ബ്രിട്ടീഷ് കോളനി ശക്തികൾ മാസങ്ങൾ നീണ്ട പോരാട്ടത്തിലൂടെ രക്തമൊഴുക്കിയും കബന്ധങ്ങൾ കുന്നുകൂട്ടിയും നേടിയെടുത്തത്, ഡാൽമിയ ഭാരത് ലിമിറ്റഡ് എന്ന കുത്തക കമ്പനി ഒരിറ്റ് വിയർപ്പൊഴുക്കാതെ സാധിച്ചെടുത്തിരിക്കുന്നു. ഒന്നാം സ്വാതന്ത്ര്യസമരം രാജ്യത്താകമാനം കൊടുമ്പിരിക്കൊണ്ടപ്പോൾ അതിെൻറ കേന്ദ്രബിന്ദുവായി വർത്തിച്ചതും അന്തിമഗതി നിർണയിച്ചതും മുഗിള പ്രതാപൈശ്വര്യങ്ങളുടെ പ്രതീകമായ ചെേങ്കാട്ടയായിരുന്നു. ഇന്ത്യാമഹാരാജ്യത്തിെൻറ അന്തഃസ്ഥലികളെ തൊട്ടുനോവിച്ച വെള്ളക്കാർക്കെതിരെ മീറത്തിലും കാൺപൂരിലും ഝാൻസിയിലും അവധിലും പ്രക്ഷോഭത്തിെൻറ കൊടിക്കൂറ പറപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൾ, നിർണായക പോരാട്ടത്തിന് തെരഞ്ഞെടുത്ത വേദി അവസാന മുഗൾ രാജാവ് ബഹദൂർഷാ സഫറിെൻറ ആസ്ഥാനം കൂടിയായ ചെേങ്കാട്ടയായിരുന്നു. ആധുനിക ഇന്ത്യയുടെ പ്രയാണത്തിലെ ആവേശഭരിതവും രക്തപങ്കിലവും ദയാർഹവുമായ കുറെ ചരിത്രമുഹൂർത്തങ്ങൾ കെട്ടഴിഞ്ഞുവീണത് ഷാജഹാൻ ചക്രവർത്തി പണിത ഇൗ ശക്തിദുർഗയിലാണ്. മുഗൾ ചക്രവർത്തിയിൽനിന്ന് രാജ്യത്തിെൻറ ചെേങ്കാൽ പിടിച്ചുവാങ്ങുന്നതിനും ഇന്ത്യയെ ബ്രിട്ടീഷ് രാജ്ഞിയുടെ അധീനതയിലേക്ക് ഒൗപചാരികമായി കൂട്ടിച്ചേർക്കുന്നതിനും സാക്ഷിയായത് ചെേങ്കാട്ടയാണ്. ഇൗ കോട്ട നഷ്ടപ്പെടുന്നതോടെ മുഗൾ സാമ്രാജ്യംതന്നെ അസ്തമിക്കുമെന്ന് കണ്ടപ്പോൾ, സേനാനായകൻ മുഹമ്മദ് ബക്ത്ഖാെൻറ നേതൃത്വത്തിൽ ഹിന്ദു-മുസ്ലിം പടയാളികൾ ദില്ലിയുടെ തെരുവിൽ ബ്രിട്ടീഷ് പട്ടാളത്തോട് അവസാന ശ്വാസംവരെ പൊരുതുകയായിരുന്നുവെന്ന യാഥാർഥ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയണമെന്നില്ല. കാരണം, സുൽത്താന്മാരുടെയും മുഗിളന്മാരുടെയും ഭരണകാലഘട്ടത്തെ വിസ്മരിക്കപ്പെടേണ്ട ചരിത്രമായാണ് ആർ.എസ്.എസ് ശാഖകളിൽ ഇന്നും പഠിപ്പിക്കുന്നത്.
