരം വിദ്യാഭ്യാസ വായ്പ നൽകിയും ഇന്ത്യയിലെ പഠനരൂപങ്ങൾ വിദേശ സർവകലാശാലകളുടെ വിധത്തിൽ മാറ്റിയും ത്രൈവർണികൾക്ക് മാത്രം ഉന്നത വിദ്യാഭ്യാസം നൽകുന്ന ഏർപ്പാടായിട്ട് വിദ്യാഭ്യാസം മാറുന്നു. മൂന്ന് വർഷമുള്ള ബിരുദപഠനം നാല് വർഷമാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ വിദേശ സർവകലാശാലകളിലൊക്കെ അതാണ് രീതി എന്നാണ് അധികൃതരുടെ മറുപടി. ഇന്ത്യക്കുള്ളിലെ പരമ്പരാഗതമായി വിദ്യാഭ്യാസം നടത്തിയിരുന്ന ജനങ്ങളെ പ്രാഥമിക വിദ്യാഭ്യാസം കൊടുത്ത് വെറും തൊഴിലാളികളാക്കി മാറ്റിയും ഉന്നത വിദ്യാഭ്യാസം പ്രാപ്തമായിട്ടുള്ള വരേണ്യ ജാതികൾക്ക് വിവിധ തരത്തിൽ അന്തർദേശീയവത്കരിച്ചും വിശ്വഗുരുവാകാൻ നോക്കുന്നതിനെ തലതിരിഞ്ഞ നയം എന്നല്ലാതെ എന്ത് വിളിക്കും?
എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. 32 ശതമാനം തൊഴിൽ ശക്തിയിലെ വളർച്ച ആ തൊഴിൽ ശക്തിയുടെ മികവിനെ ആശ്രയിച്ചാണ് നിലനിൽക്കുക. ഇന്ത്യയിലെ തൊഴിൽ ശക്തി എണ്ണംകൊണ്ട് കൂടുതലാണെങ്കിലും തൊഴിലിന്റെ മികവിൽ, ഗുണമേന്മയിൽ കുറവാണ്. അങ്ങനെയെങ്കിൽ ഈ ജനസംഖ്യ ഒന്നുകിൽ തൊഴിൽ രഹിതരായിട്ടോ അല്ലെങ്കിൽ തൊഴിലെടുക്കാൻ കഴിയാത്ത രീതിയിലോ വിനിയോഗിക്കപ്പെടാൻ കഴിയാതെ പോകും. ജനസംഖ്യ രംഗത്തുള്ള അനുകൂലസ്ഥിതി നേട്ടമായി കൊയ്യാൻ ഈ യുവജനതയെ മികവുള്ളവരായി മാറ്റേണ്ടിവരും. വെറും 15 ശതമാനം തൊഴിൽ ശക്തി മാത്രമേ ഔദ്യോഗിക തൊഴിൽ പരിശീലനത്തിന് ലഭിക്കുന്നുള്ളൂ. ഉത്തര കൊറിയയിൽ 69 ശതമാനവും, യു.എസിൽ 80 ശതമാനവും ഇംഗ്ലണ്ടിൽ 68 ശതമാനവുമാണീ നിരക്ക്. ലോകം ഒരുക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇന്ത്യക്കാർക്ക് ഇടപെടാനുള്ള തൊഴിൽ രംഗങ്ങൾ കുറവായിരിക്കും എന്നതാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാറിന്റെ 2022ലെ കണക്കുകൾ ഈ ദിശയിൽ ചില സൂചനകൾ നൽകുന്നുണ്ട്.
150 മില്യൺ വൈദഗ്ധ്യമുള്ള തൊഴിലാളികൾ അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രം കുറവായിരിക്കും. നിർമാണമേഖലയിൽ 33 മില്യണും വസ്ത്രവ്യാപാരമേഖലയിൽ 26 മില്യണും, ആരോഗ്യമേഖലയിൽ 13 മില്യണും, ആറു മില്യൺ വിദ്യാഭ്യാസമേഖലയിലും തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യം ഇന്ത്യയിൽ മാത്രം വന്നുചേരുമെന്നാണ് ഇതിനർഥം. മികവുള്ള അധ്വാനശക്തിയെ ഉണ്ടാക്കിയെടുക്കാൻ വിദ്യാസമ്പന്നമായ മനുഷ്യവിഭവശേഷി വേണം. അതുണ്ടാക്കാനുള്ള സമയത്താണ് വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം നടത്തുന്നതെന്ന് നാം ഓർക്കണം. അടിത്തട്ട് ജനങ്ങൾ വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടുന്ന മനുഷ്യമൂലധനത്തെ പരിമിതമായ വിദ്യാഭ്യാസ നേട്ടത്തിലൂടെ ഈ നയം ഇന്ത്യൻ ജനങ്ങളെ പിന്നോട്ടോടിക്കുകയാണ് ചെയ്യുക.
സമ്പദ് വ്യവസ്ഥയുടെ ഈ കണക്കുകൾക്കിടയിലാണ് 2020 ലെ വിദ്യാഭ്യാസ നയത്തിന്റെ യുക്തി അടങ്ങിയിരിക്കുന്നത്. വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കാൻ വേണ്ടിയാണ് സ്കൂൾ തലങ്ങളിൽ തന്നെ തൊഴിലടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം നൽകാൻ ഈ നയം ലക്ഷ്യമിടുന്നത്. രാജ്യത്തെ 25 ശതമാനം സ്കൂളുകളും വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉണ്ടാക്കാനായി ലക്ഷ്യമിടുകയും അത് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ലോകജനസംഖ്യ പരിണാമത്തിൽ ചെറുപ്പമുള്ള രാജ്യമായി ഇന്ത്യ മാറുമെങ്കിലും നല്ല വിദ്യാഭ്യാസം ലഭിക്കാത്ത ജനത്തിന് നല്ല തൊഴിൽ മൂല്യമുള്ള മനുഷ്യ വിഭവമാകാൻ കഴിയില്ലെന്ന അടിസ്ഥാന തത്ത്വം മറന്നുകൊണ്ടുള്ള യുക്തിയിലാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുപോകുന്നത്.
(മഹാത്മാഗാന്ധി സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.