വിദ്യാർഥി ജീവിതകാലത്ത് പതിനേഴാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടിയെ ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും 1967ൽ അദ്ദേഹം കേരള സ്റ്റുഡൻസ് യൂനിയൻ എന്ന കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നൽകപ്പെട്ട സ്വീകരണ പരിപാടിയിൽ ശ്രോതാവായി പങ്കെടുത്തപ്പോഴാണ്. അന്ന് ഞാൻ ‘പ്രബോധനം’ വാരികയുടെ സബ് എഡിറ്ററായിരുന്നു.
‘വിദ്യാർഥികളെ ഞാൻ തെറ്റായ മാർഗത്തിൽ നയിക്കത്തില്ല’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം എന്നിൽ കൗതുകമുയർത്തിയത് അന്ന് അപൂർവമായി മാത്രം കേൾക്കാനിടയായിരുന്ന നയിക്കത്തില്ല എന്ന ഭാഷാപ്രയോഗമാണ്. പിൽക്കാലത്ത് അദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും അവസരങ്ങളുണ്ടായി.
സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായും മന്ത്രിയായും മുഖ്യമന്ത്രിയായും തിളങ്ങിയ ഉമ്മൻ ചാണ്ടിയെ അക്ഷരാർഥത്തിൽ ജനപ്രിയ നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല. ഇരുപത്തിനാല് മണിക്കൂറും ജനങ്ങൾക്കൊപ്പവും ജനക്കൂട്ടത്തിനിടയിലും കഴിച്ചുകൂട്ടാൻ ക്ഷീണമോ തിരക്കോ തടസ്സമാവാത്ത രാഷ്ട്രീയ നേതാവ് നമ്മുടെ അനുഭവത്തിൽ രണ്ടാമതൊരാൾ ഇല്ല. ഒരിക്കൽ അദ്ദേഹവുമായി കണ്ടപ്പോൾ താങ്കളെപ്പോഴാണ് ഉറങ്ങാറ് എന്ന് സകൗതുകം ചോദിച്ചിട്ടുണ്ട്.
‘യാത്ര’യിൽ എന്നായിരുന്നു മറുപടി. 24 മണിക്കൂർ ബസിൽ യാത്രചെയ്തപ്പോഴോ 22 മണിക്കൂർ ഫ്ലൈറ്റിൽ ഇരിക്കേണ്ടിവന്നപ്പോഴോ കൺപോള അടക്കാൻ കഴിയാതിരുന്ന എനിക്ക് ഉമ്മൻ ചാണ്ടിയുടെ മറുപടി വിശ്വസിക്കാനായില്ല എന്നു പറയേണ്ടല്ലോ.
ഒരിക്കൽ അദ്ദേഹവുമായി സംസാരിച്ചത് കേരളത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചായിരുന്നു. ‘താങ്കളും ആന്റണിയും വയലാർ രവിയുമൊക്കെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പാർട്ടിയെ തൃണമൂൽ തലത്തിൽ വളർത്തിയെടുത്തത്. ഇപ്പോഴത്തെ കെ.എസ്.യു അന്നത്തേതിന്റെ നിഴൽ മാത്രം.
ഒരു വീണ്ടെടുപ്പ് അനുപേക്ഷ്യമാണെന്ന് താങ്കൾ കരുതുന്നില്ലേ?’ ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ കെ.എസ്.യുവിന്റെ മുരടിപ്പ് നിഷേധിച്ചില്ല. പൂർവസ്ഥിതിയിലേക്ക് വിദ്യാർഥി പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുപോവുക ശ്രമകരമാണെന്ന് തുറന്നുപറയുകയും ചെയ്തു. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫിന് സംസ്ഥാനം ഭരിക്കാൻ അവസരം നൽകിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനായിരുന്നു
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ. വീണ്ടും മറ്റൊരു ഇലക്ഷൻ ആസന്നമായ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയും മറ്റു രണ്ടോ മൂന്നോ കോൺഗ്രസ് നേതാക്കളുമടങ്ങിയ സംഘം ജമാഅത്തിനെ ചർച്ചക്ക് വിളിച്ചു. സംസാരം അവസാനിച്ചപ്പോൾ ഉമ്മൻ ചാണ്ടി പറഞ്ഞു: ‘അടുത്ത തെരഞ്ഞെടുപ്പിൽ പിന്തുണ യു.ഡി.എഫിന് നൽകണം’ റെഡ്സിഗ്നലിനെ തുടർന്ന് ഒരു യെല്ലോ സിഗ്നൽ ഉണ്ടാവുമല്ലോ. പിന്നെയാണല്ലേ ഗ്രീൻ സിഗ്നൽ?’ ഞാൻ തമാശയായി പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടുള്ള പ്രതികരണം, ‘ഇത്തവണ ഇടവേള ഇല്ലാതെതന്നെ ഗ്രീൻ സിഗ്നലാവട്ടെ.’
