പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ പാലാ ബിഷപ് നടത്തിയ നാർകോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണ്. അത് ഏറ്റവും വലിയ ഭീഷണിയായി തീരുന്നതു കേരളത്തിലെ ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവികസംസ്കാരത്തിനാണ്.
ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളെ തകർക്കാനും അവയിലെ യുവതീയുവാക്കളെ നാർകോട്ടിക് കെണിയിൽ വീഴ്ത്തി ജിഹാദികളാക്കാനും മുസ്ലിം ജിഹാദികൾ നാർകോട്ടിക് ജിഹാദ് എന്നൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞുവത്രേ.
ലവ് ജിഹാദ് വേറെയുണ്ട് . അത് ആദ്യം വന്നു.സംഘ്പരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലവ് ജിഹാദ്. അതായത്, മുസ്ലിം യുവാക്കൾ ആസൂത്രിതമായി ഹിന്ദു-ക്രൈസ്തവ യുവതികളോട് പ്രണയം നടിച്ച് അവരെ മതംമാറ്റി കല്യാണം കഴിച്ചു ജിഹാദികൾ ആക്കുന്നു. ഒരു പക്ഷേ, അത്തരം സംഭവങ്ങൾ നടന്നിരിക്കാം. കാരണം, എല്ലാ മതങ്ങളിലും മതംമാറ്റം നല്ല വരുമാനമുള്ള ഇടപാടാണ്. ജിഹാദിനു പോയി എന്നു പറയപ്പെടുന്ന പെൺകുട്ടികൾ ഇതിൽ പെട്ടവരായിരിക്കാം. പക്ഷേ, ഇത്തരം സംഭവങ്ങളുടെ- വളരെ അനായാസം ചെയ്യാവുന്ന - ഒരു കണക്കെടുപ്പ് നടത്തി പ്രസിദ്ധപ്പെടുത്താൻ സംഘപരിവാരമോ ക്രൈസ്തവ മേലധ്യക്ഷന്മാരോ മാധ്യമങ്ങളോ ശ്രമിച്ചതായി കണ്ടിട്ടില്ല. അതുകൊണ്ടു ലവ് ജിഹാദ് മറ്റൊരു തുമ്പില്ലാത്ത കഥയായി അവശേഷിക്കുന്നു.
എന്നാലൊരു പ്രശ്നമുണ്ട്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ അവരെ മതംമാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവൃത്തിയെ നാം എന്തു വിളിക്കും? ലവ് ധർമയുദ്ധം? ലവ് കുരിശുയുദ്ധം? എെൻറ കുടുംബത്തിൽതന്നെ ഒരു യുവതലമുറക്കാരൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്.
എെൻറ രണ്ടു മലയാളി മുസ്ലിം സുഹൃത്തുക്കളുടെ പെൺമക്കളിലൊരാളെ ഒരു യു.പി ബ്രാഹ്മണനും മറ്റൊരാളെ ഒരു മാർവാഡിയുമാണ് വിവാഹം ചെയ്തത്. മുസ്ലിമിനെ വിവാഹം ചെയ്ത ജോർജ് ഫെർണാണ്ടസ് ബി.ജെ.പിയുടെ കണ്ണിലുണ്ണിയായിരുന്നു. എെൻറ അറിവ് ശരിയാണെങ്കിൽ ബിഹാറിലെ ബി.ജെ.പിക്കാരനായ മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ സുശീൽ മോഡിയുടെ ഭാര്യ കേരള ക്രിസ്ത്യാനിയാണ്. ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. പാലാ ബിഷപ്പിെൻറയും സംഘ്പരിവാറിെൻറയും കണ്ണിൽ മുസ്ലിം യുവാക്കൾക്ക് മാത്രമാണ് മിശ്രവിവാഹം നിഷിദ്ധം. ഇവർ മുസ്ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്നു സംശയിച്ചുപോകുന്നു.
മതംമാറ്റത്തിന് പല സ്രോതസ്സുകളിൽനിന്നും ലഭിക്കുന്ന പ്രതിഫലത്തിനുവേണ്ടി മതംമാറ്റിക്കൽ തൊഴിലിലേർപ്പെട്ടിരിക്കുന്ന കീടജന്മങ്ങൾ നമ്മുടെ മൂന്നു മതങ്ങളിലും ഉണ്ട്. അവർ അത്ര പരമരഹസ്യമായൊന്നുമല്ല ഈ ഹീനകൃത്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിഷപ് ഒരു വിരൽ മുസ്ലിംകൾക്കുനേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിനു നേരെയും ചൂണ്ടപ്പെടുന്നത്.
