അന്ന് ഒറ്റപ്പാലം; ഇന്ന് വേങ്ങര 

വലിയ രാഷ്​​ട്രീയ ​പ്രാധാന്യമൊന്നും കൽപിക്കപ്പെടാത്ത ഉപതെരഞ്ഞെടുപ്പുകൾ ഫലം പുറത്തുവരുന്നതോടെ വൻ പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുന്ന അനുഭവം കേരളത്തിനുണ്ട്. ബാബരി മസ്​ജിദ് തകർക്കപ്പെട്ട ശേഷം രാജ്യത്ത് ആദ്യമായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് എൽ.ഡി.എഫ് പ്രതിനിധി എസ്​. ശിവരാമൻ 1,32,000 വോട്ടി​​​െൻറ ഭൂരിപക്ഷത്തിന് അതുവരെ കോൺഗ്രസിലെ കെ.ആർ. നാരായണൻ നിലനിർത്തിയ മണ്ഡലം പിടിച്ചടക്കിയത് ദേശീയരാഷ്​​ട്രീയത്തിൽ വരാൻപോകുന്ന വലിയ മാറ്റത്തി​​​െൻറ ലക്ഷണം അടയാളപ്പെടുത്തുന്നതായി. ബാബരി ധ്വംസനാനന്തര ഇന്ത്യനവസ്​ഥയിൽ ദേശീയരാഷ്​​ട്രീയത്തി​​​െൻറ പുതിയ ദിശ നിർണയിക്കപ്പെടുകയാണെന്ന മുന്നറിയിപ്പ് കോൺഗ്രസോ മുസ്​ലിംലീഗോ അന്ന് ഗൗരവത്തിലെടുത്തില്ല എന്നല്ല, ഹിന്ദുത്വ ഫാഷിസത്തി​​​െൻറ ആഗമനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയവരെ ‘തീവ്രവാദികളായി’ മുദ്രകുത്തുകയും ചെയ്തു. ദേശീയരാഷ്​​ട്രീയത്തിൽ പിന്നീട് കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങൾ ഉപര്യുക്ത മുന്നറിയിപ്പ് അസ്​ഥാനത്തായിരുന്നില്ല എന്ന് തെളിയിച്ചു.

മുസ്​ലിംലീഗ് ‘ലീഡർ’ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ദേശീയരാഷ്​​ട്രീയത്തിൽ ഒന്ന് പയറ്റണമെന്ന് മോഹമുദിച്ചപ്പോൾ ഇ. അഹമ്മദി​​​െൻറ വിയോഗാനന്തരം ഒഴിവുവന്ന മലപ്പുറം സീറ്റിലേക്ക് കൂടുമാറിയതാണല്ലോ വേങ്ങര ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. ലീഗിന് ഏറ്റവുമധികം ജനകീയാടിത്തറയുള്ള ഒരു മണ്ഡലം എന്ന നിലയിൽ പാണക്കാട് തറവാട്ടി​​​െൻറ മുറ്റത്ത് സ്​ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിലെ ഏത് തെരഞ്ഞെടുപ്പിനും ജനാധിപത്യസ്​പിരിറ്റ് പ്രദർശിപ്പിക്കാനുള്ള ഒരു വേദി എന്നതിനപ്പുറം ഒരുതരത്തിലുള്ള പ്രാധാന്യവും കൽപിക്കാനില്ലായിരുന്നു. എന്നാൽ, പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പ് എന്ന നിലയിൽ ഇടതുമുന്നണി മലപ്പുറത്ത് ശീലിച്ചുപോന്ന പേരിനുള്ളൊരു മത്സരം എന്ന നില വിട്ട് കാര്യത്തിൽ തെരഞ്ഞെടുപ്പ് നേരിടാൻ തീരുമാനിച്ചതും സംസ്​ഥാന–ദേശീയ നേതാക്കളെ അണിനിരത്തി, ശാസ്​ത്രീയരീതിയിലുള്ള പ്രചാരണത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചതും ലീഗ്​ നേതൃത്വത്തെ തട്ടിയുണർത്തി. സ്​ഥാനാർഥിനിർണയ വിഷയത്തിൽ ലീഗ് തലപ്പത്തുണ്ടായിരുന്ന ഭിന്നസ്വരവും സുന്നി–മുജാഹിദ് വിഭാഗങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളുമെല്ലാം യു.ഡി.എഫ് ചേരിയിൽ അസ്വസ്​ഥത പടർത്തിയിരുന്നു. എന്നാൽ, ജനത്തെ സ്വാധീനിച്ചതും വോട്ടിങ്ങി​​​െൻറ ദിശ നിർണയിച്ചതും ദേശീയ–സംസ്​ഥാന രാഷ്​​ട്രീയത്തിലെ വർത്തമാനകാല ആകുതലകളും ആശങ്കളുമാണെന്ന് ഫലം തെളിയിക്കുന്നു. വേങ്ങരയിലെ ജനം രാഷ്​​ട്രീയമായി പ്രബുദ്ധരാണെന്നും പരമ്പരാഗത നേതാക്കൾ തൊട്ട് കാണിക്കുന്ന ചിഹ്നങ്ങളിൽ കുത്തുന്ന കാലം കഴിഞ്ഞെന്നുമുള്ള സന്ദേശം ഈ ഫലം ഉൾവഹിക്കുന്നുണ്ട്. 