വീണ്ടും ചർച്ച നടന്നത് എം.ഐ. ഷാനവാസിന്റെ കോഴിക്കോട്ടെ വസതിയിൽവെച്ചായിരുന്നു, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്. ബി.ജെ.പി വീണ്ടും അധികാരത്തിലേറാനുള്ള സാധ്യത വ്യക്തമായിരുന്നതിനാൽ ദേശീയതലത്തിൽ പ്രധാന പ്രതിപക്ഷം കോൺഗ്രസായിരുന്നതുകൊണ്ട് പരമാവധി സീറ്റുകൾ ആ പാർട്ടിക്ക് ലഭിക്കാൻ യു.ഡി.എഫിന്റെ മുഴുവൻ സ്ഥാനാർഥികൾക്കും പിന്തുണ നൽകണമെന്നായിരുന്നു അഭ്യർഥന. തദടിസ്ഥാനത്തിൽ അവർക്ക് വോട്ട് നൽകുകയും ചെയ്തു. പക്ഷേ...?
2012ൽ മീഡിയവൺ ചാനലിന് ലൈസൻസിനായി ശ്രമിക്കുമ്പോൾ യു.പി.എയായിരുന്നു അധികാരത്തിൽ. പ്രയാസം കൂടാതെ ലൈസൻസ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉടക്കുകൾ പലതും വന്നു. കോഴിക്കോട്ടെ വെള്ളിപറമ്പിൽ മീഡിയവൺ സ്റ്റുഡിയോയുടെ ശിലാസ്ഥാപനം നിർവഹിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു.
ലൈസൻസിനുവേണ്ടി അദ്ദേഹം ശിപാർശ രേഖാമൂലം നൽകുകയും ചെയ്തു. ശിലാസ്ഥാപന ചടങ്ങിൽ അദ്ദേഹം ആശംസിച്ചപോലെതന്നെ ‘അതിവേഗം’ ചാനൽ യാഥാർഥ്യമായി. കോഴിക്കോട് സ്വപ്നനഗരിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി ചാനൽ സംപ്രേഷണത്തിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി എ.കെ.ആന്റണി നിർവഹിക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉണ്ടായിരുന്നു വേദിയുടെ മുൻനിരയിൽ. ‘എല്ലാം അതിവേഗത്തിലാവണമെന്നില്ല’ എന്ന ആൻറണിയുടെ കുത്ത് സദസ്സിൽ ചിരി ഉയർത്തിയത് ഓർമയിലുണ്ട്.
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെല്ലാം വേദനിപ്പിച്ചതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ബോധപൂർവം ആരോപിക്കപ്പെട്ട സോളാർപാനൽ അപവാദം. സത്യത്തിൽ ആ അപവാദക്കഥ പൂർണരൂപത്തിൽ ആദ്യമായി ലഭിച്ചത് അന്ന് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോയിലെ ഒരു ലേഖികക്കാണ്.
അവരത് എന്നെ വിളിച്ചറിയിച്ചപ്പോൾ അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമത്തിന്റെ പോളിസിക്ക് നിരക്കുന്നതല്ല എന്ന് തീർത്തുപറയുകയായിരുന്നു. മറ്റു മാധ്യമങ്ങൾ പക്ഷേ, അപവാദങ്ങൾ ഏറ്റുപിടിച്ചു. ഇടതുമുന്നണിയാവട്ടെ ആവേശപൂർവം അപവാദത്തെ പ്രചാരണ കാമ്പയിനിന് ഉപയോഗിക്കുകയും ചെയ്തു. സി.ബി.ഐ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയത് അദ്ദേഹത്തിന് ചില്ലറ ആശ്വാസമല്ല നൽകിയിരിക്കുക.
ജനപ്രിയ നായകനായ അദ്ദേഹത്തെപ്പോലുള്ള വ്യക്തിത്വങ്ങളുടെ പേരിൽ അത്യന്തം ഹീനമായ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് എന്തു രാഷ്ട്രീയ ലക്ഷ്യം വെച്ചായാലും ഒട്ടുമേ നീതീകരിച്ചുകൂടാത്തതാണ്. ഏതായാലും ക്രൈസ്തവസഭകളുടെ സൗമനസ്യം യു.ഡി.എഫിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഉമ്മൻ ചാണ്ടി അതേസമയം സാമുദായിക സൗഹാർദത്തിന് പോറലേൽപിക്കുന്ന നീക്കങ്ങളിൽനിന്ന് വിട്ടുനിന്ന ഭരണാധികാരിയും നേതാവുമായിരുന്നു എന്ന വസ്തുത ആദരപൂർവം അനുസ്മരിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച വിടവ് നികത്തപ്പെടുക എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.