പശ്ചിമ ബംഗാളിലാണ് എണ്ണംകൊണ്ട് കൂടുതൽ ലൈബ്രറികൾ ഉള്ളതെങ്കിലും ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കേരളത്തിലാണ് ഗ്രാമീണ ഗ്രന്ഥശാലകളുടെ (9515) സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. ഇവിടെ 3510 പേർക്ക് ഒരു ലൈബ്രറി എന്നതോതിലാണ് അതിന്റെ കണക്ക്. 1829ൽ, സ്വാതിതിരുനാളിന്റെ കാലത്തുതന്നെ തിരുവനന്തപുരം പബ്ലിക് ലൈബ്രറി പ്രവർത്തനം തുടങ്ങി. 19ാം ശതകത്തിന്റെ അന്ത്യത്തിൽതന്നെ കേരളത്തിൽ ഗ്രാമീണ വായനശാലകളുടെ വളർച്ചയുണ്ട്.
സെപ്റ്റംബർ14 ഗ്രന്ഥശാല ദിനമായിരുന്നു. ഈ ദിനം കേരള ഗ്രന്ഥശാല സംഘം ‘ലൈബ്രറി സംരക്ഷണദിന’മായി ആചരിച്ചു. ലൈബ്രറികളിലും താലൂക്ക് - ജില്ല സംഘം അടിസ്ഥാനത്തിലും ഗ്രന്ഥശാല സംരക്ഷണസദസ്സുകൾ സംഘടിപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു പരിപാടി. മറ്റെല്ലാ മണ്ഡലങ്ങളിലുമെന്നപോലെ ഏതും കേന്ദ്രീകരിക്കാനും തങ്ങളുടെ വരുതിയിലാക്കാനും മോദി സർക്കാർ കൊണ്ടുവന്ന പുത്തൻ നയങ്ങൾക്കെതിരെയാണ് ഈ സംരക്ഷണദിനാചാരണം എന്നാണ് ഗ്രന്ഥശാലസംഘത്തിന്റെ വിശദീകരണം.
ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ദില്ലിയിലെ പ്രഗതിമൈതാനിൽ സംഘടിപ്പിച്ച ലൈബ്രറി ഫെസ്റ്റിവൽ ഈ ഏകാധിപത്യവത്കരണത്തിലേക്കുള്ള കൈചൂണ്ടിയായിരുന്നു എന്നാണനുമാനിക്കേണ്ടത്. രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനംചെയ്ത സമ്മേളനത്തിന്റെ സമാപനവേദിയിൽ ഉപരാഷ്ട്രപതി ജഗദീഷ് ധൻകർ ആണ് ‘One Nation One Digital Library’ (ഒരു രാഷ്ട്രം ഒരു ഡിജിറ്റൽ ലൈബ്രറി) പദ്ധതിയുടെ ലോഗോ പ്രകാശിപ്പിച്ചത്. ഗ്രന്ഥശാലകളെ സംസ്ഥാനപട്ടികയിൽനിന്ന് മാറ്റി ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രത്തിന്റെ നയത്തെക്കുറിച്ചും അവിടെ സൂചനയുണ്ടായി.
രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലുമുള്ള ഗ്രന്ഥശാലകൾ അവിടത്തെ ഭാഷാ - സാംസ്കാരിക സാഹചര്യവും സ്വാതന്ത്ര്യവും അറിവിന്റെ വിനിമയവും ലക്കാക്കി വളർന്നുവന്നവയാണ്. എന്നാൽ ‘ഒരു രാഷ്ട്രം ഒറ്റ ഡിജിറ്റൽ ലൈബ്രറി’ എന്ന മുദ്രാവാക്യത്തിൽ ഇന്ന് നടമാടുന്ന മറ്റേതു കാര്യത്തിലുമെന്നപോലെ രാജ്യത്തുടനീളമുള്ള ഗ്രന്ഥശാലകളെ ഏകീകരിക്കാനും പിടിച്ചടക്കാനുമുള്ള സൂത്രമുണ്ടെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ 54000 ചില്വാനംവരുന്ന ഗ്രന്ഥശാലകളെ കൊൽക്കത്ത നാഷനൽ ലൈബ്രറിയുടെ ഡിജിറ്റൽ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഗ്രന്ഥശാലകളെ ഡിജിറ്റൽ കാലഘട്ടത്തിൽ ദത്താപരമായി ഒന്നിപ്പിക്കുന്നതിൽ തെറ്റൊന്നും പറഞ്ഞുകൂടാ. വസ്തുതകൾ അറിയാനും പങ്കുവെക്കാനുമുള്ള സൗകര്യം അതുകൊണ്ടുണ്ടാവും. എന്നാൽ കൺകറന്റ് ലിസ്റ്റിലേക്ക് ലൈബ്രറികളെ മാറ്റിസ്ഥാപിക്കുന്നത് ദുരുപദിഷ്ടപരമാണെന്ന് പറയാതെ വയ്യ. കാരണം
ഭാഷാപരമായി വിഭജിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവിടങ്ങളിലെ വൈവിധ്യത്തിലും ഫെഡറലിസത്തിലും ഊന്നിയാണ് ഗ്രന്ഥശാലകൾ വളർന്നുവന്നിട്ടുള്ളത്. മാത്രമല്ല അതത് സംസ്ഥാനങ്ങളിലും അവിടത്തെ ഭാഷകളിലുമുണ്ടായ സാമൂഹിക നവോത്ഥാനത്തിന്റെ ഗതി നിയന്ത്രിച്ച മുഖ്യ ഘടകവുമാണ് ഗ്രന്ഥശാലകൾ.
പശ്ചിമ ബംഗാളിലാണ് എണ്ണംകൊണ്ട് കൂടുതൽ ലൈബ്രറികൾ ഉള്ളതെങ്കിലും ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കേരളത്തിലാണ് ഗ്രാമീണ ഗ്രന്ഥശാലകളുടെ (9515) സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. ഇവിടെ 3510 പേർക്ക് ഒരു ലൈബ്രറി എന്നതോതിലാണ് അതിന്റെ കണക്ക്. 1829ൽ, സ്വാതിതിരുനാളിന്റെ കാലത്തുതന്നെ തിരുവനന്തപുരം പബ്ലിക് ലൈബ്രറി പ്രവർത്തനം തുടങ്ങി.
19ാം ശതകത്തിന്റെ അന്ത്യത്തിൽത്തന്നെ കേരളത്തിൽ ഗ്രാമീണ വായനശാലകളുടെ വളർച്ചയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവിടത്തെ ദേശീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും വൈജ്ഞാനിക പുരോഗതിയുടെയും ഭാഗമായി വായന ഏറെ സജീവമാക്കുകയും അതിൽ ഇവിടത്തെ ഗ്രാമീണ വായനശാലകൾ മുഖ്യപങ്ക് വഹിക്കുകയും ചെയ്തു. നമ്മുടെ വായനയുടെയും ധൈഷണികതയുടെയും അടിപ്പടവായി അവ വളരുകയും ചെയ്തു.
കേരളത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമാക്കിത്തീർത്തതിൽ കേരളത്തിലെ ഗ്രന്ഥശാലകൾക്കുള്ള സ്ഥാനത്തെ ആർക്കും തള്ളിക്കളയാൻ പറ്റില്ല. നാട്ടിലെ പലതരത്തിലുള്ള വായനപ്രേമികളായ മനുഷ്യർ പല കാലങ്ങളിലായി നാട്ടിൻപുറങ്ങളിൽ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ജ്ഞാനഭവനങ്ങളാണ് നമ്മുടെ 80 ശതമാനം ഗ്രാമീണ ലൈബ്രറികളും. ലൈബ്രറി ഗ്രാന്റും മറ്റു ആസൂത്രണങ്ങളുംകൊണ്ട് കേരളത്തിലെ ഗ്രന്ഥശാലകൾ കുറെക്കൂടി ശാസ്ത്രീയവും ഊർജസ്വലവുമായി നിലകൊണ്ടു.