മൂന്നുവർഷത്തെ നരേന്ദ്ര മോദി ഭരണം നേരേചൊവ്വേ ചിന്തിക്കുന്ന മനുഷ്യരെയെല്ലാം മാറിച്ചിന്തിക്കാൻ േപ്രരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വഫാഷിസം രാജ്യത്തെയും കേരളത്തെയും നാശത്തി​​​െൻറ തമോഗർത്തങ്ങളിലേക്കാണ് വലിച്ചിഴച്ചു കൊണ്ടുപോകുന്നതെന്നും അതുകൊണ്ടുതന്നെ കാര്യക്ഷമമായ പ്രതിരോധം സൃഷ്​ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും സമാധാനകാംക്ഷികളായ എല്ലാ വിഭാഗം ജനങ്ങളും കരുതുന്നു. തങ്ങളാണ് ബി.ജെ.പി ഉയർത്തുന്ന ഭീഷണി തടുക്കാൻ ഏറ്റവും യോഗ്യരെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഇതുവരെ കേരള രാഷ്​​ട്രീയത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താത്ത എസ്​.ഡി.പി.ഐയും അവകാശവാദവുമായി പോർക്കളത്തിൽ ഇറങ്ങിയപ്പോൾ തങ്ങളാണ് യഥാർഥ പ്രതിപക്ഷം എന്ന അവകാശവാദവുമായി ബി.ജെ.പിയും വോട്ടർമാരെ സമീപിച്ചു. വോട്ടർമാരാവട്ടെ, അന്ധമായ രാഷ്​​ട്രീയവിധേയത്വവും വിദ്വേഷവും മറന്ന്, സമകാലിക രാഷ്​​ട്രീയ യാഥാർഥ്യങ്ങളോട് മനസ്സറിഞ്ഞ് പ്രതികരിക്കാൻ മുന്നോട്ടുവന്നു. ആ നിലക്ക് നോക്കുമ്പോൾ ഒറ്റപ്പാലം യു.ഡി.എഫിന് നൽകിയ താക്കീതി​​​െൻറ വകഭേദമാണ് ഒന്നര പതിറ്റാണ്ടിനുശേഷം വേങ്ങരയിലെ ജനങ്ങൾ കൈമാറിയിരിക്കുന്നത്.

കെ.എൻ.എ. ഖാദർ വിജയിച്ചുകയറിയെങ്കിലും യു.ഡി.എഫ് സ്​ഥാനാർഥിയുടെ വോട്ടുവിഹിതത്തിലുള്ള ഇടിവ്  മുസ്​ലിംലീഗ് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ടാവണം. 20,000 വോട്ട് കൂടുതൽ പോൾ ചെയ്തിട്ടും അതിനു ആനുപാതികമായി വോട്ട് വർധിക്കുന്നതിനു പകരം 7000 വോട്ട് യു.ഡി.എഫിനു കുറഞ്ഞപ്പോഴാണ് ഭൂരിപക്ഷത്തിൽ 14,747 വോട്ടി​​​െൻറ ഇടിവ് സംഭവിച്ചത്. മുസ്​ലിംകളെ ഒന്നടങ്കം ഭീകരവാദികളായി ചിത്രീകരിച്ച്, മലപ്പുറം ജില്ലയിൽ വെള്ളംചേർക്കാത്ത വർഗീയതയുടെ വിഷധൂളികൾ പരത്തി കുമ്മനം രാജശേഖരൻ ജനരക്ഷായാത്ര നടത്തിയിട്ടും തങ്ങളുടെ പരമ്പരാഗത ‘രക്ഷകരായ’ മുസ്​ലിംലീഗിൽ അഭയംതേടുന്നതിനു പകരം ജനം എന്തുകൊണ്ട് എൽ.ഡി.എഫിലേക്കും ചെറിയൊരു വിഭാഗം എസ്​.ഡി.പി.ഐയിലേക്കും ചേക്കേറി എന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോഴാണ് വേങ്ങരയിലെ വോട്ടർമാർ പക്വത ആർജിച്ചിട്ടുണ്ടെന്ന് തെളിയുന്നത്. സി.പി.എം സംസ്​ഥാന സെക്രട്ടറി തങ്ങളുടെ 140ാമത്തെ മണ്ഡലമായി വിശേഷിപ്പിച്ച വേങ്ങരയെ ഇക്കണ്ടവിധം പിടിച്ചുകുലുക്കാൻ സാധിക്കുമെങ്കിൽ മറ്റു മണ്ഡലങ്ങളൊന്നുംതന്നെ പുതിയ രാഷ്​​ട്രീയ കലാവസ്​ഥയിൽ സുരക്ഷിതമ​െല്ലന്ന മുന്നറിയിപ്പാണ് കോൺഗ്രസ്​–ലീഗ് നേതൃത്വത്തിന് നൽകുന്നത്.  

