ലോകത്തെ ഏറ്റവും വലിയ പാർലമെന്ററി ജനാധിപത്യത്തിലും അതിനെ നിലനിർത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തങ്ങളുടെ അജണ്ട ശിപാർശകളായി സമർപ്പിക്കുന്നതിനുണ്ടാക്കിയ സമിതിയിൽ ഹരീഷ് സാൽവെ ഇടം പിടിച്ചത് യാദൃച്ഛികമല്ല. ജമ്മു-കശ്മീരിൽ ചെയ്തതുപോലെ ഏകപക്ഷീയമായ മറ്റൊരു ‘രാഷ്ട്രീയ അനുരഞ്ജനം’ ബി.ജെ.പിയുടെ അടുക്കളയിൽ ഹരീഷ് സാൽവെയുടെ കാർമികത്വത്തിൽ വേവിച്ചെടുക്കാനാണ് ഭരണകൂടം നോക്കുന്നത്
ഹിന്ദുത്വം വിഭാവനം ചെയ്യുന്ന ‘അഖണ്ഡ ഭാരത’ത്തിന് അധികാര വികേന്ദ്രീകരണത്തിന്റെ ഫെഡറൽ സംവിധാനത്തേക്കാൾ പഥ്യം ഒരേയൊരു വ്യക്തി സർവാധികാരിയാകുന്ന പ്രസിഡൻഷ്യൽ രീതിയാണ്. അമേരിക്കൻ രീതിയിലുള്ള ദ്വികക്ഷി രാഷ്ട്രീയവും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുമാണ് ഇന്ത്യക്ക് അഭികാമ്യമെന്ന് വിശ്വസിച്ചു വരുന്നവരാണ് ആദ്യകാലം തൊട്ടേയുള്ള ഭാരതീയ ജനത പാർട്ടി നേതാക്കൾ.
ഹിന്ദുത്വ ഹൃദയ സമ്രാട്ടായി ഇന്ത്യയൊട്ടുക്കും രഥമുരുട്ടുന്ന കാലത്ത് എൽ.കെ. അദ്വാനി പറഞ്ഞിരുന്നതിതാണ്. അദ്വാനിയെ ഒതുക്കി മോദിയെ ഡൽഹിയിൽ വാഴിക്കാൻ മുന്നിൽനിന്ന അരുൺ ജെയ്റ്റ്ലി അന്ത്യം വരെ പറഞ്ഞുകൊണ്ടിരുന്നതും ഇതുതന്നെ. 2014ൽ അധികാരത്തിലേറിയത് തൊട്ട് നരേന്ദ്ര മോദി സർക്കാർ പാസാക്കുന്ന നിയമനിർമാണങ്ങൾ ഓരോന്നും ബി.ജെ.പിയുടെ കേന്ദ്രീകൃത അധികാരമോഹത്തിന്റെ നിദർശനങ്ങളാണ്.
സംസ്ഥാന സർക്കാറുകളുടെ അധികാരങ്ങളിലേക്ക് കടന്നുകയറി രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ഗളഛേദം ചെയ്യുന്ന നിരവധി നിയമനിർമാണങ്ങളാണ് ഒന്നും രണ്ടും മോദി സർക്കാറുകൾ പാസാക്കിയെടുത്തത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക വൈവിധ്യങ്ങൾ രാഷ്ട്രീയ രൂപംപ്രാപിച്ചതും അധികാരത്തിലേറിയതും ബി.ജെ.പിക്ക് സഹിക്കാനാവാത്തതിന്റെ കാരണവും മറ്റൊന്നല്ല. എതിർപക്ഷത്ത് നിർത്തി ഞെക്കിക്കൊല്ലാനായില്ലെങ്കിൽ സഖ്യത്തിൽ നിർത്തി നക്കിക്കൊന്നെങ്കിലും പ്രാദേശിക രാഷ്ട്രീയ വൈവിധ്യങ്ങൾക്ക് ബി.ജെ.പി അറുതി വരുത്തിയിട്ടുണ്ട്. അസം ഗണപരിഷത്തും ശിവസേനയുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
പ്രാദേശിക രാഷ്ട്രീയകക്ഷികളുടെയും ജാതി കേന്ദ്രീകൃത പാർട്ടികളുടെയും പിന്തുണയോടെ കേന്ദ്രം ഭരിച്ച ഐക്യമുന്നണി സർക്കാർ വീണ ശേഷം വാജ്പേയി സർക്കാർ അധികാരത്തിലേറിയ കാലത്ത് കെ.ആർ. മൽക്കാനിയെ പോലുള്ള ബി.ജെ.പി ബുദ്ധിജീവികൾ സർക്കാറുകളുടെ സ്ഥിരതക്കായി ഉയർത്തിയ വാദത്തിൽനിന്ന് രൂപപ്പെട്ടതാണ് ‘ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ്’എന്ന അജണ്ട. ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിലൂടെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക കക്ഷികളും ചെറു പാർട്ടികളും അപ്രസക്തമാകുമെന്നും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു പോലെ മേൽക്കൈ കിട്ടുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടൽ. ഒന്നു രണ്ട് തെരഞ്ഞെടുപ്പുകൾ ഇത്തരത്തിൽ കഴിയുന്നതോടെ പ്രാദേശിക പാർട്ടികളും ചെറുപാർട്ടികളും ഇല്ലാതാകും. ദീർഘകാലമായി താലോലിക്കുന്ന ഈ സ്വപ്നം 2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ബി.ജെ.പി ഉൾപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം പ്രാദേശിക രാഷ്ട്രീയ ശക്തികളെയെല്ലാം കൂട്ടി 2024ൽ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടാൻ ഉറച്ച് പ്രതിപക്ഷം ‘ഇൻഡ്യ’ മുന്നണിയുമായി മുന്നോട്ടു പോകുമ്പോഴാണ് ആ അജണ്ട നടപ്പാക്കാൻ കേന്ദ്രം തുനിഞ്ഞിറങ്ങുന്നത്.
