പാകിസ്താനില്‍ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് കാലാവധി തികച്ചുഭരിക്കാനുള്ള യോഗമില്ല എന്ന് വെള്ളിയാഴ്ചത്തെ കോടതിവിധി സമര്‍ഥിക്കുകയാണ്. 1999ല്‍ ജനറൽ പർവേസ് മുശർറഫ് സൈനിക അട്ടിമറിയിലൂടെയാണ് നവാസ് ശരീഫിനെ അധികാരത്തില്‍നിന്ന് പുറന്തള്ളിയത്. ഇപ്പോള്‍ നിയമമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരികളില്‍ ഒരാളായ ശരീഫിനെ പിടികൂടിയിരിക്കുന്നത്. 1973ലെ പാക് ഭരണഘടനയുടെ 62 (1) (എഫ്) വകുപ്പ് അനുസരിച്ച് പ്രധാനമന്ത്രി ‘സാദിഖും’ (സത്യസന്ധനും ) ‘അമീനും’ (വിശ്വസ്തനും) ആയിരിക്കണം. പാക് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരിക്കുന്നത് ശരീഫ് സാദിഖോ അമീനോ അല്ല എന്നാണ്. കാരണം, വിദേശത്തുള്ള സ്വത്തുവഹകള്‍ നിയമത്തിന്‍റെ മുന്നില്‍ നിന്ന് മറച്ചുവെച്ചു. അതോടെ അദ്ദേഹം അയോഗ്യനായി. അടുത്ത വർഷം ആഗസ്റ്റില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ വിധി പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടാടുന്നത് ജനാധിപത്യത്തിന്‍റെ വിജയമായാണ്. ജുഡീഷ്യറി എന്ന ജനാധിപത്യസ്ഥാപനം മുന്‍കാലങ്ങളില്‍ അപഖ്യാതിയില്‍ പെട്ടത് അത് പട്ടാളത്തിന്‍റെ അജണ്ട നടപ്പാക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റത്തിന്‍റെ പേരിലാണെങ്കില്‍ ഇപ്പോഴത്തെ വിധിയോടെ അത് പക്വത കൈവരിച്ചതായി വിലയിരുത്തപ്പെടാതിരിക്കില്ല.
നീതിന്യായ വ്യവസ്ഥയുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‍റെയും വിജയമാണ് നവാസ് ശരീഫിന്‍റെ പതനത്തിലേക്ക് ആനയിച്ചിരിക്കുന്നത്. ലണ്ടനിലെ കുലീനര്‍ ജീവിക്കുന്ന പാര്‍ക്ക് ലൈന്‍ പ്രദേശത്ത് ശരീഫിന്‍റെ മക്കളുടെ പേരിലുള്ള നാല് അപാര്‍ട്ടുമെന്‍റുകളെ കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവരുന്നത് പാനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് എന്ന കൂട്ടായ് 2016ല്‍ 11.5 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടതോടെയാണ്. ശരീഫിന്‍റെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം എന്നിവര്‍ക്ക് ബ്രിട്ടീഷ് വിര്‍ജീന ഐലന്‍റില്‍ മൂന്ന് കമ്പനികളുണ്ടെന്നും അവ 25ദശലക്ഷം ഡോളറിന്‍റെ ഇടപാടില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും രേഖകള്‍ പറയുന്നുണ്ടായിരുന്നു.
‘പാനമ പേപ്പറുകള്‍’ രാഷ്ട്രീയായുധമാക്കി പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി, ഇംറാന്‍ ഖാന്‍റെ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടി തുടങ്ങിയവര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചപ്പോള്‍ അത് ശരീഫിനെതിരായ ‘മൂന്നാം’ അട്ടിമറിയാകുമെന്ന് ആരും നിനച്ചിരുന്നില്ല. യു.എ.ഇയിലെ സ്റ്റീല്‍ മില്‍ വിറ്റ കാശ് കൊണ്ടാണ് സ്വത്തുകള്‍ സ്വന്തമാക്കിയതെന്നായിരുന്നു ശരീഫിന്‍റെ വാദങ്ങളിലൊന്ന്. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഹമദ്ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയുടെ നിക്ഷേപം അതിലൂണ്ടെന്നും വാദിച്ചുനോക്കി. കേസ് കേട്ട അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റീസ് ആസിഫ് സഈദ് കോസയും ജസ്റ്റീസ് ഗുല്‍സാര്‍ അഹമ്മദും പ്രധാനമന്ത്രി അയോഗ്യനാണെന്ന് വിധിച്ചപ്പോള്‍ മൂന്നംഗങ്ങള്‍ സംയുക്ത അന്വേഷണ സംഘത്തെ വെച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് കല്‍പിച്ചത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ സീനിയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍ ആദ്യം കേസ് കേട്ട മൂന്ന് ജഡ്ജിമാരും ബെഞ്ചലുണ്ടായിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു.
