വെറുപ്പും വിദ്വേഷവും ഇന്ത്യയെന്ന മഹാവൃക്ഷത്തിന്റെ ശിഖരങ്ങളെയും വേരുകളെയും കീഴടക്കിത്തുടങ്ങിയതിന്റെ ദുരന്തഫലങ്ങൾ നാൾക്കുനാൾ വിവിധ രൂപത്തിലും ഭാവത്തിലും പ്രകടമാവുന്നു. അതിന്റെ തുടർച്ചയാണ് ഇക്കഴിഞ്ഞയാഴ്ച യു.പിയിലെ മുസഫർ നഗർ സ്കൂളിൽ നടന്ന ഹീനസംഭവം!
കുട്ടികളിൽ ധാർമികതയുടെയും സഹജീവി സ്നേഹത്തിന്റെയും അമൃതപാഠങ്ങൾ പകർന്നുനൽകേണ്ട അധ്യാപിക വംശിയാധിക്ഷേപത്തിന്റെയും പരമത വിദ്വേഷത്തിന്റെയും വക്താവായി അതിൽ അഭിമാനം കൊള്ളുന്നുവെന്നത് എത്ര സങ്കടകരമാണ്. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുകുട്ടിയാണെങ്കിലും മുസ്ലിം ആണെങ്കിൽ തല്ലുകൊള്ളേണ്ടവനും അപഹസിക്കപ്പെടേണ്ടവനുമാണെന്ന പൊതുബോധം രാജ്യത്ത് സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞു. കൊടും ക്രൂരതകൾക്ക് നേതൃത്വം കൊടുക്കുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നതിനുപകരം പട്ടും വളയും നൽകി ആദരിക്കുന്ന കാഴ്ചകൾ നാം നിരന്തരം കാണുന്നു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയ, അതിലേറെ അധ്യാപനം എന്ന ശ്രേഷ്ഠദൗത്യത്തെത്തന്നെ അപമാനിച്ച ഉത്തർപ്രദേശ് ഖുബ്ബപുർ സ്കൂളിലെ തൃപ്ത ത്യാഗി എന്ന അധ്യാപികക്കെതിരെ ദുർബലമായ വകുപ്പുകൾമാത്രം ചുമത്തി കേസെടുത്തപ്പോൾ ഏഴുവയസ്സുകാരനായ വിദ്യാർഥിയെ ‘മുഹമ്മദൻ’ എന്ന വിശേഷണം നൽകി സഹവിദ്യാർഥികളെക്കൊണ്ട് ക്രൂരമായി തല്ലിക്കുന്ന രംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു എന്ന കുറ്റത്തിന് ‘ആൾട്ട് ന്യൂസ്’ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ സാരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നു!
പശുക്കളുടെ പേരിൽ നിരപരാധികളെ കൊല്ലാനും കൊല്ലിക്കാനും കച്ചകെട്ടിയിറങ്ങിയ അക്രമികളെ ‘ഗോരക്ഷകർ’എന്ന് വിശേഷണംനൽകി മാന്യന്മാരാക്കി ചിത്രീകരിക്കുമ്പോൾ കൊല്ലപ്പെടുന്നവർക്കെതിരെ മതനിന്ദാനിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുന്നു. വംശീയതയും പരമത വിദ്വേഷവും അടിസ്ഥാനപ്രമാണമായി സ്വീകരിച്ച സംഘപരിവാരങ്ങളിൽനിന്ന് നീതിയും ന്യായവുമൊക്കെ പ്രതീക്ഷിക്കുന്നത് വ്യാമോഹമാണെങ്കിലും രാജ്യത്തിന്റെ അടിത്തറയിളക്കുന്ന പൈശാചിക പ്രവണതകൾക്കെതിരെ മാധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരെന്ന് ഊറ്റംകൊള്ളുന്നവരും പുലർത്തുന്ന നിസ്സംഗതയും ഇരട്ടത്താപ്പും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്.
രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’പോലും ഉറച്ച കാൽവെപ്പോടെയാണോ ചലിച്ചുതുടങ്ങിയതെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. കൊടുംവർഗീയതയെ തളക്കാൻ കലർപ്പില്ലാത്ത മതേതരത്വ നിലപാടുകൾക്കുമാത്രമേ സാധിക്കുകയുള്ളൂവെന്ന ബാലപാഠംപോലും കൂട്ടത്തിൽ പലരും ഇനിയും പഠിച്ചിട്ടില്ലെന്നുവേണം കരുതാൻ. മണിപ്പൂരിലെ വംശീയാതിക്രമങ്ങളിൽ പ്രതിഷേധിക്കാനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചേർത്തുപിടിക്കാനും സന്നദ്ധമാകുന്നവർ ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും അഗ്നിക്കിരയാക്കപ്പെടുകയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കപ്പെടുകയും ചെയ്യപ്പെട്ടവരുടെ കാര്യത്തിൽ നിശ്ശബ്ദതയും നിസ്സംഗതയും പുലർത്തുന്നത് ഏറെ പേടിപ്പെടുത്തുന്നു. മണിപ്പൂരിൽ വെറുപ്പിന്റെ ശക്തികൾക്കെതിരെ സ്നേഹത്തിന്റെ കടകൾ തുറക്കാൻ കടന്നുചെന്ന രാഹുൽ ഗാന്ധി ഹരിയാനയിൽ അതിനു മുതിരാത്തത് ആരെ ഭയന്നിട്ടാണ്!രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ധീര പൈതൃകമുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകളും സമീപകാല പ്രവർത്തനങ്ങളും വർഗീയ ഫാഷിസ്റ്റുകൾക്ക് അങ്കലാപ്പും ആശങ്കയും സൃഷ്ടിക്കുന്നതും മതേതര ജനാധിപത്യ വിശ്വാസികൾക്ക് ആശയും ആവേശവും പകരുന്നതുമാണെന്നതിൽ സംശയമില്ല. പക്ഷേ, അദ്ദേഹത്തിന് സ്വന്തം കൂടാരത്തിൽനിന്ന് മതിയായ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നില്ലെന്നുവേണം കരുതാൻ! കോൺഗ്രസ് സമ്പന്നമായിരുന്നകാലത്ത് അധികാരത്തിന്റെ സുഖലോലുപതകൾ ആവോളം ആസ്വദിച്ചവർ പ്രതിസന്ധികാലത്ത് പ്രസ്ഥാനത്തെയും രാജ്യത്തെയും രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിനുപകരം പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ എക്കാലത്തെയും വലിയ വോട്ടുബാങ്ക് മതന്യൂനപക്ഷങ്ങളും ദലിതുകളുമായിരുന്നു. ആ തിരിച്ചറിവ് മുൻകാല നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത് തീവ്ര ഹിന്ദുത്വ നിലപാടുകളുമായി രാജ്യത്തിന്റെ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധവും കലാപകലുഷിതവുമാക്കാൻ ഫാഷിസ്റ്റ് ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചപ്പോൾ ശക്തമായ മതേതര ജനാധിപത്യ അടിത്തറ രൂപപ്പെടുത്തി പ്രതിരോധിക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടുമായി ചരിത്രപരമായ മണ്ടത്തം കാട്ടുകയായിരുന്നു കോൺഗ്രസ്. നരസിംഹറാവുവാണ് അതിന് പ്രധാനമന്ത്രിക്കസേരയിലിരുന്ന് മുഖ്യ കാർമികത്വം വഹിച്ചത്. അത് കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും ഉണ്ടാക്കിയ നഷ്ടം അപരിഹാര്യമാണ്. സോണിയ ഗാന്ധിയുടെയും മൻമോഹൻസിങ്ങിന്റെയും നേതൃത്വത്തിൽ പരിഹാരമാർഗങ്ങൾ തേടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചെങ്കിലും രാഷ്ട്രീയ ക്ഷുദ്രകർമികളുടെ വലയത്തിൽനിന്ന് മുക്തമായി ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഗുജറാത്ത് വംശഹത്യക്കും രാജ്യത്ത് നടന്ന പല സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പിന്നിലെ യഥാർഥ ശക്തികളെ കണ്ടെത്താനും ശിക്ഷിക്കാനും കൈവശമുണ്ടായിരുന്ന അധികാരം ഫലപ്രദമായി ഉപയോഗിക്കാതിരുന്നതിന്റെ ദുരന്തഫലമാണ് രാജ്യം കഴിഞ്ഞ ഒരു ദശകമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യഭരണം. ഈ തിരിച്ചറിവിൽ നിന്നും പാഠമുൾക്കൊണ്ട് ചരിത്രപരമായ ദൗത്യം നിറവേറ്റാൻ കോൺഗ്രസിന് സാധിക്കുമെന്ന് തന്നെയാണ് രാജ്യ നിവാസികൾ പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നിലവിലുള്ള അപകടാവസ്ഥയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ഏറെ ചെയ്യാനുണ്ട്. കേവലം ക്ഷണികമായ ലാഭനഷ്ടങ്ങൾക്കപ്പുറത്ത് ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും തങ്ങളിൽനിന്നും രാജ്യം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് നേതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. രാജ്യം ആപതിച്ചിരിക്കുന്ന ദുരന്ത ഗർത്തത്തിൽനിന്നും രക്ഷിച്ചെടുക്കാൻ ക്രിയാത്മകമായ പങ്കുവഹിക്കാൻ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. വർഗീയതക്കെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതും രാജ്യത്തിന്റെ ബഹുസ്വരതയെ അംഗീകരിക്കുന്നതുമായ പ്രസ്ഥാനങ്ങളുടെയും സംരംഭങ്ങളുടെയും അസ്തിത്വവും പ്രസക്തിയും കാണാതെയും പരിഗണിക്കാതെയുമുള്ളപോക്ക് ഒരിക്കലും ഗുണം ചെയ്യില്ല. വർഗീയതക്കെതിരായ പോരാട്ടം തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നായാൽ മാത്രമേ സ്വീകാര്യമാവൂ എന്ന ചിന്താഗതിയും നന്നല്ല. വർഗീയതയെയും മതവിശ്വാസത്തെയും രണ്ടായി കാണാൻ കഴിഞ്ഞില്ലെങ്കിൽ ഫാഷിസത്തിനും വർഗീയതക്കുമെതിരിലുള്ള പോരാട്ടം ഫലപ്രദമാകില്ല.
രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ജനാധിപത്യവും നിഷ്പ്രഭമാക്കി ഏകസ്വരതയും ഏകാധിപത്യവും അരക്കിട്ടുറപ്പിക്കാൻ ഭരണകൂടം ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്ത് പയറ്റുന്ന പൊതു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ ഭൂരിഭാഗം അജണ്ടകളും ആസൂത്രിതമായും ആയാസരഹിതമായും നടപ്പാക്കിക്കഴിഞ്ഞ മോദി -അമിത് ഷാ കൂട്ടുകെട്ട് അവസാന ലാപ്പും വിജയകരമായിത്തന്നെ ഫിനിഷ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതുകൂടി യാഥാർഥ്യമാക്കാനുള്ള തത്രപ്പാടുകൾ. രാജ്യത്തെയും ജനങ്ങളെയും രക്ഷപ്പെടുത്താനുള്ള ലാസ്റ്റ് ബസായാണ് ഭൂരിഭാഗം ജനങ്ങളും ‘ഇൻഡ്യ’യെന്ന പ്രതിപക്ഷ കൂട്ടായ്മയെ കാണുന്നത്. പരമാവധിപേരെ കയറ്റിയും ശത്രുക്കൾ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതെയും അതിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും വരെയും അതിജാഗ്രതയും അതിരറ്റ ക്ഷമയും ബന്ധപ്പെട്ടവർക്കെല്ലാം ഉണ്ടാകേണ്ടത് രാജ്യത്തിന്റെ രക്ഷക്ക് അനിവാര്യമാണ്.
(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.