വർഗീയ വിദ്വേഷവും ഇക്കിളി വാർത്തകളും ആഭാസ വർത്തമാനങ്ങളും നിറച്ച് റീച്ച് കൂട്ടുന്ന ശൈലി പയറ്റുന്ന മാധ്യമങ്ങൾ ഓൺലൈൻ രംഗത്തെയും അധഃപതിപ്പിച്ചു. ബ്ലാക്മെയിൽ മാധ്യമപ്രവർത്തനത്തിന് കുപ്രസിദ്ധി നേടിയവരും അശ്ലീല വർത്തമാനങ്ങളും ഗോഷ്ഠികളും കൊണ്ട് ആരാധകവൃന്ദത്തെ സ്വന്തമാക്കുന്നവരുമെല്ലാം തങ്ങളാണ് ഓൺലൈൻ മാധ്യമ ലോകത്തെ താരങ്ങൾ എന്നൊരു പ്രതീതി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്
പരമ്പരാഗത മാധ്യമപ്രവർത്തനം അതിശക്തമായ രീതിയിൽ മുന്നേറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്രമാരണ നിയമങ്ങളെയും തടവറയെയും ഭയക്കാതെ പേനകൊണ്ട് പൊരുതിയ ഒട്ടേറെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇവിടെയുണ്ടായി. അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ അവർ നിരന്തരമെഴുതി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അവർ കാവലാളുകളായി.
മറ്റുമേഖലകളിലെന്നപോലെ മാധ്യമരംഗത്തും കോർപറേറ്റ് വത്കരണം വ്യാപിച്ചതോടെ ജനാധിപത്യത്തിന്റെ നാലാം തൂണിന് തുരുമ്പ് പിടിക്കാൻ തുടങ്ങി. ഭരണകൂടത്തിന്റെയും ചങ്ങാതി മുതലാളിമാരുടെയും മെഗാഫോണുകളായ മാധ്യമങ്ങൾ പൊതുജനാഭിപ്രായവും പൊതുബോധവും തീരുമാനിക്കുന്ന സ്ഥിതിവന്നു.
ഗോദി മീഡിയ (മടിത്തട്ട് മാധ്യമങ്ങൾ) എന്ന ഗണത്തിലല്ലാത്ത അച്ചടി-ദൃശ്യമാധ്യമങ്ങളെ വിരലിലെണ്ണിയെടുക്കാവുന്ന അവസ്ഥയാണ്. എതിർ ശബ്ദമുയർത്തുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്ന ഭരണകൂടനടപടി ശക്തമായതോടെ രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യസൂചിക കൂപ്പുകുത്തി.
സൈബർ ഇടത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്ന മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരുപാടുണ്ടായി. ചെറുഗ്രാമങ്ങളിലെ വാർത്തകൾ പങ്കുവെക്കാൻ വരെ വെബ്സൈറ്റുകളുണ്ടിന്ന്.േവ്ലാഗിങ് ജനകീയമായതോടെ ഓരോ മുക്കുമൂലകളും വാർത്ത കേന്ദ്രങ്ങളായി.
എൻ.ഡി.ടി.വിയിലെ താരമായിരുന്ന ബർഖ ദത്തും ഇന്ത്യൻ എക്സ്പ്രസ് എഡിറ്ററായിരുന്ന ശേഖർ ഗുപ്തയുമെല്ലാം തട്ടകം ഓൺലൈനിലേക്ക് മാറ്റി. വർഗീയ വിദ്വേഷവും ഇക്കിളി വാർത്തകളും ആഭാസ വർത്തമാനങ്ങളും നിറച്ച് റീച്ച് കൂട്ടുന്ന ശൈലി പയറ്റുന്ന മാധ്യമങ്ങൾ ഓൺലൈൻ രംഗത്തെയും അധഃപതിപ്പിച്ചു.
ബ്ലാക്മെയിൽ മാധ്യമ പ്രവർത്തനത്തിന് കുപ്രസിദ്ധി നേടിയവരും അശ്ലീല വർത്തമാനങ്ങളും ഗോഷ്ഠികളും കൊണ്ട് ആരാധകവൃന്ദത്തെ സ്വന്തമാക്കുന്നവരുമെല്ലാം തങ്ങളാണ് ഓൺലൈൻ മാധ്യമ ലോകത്തെ താരങ്ങൾ എന്നൊരു പ്രതീതി സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ സത്യം കണ്ടെത്തുന്നതിലും ധൈര്യപൂർവം അത് വിളിച്ചുപറയുന്നതിലും മികവുകാണിച്ച ഏതാനും സമാന്തര മാധ്യമപ്രവർത്തകരെക്കുറിച്ച് പറയുവാനാണ് ഈ കുറിപ്പ്. ‘കേരള സ്റ്റോറി’ ചർച്ച രാജ്യമെങ്ങും ചൂടുപിടിക്കവെ ആ സിനിമയെ പൊളിച്ചടുക്കി ധ്രുവ് രാഥി (Dhruv Rathee) എന്ന യൂട്യൂബ൪ പുറത്തുവിട്ട വിഡിയോ ‘The Reality of Kerala Story’ ഒരു മാസം കൊണ്ട് 18 ദശലക്ഷം പേരാണ് കണ്ടത്.
