ലോക രാജ്യങ്ങളിൽനിന്ന് നമ്മുടെ ഇന്ത്യയെ വിഭിന്നമാക്കുന്ന ഏറ്റവും വലിയ സവിശേഷത അതിെൻറ മഹത്തായ മതേതര ബഹുസ്വരതയുടെയും ജനാധിപത്യ സംസ്കാരത്തിെൻറയും പാരമ്പര്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോകത്തെ പ്രധാനപ്പെട്ട എല്ലാ മത സമൂഹങ്ങൾക്കും ഇടംനൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട പല മതങ്ങളുടെയും സംസ്കാരങ്ങളുടെയും വേരുകൾ ഇന്ത്യാ രാജ്യത്തിെൻറ മഹിതമായ മണ്ണിലാണ് പൊട്ടിമുളച്ചതും തഴച്ചു വളർന്നതും.
എന്നാൽ, ഭരണഘടന മൂല്യങ്ങളെ കാറ്റിൽ പറത്തിയും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നിരാകരിച്ചു കൊണ്ടുമാണ് വർഗീയ ഫാഷിസ്റ്റ് ശക്തികൾ നയിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ന് നിലനിൽക്കുന്നത്. നാം അഭിമാനപൂർവം കൊണ്ടാടിയ മതേതര ബഹുസ്വര സങ്കൽപങ്ങൾക്ക് അത് മങ്ങലേൽപിച്ചിരിക്കുന്നു. മതത്തിെൻറയും ജാതിയുടെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വർഗീയ രാഷ്ട്രീയ ശക്തികൾ രാജ്യത്ത് പിടിമുറുക്കുകയാണ്. ജാതിമത വിവേചനങ്ങളുടെ പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കുന്നു. വസ്ത്രധാരണയുെടയും ഭക്ഷണത്തിെൻറയും പേരിൽ മുസ്‌ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. മതവർഗീയതയും ജാതിവെറിയും പ്രചരിപ്പിച്ച് ആൾക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും കൂട്ടക്കൊലകളും കലാപങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. വർഗീയ ഫാഷിസത്തിനെതിെരയും ഭരണകൂട അനീതികൾക്കെതിെരയും പ്രതികരിക്കുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും കലാ സാംസ്കാരിക പ്രവർത്തകരെയും മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകരെയും കൊന്നൊടുക്കുകയോ ജയിലിലടക്കുകയോ ചെയ്യുന്നു. നിരപരാധികളെ അന്യായമായി തടങ്കലിലിടുന്നു. നരേന്ദ്ര മോദി സർക്കാറിെൻറ ഫാഷിസ്റ്റ് ഭരണത്തിന് കീഴിൽ അനീതിക്കും അതിക്രമങ്ങൾക്കും ഇരയായിത്തീരുന്നത് മുസ്‌ലിം ദലിത് പിന്നാക്ക മനുഷ്യാവകാശ ജനാധിപത്യ സമൂഹങ്ങളാണ്.
രാജ്യത്തിെൻറ ജനാധിപത്യ പാരമ്പര്യത്തെ അപഹാസ്യമാക്കിയും പാർലമെൻററി ജനാധിപത്യത്തിെൻറ കീഴ്‌വഴക്കങ്ങളെ ലംഘിച്ചുകൊണ്ടും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഭരണകക്ഷി നേതൃത്വം മുന്നോട്ടുവരുന്നു. ഈ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് ഭരണകൂടം ഒത്താശ ചെയ്യുന്നു. ജനവിധി മാനിക്കാതെയും വിധിയെഴുതിയ ജനങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുമാണ് ഇത്തരം അട്ടിമറികൾ നടപ്പാക്കപ്പെടുന്നത്. പണവും പദവിയും നൽകി പ്രലോഭിപ്പിക്കുകയും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഗോവയും മണിപ്പൂരും മേഘാലയയുമൊക്കെ ഭരണകൂടവും ഭരണകക്ഷിയും ഒന്നിച്ചുചേർന്ന് നടത്തിയ ജനാധിപത്യ അട്ടിമറികളുടെ ഉദാഹരണങ്ങളാണ്. ഏറ്റവുമൊടുവിൽ ജമ്മു-കശ്മീരിൽ പ്രതിപക്ഷ കക്ഷികൾക്ക് ഭൂരിപക്ഷമുള്ള നിയമസഭ പിരിച്ചുവിട്ടുകൊണ്ട് കേന്ദ്ര സർക്കാർ അതിെൻറ ജനാധിപത്യ വിരുദ്ധത ഒരിക്കൽകൂടി തെളിയിച്ചിരിക്കുയാണ്.
