ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാകുന്നതോടെ അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാവുക. ശാസ്ത്രം, ഭാഷ, ഹ്യുമാനിറ്റീസ്, കല എന്ന വേർകൃത്യമില്ലാതെ വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുത്ത് പഠിക്കാം.
അതിന്റെ അടിസ്ഥാനത്തിൽ നേടുന്ന ക്രെഡിറ്റിലൂടെ നാലുവർഷം നീളുന്ന ബിരുദപഠനം പൂർത്തിയാക്കുകയോ ഒന്നാം വർഷം മുതൽതന്നെ നേടുന്ന ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി എന്നിവ നേടുകയോ ചെയ്യാം.
തൊണ്ണൂറുകൾ തുടങ്ങി കഴിഞ്ഞ 30 വർഷങ്ങൾ പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ പഠനാഭിരുചികൾ ഏറെ മാറിയിട്ടുണ്ട് എന്നു കാണാനാകും. തൊണ്ണൂറുകളുടെ പകുതി കഴിയുമ്പോൾ എൻജിനീയറിങ് കോളജുകൾ സ്വകാര്യ മേഖലയിൽ തുടങ്ങുകയും മുമ്പ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികളിൽ വലിയപങ്ക് അങ്ങോട്ട് ഒഴുകുകയും ചെയ്തു.
എൻജിനീയറിങ്ങിനെ അപേക്ഷിച്ച് കുറവെങ്കിലും മെഡിക്കൽ, നഴ്സിങ്, നിയമ രംഗങ്ങളിലും സ്വകാര്യ കോളജുകൾ നിലവിൽവരുകയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് വിദ്യാർഥികൾ അവ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രഫഷനൽ കോളജുകളിൽ സീറ്റ് നേടാൻ കോച്ചിങ് നിലവിൽവരുകയും മധ്യവർഗം ഇത്തരം കോഴ്സുകളുടെ പിന്നാലെ പായുകയുംചെയ്ത സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസം നൽകുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകളിലെത്തുന്ന വിദ്യാർഥിസമൂഹത്തിന് മാറ്റം വന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലും സമാനമായ മാറ്റങ്ങൾ സംഭവിച്ചു. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുമുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനുമുമ്പ് ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളും വളരെക്കുറച്ച് മാത്രം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഉണ്ടായിരുന്ന സ്ഥാനത്ത് കൂണുപോലെ സി.ബി.എസ്.ഇ സ്കൂളുകൾ തുടങ്ങുകയും സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ പഠിച്ചിരുന്ന, പ്രൈവറ്റ് വിദ്യാഭ്യാസം വിലനൽകി വാങ്ങാൻകഴിയുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ ഇത്തരം സ്കൂളുകളിലേക്ക് കുട്ടികളെ വിടുകയും ചെയ്തു.
ചെറിയ വരുമാനക്കാരായ കുടുംബങ്ങളും ഈ പ്രവണത അനുകരിച്ചതോടെ ഗവൺമെന്റ് സ്കൂളുകളിൽ വിദ്യാർഥികൾ എത്താത്ത സാഹചര്യമുണ്ടായി. വിദ്യാർഥിയുടെ പഠനമികവ് കുടുംബത്തിന്റെ വിദ്യാഭ്യാസ വാങ്ങൽ ശേഷിക്കനുസരിച്ച് ആവുകയും എൻജിനീയറിങ്, മെഡിക്കൽ, നിയമപഠനത്തിനുള്ള അഡ്മിഷൻ വിദ്യാർഥികൾ കോച്ചിങ് മുഖാന്തരം നേടാൻ തുടങ്ങുകയും ചെയ്തതോടെ പ്രഫഷനൽ വിദ്യാഭ്യാസം ഏറെ പണച്ചെലവുള്ള ഏർപ്പാടായിത്തീരുകയും ചെയ്തു.
ആർട്സ്, സയൻസ് വിഷയങ്ങൾ സ്വന്തം താൽപര്യപ്രകാരം പഠിക്കാൻവരുന്ന ചെറിയൊരു വിഭാഗം വിദ്യാർഥികളെ മാറ്റിനിർത്തിയാൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർഥികൾ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ മതവും ജാതിയുമായും ബന്ധപ്പെടുത്തിയാണ് വായിക്കേണ്ടത്.
