പി.എഫ് പെൻഷൻ: നീതിവിധി ഇനി വൈകരുത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്കീമിൽ 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽവരുത്തിയ തൊഴിലാളിദ്രോഹ ഭേദഗതികൾ റദ്ദാക്കിക്കൊണ്ട് കേരള ഹൈകോടതി 2018 ഒക്ടോബർ 12ന് പുറപ്പെടുവിച്ച വിധി വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ അനേകലക്ഷം തൊഴിലാളികൾക്ക് ആശ്വാസം നൽകിയ കോടതിവിധിയായിരുന്നു. എന്നാൽ, വിധി വന്നിട്ട് നാലുകൊല്ലം തികയാറാകുമ്പോഴും അതിന്റെ ഗുണഫലങ്ങൾ തൊഴിലാളികൾക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ), കേന്ദ്രസർക്കാർ തൊഴിൽമന്ത്രാലയം എന്നിവയുടെ തൊഴിലാളിവിരുദ്ധ നിലപാടുകളാണ് അതിന് മുഖ്യകാരണം.

വിധിക്കെതിരെ നൽകിയ അപ്പീലുകൾ സുപ്രീംകോടതി തള്ളിയെങ്കിലും അതിനെതിരെ ഇ.പി.എഫ്.ഒയും കേന്ദ്രസർക്കാറിന്റെ തൊഴിൽമന്ത്രാലയവും പുനഃപരിശോധനാ ഹരജി നൽകിയത് നിയമനടപടികൾ അനേകവർഷം നീളാൻ കാരണമായി. 2021 ആഗസ്റ്റിൽ വിഷയം പരിഗണനക്കെടുത്ത രണ്ടംഗ ബെഞ്ച് ഈ കേസിലെ നിയമപ്രശ്നങ്ങൾ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കേണ്ടത് എന്ന പരാമർശം നടത്തുകയും അതനുസരിച്ച് ജ. യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രൂപവത്കരിക്കുകയും ചെയ്തു.

പിന്നീട് ഈ ബെഞ്ചിൽനിന്ന് പിന്മാറിയ എസ്. രവീന്ദ്രഭട്ടിന് പകരം പുതിയ ബെഞ്ച് രൂപവത്കരിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇരുഭാഗത്തെയും വാദങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീംകോടതി നടപടിയെടുത്തത്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നത് പെൻഷൻ പദ്ധതിതന്നെ അവതാളത്തിലാക്കുമെന്ന് ഇ.പി.എഫ്.ഒയുടെയും കേന്ദ്രസർക്കാറിന്റെയും അഭിഭാഷകർ വാദിച്ചപ്പോൾ അതിനെ ശക്തിയായി പ്രതിരോധിക്കാൻ തൊഴിലാളികളുടെ അഭിഭാഷകർക്ക് കഴിഞ്ഞു. കേസ് വിധിപറയാൻ മാറ്റിവെച്ചിരിക്കുന്ന സ്ഥിതിക്ക് ആശങ്കനിറഞ്ഞ കാത്തിരിപ്പിലാണ് ലക്ഷക്കണക്കിന് തൊഴിലാളികൾ.

ഈ അവസരത്തിൽ പി.എഫ് പെൻഷൻ പദ്ധതിയുടെ രൂപവത്കരണവും ഗുണദോഷങ്ങളും പിന്നിട്ടവഴികളും ഒന്ന് പരിശോധിക്കുന്നത് ഹിതകരമായിരിക്കുമെന്ന് തോന്നുന്നു. ഒരു തൊഴിലാളിയെ സംബന്ധിച്ച് ആ വ്യക്തി ആരോഗ്യത്തോടെ വിരമിക്കൽപ്രായംവരെ ജോലിചെയ്യുമ്പോൾ കിട്ടുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും പോലെ പ്രാധാന്യമേറിയതാണ് വിരമിച്ച ശേഷം സാമ്പത്തികഭദ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ. തൊഴിലാളിക്ഷേമം ഉറപ്പുവരുത്താൻ മുൻകാലങ്ങളിൽ രാജ്യം ഭരിച്ച സർക്കാറുകൾ നിയമങ്ങളുടെ പിൻബലത്തോടെ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സർക്കാർമേഖലയിൽ ഗ്രാറ്റ്വിറ്റിയും പെൻഷനുമാണ് മുഖ്യവിരമിക്കൽ ആനുകൂല്യങ്ങളെങ്കിൽ സർക്കാർ ഇതര-സ്വകാര്യമേഖലകളിൽ അത് പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റ്വിറ്റിയുമാണ്.

