??????? ??????? ??.??. ?????

ടി.വി. അനുപമ എന്നാൽ ഇന്നൊരു കലക്​ടറുടെ പേര്​ മാത്രമല്ല. അതൊരു നിർമലമായ, സത്യസന്ധമായ നിലപാടിന്‍റെ പേരു കൂടിയായി മലയാളികൾ തിരിച്ചറിയുന്നു. വമ്പന്മാരുടെ പിന്നാമ്പുറ തിരിമറി വിശേഷങ്ങൾ അന്വേഷിക്കാനും അവരുടെ രാഷ്​ട്രീയ ജാതകം ആവശ്യമെങ്കിൽ തിരുത്താനുമുള്ള ഉത്തരവാദിത്വം സാധാരണ സിവിൽ സർവീസ്​ രംഗത്തെ വിറപ്പിക്കുന്ന കാര്യമാണ്​. എന്നാൽ, ടി.വി. അനുപമ എന്ന ആലപ്പുഴ ജില്ല കലക്​ടർക്ക്​ അത്​ കൃത്യനിർവഹണത്തിന്‍റെ ഭാഗം തന്നെയായിരുന്നു. 

തോമസ്​ ചാണ്ടിയെന്ന സമ്പത്തിലെയും അതുവഴി രാഷ്​ട്രീയത്തിലെയും ശക്​തന്‍റെ കൈയേറ്റങ്ങൾ കണ്ടെത്താൻ അവർ തന്‍റെ സ്വകാര്യ തിരക്കുകൾക്ക്​ വരെ അവധി നൽകി. അനുപമയുടെ അന്വേഷണത്തിന്​ പല തടസങ്ങൾ ഉണ്ടായി. അ​തൊന്നും തന്‍റെ കടമ നിറവേറ്റുന്നതിന്​ വഴിമുടക്കാകാതിരിക്കാൻ അവരുടെ സ്വതസിദ്ധമായ ജാഗ്രത തുണയായി. അവസാനം ആകാംഷാഭരിതമായ നിമിഷങ്ങൾ കടന്ന്​ പ്രതീക്ഷിത സമാപ്​തി തന്നെയുണ്ടായി. ടി.വി അനുപമ കണ്ടെത്തിയ സത്യങ്ങളിലൂടെ കേരളം കടന്നുപോയ സംഭവബഹുലമായ ദിവസങ്ങൾക്കാണ്​ മന്ത്രിയുടെ രാജിയിലൂടെ താൽക്കാലികമ​ാെയങ്കിലും അന്ത്യമായത്​. ​

കലക്​ടറെന്ന നിലയിൽ അനുപമ നടത്തിയ ധീരമായ അന്വേഷണത്തിന്‍റെ ഫലമാണ്​ ധനാഢ്യനായ മന്ത്രിയുടെ കസേര തെറിപ്പിച്ചത്​. ഒരു കാവ്യനീതി കൂടി ഇതിൽ അടങ്ങിയിരിക്കുന്നു. പാർട്ടിയിലെ തന്‍റെ സഹപ്രവർത്തകൻ വീണതിന്‍റെ ചൂടുമാറുംമു​െമ്പ ആ ​കസേരയിൽ കയറിയിരിക്കാൻ തോമസ്​ ചാണ്ടി കാണിച്ച ത​ത്രപ്പാടിന്​ ലഭിച്ച തിരിച്ചടി കൂടിയാണിത്. പ്രശസ്തമായ നിലയിൽ ഒട്ടേറെ നടപടികളിലൂടെ ശ്രദ്ധേയയായ ടി.വി. അനുപമ ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്​ കഴിഞ്ഞ ആഗസ്​റ്റിലായിരുന്നു. ആലപ്പുഴയുമായി ബന്ധപ്പെട്ടുള്ള തീവ്രമായ പ്രശ്നങ്ങൾക്കിടയിലാണ് അവർ ചുമതലയേൽക്കുന്നത്​. അതിനിടയിലാണ്​ തോമസ്​ ചാണ്ടി വിഷയം അവർക്കുമുന്നിലെത്തിയത്​. 