എൻ.ഇ.പി 2020 നടപ്പിൽവരുന്നതോടെ പഠിക്കേണ്ടുന്ന കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്തമായി മാറും. ഓരോ വിദ്യാർഥിയും തനിക്ക് ഏറ്റവും യോജിച്ച കോഴ്സ് പഠിച്ച് നേടുന്ന ഗ്രേഡ് പോയന്റുകൾ കൂട്ടിയാണ് ബിരുദയോഗ്യത നേടേണ്ടത്.
വിപണിക്ക് ആവശ്യമായ തൊഴിൽ നൈപുണ്യം ആർജിക്കാൻ കഴിയുന്ന കോഴ്സുകൾക്ക് ചെലവേറുമെന്നതിനാൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് ഇവ അപ്രാപ്യമാകും. ഉന്നത വിദ്യാഭ്യാസം നേടാനായി വിദേശ രാജ്യങ്ങളിൽ കുടിയേറുന്ന വിദ്യാർഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വിദേശ യൂനിവേഴ്സിറ്റികൾക്കു കീഴിലെ കോഴ്സുകൾ തുടങ്ങുന്നത് സഹായിച്ചേക്കുമെങ്കിലും നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ കാമ്പസിനുള്ളിൽ ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാൻ സാധിക്കാതെ പകച്ചുനിൽക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ കാമ്പസിൽ പ്രവേശിച്ചുകഴിഞ്ഞാൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന തുല്യമായ അവസരം നിഷേധിക്കപ്പെടും. സംവരണം സംബന്ധിച്ച് കൃത്യമായ ഭരണഘടനാവ്യവസ്ഥകളുണ്ടായിട്ടും അവയെല്ലാം ലംഘിച്ച് ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്ന് ദലിത്-ആദിവാസി- മുസ്ലിം വിദ്യാർഥികളെ അകറ്റുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്ന കാലത്ത്, ഫീസ് സ്വയം നിശ്ചയിക്കുന്ന, സംവരണം പാലിക്കേണ്ടാത്ത വിദേശ യൂനിവേഴ്സിറ്റികൾ പിന്നാക്ക-മത ന്യൂനപക്ഷ, ദലിത്-ആദിവാസി സമൂഹങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എത്രമാത്രം അകലെയായിരിക്കുമെന്നത് ഒരുപാട് വിശദീകരിക്കേണ്ടതില്ലല്ലോ.
എൻ.ഇ.പി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി യു.ജി.സി തയാറാക്കിയ കരിക്കുലം ആൻഡ് ക്രെഡിറ്റ് ഫ്രെയിംവർക് ഫോർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം (CCFUP) ഭാഷാ പഠനത്തിനുള്ള ക്രെഡിറ്റ് ഗണ്യമായി കുറച്ചിട്ടുണ്ട്. മൂന്നുവർഷം നീളുന്ന ബിരുദ പഠനത്തിൽ മൊത്തം ക്രെഡിറ്റിന്റെ 32 ശതമാനം ഇംഗ്ലീഷും രണ്ടാം ഭാഷയും പഠിക്കുന്നതിലൂടെ വിദ്യാർഥികൾ നേടിവരുന്ന കേരളത്തിലെ നിലവിലെ സാഹചര്യത്തിൽനിന്ന് കേവലം ആറു ശതമാനം, അഥവാ മൊത്തം ക്രെഡിറ്റിന്റെ പതിനാറിലൊന്ന് മാത്രമേ ഭാഷാവിഷയ പഠനത്തിലൂടെ നേടാൻ കഴിയൂ എന്ന സാഹചര്യമാണ് സി.സി.എഫ്.യു.പി നിലവിൽവരുന്നതോടെ സംജാതമാകുന്നത്.
മൂന്നിലൊന്നും പതിനാറിൽ ഒന്നും തമ്മിൽ വലിയ അന്തരമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള ഭാഷാധ്യാപകരിൽ മൂന്നിലൊന്നുപേരെ മാത്രമേ ഇനി വേണ്ടിവരൂ എന്നാണ് നിലവിലെ വിലയിരുത്തൽ.
ബിരുദപഠനത്തിൽ നിലവിൽ മൂന്നിലൊന്ന് ക്രെഡിറ്റ് ഉള്ള ഭാഷാവിഷയങ്ങൾ കമ്യൂണിക്കേഷൻ സ്കില്ലുകളിൽ ഊന്നിയുള്ള പഠനം മാത്രമല്ല നൽകുന്നത്. കറുത്ത വർഗക്കാർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, ദലിതർ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ അരികുവൽകരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് സൂക്ഷ്മമായി നോക്കുന്ന കഥകളും കവിതകളും ലേഖനങ്ങളും നാടകങ്ങളും വിദ്യാർഥികൾ പഠിക്കുന്നു. ലിംഗനീതി സംബന്ധിയായ വിഷയങ്ങളിൽ അവബോധം നൽകുന്ന കോഴ്സും ഉണ്ട്.
മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ചൂഷണാത്മകമായ ഇടപെടലുകളുടെ ഭവിഷ്യത്തുകൾ വിദ്യാർഥികൾ ഗ്രഹിക്കുംവിധമുള്ള കോഴ്സുമുണ്ട്. ഭാഷാവിഷയങ്ങളുടെ പഠനത്തിലൂടെ വിദ്യാർഥികൾ ആശയവിനിമയ പാടവം നേടുന്നതിനൊപ്പം വിമർശന ബുദ്ധിയോടെ ചിന്തിക്കുന്ന, പൗരബോധമുള്ള സമൂഹമായി മാറുന്നു. ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ ഇവരാണ് മുന്നിട്ടിറങ്ങുന്നത്.
ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാർഥി സമൂഹം ഉയർന്ന സാമൂഹിക ബോധമുള്ളവരാണ്. വർഗീയ സംഘട്ടനങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യ നിഷേധം, ആൾക്കൂട്ട കൊലപാതകങ്ങൾ, സി.എ.എ-എൻ.ആർ.സി, കാർഷിക ബില്ലുകൾ സംബന്ധിയായ വിഷയങ്ങൾ ഉയർന്നപ്പോൾ വിദ്യാർഥികൾ ഈവിധം സാമൂഹിക, സാംസ്കാരിക ഔന്നത്യം ഉള്ളവരായി, രാഷ്ട്രീയബോധമുള്ളവരായി തെരുവിൽ ഇറങ്ങിയത് നമ്മൾ കണ്ടു. അവരെ രൂപപ്പെടുത്തുന്നതിൽ ഭാഷ ഉൾപ്പെടെയുള്ള മാനവിക വിഷയങ്ങളുടെ പഠനത്തിനുള്ള സ്വാധീനം വലുതാണ്.
ഇന്ത്യയിലെ വിദ്യാർഥികൾ പഠനം പൂർത്തീകരിച്ച് തൊഴിൽമേഖലയിൽ പ്രവേശനം നേടാൻ യോഗ്യരായി മാറേണ്ടതുണ്ട്. അത് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്നവരുടെ മാത്രം കാര്യമല്ല. എൻജിനീയറിങ്, മെഡിക്കൽ, നഴ്സിങ്, നിയമം തുടങ്ങി എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്.
എൻജിനീയറിങ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾ ബാങ്കിങ് മേഖലയിൽ ചെറിയ ജോലികൾ തേടുന്ന വിചിത്ര സാഹചര്യം നിലനിൽക്കുന്നുണ്ട്. തുച്ഛശമ്പളത്തിൽ ജോലി ചെയ്യുകയോ തൊഴിൽ നേടാനാകാതെ നട്ടംതിരിയുകയോ ചെയ്യുന്ന എൻജിനീയർമാരും ഉണ്ട്. നഴ്സിങ്, നിയമം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
നിലവിലെ പരിഷ്കാരങ്ങൾ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ടൂളുകളായി വിദ്യാർഥികളെ ചുരുക്കി ഒതുക്കുന്ന വിദ്യാഭ്യാസം നൽകുന്നതിന് കാരണമാകും. സാമ്പത്തികമായും ജാതീയമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങൾ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽനിന്ന് പുറത്താകും. ഇപ്പോഴത്തെ അവസ്ഥകൾ മനസ്സിലാക്കാൻ അധ്യാപകരെയും വിദ്യാർഥികളെയും ഭാഗഭാക്കാക്കിയുള്ള പഠനങ്ങൾ നടത്തുകയാണ് വേണ്ടത്.
കാമ്പസുകളിൽ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്ന വിദ്യാർഥികളെയും അധ്യാപകരെയും വിശ്വാസത്തിലെടുത്ത് കൂട്ടായി ആലോചിച്ച് പരിഷ്കരണങ്ങൾ നടത്തുകയും വിപണിയുടെ ചൂഷണത്തിന് വിദ്യാർഥികളെ എറിഞ്ഞുകൊടുക്കുന്നതിനും ജാതീയമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്താക്കുന്നതിനും പകരം, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവാക്കാൻ സർക്കാർ തയാറാകണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ മുൻകൈ എടുക്കുകയും വേണം.
(പാലാ ഗവ. പോളിടെക്നിക് കോളജിൽ അസി. പ്രഫസറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.