നാടിന്റെ ചരിത്രത്തെയും വൈവിധ്യങ്ങളെയും ശീതീകരിച്ചുകൊണ്ട് ഏകാധിപത്യപരവും കേന്ദ്രീകൃതവുമായ മുദ്രാവാക്യങ്ങൾ ഇറക്കി ഇന്ത്യയിലെ ഗ്രന്ഥശാലാ പ്രവർത്തനങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതിനുള്ള നിയമനിർമാണത്തിനുള്ള തിരക്കിലാണ് അവർ. ആര്, എന്തിന് വായിക്കണമെന്നും ഏത് പുസ്തകം വായിക്കണമെന്നുപോലും ഇനിയാരാലും തീരുമാനിക്കപ്പെടുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
പുസ്തകം ധിഷണയും ഭാവനയും വികസിപ്പിക്കാനുള്ള പ്രവൃത്തിക്ക് ആക്കം കൂട്ടുന്നുവെന്നിരിക്കെ പുസ്തകത്തെ ഭയക്കുന്നകൂട്ടമായി ക്രമേണ ഇന്ത്യൻ ഭരണസമൂഹം മാറുന്നുണ്ട്. ഏതു പുസ്തകം വായിക്കണമെന്നും വായിക്കാതിരിക്കണമെന്നുമുള്ള തീട്ടൂരങ്ങൾ ദിനേന നമുക്കിടയിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. ഗ്രന്ഥശാലകൾക്കുമേലുള്ള കുത്തകാധികാരത്തിൽ പലപ്പോഴും മാറിവരുന്ന സർക്കാറുകൾക്കും പ്രത്യേക നോട്ടമുണ്ട്. ലൈബ്രറികളെ രാഷ്ട്രീയവത്കരിക്കാനും ഏജൻസിവത്കരിക്കാനുമുള്ള പ്രവണത കൂടിവരുകയാണ്.
കേന്ദ്രത്തിന്റെ പുതിയ നിയമനിർമാണത്തോടെ ലൈബ്രറികളുടെ ചുമതലക്കാർ ഇനിയാരാകും എന്നകാര്യത്തിലും ആശങ്കകൾ ഇല്ലാതില്ല. കേന്ദ്ര സർവകലാശാലകളിലും അക്കാദമികളിലും ഇന്ന് കാണുന്നപോലെ ഏതുവിധേനയും സ്ഥാനമാനങ്ങൾ പിടിച്ചടക്കാനുള്ള കീഴ്വഴക്കങ്ങളും നിയമഭേദഗതികളും ഗ്രന്ഥശാലകളുടെ കാര്യത്തിലും നടന്നേക്കാം. ചുരുക്കത്തിൽ, വായനയുടെയും വായനസംസ്കാരത്തിന്റെയും സ്വതന്ത്രമായ വികേന്ദ്രീകരണം എന്ന തത്ത്വത്തിന് നേരിടാവുന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ല.
കേരള ഗ്രന്ഥശാലാ സംഘം അവയുടെ നടത്തിപ്പിലും ആസൂത്രണത്തിലും മൗലികമായ മാറ്റങ്ങൾ വരുത്താൻ കാലമായി എന്നാണ് എന്റെ എളിയ അഭിപ്രായം. പല ഗ്രന്ഥശാലകളും ഇന്ന് വായനക്കാരുടെ അഭാവം മൂലം പ്രതിസന്ധിയിലാണ്. അതിനാകട്ടെ നിരവധി കാരണങ്ങൾ ഉണ്ട്. അവയറിഞ്ഞു പരിഹരിക്കുന്ന കാര്യത്തിൽ തീർച്ചയായും ഗ്രന്ഥശാലാ സംഘം പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ മാറ്റം വായനയിൽ ഉണ്ടാക്കിയ തലമുറമാറ്റം തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ട പ്രശ്നമാണ് മുഖ്യം. ലൈബ്രറികളെ ഡിജിറ്റൽവത്കരിക്കാനും കൂടുതൽ വായനസാന്ദ്രമാക്കാനും സംഘം ചിലതൊക്കെ തുടങ്ങിവെച്ചെങ്കിലും മതിയായ കാഴ്ചപ്പാടിന്റെ അഭാവത്തിൽ അവ വേണ്ടത്ര ഫലം കണ്ടിട്ടില്ല.