തനിക്ക് മുമ്പിരുന്ന രണ്ട് കലക്ടർമാരും അ​േന്വഷിച്ച വിഷയം തന്നെയായിരുന്നു ഇത്. അവരുടെ ക​െണ്ടത്തലുകൾ ശരിയ​െല്ലന്ന നിഗമനം ശക്​തമായിരുന്നു. അതോടൊപ്പം തോമസ്​ ചാണ്ടിയുടെ സ്വാധീനത്തിൽ അന്വേഷകരിൽ ചിലർ വീണുവെന്ന പ്രചാരണവും. ഇൗ കാലാവസ്​ഥയെയും അനുപമക്ക്​ അഭിമുഖീകരിക്കേണ്ടി വന്നു. അത്​ അവർ ധീരമായി നിറവേറ്റി. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി സത്യസന്ധമായ അ​േന്വഷണ-പരിശോധനകളിലൂടെയാണ് അനുപമ തോമസ്​ ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്​ മുന്നിലെയും മാർത്താണ്ഡം കായൽ നിലങ്ങളിലെയും കൈയേറ്റങ്ങൾ കണ്ടെത്തിയത്. ഭൂപരിഷ്കരണനിയമം, തണ്ണീർത്തടനിയമം എന്നിവയുെട നഗ്​നമായ ലംഘനം അവർ ബോധ്യപ്പെടുത്തി. 

മാത്രമല്ല, സർക്കാറിന്‍റെ നയങ്ങൾക്ക്​ വിരുദ്ധമായ ഒട്ടേറെ നടപടികളും വെളിച്ചത്ത് കൊണ്ടുവന്നു. അവരുടെ റിപ്പോർട്ടുകൾ ചട്ടലംഘന കണ്ടെത്തലുകളുടെ വിവരണമാണ്​. വർഷങ്ങളായി കൈയടക്കി​െവച്ചിരുന്ന ഭൂമിയുടെ പേരിൽ  തോമസ്​ ചാണ്ടി നടത്തിയ അവകാശവാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അവയെല്ലാം. നിരവധി സമ്മർദങ്ങളും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികളും അനുപമക്ക് നേരിടേണ്ടിവന്നു. എന്നാൽ, സമചിത്തതയോടെ, അനുപമമായ നിശ്ചയദാർഢ്യത്തോടെ തന്‍റെ നിലപാടിൽ അവർ ഉറച്ചുനിന്നു. അത്​ അചഞ്ചലവും അന്യാദൃശ്യവുമായിരുന്നു. കോടതിക്ക്​ മുന്നിലും അത്​ വ്യക്​തമാക്കപ്പെട്ടു.

ഫുഡ് സേഫ്റ്റി കമീഷണർ പദവിയിലിരിക്കെ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍റുകൾക്കെതിരെ നടപടി സ്വീകരിച്ചു. മായത്തിന്‍റെ പേരിൽ ഭക്ഷ്യ സംസ്​കരണശാലക്കെതിരെ അന്വേഷണവും അവർ  നടത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയുമെടുത്തു. കഴിഞ്ഞയാഴ്​ച കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ വെള്ളക്കെട്ടിൽ നിരവധി കുടുംബങ്ങൾ നരകതുല്യജീവിതത്തിൽ മുങ്ങിയപ്പോൾ അവർക്ക്​ കൈതാങ്ങായി എത്തി. ഉയർന്ന പദവിയിൽ ഇരിക്കു​േമ്പാഴും പാവങ്ങളുടെ നൊമ്പരം അറിയാനുള്ള മനസ്​ തനിക്കുണ്ടെന്ന്​ അവർ കുട്ടനാട്ടിലെ കഷ്​ടത അനുഭവിക്കുന്ന ജനങ്ങളെ ബോധ്യപ്പെടുത്തി. സത്വര ആശ്വാസ നടപടികളും സ്വീകരിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എന്നീ പദവിയിലും അവർ തിളങ്ങി. ഒരു സ്വാധീനത്തിനും വ‍ശംവദയാകാത്ത സ്വഭാവം. ഉയർന്ന ലക്ഷ്യബോധമാണ്​ അവരെ നയിക്കുന്നത്​. അതിന്‍റെ പ്രതിഫലനം പലപ്പോഴും സമൂഹം കണ്ടിട്ടുണ്ട്​. 