ഇന്ത്യയില്‍ അടുത്തകാലത്തൊന്നും ഒരു സീരിയസ് വിഡിയോ ഇത്രയധികം പേർ കണ്ടിട്ടുണ്ടോയെന്നത് സംശയമാണ്. നന്നായി ഗവേഷണം ചെയ്ത്, കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ വിഷയത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് തയാറാക്കിയ വിഡിയോക്കെതിരെ വലിയ രൂപത്തിലെ എതിർപ്പുകൾ സംഘ്പരിവാർ അനുകൂലികളില്‍ നിന്നുണ്ടായി.
അത്തരം എതിർപ്പുകളുടെ പൊള്ളത്തരങ്ങളെ വീണ്ടുമൊരു വിഡിയോയിലൂടെയാണ് അദ്ദേഹം തുറന്നുകാണിച്ചത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള സ്വതന്ത്ര യൂട്യൂബറാണ് രാഥിയെന്ന് നിസ്സംശയം പറയാം (എല്ലാ ചാനലുകളിലും കൂടി 15.17 മില്യണ്‍ സബ് സ്ക്രൈബേഴ്സും മൊത്തം 2.68 ബില്യണ്‍ വ്യൂവേഴ്സും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് പോലും 15 മില്യണ്‍ സബ് സ്ക്രൈബേഴ്സാണുള്ളതെന്ന് ഓർക്കുക). ഹരിയാനയില്‍ ജനിച്ച്, വിദ്യാഭ്യാസത്തിനായി ജർമനിയിലേക്ക് ചേക്കേറിയ രാഥി ഇപ്പോള്‍ അവിടെയാണ് സ്ഥിരതാമസം. 2013 മുതല്‍ ചെറിയ യാത്രാ വിഡിയോകള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം.
മോദി അധികാരത്തിലേറിയ 2014 മുതല്‍ വിവിധ സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളില്‍ വിഡിയോകള്‍ ചെയ്യാനാരംഭിച്ചു. ജർമനിയിലെ കാള്‍സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദവും റിന്യൂവബിള്‍ എനർജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇപ്പോള്‍ മുഴുസമയ യൂട്യൂബറാണ്.
ഉറി ആക്രമണം, അതേ വർഷം തന്നെ ഇന്ത്യ-പാക് നിയന്ത്രണ രേഖയിലുണ്ടായ ആക്രമണം, നോട്ട് നിരോധനം, പുൽവാമ സംഭവത്തെ കുറിച്ച സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയവയൊക്കെ രാഥിയുടെ വിഡിയോകൾക്ക് വിഷയമായി. സംഘ്പരിവാറിനും ഗോദി മീഡിയക്കും രാഥി എത്രമാത്രം തലവേദന സൃഷ്ടിക്കുന്നുവെന്നറിയാൻ അർണബ് ഗോസ്വാമിയെ പോലുള്ളവർ ഇദ്ദേഹത്തിനെതിരെ ഉറഞ്ഞു തുള്ളുന്ന വിഡിയോകൾ കണ്ടാൽ മതിയാകും.
രാഥിയുടെ അത്ര തന്നെ വരിക്കാരില്ലെങ്കിലും നിർഭയം നിരന്തരം ഭരണകൂടത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്ന യൂട്യൂബർ ആണ് ‘ദേശ്ഭക്ത് ബാനർജി’ എന്നറിയപ്പെടുന്ന ആകാശ് ബാനർജി. ഉത്തർ പ്രദേശിലെ ലഖ്നോ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ് സ്ഥിരതാമസം.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും ജനപക്ഷത്ത് നിന്ന് ചോദ്യം ചെയ്യുകയാണ് തന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ ഡിജിറ്റൽ തലമുറക്ക് വേണ്ടി അവരുടെ ഭാഷയിൽ സംസാരിക്കുകയും എന്തിനെയും ഏതിനെയും യുക്തിപൂർവം ചോദ്യം ചെയ്യുകയെന്നതുമാണ് ലക്ഷ്യം.
