കോവിഡ് 19 വിളയാടിയപ്പോൾ ലാഭം കൊയ്തത് കൂടുതലും ഓൺലൈൻ ഗെയിമുകളാണ്. കോവിഡ്കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും പല സ്ഥാപനങ്ങളിലും ഉദ്യോഗാർഥികളെ പകുതിയായി കുറച്ചതും ഐ.ടി മേഖലകളിലുൾെപ്പടെ വീടുകളിലിരുന്നു തന്നെ ജോലിചെയ്യാൻ അവസരം ഉണ്ടായതുമെല്ലാം കുട്ടികളിലേക്കും യുവാക്കളിലേക്കും എന്തിന് മൊബൈൽ പോലുള്ള ഗാഡ്ജറ്റുകൾ കൂടുതലായി ഉപയോഗിക്കാനറിയാത്തവർക്കിടയിലേക്കുപോലും കരുത്തോടെ കടന്നുചെല്ലാൻ ഓൺലൈൻ ഗെയിമുകൾക്ക് അവസരമായി.
കുറച്ച്കാലം മുമ്പ് പത്ര-ദൃശ്യമാധ്യമങ്ങളിൽവന്ന വാർത്തകൾ മലയാളികൾ മറന്നിട്ടുണ്ടാകില്ല. തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടൻറായ ബിജുലാലും ദമ്പതി കൊലക്കേസിലെ പ്രതിയായ ബിലാലും. അത് വലിയ കേസായതിനാൽ ജനങ്ങൾ ഇവരുടെ കഥകളറിഞ്ഞു. എന്നാൽ, അറിയാതെപോകുന്ന കഥകൾ അതിലുമെത്രയോ ഇരട്ടിയാണ്. പണം നഷ്ടപ്പെട്ടത് പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്ന് പുറത്തു പറയാതിരിക്കുന്ന അനേകം ഇരകൾ ഇന്നും കേരളത്തിലെ ഓരോ ജില്ലയിലും നിരവധിയാണ്. ഓൺലൈൻ റമ്മികളിയുടെ അടിമയായ യുവാവായ ബിലാൽ പണം കണ്ടെത്തുന്നതിന് മോഷണം നടത്താൻ തെരഞ്ഞെടുത്തത് പരിചയക്കാരനായ മുഹമ്മദ് സാലിയുടെ വീടായിരുന്നു. മോഷണശ്രമം അവസാനം മുഹമ്മദ് സാലിയുടെയും ഭാര്യ ഷീബയുടെയും കൊലപാതകത്തിൽ ചെന്നെത്തി. ബിലാലിെൻറ വയസ്സോ വെറും 23.
ചെറുപ്പക്കാരാണ് കൂടുതലായും ഇത്തരം ഗെയിമിൽ ചെന്നു പെടുന്നത്. ബാങ്ക് ബാലൻസും എ.ടി.എം കാർഡും കൈയിലുള്ളവരാണ് ഏറെ യുവാക്കളും. വീട്ടുകാരുടെ െക്രഡിറ്റ് കാർഡ് ഉൾപ്പെടെ ഉപയോഗിക്കുന്ന ധാരാളം കുട്ടികളുണ്ട്. അവസാനം ബാങ്ക് ബാലൻസും സ്വർണംപോലെ വിലപിടിപ്പുള്ള പലതും നഷ്ടമാകുമ്പോഴാണ് പലരും ചതികൾ തിരിച്ചറിയുന്നതുതന്നെ. ഒരു കൗതുകത്തിന് തുടങ്ങുന്ന ഇത്തരം ഗെയിമുകൾ പണനഷ്ടത്തിൽ മാത്രമല്ല, മാനസികവിഭ്രാന്തിയിലും വിഷാദരോഗത്തിലും ഒടുവിൽ ആത്മഹത്യയിലും വരെഎത്തിക്കുന്നു.
പലരും ഓഫിസിലോ ക്ലാസുകൾക്കിടയിൽ കിട്ടുന്ന ഫ്രീ ടൈമിലോ ആണ് റമ്മികളി തുടങ്ങുക. പിന്നീട് ജോലി, പഠനം എന്ന രീതിയിൽ പരിസരം മറന്ന്, സമയം മറന്ന് കളിയോടു കളിയാകും. പല സൈറ്റുകളിലും മാറിമാറി കളിക്കുന്നവരുണ്ട്. ആദ്യമെല്ലാം ചെറിയ തുകകൾ കിട്ടിയും പോയുമിരിക്കും. പിന്നീട് സൈറ്റുകളുടെ എണ്ണം കൂട്ടുകയും കിട്ടുന്ന തുക ഇരട്ടികളായി മാറുകയും ചെയ്യും. പിന്നീട് കുറച്ച് കിട്ടുകയും കൂടുതൽ നഷ്ടപ്പെടുകയും ചെയ്യും. അതോടെ അടുത്ത കളിക്ക് കൂടുതൽ നേടാൻ കഴിയുമെന്ന മിഥ്യാധാരണയിൽ കളിയിൽ പൂർണമായും വ്യാപൃതനാകും. നഷ്ടങ്ങളുടെ കണക്കു വരുമ്പോൾ ഇല്ലാത്ത പണം കണ്ടെത്തി അടുത്തത് വെട്ടിപ്പിടിക്കാൻ ഒരുങ്ങും.