ലവ് ജിഹാദിനെ ഒരു ജീവന്മരണപ്രശ്നമായി ബിഷപ് ഉയർത്തിക്കാണിക്കുമ്പോഴും പത്രവാർത്തകളനുസരിച്ചു, അദ്ദേഹം തന്നെ ഉദാഹരണമായി അവതരിപ്പിക്കുന്നത് ജിഹാദികളായിത്തീർന്നു എന്നു പറയപ്പെടുന്ന ഒരു ക്രിസ്ത്യൻ യുവതിയെയും ഒരു ഹിന്ദു യുവതിയെയും മാത്രമാണ്. രണ്ടല്ല അങ്ങനെയുള്ള ഇരുപതു ജിഹാദികൾ ഉണ്ടെന്നു വെക്കുക. ഏതു മതത്തിലാണ് ഇരുപതു പമ്പരവിഡ്ഢികൾ ഇല്ലാത്തത്? ബിഷപ്പിെൻറ സ്വന്തം മതത്തിലും ഹിന്ദുമതത്തിലും അവരുടെ സ്വന്തം 'ജിഹാദി'കളെ എണ്ണി നോക്കുന്നത് വിജ്ഞാനപ്രദമായിരിക്കും.
എന്നാൽ, ഇത്രയും ലളിതമല്ല ബിഷപ് നടത്തിയ നാർകോട്ടിക് പരാമർശം. നാർകോട്ടിക് ഉപയോഗം ലോകമൊട്ടാകെ ഗുരുതരമായ കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും വധമാണ് ശിക്ഷ. ഒരുപക്ഷേ, ലോകത്തിൽ ഏറ്റവുമധികം ധനം കുമിഞ്ഞു കൂടുന്ന അധോലോകവ്യവസായമാണ് നാർകോട്ടിക്സ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചതുപോലെ അതിന് ഏതെങ്കിലുമൊരു മതത്തിെൻറ നിറമില്ല. സർവമതങ്ങളും ജാതികളും അതിലുണ്ട്.
പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ബിഷപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ജിഹാദികൾ ഐസ്ക്രീം പാർലറുകളും ഹോട്ടലുകളും ജ്യൂസ് കടകളും നടത്തുന്നുവെന്നും നാർകോട്ടിക് പദാർഥങ്ങൾ ഭക്ഷണത്തിൽ കലർത്തി നൽകി അവിടെ ഭക്ഷണം കഴിക്കുന്ന അമുസ്ലിംകളെ നാശത്തിലേക്കു നയിക്കുന്നു എന്നുമാണ്.
പക്ഷേ, ജിഹാദിയായ ഒരു ഹോട്ടൽ ഉടമ അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ ആരാണ് മുസ്ലിം ആരാണ് അമുസ്ലിം എന്ന് എങ്ങനെ തിരിച്ചറിയും? എല്ലാ മുസ്ലിംകളും- പ്രത്യേകിച്ച് പുരുഷന്മാർ- മുസ്ലിം വേഷം അണിഞ്ഞിരിക്കണമെന്നില്ല എന്നിരിക്കെ മുസ്ലിംകൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽനിന്ന് എങ്ങനെ നാർകോട്ടിക്സ് ഒഴിവാക്കും? അതിനൊരു വഴി കണ്ടുപിടിച്ചു എന്നു െവക്കുക. എങ്കിൽ എല്ലാ ദിവസവും അവിടെ രണ്ടു മെനു ഉണ്ടായിരിക്കുമോ? നാർകോട്ടിക്സ് ഉള്ളതും ഇല്ലാത്തതും? അതോ മുസ്ലിംകളെയും കൂടി നശിപ്പിക്കാനാണോ ജിഹാദികളുടെ പുറപ്പാട്? എങ്കിൽ പിന്നെ അവർക്കു കൈവെക്കാൻ എന്താണുള്ളത്! ഒരു വല്ലാത്ത കൺഫ്യൂഷൻ തന്നെ.
ബിഷപ്പിെൻറ ആരോപണം ശരിയെങ്കിൽ ഒരു ഭക്ഷണശാലയിലും ഇനി ധൈര്യമായി കയറാൻ വയ്യ. ശ്രീകൃഷ്ണവിലാസം എന്നാണ് ഹോട്ടലിെൻറ പേരെങ്കിലും നടത്തുന്നത് ഒരു ജിഹാദി ആണെങ്കിലോ? എല്ലാ സമുദായങ്ങളുടെയും ഭക്ഷണശാലകളിൽ കയറുന്നവരാണ് മലയാളികൾ. പാവം അവർ ഏത് ഹോട്ടലാണ് ജിഹാദി നടത്തുന്നത് ഏതല്ല എന്ന് എങ്ങനെ തിരിച്ചറിയും? ഇക്കാലത്തു പേരുകൊണ്ടും മുസ്ലിം കടയെ തിരിച്ചറിയാൻ പറ്റില്ല.
ഒരു പക്ഷേ, ബിഷപ് ഉദ്ദേശിക്കുന്നത് മുസ്ലിം സ്ഥാപനങ്ങളുടെ മുന്നിൽ 'ഇത് മുസ്ലിം കടയാണ്, പക്ഷേ, ജിഹാദിയല്ല' എന്നൊരു ബോർഡ് തൂക്കണമെന്നായിരിക്കും. പണ്ട് നാസി ജർമനിയിൽ ഹിറ്റ്ലർ യഹൂദനിർമാർജനം ആരംഭിക്കുമ്പോൾ (60 ലക്ഷം യഹൂദരെ ആ യജ്ഞത്തിൽ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കി.) യഹൂദർ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും യഹൂദചിഹ്നമായ ദാവീദിെൻറ നക്ഷത്രം പതിക്കണം എന്നൊരു നിയമം കൊണ്ടുവന്നു - കൊലക്കു കൊണ്ടുപോകാൻ പിടികൂടാൻ സൗകര്യത്തിനുവേണ്ടി. ഓർമകൾ ഉണ്ടായിരിക്കണമല്ലോ.