റിട്ടയർമെന്റ് ആനുകൂല്യങ്ങളിൽ സുപ്രധാനം പെൻഷൻ തന്നെയാണ്. വൈകാരികമായ ഒരുബന്ധമാണ് തൊഴിലാളിയും പെൻഷനും തമ്മിലുള്ളത്. റിട്ടയർമെന്റിന് ശേഷം മരണംവരെ പ്രതിമാസ പെൻഷനും മരണശേഷം ആശ്രിതർക്ക് സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്ന പദ്ധതി വാർധക്യകാല വിശ്രമജീവിതത്തിൽ പ്രയോജനപ്രദമാണെന്ന് മാത്രമല്ല, ആ വ്യക്തിയുടെ ആത്മാഭിമാനത്തിന് കരുത്തുപകരുന്നതുകൂടിയാണ്.

ഇതുവരെ പെൻഷൻ ഇല്ലാതിരുന്ന സർക്കാർ ഇതര-സ്വകാര്യ മേഖലകളിലെ സംഘടിത തൊഴിലാളികൾക്കും പെൻഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1995ൽ കേന്ദ്രസർക്കാർ, പി.എഫ് പെൻഷൻപദ്ധതി ആവിഷ്കരിച്ചത്. മൂന്നാം റിട്ടയർമെന്റ് ആനുകൂല്യം എന്നനിലയിൽ പെൻഷൻ ലഭിക്കണമെന്നതായിരുന്നു തൊഴിലാളികളുടെ ആഗ്രഹം. എങ്കിലും, തൊഴിലുടമകളുടെയും സർക്കാറിന്റെയും സാമ്പത്തികസ്ഥിതി അതിന് തടസ്സമാകയാൽ തൊഴിലുടമകളുടെ പി.എഫ് വിഹിതത്തിൽനിന്ന് ഒരുഭാഗം പെൻഷൻ ഫണ്ടിലേക്ക് മാറ്റി ചെറിയതോതിൽ സർക്കാർ സഹായവും കൂടി ചേർത്ത് പെൻഷൻ നൽകുക എന്ന ആശയമാണ് സർക്കാർ നടപ്പാക്കിയത്. പി.എഫ് വിഹിതത്തിൽ തൊഴിലുടമ അടക്കുന്ന 12 ശതമാനം വിഹിതത്തിൽനിന്ന് 8.33 ശതമാനവും സർക്കാർ വിഹിതമായ 1.16 ശതമാനവും ചേർന്നതാണ് പദ്ധതിയുടെ കീഴിലെ പെൻഷൻ മൂലധനം.

എന്നാൽ, ലക്ഷക്കണക്കിന് തൊഴിലാളികൾ ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ പദ്ധതി അവർക്ക് ഒരു പ്രയോജനവും ചെയ്യാതെ തികഞ്ഞ പരാജയമായിത്തീർന്നു എന്നതായിരുന്നു അനുഭവം. ആയുസ്സിന്റെ പ്രധാനഭാഗം സ്ഥാപനത്തിനുവേണ്ടി പണിയെടുത്ത തൊഴിലാളിക്ക് വളരെ തുച്ഛമായ തുക മാത്രമാണ് പെൻഷനായി ലഭിച്ചുകൊണ്ടിരുന്നത്. 2010ലെ കണക്കെടുപ്പനുസരിച്ച് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 40 ശതമാനം പേർക്ക് പെൻഷൻ തുക 500 രൂപയിൽ താഴെയായിരുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. സർക്കാറിന്റെ ക്ഷേമപെൻഷനുകൾപോലും 1600 രൂപയുണ്ട് എന്ന് ഓർക്കണം. പെൻഷൻ മൂലധനത്തിലേക്ക് തൊഴിലുടമ അടക്കുന്ന 8.33 ശതമാനം തുക തൊഴിലാളി വാങ്ങുന്ന മുഴുവൻ ശമ്പളത്തിന് ആനുപാതികം അല്ലാതിരിക്കുകയും അതിന് ആദ്യം 6500 രൂപയുടെയും പിന്നീട് 15,000 രൂപയുടെയും പരിധി നിശ്ചയിച്ചതുമാണ് പദ്ധതി വികലമാകാനുള്ള പ്രധാന കാരണം.

പി.എഫ് പെൻഷൻപദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് ഒട്ടേറെ ഹരജികൾ രാജ്യത്തെ വിവിധ കോടതികളിൽ സമർപ്പിക്കപ്പെട്ടിരുന്നു. 15,000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർക്ക് പരിധിയില്ലാതെ തൊഴിലുടമാവിഹിതം 8.33 ശതമാനം അടക്കാൻ ഓപ്ഷൻ നൽകാൻ അനുവദിച്ചിരുന്നെങ്കിലും അതിന് സമയപരിധി നിശ്ചയിച്ചതിനെയും കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള ഹൈകോടതിയാണ് ആദ്യമായി തൊഴിലാളികൾക്ക് അനുകൂലമായ വിധിപറഞ്ഞത്. 2011ൽ ഇതുസംബന്ധിച്ച ഒരു ഹരജിയിൽ തൊഴിലാളികൾക്ക് മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻവിഹിതം അടക്കാനുള്ള ഓപ്ഷൻ നൽകാൻ സമയപരിധി നിശ്ചയിക്കാൻ പി.എഫ് അധികാരികൾക്ക് അവകാശമില്ലെന്ന് കേരള ഹൈകോടതി വിധിച്ചിരുന്നു.