ഫെഡറലിസത്തിന്റെ അടിത്തറ തകർത്ത് ഒരു സംസ്ഥാനത്തെയും ജനതയെയും അവർ തെരഞ്ഞെടുത്ത ഒരു നിയമനിർമാണ സഭയെയും ഇരുട്ടിൽ നിർത്തി ജനപ്രതിനിധികളെയൊന്നടങ്കം തടങ്കലിലിട്ട് പാർലമെന്റിൽ നാടകീയ നിയമനിർമാണം നടത്തിയാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലായ്മ ചെയ്തത്. അന്നു രാത്രി ടെലിവിഷൻ ചാനലിൽ വന്നിരുന്ന് മോദി സർക്കാറിന്റെ നിയമവിരുദ്ധ പ്രവർത്തനം നിയമപരമായി നിലനിൽക്കുമെന്ന് വാദിച്ച നിയമോപദേശകനാണ് ഹരീഷ് സാൽവെ. നാല് വർഷം കഴിഞ്ഞ് ജമ്മു-കശ്മീർ കേസ് സുപ്രീംകോടതി പൊടിതട്ടി വാദത്തിനെടുത്തപ്പോൾ സാൽവെ മുന്നോട്ടുവെച്ച പ്രധാനവാദം അത് ഒരു രാഷ്ട്രീയ അനുരഞ്ജനമായിരുന്നുവെന്നാണ്. ഒരു പക്ഷത്തെ മുഴുവൻ വായ മൂടിക്കെട്ടി മറുപക്ഷം ബലപ്രയോഗത്തിലൂടെ തങ്ങളുടെ അജണ്ട അടിച്ചേൽപിക്കുന്നത് സാൽവെക്ക് ‘അനുരഞ്ജനം’ ആണ്. ലോകത്തെ ഏറ്റവും വലിയ പാർലമെന്ററി ജനാധിപത്യത്തിലും അതിനെ നിലനിർത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തങ്ങളുടെ അജണ്ട ശിപാർശകളായി സമർപ്പിക്കുന്നതിനുണ്ടാക്കിയ സമിതിയിൽ ഹരീഷ് സാൽവെ ഇടം പിടിച്ചത് യാദൃച്ഛികമല്ല. ജമ്മു-കശ്മീരിൽ ചെയ്തതുപോലെ ഏകപക്ഷീയമായ മറ്റൊരു ‘രാഷ്ട്രീയ അനുരഞ്ജനം’ ബി.ജെ.പിയുടെ അടുക്കളയിൽ ഹരീഷ് സാൽവെയുടെ കാർമികത്വത്തിൽ വേവിച്ചെടുക്കാനാണ് ഭരണകൂടം നോക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എതിർശബ്ദം പോലും കേൾക്കാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നത് രാഷ്ട്രീയ അനുരഞ്ജനമായി വ്യാഖ്യാനിച്ച സാൽവേക്ക് അധിർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റത്തോടെ വിയോജിപ്പിന്റെ ഏക ശബ്ദവും ഇല്ലാതായ ഉന്നതാധികാര സമിതിയിലിരുന്ന് മറ്റൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലും കുറ്റബോധമൊന്നും തോന്നേണ്ട കാര്യമില്ല. പിന്മാറിയ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയും കഴിഞ്ഞാൽ പിന്നെ ആ സർക്കാർ വിലാസം സമിതിയിൽ അവശേഷിക്കുന്ന രാംനാഥ് കോവിന്ദും ഗുലാം നബി ആസാദും അടക്കമുള്ള മോദി ഭക്തരിൽ ഒരാൾപോലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരുവായ്ക്ക് എതിർവാ പറയാൻ കെൽപുള്ളവരല്ല. അത് കൊണ്ടാണല്ലോ വിജ്ഞാപനം നിയമ നീതിന്യായ മന്ത്രാലയത്തിന്റെ പേരിലാണെങ്കിലും താനീ പണിക്കില്ലെന്ന് അധിർ രഞ്ജൻ സമിതി ചെയർമാനായ രാംനാഥ് കോവിന്ദിന് പകരം സമിതി അംഗം മാത്രമായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തന്നെ എഴുതി അറിയിച്ചത്.