സംഘ്പരിവാറിെൻറ എക്കാലത്തെയും സാമ്പത്തിക സ്രോതസ്സായ ഡാൽമിയക്ക് ചെേങ്കാട്ട തീറെഴുതിക്കൊടുക്കുന്നതിലൂടെ ഹിന്ദുത്വ ഭരണകൂടം ലക്ഷ്യമിടുന്നത് പലതുമാവാം. ചരിത്രെത്ത ഹിന്ദുത്വവത്കരിക്കുന്നതുപോലെ ചരിത്രസ്മാരകങ്ങളെയും സ്വന്തമാക്കുക എന്ന ഗൂഢലക്ഷ്യം ഇതിെൻറ പിന്നിലുണ്ട്. ചെേങ്കാട്ടയും താജ്മഹലും കുത്തബ്മിനാറും ഡൽഹി ജുമാമസ്ജിദുമൊക്കെ ആർ.എസ്.എസിെൻറ കണ്ണിലെ കരടുകളാണ്. ഇൗ ചരിത്രസൗധങ്ങളെ, കേവലം വിനോദസഞ്ചാര കേന്ദ്രങ്ങളായി ഗണിച്ച്, ഇന്നാട്ടിെൻറ ഉൺമയിൽനിന്ന് വേർപെടുത്തുക എന്ന ഗൂഢോദ്ദേശ്യം ഇൗ തീരുമാനത്തിെൻറ പിന്നിലുണ്ടാവണം. ചെേങ്കാട്ട ഡാൽമിയയുടെ ബ്രാൻഡ്നെയിമിനോടൊപ്പം അറിയപ്പെടേണ്ട നിസ്സാര നിർമിതിയല്ല. ഇന്ത്യയുടെ വിലമതിക്കാനാവാത്ത രാഷ്ട്രപൈതൃകമാണ്. അധിനിവേശ ശക്തികൾക്കെതിരെ രാജ്യചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ധ്വജം ഉയർന്നതും വിമോചനഗീതികൾ പ്രതിധ്വനിച്ചതും ഇവിടെയാണ്. വൈകാരികത ഉൾച്ചേർക്കപ്പെട്ട അത്തരം ചരിത്ര മുഹൂർത്തങ്ങൾക്ക് പ്രാധാന്യം കൽപിക്കാത്ത ഒരു പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുേമ്പാൾ ചെേങ്കാട്ട ഡാൽമിയക്ക് ദാനം ചെയ്യുന്നത് കോളനിശക്തികൾ കാട്ടിക്കൂട്ടിയതിെൻറ വകഭേദമായേ അടയാളപ്പെടുത്താനാവൂ.
ചരിത്രസ്മാരകങ്ങൾ ക്ഷതമേൽക്കാതെ പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും ബാധ്യസ്ഥരായ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ടൂറിസം മന്ത്രാലയവും ചേർന്നാണ് ഡാൽമിയ ഭാരത് ലിമിറ്റഡിന് കേവലം 25 കോടി രൂപക്ക് അഞ്ചുവർഷത്തേക്ക് കൈമാറിയിരിക്കുന്നത്. കാലാവധി തീരുന്നമുറക്ക് കരാർ പുതുക്കുന്നതോടെ ചെേങ്കാട്ട ഡാൽമിയയുടെ സ്ഥിരം അധീനതയിൽ വരുമെന്നു തീർച്ച. അൽഫോൻസ് കണ്ണന്താനത്തിെൻറ കീഴിലുള്ള വിനോദസഞ്ചാര മന്ത്രാലയം എങ്ങനെയെങ്കിലും പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വകുപ്പാണെന്ന് കരുതാമെങ്കിലും ആർക്കിയോളജിക്കൽ സർവേ ഒാഫ്ഇന്ത്യയും (എ.എസ്.െഎ) സാംസ്കാരിക വകുപ്പും ഇൗ കച്ചവടത്തിന് എങ്ങനെ കൂട്ടുനിന്നുവെന്ന് മനസ്സിലാവുന്നില്ല. ചരിത്ര സ്മാരകങ്ങൾ തനിമ ചോരാതെ പരിപാലിച്ചുനിലനിർത്തുന്നതിനാണ് എ.എസ്.െഎ. ആർക്കിയോളജി വകുപ്പിെൻറ കീഴിൽ വരുന്ന സ്മാരകങ്ങളുടെ ഒരു ഇഷ്ടിക മാറ്റിവെക്കാൻ പ്രത്യേക അനുമതി ആവശ്യമുണ്ട്. എ.എസ്.െഎയെ മൂകസാക്ഷിയാക്കി നിർത്തി, ഡാൽമിയയുടെ പണിക്കാർ ‘നവീകരണം’ തുടങ്ങിയാൽ എന്തായിരിക്കും പരിണതിയെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. കോർപറേറ്റ് കുത്തകകൾ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽനിന്ന് പണം നൽകി സ്മാരകങ്ങെള കാത്തുസൂക്ഷിക്കാൻ സ്വീകരിക്കുന്ന രീതി ഇതുവരെ എതിർക്കപ്പെടാതിരുന്നത് എ.എസ്.െഎയുടെ മേൽനോട്ടത്തിലായിരിക്കും സ്മാരകങ്ങളുടെ പരിപാലനം എന്നതുകൊണ്ടാണ്.