ഇതിനെതിരെ ഇ.പി.എഫ്.ഒ ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് 2014 ഒക്ടോബർ 27ന് ഡിവിഷൻ ബെഞ്ച് നൽകിയ വിധി പി.എഫ് പെൻഷൻകാർക്ക് വലിയൊരാശ്വാസം തന്നെയായിരുന്നു. സിംഗിൾ ബെഞ്ച് വിധി നിലനിൽക്കുന്നതാണെന്നും മുഴുവൻ ശമ്പളത്തിന്റെയും 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റിക്കൊണ്ട് ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്നും ഹൈകോടതി വിധിച്ചു. ഈ വിധിക്കെതിരെ പി.എഫ് അധികാരികൾ സുപ്രീംകോടതിയിൽ നൽകിയ സ്പെഷൽലീവ് പെറ്റീഷനും ഹൈകോടതി വിധി ശരിവെച്ചുകൊണ്ട് 2016 മാർച്ച് 31ന് സുപ്രീംകോടതി തള്ളി. ഹിമാചൽപ്രദേശ് ഹൈകോടതിയുടെ വിധിക്കെതിരായ അപ്പീലിലും സമാനമായ വിധിയാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്.

കേരള ഹൈകോടതി തൊഴിലാളികൾക്ക് അനുകൂലവിധി പുറപ്പെടുവിച്ചതോടെ അത് നടപ്പാക്കുന്നതിന് തടയിടാൻ പെൻഷൻചട്ടങ്ങളിൽ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതിവരുത്താനുള്ള നടപടികളുമായാണ് ഇ.പി.എഫ്.ഒ മുന്നോട്ടുനീങ്ങിയത്. ഇതിനെതിരെ ആയിരക്കണക്കിന് തൊഴിലാളികൾ നൽകിയ 507 ഹരജികൾ തീർപ്പാക്കിക്കൊണ്ടാണ് ഭേദഗതികൾ നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് കണ്ടെത്തി 2018 ഒക്ടോബർ 12ന് കേരള ഹൈകോടതി ഭേദഗതികൾ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധിയിലൂടെ പൂർണശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകാൻ തൊഴിലാളിക്ക് എപ്പോൾ വേണമെങ്കിലും ഓപ്ഷൻ നൽകാൻകഴിയുന്ന വിധത്തിൽ ഇതിനുള്ള സമയപരിധി ഇല്ലാതാക്കി.

വിരമിച്ചവർക്കും അല്ലാത്തവർക്കും കൂടിയ പെൻഷന് അർഹത നേടാൻ ഇത് സഹായകമാകും. ശമ്പളം എത്രയായാലും 15,000 രൂപവരെ മാത്രമേ പെൻഷൻ പരിധിയിൽ വരൂ എന്നും ഇനി ഒരിക്കലും ശമ്പളത്തിന് ആനുപാതികമായി പി.എഫ് വിഹിതം പെൻഷൻ ഫണ്ടിലേക്ക് മാറ്റാൻ ഓപ്ഷൻ നൽകാനാവില്ല എന്നുമായിരുന്നു ഭേദഗതിയിലെ വ്യവസ്ഥ. പെൻഷന് അർഹതപ്പെട്ട ശമ്പളം 15,000 രൂപയായി നിജപ്പെടുത്തിയതോടെ 2014 സെപ്റ്റംബർ ഒന്നിനുശേഷം സർവിസിൽ പ്രവേശിച്ച 15,000 രൂപയിൽ കൂടുതൽ ആരംഭശമ്പളമുള്ള ലക്ഷക്കണക്കിന് യുവതൊഴിലാളികൾ പദ്ധതിയിൽനിന്ന് ഒഴിവാകുന്ന സാഹചര്യവുമുണ്ടായി. 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യമുള്ള കോടതിവിധിയിലൂടെ ഭേദഗതി റദ്ദാക്കിയതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി.