മലപ്പുറം എന്ന് കേൾക്കുമ്പോൾ പേരി​െനാരു മത്സരമെന്ന വിചാരത്തിൽ ദുർബലരായ ഏതെങ്കിലും ഘടകകക്ഷിക്കോ സ്വതന്ത്രനോ സീറ്റ് ദാനംചെയ്തു തടി രക്ഷപ്പെടുത്തുന്ന എൽ.ഡി.എഫി​​​െൻറ ഇതഃപര്യന്ത രീതി തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് വേങ്ങരയിലെ ഫലം. ഗൗരവതരമായ മത്സരത്തിന് സജ്ജമാവുകയും കാലിക വിഷയങ്ങളെടുത്തിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്താൽ അദ്ഭുതങ്ങൾ സൃഷ്​ടിക്കാൻ സാധിക്കുമെന്ന് 2006ലെ തെരഞ്ഞെടുപ്പിൽ തെളിയിച്ചതാണ്. വേങ്ങര ഉൾ​െക്കാള്ളുന്ന  ഏഴു പഞ്ചായത്തുകളിലും ഇടതുപക്ഷം ഇടിച്ചുകയറുകയും വോട്ടുവിഹിതത്തിൽ 23 ശതമാനത്തി​​​െൻറ വർധന ഉണ്ടാക്കുകയും ചെയ്​തത് വലിയൊരു രാഷ്​​ട്രീയനേട്ടം തന്നെ. അതേസമയം, യു.ഡി.എഫിനെ  മാത്രമല്ല, വൈകാരിക വിക്ഷുബ്​ധത സൃഷ്​ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിലൂടെ ജനസാമാന്യത്തെ മറ്റൊരു തരത്തിൽ ചിന്തിപ്പിക്കുന്ന എസ്​.ഡി.പി.ഐയെയും എൽ.ഡി.എഫിന് നേരിടേണ്ടതുണ്ടായിരുന്നു. ആർ.എസ്​.എസിനെ നേരിടുന്ന വിഷയത്തിൽ മുസ്​ലിംലീഗും സി.പി.എമ്മും മൃദുസമീപനം സ്വീകരിക്കുകയാണെന്നും ഹിന്ദുത്വ ഫാഷിസത്തെനേരിടുന്ന വിഷയത്തിൽ തങ്ങൾക്ക് പരിമിതികളൊന്നുമില്ലെന്നുമുള്ള അതിരുകടന്ന വാദം ഒരുവിഭാഗം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവണം. ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാത്ത ഒരു പാർട്ടിക്ക് നൽകുന്ന വൈകാരിക വോട്ട് രാഷ്​​ട്രീയ വോട്ടല്ല. താൽക്കാലിക പ്രതിഭാസം മാത്രമാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്​.ഡി.പി.ഐ സ്​ഥാനാർഥിക്ക് കിട്ടിയ 9058 വോട്ട് പാർട്ടി മുഴുവൻ ഒരു അസംബ്ലി മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടും സംഭരിക്കാനായില്ലെങ്കിൽ അതിനർഥം പല ഘടകങ്ങളാണ് ഇതിനു പിന്നിൽ വർത്തിക്കുന്നതെന്നു തന്നെയാണ്. അന്നത്തെ എൽ.ഡി.എഫ് സ്​ഥാനാർഥി പി.കെ. സൈനബയുടെ സ്​ഥാനാർഥിത്വം ഉൾക്കൊള്ളാൻ കഴിയാത്ത വലിയൊരു വിഭാഗം ലീഗ് വിരുദ്ധർ ഒരു ‘ബദൽ’ കണ്ടെത്തിയപ്പോഴാണ് നാസിറുദ്ദീൻ എളമരം ഇത്രയും വോട്ട് നേടുന്നത്. ഹാദിയ വിഷയത്തിൽ സംസ്​ഥാന പൊലീസ്​ സ്വീകരിച്ച നിലപാട് ആർ.എസ്​.