ഇരകളുടെ വാക്കുകളിൽനിന്നും മനസ്സിലാകുന്നത് തുടക്കത്തിൽ കുറച്ച് കുറച്ചായി പലതവണ പണം കൈയിൽവന്നെന്നും പിന്നീട് പലതവണകളായി നേട്ടത്തിനേക്കാൾ ഇരട്ടിയിലധികം നഷ്ടങ്ങൾ വരുന്നുവെന്നുമാണ്. അടുത്ത കളിക്ക് കൂടുതൽ നേടാം എന്ന വ്യാമോഹത്താൽ കളി തുടർന്നുപോകുകയാണ്. വീട്ടുജോലി ചെയ്തു സമ്പാദിച്ച മൂന്നു ലക്ഷത്തോളം രൂപ ഭർത്താവ് റമ്മി കളിച്ച് നഷ്ടമായ കോഴിക്കോട്ടുകാരിയും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ പണമുണ്ടാക്കാനായി കഞ്ചാവും മയക്കുമരുന്നും കച്ചവടങ്ങളിലേക്കു തിരിയുന്ന യുവാക്കളും എണ്ണത്തിൽ പെരുകികൊണ്ടിരിക്കുന്നു. പലരും പണം നഷ്ടപ്പെട്ട മാനസിക വിഭ്രാന്തിമൂലം കഞ്ചാവിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു. ചോദ്യം ചെയ്യുന്ന വീട്ടുകാർക്കു നേരെ ക്രൂരമായ അക്രമവാസന പ്രകടിപ്പിക്കുന്നു.
ആൻഡ്രോയിഡ്, ഐ.ഒ.എസ് ആപ്, വെബ്സൈറ്റ് എന്നിങ്ങനെയെല്ലാം റമ്മി നിലവിലുണ്ട്. ആകർഷകമായ ബോണസുകളുമായാണ് ഈ ഓൺലൈൻ റമ്മി നമുക്കായി വലവിരിക്കുന്നത്. മയക്കുമരുന്ന് ചെറിയ ഡോസിൽ കൊടുത്ത് അടിമയാക്കുന്നതുപോലെ ചെറിയ ചെറിയ ബോണസ് തുകകൾ നൽകി ഈ വലയിലേക്ക് മുഴുവനായി വീഴ്ത്തി വരിഞ്ഞുമുറുക്കുകയാണ് ചെയ്യുന്നത്. 95 ശതമാനം ഈ കുരുക്കിൽ വീണവർക്ക് രക്ഷപ്പെടാനുള്ള അവസരമില്ല. അഡിക്ഷനായാൽ ഇവരെ തിരിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
പണ്ട് നാട്ടിൻപുറങ്ങളിൽ കൂട്ടംകൂടി പണംെവച്ച് ശീട്ട് കളിച്ച് തോൽക്കുമ്പോൾ തല്ലുണ്ടാക്കുകയും ധാരാളം അപകടങ്ങൾ, എന്തിന് കൊലപാതകങ്ങൾ വരെ നടക്കുന്ന അവസ്ഥയുണ്ടായിരുന്നു. ധാരാളം ആളുകൾ കൂടിനിൽക്കുകയും പലതരം അഭിപ്രായങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ അവിടെ അപകട സാധ്യതക്ക് അൽപം കുറവുണ്ട്. എന്നാൽ, ഇത് അടച്ചിട്ട സ്വന്തം മുറിയിൽ ഇരുന്നുള്ള കളികളാകുമ്പോൾ മാനസികനിലയുടെ സമ്മർദം തിരിച്ചറിയാതെപോകുന്നു.
ടിക്ടോക് പോെല ഇത്തരം ഗെയിമുകൾ നിരോധിച്ചുകൂടേ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒന്നാമത് മറ്റു രാജ്യങ്ങളിൽനിന്ന് റിലീസ് ചെയ്യുന്ന ഇത്തരം ഗെയിമുകൾ നിരോധിക്കാൻ ഇവിടത്തെ സർക്കാറിന് പരിമിതികളുണ്ട്. ഇനി നിരോധനം നടന്നാൽ തന്നെ നിമിഷങ്ങൾ കൊണ്ട് വേറെ ഒരു രാജ്യത്തു നിന്നോ ഐ.പി അഡ്രസിൽനിന്നോ ഇത്തരം ഗെയിമുകൾ റിലീസ് ആകും, മാത്രമല്ല ഇത്തരം ഗെയിമുകൾ നിർമിക്കുന്ന അനേകം കമ്പനികൾ കൂണുപോലെ പൊട്ടിമുളക്കുകയും ചെയ്യും.