നോട്ടുനിരോധനം പോലുള്ള അശാസ്ത്രീയമായ സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. രാജ്യത്തിെൻറ വികസന സൂചികയും വളർച്ചനിരക്കും അപകടകരമാം വിധം താഴ്‌ന്ന നിലയിലാണ്. നാടിെൻറ നികുതിപ്പണം കൃത്രിമ രേഖകൾ ചമച്ച് ബാങ്കുകളിൽനിന്ന് കൊള്ളയടിച്ച് വൻകിട പണക്കാർ രാജ്യംവിട്ട് രക്ഷപ്പെട്ടു പോകുന്നത് സർക്കാർ നോക്കിനിൽക്കുകയാണ്. റഫാൽ ഇടപാട് പോലുള്ള വൻകിട അഴിമതികൾ തെളിവുകൾ സഹിതം പുറത്തുവരുന്നു.
സങ്കീർണമായ സാമൂഹിക രാഷ്ട്രീയ സാഹചര്യം മറ്റൊരു നിലയിൽ കേരളത്തിലും നിലനിൽക്കുന്നുണ്ട്. രണ്ടരവർഷം പിന്നിടുന്ന ഇടത് സർക്കാർ ഭരണപരവും നയപരവുമായ പരാജയങ്ങളുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആഭ്യന്തര വകുപ്പിന് കീഴിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങളും അനീതികളും നിത്യസംഭവമായി മാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ നടപടികളുടെയും ക്രിമിനൽ കുറ്റകൃത്യങ്ങളുടെയും ഇരയായി നിരവധി ചെറുപ്പക്കാർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം ഭൂമിയും കിടപ്പാടവും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ നിസ്സഹായർ നടത്തിയ ജനകീയ സമരങ്ങളെ പൊലീസ് നിർദയം അടിച്ചമർത്തുകയും അവരെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്നു. ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരത്തിലും അന്യായമായ ദേശീയപാത ഭൂമിയേറ്റെടുക്കൽ സമരത്തിലും നമ്മളത് കണ്ടു. പുതുവൈപ്പിനിൽ സമരരംഗത്തിറങ്ങിയ സ്ത്രീകളെയും വൃദ്ധരെയും കുഞ്ഞുങ്ങളെയും വരെ പൊലീസ് ക്രൂരമായ മർദനത്തിനിരയാക്കി. എന്നാൽ, മറുവശത്ത് പൊലീസ് കുറ്റകരമായ നിസ്സംഗത പാലിക്കുന്നതും കാണുന്നു.
പ്രളയദുരന്തത്തെ നേരിടുന്നതിൽ സർക്കാർ കാണിച്ച അലംഭാവവും ഭാവനാശൂന്യതയും ദുരന്തത്തിെൻറ ആഘാതവും വ്യാപ്തിയും വർധിപ്പിക്കാനിടയാക്കിയെന്ന വിമർശനം നേരത്തെതന്നെ ഉയർന്നിട്ടുണ്ട്. ആ വിമർശനങ്ങൾ ശരിവെക്കുന്ന തരത്തിൽ ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാസ്റ്റർപ്ലാനും മാർഗരേഖയും ഇനിയും തയാറാക്കിയിട്ടില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിച്ച സൂക്ഷ്മതക്കുറവും നയരാഹിത്യവും സംഘ്പരിവാർ ശക്തികൾക്ക് മുതലെടുക്കാൻ അവസരം നൽകി.
ഇൗ സാഹചര്യത്തിലാണ്, മുൻഗാമികൾ കൈമാറിയ മതേതര ദീപശിഖയേന്തി, നവംബർ 24ന് കാസർകോട് നിന്ന് തുടങ്ങി ഡിസംബർ 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന 600 കി.മീ താണ്ടിയുള്ള പദയാത്ര മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്നത്. ഇൗ പദയാത്ര ചരിത്രത്തിെൻറ ഭാഗമായി മാറുമെന്നത് തീർച്ച
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.