സുതാര്യത ഒട്ടുമില്ലാതെ സർക്കാർ എന്തു ചെയ്യാൻ പോകുന്നുവെന്ന് മാധ്യമങ്ങളെ ഊഹിക്കാൻ വിട്ട് ജനത്തെ എപ്പോഴും ഇരുട്ടിൽ നിർത്തുകയാണ് നരേന്ദ്ര മോദി സർക്കാറിന്റെ രീതി. നോട്ടുനിരോധനവും ലോക്ഡൗണും ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയലുമെല്ലാം അവസാന നിമിഷം വരെ ഗോപ്യമാക്കിവെച്ച് അടിച്ചേൽപിച്ചത് ഈ തരത്തിലാണ്. ശനിയാഴ്ച ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിന് ശിപാർശ സമർപ്പിക്കാനുള്ള സമിതിയിൽ തന്റെ പേരുമുണ്ടെന്ന വിവരംപോലും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവായ അധിർ രഞ്ജൻ ചൗധരി അറിയുന്നത്. സമിതി കണ്ണിൽപൊടിയിടൽ മാത്രമാണെന്ന് അമിത് ഷാക്കുള്ള കത്തിൽ അധിർ രഞ്ജൻ എഴുതി. എങ്ങനെയാണ് കണ്ണിൽപൊടിയിടുന്നതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. എട്ടംഗ സമിതി ശിപാർശ സമർപ്പിക്കാനായി വിജ്ഞാപനത്തിൽ നിർദേശിച്ച ഏഴ് പരിഗണന വിഷയങ്ങളിലേക്കാണ് അധിർ രഞ്ജൻ വിരൽ ചൂണ്ടുന്നത്. ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള ശിപാർശകളാണ് ഈ സമിതി റിപ്പോർട്ടായി നൽകേണ്ടത് എന്ന് ആ പരിഗണന വിഷയങ്ങളോരോന്നും വ്യക്തമാക്കുന്നുണ്ട്. പ്രായോഗികമായി സാധ്യമല്ലാത്ത, കൈവശമുള്ള സന്നാഹങ്ങൾ കൊണ്ട് നടപ്പാക്കാനാകാത്ത, ഭരണഘടനാപരമായി നിലനിൽക്കുമെന്ന് ഉറപ്പില്ലാത്ത ഒരു അജണ്ടയുമായി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇറങ്ങിപ്പുറപ്പെട്ടതിന് പിന്നിലെ സർക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിൽ അധിർ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
സംശയാസ്പദമായ വോട്ടുയന്ത്രങ്ങളിലെ സംശയം തീർക്കാനുണ്ടാക്കിയതാണ് വിവിപാറ്റുകൾ എങ്കിലും അതെണ്ണിനോക്കാൻ അനുവദിക്കാത്ത വിചിത്രമായ ആചാരമുള്ള ഒരു തെരഞ്ഞെടുപ്പ് കമീഷനാണ് നമ്മുടേത്. 2019-ൽ കടുത്ത മത്സരം നടന്ന നിർണായക മണ്ഡലങ്ങളിൽ പോളിങ് ദിനത്തിൽ ആകെ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയതിലും കൂടുതൽ വോട്ടുകൾ വോട്ടുയന്ത്രങ്ങളിൽനിന്ന് കിട്ടിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ പോളിങ് ദിവസം തങ്ങൾ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മായ്ച്ചുകളഞ്ഞതും ഇതേ കമീഷൻ തന്നെ. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ സുതാര്യതയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ മർമപ്രധാനമായ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാനാവാത്തപ്പോഴാണ് തെരഞ്ഞെടുപ്പ് പരിഷ്കരണമെന്ന പേരിട്ട് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള പുറപ്പാട്. അന്യസംസ്ഥാനങ്ങളിലിരുന്ന് മറ്റൊരു സംസ്ഥാനത്ത് വോട്ടു ചെയ്യാനുള്ള ‘വിദൂര വോട്ടുയന്ത്രം’ എന്ന കമീഷന്റെ അപ്രായോഗിക പരിഷ്കരണം പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം തള്ളിക്കളഞ്ഞ ശേഷമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഏതായാലും പരിഷ്കരണമെന്ന് അവകാശപ്പെട്ട് ബി.ജെ.പിയും നരേന്ദ്ര മോദിയും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും കാണിക്കുന്ന പൊറാട്ടു നാടകങ്ങളിൽ ഒടുവിലത്തേതാകില്ല ഇതെന്ന് ഉറപ്പ്. 2024ലെ പൊതു തെരഞ്ഞെടുപ്പോടെ എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള വെപ്രാളമാണ് ഈ കാണുന്നത്. ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു ഭാഷ എന്നൊക്കെ പറയുന്നത് പോലെയാണ് ബി.ജെ.പിക്ക് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സി.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജയുടെ വിലയിരുത്തലാണ് ശരി. അതു തന്നെയാണ് ഈ അജണ്ടയുടെ മർമവും.
vmbanna@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.