അക്കാദമികളിലും ഗ്രന്ഥശാലാ ഭരണസമിതികളിലും സഹസമിതികളിലും ഏകധ്രുവ രാഷ്ട്രീയ പ്രാതിനിധ്യരീതി ഇനിയെങ്കിലും മാറേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഏതു മുന്നണിയായാലും നിയമസഭയിൽ ഇരുന്നുകൊണ്ട് ജനങ്ങളെ ഭരിക്കുകയും മാർഗനിർദേശം കൊടുക്കുകയും ചെയ്താൽ പോരേ? എന്തിനാണ് അക്കാദമികളെയും ഗ്രന്ഥശാല സംഘം പോലുള്ള സ്ഥാപനങ്ങളെയും തങ്ങളുടെ വരുതിയിലാക്കുന്നു എന്ന ജനാധിപത്യപരമായ ചോദ്യം ചോദിക്കാനുള്ള ആർജവം ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്. അമിതമായ രാഷ്ട്രീയവത്കരണം ഇത്തരം സ്ഥാപനങ്ങളുടെ സർഗാത്മകമായ ഊർജത്തെ പിറകോട്ടുവലിക്കുന്നതായിട്ടാണ് ഏറെക്കാലമായുള്ള അനുഭവം. അക്കാദമികളും ഗ്രന്ഥശാലാ പ്രസ്ഥാനവും അരാഷ്ട്രീയവത്കരിക്കണം എന്നല്ല ഇപ്പറഞ്ഞതിന് അർത്ഥം. മറിച്ച്, ഇത്തരം പൊതു സാംസ്കാരിക സ്ഥാപനങ്ങൾ പ്രാതിനിധ്യരാഷ്ട്രീയത്തിന്റെ കരുത്ത്കൊണ്ട് വേണം സമൂഹത്തിൽ വികസിക്കാൻ. അതിന് കഴിവുള്ളവരെ തലപ്പത്ത് കൊണ്ടുവരണം. സഭകളിലെ സ്ത്രീപ്രാതിനിധ്യം കൂടുതൽ സത്വരമാക്കണം. അതിന് പ്രവിശാലമായ രാഷ്ട്രീയ-ജനാധിപത്യ കാഴ്ചപ്പാടാണ് ആദ്യം വേണ്ടത്.
മുകളിൽനിന്ന് പരിപാടികൾ ചാർട്ട് ഔട്ട് ചെയ്തുകൊണ്ട് ലൈബ്രറികളുടെമേൽ അടിച്ചേൽപ്പിക്കുന്ന പരിപാടിയാണ് കുറെ കാലമായി നടന്നുപോരുന്നത്. അതിന് മാറ്റമുണ്ടാകണം. പകരം, ഓരോ പ്രദേശത്തെയും വൈവിധ്യം കണക്കിലെടുത്ത് ആവശ്യമായ പരിപാടികളും ജ്ഞാനവിനിമയ പരിപാടികളും പരസ്പരം ചർച്ചയിലൂടെ തീരുമാനിക്കാനാകണം.
ലൈബ്രറികൾ കുന്തം വിഴുങ്ങികൾക്കും തളംകെട്ടിയ ഇരുട്ടിനും വിശ്രമിക്കാനുള്ള മാറാലസ്ഥാപനങ്ങൾ ആയിക്കൂടാ. യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന പുതുതലമുറക്ക് അവരുടെ ജീവിതരാശിയും ഭാവിയെക്കുറിച്ചുള്ള ദേശീയവും ജ്ഞാനപരവും ലിംഗപരവും സർഗാത്മകവുമായ ഉൾക്കാഴ്ചകളും രൂപപ്പെടുത്താൻ കെൽപുള്ള സ്വതന്ത്ര സ്ഥാനങ്ങളായി മാറാൻ അവക്ക് കഴിയേണ്ടതുണ്ട്. അതിനുതക്ക പ്രവർത്തനങ്ങളാണ് അടിയന്തരമായി പ്രയോഗവത്കരിക്കേണ്ടത്. അല്ലെങ്കിൽ അധികാരക്കെറുവിന്റെയും ആലസ്യത്തിന്റെയും മറവിൽ, കേന്ദ്രീകരണവും ഏകാധിപത്യവും വാഴുന്ന, കേരളത്തിന്റെ വായനചരിത്രത്തെയും നവോത്ഥാന ശോഭയെയും കെടുത്തുന്ന കെട്ടസ്ഥാപനങ്ങളായി ഭാവിയിൽ ഇവ പരിണമിക്കും. ഈ ജാഗ്രത ഇവിടത്തെ സർക്കാറിനും സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർക്കും ഒരുപോലെയുണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.