ബിഷപ് തെൻറ നാർകോട്ടിക് ആരോപണങ്ങൾക്ക് തെളിവുനൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിനു മാത്രമല്ല കേരളത്തിന് ഒട്ടാകെ സഹായമായിരിക്കും. കാരണം, കേരളത്തിൽ ഒരു നാർകോട്ടിക്സ് പ്രതിഭാസം ഉണ്ട് എന്നതിനെപ്പറ്റി രണ്ടഭിപ്രായം ഉണ്ടാവാൻ വഴിയില്ല. ആരാണ് അതിെൻറ പിന്നിൽ എന്നതാണ് കണ്ടെത്തപ്പെടാതെയിരിക്കുന്നത്.
കേരളത്തിൽ കയറൂരി വിടുന്ന ഇസ്ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കാരണം കേരളത്തിെൻറ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികൾ ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേർ അഴിച്ചുവിടുന്ന ഇസ്ലാമോഫോബിയക്കു ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരിച്ചടിയുണ്ടായാൽ എന്തായിരിക്കും അതിെൻറ പ്രത്യാഘാതം? ഗൾഫ് പണത്തിന്മേൽ മലയാളികൾ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക് എന്തു സംഭവിക്കും? അവർ ശീലിച്ചു കഴിഞ്ഞ ജീവിതശൈലിക്ക് എന്തു സംഭവിക്കും? വെറുക്കപ്പെട്ട മുസ്ലിമിെൻറ പക്കൽനിന്ന് വന്നുചേർന്ന പണത്തിെൻറ പങ്കു പറ്റി കെട്ടിയുയർത്തിയ ക്രിസ്ത്യൻ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ചരിത്രാവശിഷ്ടങ്ങളെപോലെ ബാക്കിയുണ്ടാവും എന്ന് ആശിക്കാം.
മുസ്ലിം സമൂഹത്തിൽ ഗുരുതരമായ പ്രശ്നങ്ങളില്ല എന്നല്ല ഇതിെൻറ അർഥം. ആധുനികതക്കുവേണ്ടിയുള്ള അതിെൻറ അന്വേഷണത്തിന് വൻ പരിക്കേൽപിക്കപ്പെട്ടിട്ടുണ്ട്. മതപ്രാകൃതത്വത്തിലേക്കും മാനസികബന്ധനങ്ങളിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും അതിനെ ചവിട്ടിതാഴ്ത്തി അതിന്മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. മൗലികവാദികളുടെ പ്രേതശബ്ദങ്ങൾ ശ്രവിച്ചു ജിഹാദിനുപോയ നിർഭാഗ്യവ്യക്തികളുണ്ട്. അഫ്ഗാൻ ജനതയുടെ താലിബാൻ ദുരന്തത്തെ വിജയമായി കണ്ട് ആഘോഷിക്കുന്നവരുണ്ട്. ജുഗുപ്സാവഹമായ മതവിദ്വേഷം പ്രചരിപ്പിക്കുന്ന, ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്ന, സഭാപ്രസംഗകരുണ്ട്. എന്നാൽ, ഇതിനെയെല്ലാം അവഗണിച്ചു വിദ്യാസമ്പന്നവും പുരോഗമനോന്മുഖവുമായ ഒരു മുസ്ലിം യുവ തലമുറ ഉയർന്നുവരുന്നുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ.
വളരെ കാലം മുമ്പ് ഫലസ്തീനിലൂടെ പ്രസംഗം പറഞ്ഞുനടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു - അദ്ദേഹമാണ് നിങ്ങളുടെ ബ്രാൻഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓർമിച്ചിരുന്നെങ്കിൽ ഇത്രയും കടുത്ത പദങ്ങൾ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു കാര്യം ഇതാണ്:
'നീ ബലിപീഠത്തിങ്കൽ കാഴ്ച അർപ്പിക്കുമ്പോൾ നിെൻറ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ െവച്ച് ഓർമിക്കയാണെങ്കിൽ, കാഴ്ചവസ്തു ബലിപീഠത്തിെൻറ മുന്നിൽ െവച്ചിട്ട് പോകുക: ആദ്യം നിെൻറ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അർപ്പിക്കുക' (മത്തായി, 5, 23-25).
ബിഷപ് എന്നും ബലിപീഠത്തിങ്കൽ കാഴ്ചയർപ്പിക്കുന്ന ആളാണുതാനും.പക്ഷേ, ഒന്നും നേടാതെ കുരിശിൽ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തിൽ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതിൽ അദ്ഭുതമില്ല.
(12.09.2021ന് ഫേസ്ബുക്കിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.