ഉദാഹരണമായി ഡൽഹിയിലെ ഹുമയൂൺ ടോമ്പിെൻറ പരിപാലനത്തിന് ആഗാഖാൻ ട്രസ്റ്റ് ഒരു തുക നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തിക സഹായത്തിനപ്പുറം സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇൗ സ്മാരകങ്ങളുടെ വിഷയത്തിൽ താൽപര്യമോ അവകാശമോ ഇല്ല. ചെേങ്കാട്ടയുടെ കാര്യത്തിൽ ഇപ്പോൾ പൂർത്തിയാക്കിയ കരാറിെൻറ വിശദാംശങ്ങൾ പുറത്തുവന്നാലേ ചിത്രം വ്യക്തമാവൂ. 25 കോടിക്ക് അഞ്ചു വർഷത്തേക്ക് പാട്ടം കൊടുത്തതാണോ അതല്ല, സ്മാരകത്തിെൻറ പരിപാലനത്തിനായി 25 കോടി ഡാൽമിയ നീക്കിവെച്ചതോടെ കിട്ടാവുന്ന വരുമാനമത്രയും കൈക്കലാക്കാൻ കമ്പനിക്ക് അധികാരം നൽകിയിട്ടുണ്ടോ എന്നതാണ് കൃത്യമായും അറിയേണ്ടത്. ചെേങ്കാട്ടയോട് തരിമ്പും ഹൃദയബന്ധമില്ലാത്ത ഹിന്ദുത്വ ശക്തികൾക്ക് ഭാവിയിൽ താജ്മഹലും കുത്തബ് മിനാറുമൊക്കെ വിൽപനക്കു വെക്കില്ലെന്ന് ആരുകണ്ടു? മോദിസർക്കാർ അധികാരത്തിലേറിയതു മുതൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ ബജറ്റ് നീക്കിയിരിപ്പ് കുറച്ചു കൊണ്ടുവരുകയായിരുന്നുവെന്നും അതുകൊണ്ട് സ്മാരകങ്ങൾ പരിപാലന വിഷയത്തിൽ കടുത്ത പ്രയാസം നേരിടുന്നുണ്ടെന്നും പ്രശസ്ത പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് സ്വകാര്യ സംഭാഷണത്തിൽ ഇൗയിടെ സൂചിപ്പിക്കുകയുണ്ടായി. രാജ്യത്തെ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ശൃംഖല തീർത്ത്, ഹിന്ദു വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനപ്പുറം രാജ്യത്തിെൻറ ബഹുസ്വരതയെയും സങ്കര സംസ്കാരത്തെയും പരിപോഷിപ്പിക്കാൻ ഒന്നും പാടിെല്ലന്ന് നിർബന്ധബുദ്ധിയുള്ളത് പോലെ.
ഒടുവിലത്തെ മുഗൾ രാജാവ് ബഹദൂർഷാ സഫറിനെ മാത്രമല്ല, ഗാന്ധിജിയുടെ ഘാതകരെയും വിചാരണ ചെയ്യാൻ അതത് കാലത്തെ ഭരണകൂടം ചെേങ്കാട്ട തിരഞ്ഞെടുത്തത് അത് പ്രദാനം ചെയ്യുന്ന ഭദ്രതക്കപ്പുറം രാജ്യത്തിെൻറ ആസ്ഥാന ബിന്ദു എന്നനിലയിൽ അതിെൻറ രാഷ്ട്രീയ പ്രാധാന്യം പരിഗണിച്ചാണ്. വിചാരണ പ്രഹസനത്തിലൂടെ ബഹദൂർഷാ സഫറിനെയും പത്നി സീനത്ത ് മഹലിനെയും നാടുകടത്താൻ അതിർത്തിയിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോൾ മുഗൾ ചക്രവർത്തി പലവട്ടം തിരിഞ്ഞുനോക്കിയത് പിതാമഹന്മാർ വാണരുളിയ ചെേങ്കാട്ടക്ക് നേെരയാണത്രെ; അതും നിറകണ്ണുകളോടെ. കാലത്തിെൻറ അപ്രതിഹത പ്രവാസങ്ങളെ അതിജീവിച്ച ഇൗ ഉരുക്കുകോട്ട നൂറ്റാണ്ടിനുശേഷം ചരിത്രാവബോധം തൊട്ടുതീണ്ടാത്ത ഒരു ഭരണാധികാരിയുടെ കാലത്ത് നിസ്സാര വിലക്ക് വിറ്റുതുലക്കുമെന്ന് അദ്ദേഹം അന്ന് സ്വപ്നേപി നിനച്ചിരുന്നുവോ ആവോ? രാജ്യാഭിമാനമുള്ള പൗരന്മാർ ഒത്തൊരുമിച്ച് ശബ്ദിക്കുകയും ഇൗ നീക്കത്തിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.