പ്രതിമാസ പെൻഷൻ കണക്കാക്കുന്നതിന് ആധാരമായ ശമ്പളം വിരമിക്കുന്നതിന് മുമ്പുള്ള 60 മാസത്തെ ശരാശരി വേതനം എന്നുള്ള ഭേദഗതി മാറ്റി മുമ്പുണ്ടായിരുന്നപോലെ 12 മാസത്തെ ശരാശരിവേതനം എന്ന് നിലനിർത്തുന്നത് 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിക്കുന്നവർക്ക് ഗുണംചെയ്യും. തൊഴിലുടമയുടെ 8.33 ശതമാനം കൂടാതെ സർക്കാർ വിഹിതമായി 1.16 ശതമാനം കൂടി പെൻഷൻ ഫണ്ടിൽ ചേർക്കുന്നകാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ, മുഴുവൻ ശമ്പളത്തിനും പെൻഷൻവിഹിതം പിടിക്കാൻ ഓപ്ഷൻ നൽകിയവർ 15,000ൽ കൂടുതൽ വരുന്ന തുകയും 1.16 ശതമാനം പെൻഷൻ ഫണ്ടിലേക്ക് അധികമായി അടക്കണം എന്നനിർദേശം നിലവിലുണ്ടായിരുന്നു. ഇത് റദ്ദുചെയ്തതും തൊഴലാളികൾക്ക് ഗുണകരമാണ്.

തൊഴിലാളികൾക്ക് ഗുണകരമാകേണ്ട ഒരു പദ്ധതി അപാകതകൾ തീർത്ത് മെച്ചമാക്കേണ്ടതിന് പകരം അത് കൂടുതൽ വികലമാക്കാനാണ് നിർഭാഗ്യവശാൽ ഇ.പി.എഫ്.ഒയും കേന്ദ്രസർക്കാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പലകാര്യങ്ങളിലും തികഞ്ഞ തൊഴിലാളിവിരുദ്ധത പ്രകടമാക്കുന്ന കേന്ദ്രസർക്കാറിൽനിന്ന് കോടതിവിധികൾ തൊഴിലാളികൾക്ക് അനുകൂലമായിവരുമ്പോൾ അതിന്റെ ഗുണഫലങ്ങൾ എങ്ങനെ അവർക്ക് നിഷേധിക്കാം എന്നകാര്യത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇ.പി.എഫ്.ഒയിൽനിന്ന് തൊഴിലാളികൾ നീതി പ്രതീക്ഷിക്കുന്നില്ല. അവർക്ക് പ്രതീക്ഷ കോടതി മാത്രമാണ്. എന്നാൽ, ആ നീതി വൈകിപ്പിക്കുന്നത് നീതിനിഷേധം തന്നെയാണ്.

ജീവിതത്തിന്റെ വസന്തകാലം മുഴുവൻ രാജ്യത്തിനായി സമ്പത്ത് ഉൽപാദിപ്പിക്കുകയും സേവനം അനുഷ്ഠിക്കുകയും ചെയ്ത് നാടിന്റെ സാമ്പത്തികപുരോഗതിക്കും അഭിവൃദ്ധിക്കും ഗണ്യമായ സംഭാവന നൽകിയ തൊഴിലാളിക്ക് തന്റെ ശിഷ്ടജീവിതം അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള അവകാശത്തിന്റെ ഭാഗമാണ് പെൻഷനും മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങളും. അത് ഒരിക്കലും ഔദാര്യമല്ല. തൊഴിലാളികളുടെ വാർധക്യകാലക്ഷേമം സർക്കാറിന്റെ കൂടി ഉത്തരവാദിത്തമാണ്. പി.എഫ് പെൻഷൻ പദ്ധതിയിൽ വന്നുചേർന്നിട്ടുള്ള അപാകതകൾ നീക്കുന്നത് തടസ്സപ്പെടുത്തുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുനിൽക്കണം.

പദ്ധതിയെ തൊഴിലാളികൾക്ക് ഗുണകരമാക്കാനായിട്ടാണ് ഒരു ജനക്ഷേമ സർക്കാർ ശ്രമിക്കേണ്ടത്. നീതിക്കുവേണ്ടി കാത്തുനിന്ന ഒട്ടേറെ പേർ മരിച്ചുകഴിഞ്ഞു. അനേകായിരം പേർ ജീവിതത്തിന്റെ അന്ത്യകാലഘട്ടങ്ങളിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. അവർക്കൊക്കെ നീതി നിഷേധിക്കുന്നത് ഒരു മനുഷ്യാവകാശ ലംഘനവുംകൂടിയാണ്. ഇനിയും കാലതാമസമില്ലാതെ നീതി നടപ്പാക്കാൻ കോടതിയും അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പിന്മാറാൻ ഇ.പി.എഫ്.ഒയും തയാറാകണം.

(ഹൈകോടതി അഭിഭാഷകനും പൊതുമേഖലാസ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് ചെയർമാനുമാണ് ലേഖകൻ)

Tags:    
News Summary - PF Pension: Justice should not be delayed any longer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.