ഒരുവിധിയോടെ അവസാനിക്കുന്നതല്ല നവാസ് ശരീഫിന്‍റെ രാഷ്ട്രീയജീവിതം എന്നാണ് മുസ് ലി ലീഗ് നേതാക്കള്‍ക്ക് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും പറയാനുള്ളത്. ശരീയാണ്, ഈ വിധി കനത്ത പ്രഹരമാണെങ്കിലും പാക് രാഷ്ട്രീയത്തില്‍ നിന്ന് ശരീഫിനെ ആര്‍ക്കും നാടുകടത്താനാവില്ല. ജനറല്‍ മുഷര്‍റഫിന്‍റെ കൈകളാല്‍ അധികാരനിഷ്ക്കാസിതനായപ്പോള്‍ ഗള്‍ഫില്‍ അഭയാര്‍ഥി കഴയുന്നതിനു പകരം പലമാതിരി ബിസിനസില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. ദുബൈയിലെയും സൗദിയിലെയും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും കയറുമ്പോള്‍ ഇത് നവാസ് ശരീഫിന്‍റേതാണ് എന്ന് മലയാളികടക്കം ശബ്ദമമര്‍ത്തി പറയാറുണ്ട്. സമ്പന്നതയുടെ മടിത്തട്ടിലാണ് നവാസ്ശരീഫ് ജനിച്ചുവീഴുന്നത്, 1949ല്‍. ഇത്തിഫാഖ് ഗ്രൂപ്പ്, ശരീഫ് ഗ്രൂപ്പ് എന്നീ വ്യവസായ ശൃംഖലക്ക് 1930കളില്‍ തന്നെ തുടക്കം കുറിച്ച മുഹമ്മദ് ശരീഫിന്‍റെ പുത്രനും ആദ്യം തെരഞ്ഞെടുത്ത മേഖല ബിസിനസായിരുന്നു.
1970കളില്‍ സുല്‍ഫിഖര്‍ അലി ഭൂട്ടോ ശരീഫ കുടുംബത്തിന്‍റെ സ്റ്റീല്‍ വ്യവസായം ദേശസാത്കരിച്ചതോടെയാണ് രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് അദ്ദേഹവും കുടുംബവും ആലോചിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ വന്‍സ്വാധീനം ജനകീയപിന്തുണ എളുപ്പമാക്കി. സിയാഹുല്‍ഹഖിന്‍റെ കാലഘട്ടത്തില്‍ പഞ്ചാബ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു തുടക്കം. പിന്നീട് സൈനിക നേതൃത്വം പാക് രാഷ്ട്രീയത്തെ കൈക്കുമ്പിളിലിട്ട് അമ്മാനമാടിയപ്പോള്‍ ജനാധിപത്യസംസ്ഥാപന പോരാട്ടത്തിന്‍റെ മുന്‍നിര നായകനാവാന്‍ ശ്രമങ്ങള്‍ നടത്തി. പക്ഷേ, ഭൂട്ടോ കുടുബവുമായുള്ള ഏറ്റുമുട്ടലില്‍ പലപ്പോഴും പതറി. ബേനസീര്‍ ഭൂട്ടോയുടെ വധത്തോടെ ഒഴിഞ്ഞുകിട്ടിയ അവസരം മുതലെടുത്ത് വീണ്ടും അധികാരം കൈയാളുന്നതിനിടയിലാണ് മുന്‍ഭരണകാലത്ത് വാരിക്കൂട്ടിയ അളവറ്റ സമ്പാദ്യത്തിന്‍റെ പേരില്‍ ശരീഫും കുടുംബം കുടങ്ങുന്നത്. ഞാന്‍ അല്ലെങ്കില്‍ എന്‍റെറ മകള്‍ മറിയം എന്ന ചിന്തയില്‍ ചില കരുനീക്കങ്ങള്‍ നടത്തിയെങ്കിലും അതും വിജയിക്കാന്‍ പോകുന്നില്ല എന്നാണ് കോടതിവിധി നല്‍കുന്ന മുന്നറിയിപ്പ്.
അവിഹിത സമ്പാദ്യത്തിന്‍റെ പേരിലാണ് നവാസും മക്കളും കുടുങ്ങിയിരിക്കുന്നത്. പാനാമ പേപ്പറില്‍ മലയാളി അടക്കമുള്ളവരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ആരുമത് ഗൗരവത്തില്‍ എടുത്തില്ല. പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍, വിശിഷ്യാ ഇംറാന്‍ ഖാനെ പോലുള്ളവര്‍ ഈ ദിശയില്‍ പ്രദര്‍ശിപ്പിച്ച ആര്‍ജവം പ്രശംസനീയമാണ്. മാധ്യമങ്ങളാവട്ടെ ദയാദാക്ഷിണ്യമില്ലാതെ ശരീഫിനെയും മറിയത്തെയുമൊക്കെ പിന്തുടരുന്നുണ്ടായിരുന്നു. പാകിസ്താനില്‍ രാഷ്ട്രീയം വന്‍ വ്യവസായവും ബിസിനസുമാണ്. കോടികള്‍ നിക്ഷേപിച്ച് ശതകോടികള്‍ തിരിച്ചുപിടിക്കുന്ന ഒരു വ്യവസായം. അതേസമയം, കരിമ്പണക്കാരെയും നിയമലംഘകരെയും പിടികൂടാന്‍ അവിടെ ഭരണഘടനയിലും നിയമപുസ്തകത്തിലും എഴുതിവെച്ചത് ജനം ആയുധമായി പ്രയോജനപ്പെടുത്തുന്നു എന്നതാണ് എടുത്തുപറയേണ്ട വശം.
നമ്മുടെ രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ അവിഹിത സമ്പാദ്യത്തിന്‍റെ പേരില്‍ എത്രയോ കേസുകള്‍ പൊന്തിവരുന്നുണ്ടെങ്കിലും ഒരു മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ അധികാര ഭ്രഷ്ടനാവുന്ന അവസ്ഥ ചിന്തിക്കാനാവുമോ? 69 വര്‍ഷത്തിനിടയില്‍ അവിടെ ചില ജനാധിപത്യ സ്ഥാപനങ്ങളെങ്കിലും നമ്മെക്കാള്‍ മികച്ച നിലയില്‍ വളര്‍ന്നിട്ടുണ്ട് എന്ന് ചുരുക്കം. അങ്ങനെ അമരത്തിരിക്കുന്നവരെ നിയമം കൈയോടെ പിടികൂടുമ്പോഴാണ് ജനായത്തം വളരുന്നത്. പാക് കോടതിവിധിയില്‍ നമുക്കും സന്തോഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.