മുഖ്യധാര മാധ്യമങ്ങൾ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ ശക്തമായ ഭാഷയിൽ ഉന്നയിക്കുന്ന സ്ഥിരം വിഡിയോകൾക്ക് പുറമെ ആക്ഷേപഹാസ്യ വിഡിയോകളും ‘ദേശ്ഭക്ത്’ (The Deshbakt) എന്ന യൂട്യൂബ് ചാനലിലൂടെ ബാനർജി പുറത്തുവിടുന്നു. ഏതാണ്ട് 3.11 മില്യണിലധികം വരിക്കാർ ഇപ്പോൾ അദ്ദേഹത്തിനുണ്ട്.
അദാനി ഗ്രൂപ് കൈയടക്കിയതിനെ തുടർന്ന് എൻ.ഡി ടി.വി വിടേണ്ടിവന്ന രവീഷ് കുമാറാണ് യൂട്യൂബിലേക്ക് വഴിമാറിയ മറ്റൊരു മാധ്യമപ്രവ൪ത്തകൻ. ഇപ്പോള്‍ ആറ് മില്യണ്‍ വരിക്കാരുള്ള അദ്ദേഹത്തിന്റെ Ravish Kumar Official ചാനലിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ പുതിയ വാർത്താവലോകന വിഡിയോകളുമായെത്തുന്ന രവീഷിന് മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ പ്രേക്ഷകരും സ്വീകാര്യതയും വിശ്വാസ്യതയുമുണ്ട്.
ദീർഘകാലം എ൯ഡി ടി.വിയില്‍ സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററായിരിക്കുകയും പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കീ ബാത്ത് തുടങ്ങി വൻ ജനപ്രീതിയുണ്ടായിരുന്ന പ്രോഗ്രാമുകള്‍ക്ക് ആതിഥ്യം വഹിക്കുകയും ചെയ്തിരുന്ന രവീഷിന് അതേ സ്വീകാര്യത സമൂഹമാധ്യമത്തിലും ലഭിക്കുന്നു.
മികച്ച പത്രപ്രവർത്തനത്തിന് വിഖ്യാതമായ മഗ്സസെ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹത്തിന് സാധാരണ ജനങ്ങളുടെ സ്നേഹത്തിനൊപ്പം എതിരാളികളിൽ നിന്ന് നിരന്തരം വധഭീഷണികളും ലഭിക്കുന്നുണ്ട്.
‘ന്യൂസ് ലോണ്ട്രി’ (Newslaundry.com) എന്ന വാർത്താധിഷ്ഠിത വെബ്സൈറ്റിന്റെ യൂട്യൂബ് ചാനലിൽ സമകാലീന ഇന്ത്യൻ മാധ്യമങ്ങളുടെ പരിതോവസ്ഥകളെ വിശകലനം ചെയ്യുന്ന TV Newsance എന്ന ആക്ഷേപഹാസ്യ പരിപാടിയാണ് മനീഷ പാണ്ഡെക്ക് ജനപ്രീതി നേടിക്കൊടുത്തത്.
മുഖ്യധാര മാധ്യമങ്ങളിലെ പ്രൈം ടൈം ആങ്കർമാരുടെ ഭരണകൂട വിധേയത്വത്തെ ഇവർ കണക്കിന് കളിയാക്കുന്നു. ‘Stay Mad’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമകാലിക ഇന്ത്യൻ അവസ്ഥകളെ മറികടക്കാൻ ഒരൽപം ഭ്രാന്ത് ആവശ്യമെന്നാണ് അവർ പ്രേക്ഷകരെ ഉദ്ബോധിപ്പിക്കുന്നത്.
സംഘ് അനുകൂലികൾ ഉൽപാദിപ്പിക്കുന്ന വ്യാജ വാർത്തകൾ പൊളിച്ചടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ‘ആൾട്ട് ന്യൂസ്’ സ്ഥാപകൻ മുഹമ്മദ് സുബൈർ, സാക്ഷി ജോഷി തുടങ്ങിയവരും ഈ ഗണത്തിൽ എണ്ണപ്പെടേണ്ടവരാണ്. കൂടാതെ ചെറുതും വലുതുമായ വേറെയും വ്ലോഗർമാരും കൊമേഡിയന്മാരും ഇതേ സന്ദേശം വലിയ അളവിൽ സധൈര്യം പ്രസരിപ്പിക്കുന്നുണ്ട്.
-tajaluva@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.