ഇവിടെ വേണ്ടത് ശക്തമായ ഡിജിറ്റൽബോധവത്കരണമാണ്. പലർക്കും ഇൻറർനെറ്റ്, ഗാഡ്ജറ്റുകൾ എന്നിവയെക്കുറിച്ച് എൽ.കെ.ജി കുട്ടിയുടെ അറിവുപോലുമില്ല. സംഭവലോകത്ത് നടക്കുന്നതിനേക്കാൾ പതിന്മടങ്ങ് കുറ്റകൃത്യങ്ങൾ നിറഞ്ഞതാണ് സൈബർലോകം. അവിടത്തെ ചതികളും കുറ്റകൃത്യങ്ങളും ഒരു ശതമാനം പോലും ജനങ്ങൾ തിരിച്ചറിയുന്നില്ല. ഒരു പരിചയവുമില്ലാത്ത ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ ഗെയിമിലൂടെ കിട്ടുമെന്ന് ഒരു സൈറ്റിൽ പരസ്യം കാണുമ്പോൾ ചാടിവീഴുന്ന പ്രവണത മാറ്റി ഒരു നിമിഷം ചിന്തിച്ച് പ്രവർത്തിക്കാനുള്ള ബോധവത്കരണം തന്നെയാണ് വേണ്ടത്. പ്രശസ്തരായവരും സിനിമക്കാരും അഭിനയിക്കുന്ന പെയ്ഡ്പരസ്യങ്ങളിൽ ആകൃഷ്ടരായി ചതിയിൽപെടുന്നവരാണ് ഏറെ. ഞങ്ങൾക്ക് ഓരോ ദിവസവും ആയിരങ്ങളും ലക്ഷങ്ങളും കിട്ടുന്നു എന്നൊക്കെയുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ അത്യാവശ്യം ഈ കളിയെ കുറിച്ച് അറിയുന്നവർ ചാടിവീഴും. ചെറിയ തുകകൾ കിട്ടുന്നതിന് അവർ പബ്ലിസിറ്റി കൊടുക്കും.
മനുഷ്യർ അവരുടെ നേട്ടത്തിനായി തയാറാക്കിെവച്ചതാണ് ഇൗ ഗെയിം സോഫ്റ്റു വെയറുകൾ. ഗെയിമുകളുടെ ഓരോ ചലനവും പ്രോഗ്രാം ചെയ്ത് തയാറാക്കിയിട്ടുള്ള പോലെയേ നടക്കൂ. ഫ്രീയായിട്ട് ഒന്നും നമുക്ക് കിട്ടിെല്ലന്നത് സത്യം. നമ്മുടെ വിലയേറിയ സമയത്തെ മാത്രമല്ല, അതിലൂടെ നമ്മുടെ സ്വകാര്യതയും നമ്മൾ അവർക്ക് പണയം വെക്കുകയാണ്. ഓരോ ഗെയിമും ഡൗൺലോഡ് ചെയ്യുമ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമ്മൾ കൃത്യമായ ഉത്തരം നൽകുന്നുണ്ട്. കാമറ, ബാങ്ക് അക്കൗണ്ട്, ഒ.ടി.പി, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ആധാർ അങ്ങനെ അങ്ങനെ എല്ലാം അവർക്ക് മുന്നിൽ തുറന്നുകൊടുക്കുന്നു. അതിലൂടെ വിലയേറിയ പലതും ഫോൺ മുഖേന നഷ്ടമാകുന്നു.
അധികംവൈകാതെ തന്നെ ഇതിനെതിരെ നിയമനടപടികൾ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ സംവിധാനത്തിൽ മൊബൈൽ കമ്പനികളും ബാങ്കുകളും ഒ.ടി.പി നൽകരുത്, ബാങ്ക് ഡീറ്റെയിൽസ് നൽകരുത് എന്നൊക്കെ അപകടങ്ങളെകുറിച്ച് മുൻവിധിയായി മെസേജുകൾ അയക്കുന്നുണ്ട്. പക്ഷേ, അതൊന്നും ഇതിന് പ്രതിവിധിയല്ല. കേരളത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലുകളിലും നേരിട്ട് ആർ.ബി.ഐയുടെസൈറ്റിലും പൊലീസിെൻറ വെബ്സൈറ്റിലും പരാതി കൊടുക്കാം. എങ്കിലും ഏറ്റവും അത്യാവശ്യം ഓൺലൈൻ വിദ്യാഭ്യാസം തന്നെ. സ്കൂൾ തലത്തിൽതന്നെ ഒരു പാഠ്യവിഷയമായി സൈബർ വിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനായി സർക്കാർ മുൻകൈയെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.