എസിന് അനുകൂലമാണെന്നും വീട്ടുതടങ്കലിൽ കഴിയുന്ന ആ യുവതിയെ കാണാൻ ആരെയും അനുവദിക്കാത്ത പൊലീസ്​ സംഘ്പരിവാരത്തിന്  പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്നുമുള്ള ആരോപണം വൈകാരികമായി പ്രതിഫലനമുണ്ടാക്കാൻ പോന്നതാണ്. അധികാരത്തിലിരിക്കുന്ന പാർട്ടിക്കും മുന്നണിക്കും ഇത്തരം സെൻസിറ്റിവായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്ത് ശതാവധാനതയും സൂക്ഷ്മതയും അനിവാര്യമാണെന്നും എന്നാൽ മാത്രമേ ‘പരിമിതികളില്ലാത്ത പ്രചാരണങ്ങളെ’ നിർവീര്യമാക്കാൻ സാധിക്കുകയുള്ളൂവെന്നും വേങ്ങര ഓർമപ്പെടുത്തുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തി​​​െൻറ യശസ്സ് കൂട്ടുന്നത് രണ്ടുതരത്തിലാണ്. ഒന്ന്, ദേശീയരാഷ്​​ട്രീയത്തിലെ പുതിയ പ്രവണതകളോട് സക്രിയമായി പ്രതികരിക്കാൻ പരമ്പരാഗത കെട്ടുപാടുകൾ കുടഞ്ഞുമാറ്റി, മലപ്പുറത്തെ പ്രബുദ്ധ വോട്ടർമാർ മുന്നോട്ടുവരുന്നു എന്നതാണ്. രണ്ട്: അധികാരരാഷ്​​ട്രീയത്തി​​​െൻറ ഒത്താശകളോടെ കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്ന ഹിന്ദുത്വരാഷ്​​ട്രീയ തന്ത്രങ്ങളെ നിരാകരിക്കുന്നതിൽ പ്രദർശിപ്പിക്കുന്ന ആർജവം രാജ്യത്തിനുതന്നെ വഴികാട്ടിയാവുന്നു എന്നതും. വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനരക്ഷായാത്രയെ ഏറ്റവും അധമമായ രീതിയിൽ വർഗീയധ്രുവീകരണത്തിന് ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ മണ്ഡലത്തിലെ ഹൈന്ദവവോട്ടർമാർ കാണിച്ച മതേതര പ്രതിബദ്ധത തങ്കലിപികളിൽ കുറിച്ചിടപ്പെടേണ്ടതാണ്. 34,000 ഹിന്ദുവോട്ടർമാരുള്ള മണ്ഡലത്തിൽ പുതുതായി ഒരാൾപോലും താമരക്ക് വോട്ട് ചെയ്യാൻ മുന്നോട്ടുവന്നില്ല എന്നാണ് ഫലം തെളിയിക്കുന്നത്. 2016ൽ ബി.ജെ.പി സ്​ഥാനാർഥി നേടിയ 7055 വോട്ട് പോലും നിലനിർത്താനായില്ല. കുമ്മനത്തി​​​െൻറ ജനരക്ഷായാത്ര വേങ്ങരയിലേക്ക് തിരിച്ചുവിട്ടിട്ടും 1921ൽ അരങ്ങേറിയത്​ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന്​ വിടുവായത്തം വിളമ്പിയിട്ടും കേന്ദ്രമന്ത്രിമാരും നേതാക്കളും മലപ്പുറത്ത് അലഞ്ഞുതിരിഞ്ഞിട്ടുമൊന്നും ജനമനസ്സ് ഇളക്കാനായില്ല. ആ നിലക്ക് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്ക് മാത്രമല്ല,  സംസ്​ഥാനത്ത് സാമുദായിക മൈത്രിയും പാരസ്​പര്യവുമൊക്കെ നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവർക്കും വ്യക്തമായ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. കേവലം വാചാടോപങ്ങൾ കൊണ്ട് ജനമനസ്സ് കീഴടക്കാനാവില്ലെന്നും ചെയ്തിയും ചൊല്ലും തമ്മിലെ അന്തരം ഗ്രഹിച്ചെടുക്കാൻ പ്രാപ്തമായ ജനാധിപത്യസമൂഹമാണ് കേരളത്തിലേതെന്നും  ആരും വിസ്​മരിച്ചുപോകരുത്.

Tags:    
News Summary - Ottappalam And Vengara - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.