ഒൗദ്യോഗിക ജീവിതത്തിന്‍റെ ചെറിയ കാലത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ നടപടികൾ അവർ സ്വീകരിച്ചിട്ടുണ്ട്. തിരക്കുകൾക്കിടയിലും അവർ മാതൃത്വത്തിന്‍റെ മഹിമയും ഉയർത്തിപിടിക്കുന്നു. കൈക്കുഞ്ഞുമായിട്ടാണ്​ ചിലപ്പോൾ ഒാഫിസിലെത്തുക. മലപ്പുറം സ്വദേശിനിയായ അനുപമ ആലപ്പുഴയുടെ 48ാമത്തെ കലക്ടറാണ്. പൊലീസിൽ സർക്കിൾ ഇൻസ്​പെക്​ടർ ആയിരുന്ന പരേതനായ കെ.കെ. ബാലസുബ്രഹ്​മണ്യത്തിന്‍റെയും ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്​ഥ ​ടി.വി. രമണിയുടെയും മകളാണ്​. എൻജിനീയറിങ്​ പഠനം ഗോവയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. 92 ശതമാനം മാർക്ക് നേടിയാണ്​ എൻജിനീയറിങ്ങിൽ വിജയിച്ചത്​. എസ്​.എസ്​.എൽ.സിക്ക്​ 13ാം റാങ്ക്​, ഹയർ ​െസക്കൻഡറിയിൽ മൂന്നാം റാങ്ക്​ എന്നിവ അനുപമയുടെ പഠനത്തിളക്കങ്ങളാണ്. സിവിൽ സർവിസിൽ നാലാംറാങ്ക്​ നേടിയ അവരുടെ സിവിൽ സർവിസ്​ പരീക്ഷയിലെ പ്രത്യേക വിഷയങ്ങൾ ഭൂമിശാസ്​ത്രവും മലയാളവുമായിരുന്നു. 

ആലപ്പുഴ കലക്​ടറായി ചുമതലയേൽക്കു​േമ്പാൾ  അവർ വ്യക്തമാക്കിയത് ഇതായിരുന്നു. പിന്നാക്ക ജില്ലയായ ആലപ്പുഴയുടെ പ്രശ്നങ്ങൾ പഠിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കണം. എന്നാൽ, മറ്റ് നിയോഗമാണ് പെട്ടെന്നുതന്നെ ഉണ്ടായത്. മുൻ ഭരണകർത്താക്കൾ തൊടാൻ മടിച്ച, തൊട്ടാൽ പൊള്ളുമെന്ന് പേടിച്ച ഒരു വിഷയത്തെ കോടതിക്കുമുന്നിലെത്തിച്ച് നീതിബോധത്തിന്‍റെ തെളിഞ്ഞ മുഖം കാണിക്കാൻ കഴിഞ്ഞു എന്നത്. തോമസ്​ ചാണ്ടിയുടെ ഭീഷണിയും വെല്ലുവിളിയും അവർ തൃണവൽഗണിച്ചു. അവരുടെ രണ്ട്​ റിപ്പോർട്ടുകളും കൈയേറ്റങ്ങളുടെ നേ​ർചിത്രമായിരുന്നു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു അവർ തന്‍റെ അന്വേഷണം പൂർത്തിയാക്കിയത്​. 

ഒൗദ്യോഗിക ജീവിതത്തിലെ ഒരു പരീക്ഷണം വിജയകരമായി കടന്നുവെന്ന്​ തോന്നാം. എന്നാൽ, പുറമെ രാജി​െവക്കലും കോലാഹലങ്ങളും നടക്കുമ്പാൾ അനുപമക്ക്​ എല്ലാം സാധാരണ പോലെ. അടുത്ത വിഷയത്തിലേക്കും ജനങ്ങളുടെ പ്രശ്​നങ്ങളുടെ നടുവിലേക്കും കലക്ടർ എത്തിക്കഴിഞ്ഞു.

Tags:    
News Summary - Official Career of Alappuzha Collector TV Anupama -OpenForum Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT